Tuesday, December 21, 2010

ജയിലിലായ ഉന്നതരെ കൊല്ലാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി കോടതിയില്‍ രണ്ടു വിചാരണത്തടവുകാരുടെ വെളിപ്പെടുത്തല്‍.

ജയിലിലായ ഉന്നതരെ കൊല്ലാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി കോടതിയില്‍ രണ്ടു വിചാരണത്തടവുകാരുടെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ തടവിലുള്ള ഗെയിംസ് സംഘാടകസമിതിയിലെ രണ്ട് ഉന്നതരെ കൊല്ലാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഡല്‍ഹി കോടതിയില്‍ രണ്ടു വിചാരണത്തടവുകാരുടെ വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവ് ഹരിനഗര്‍ പൊലീസ് സ്റേഷന്‍ ഹൌസ് ഓഫീസറോട് നിര്‍ദേശിച്ചു. കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന നിഷാന്ത്, അമിത് എന്നിവരാണ് കോടതിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജുഡീഷ്യല്‍ കസ്റഡിയിലുള്ള മൂന്ന് ഉന്നതരില്‍ രണ്ടു പേരെ കൊല്ലണമെന്നായിരുന്നു ആവശ്യം. ഗെയിംസ് സംഘാടക സമിതി മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരി, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രു, മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ (അക്കൌണ്ട്സ് ആന്‍ഡ് ഫിനാന്‍സ്) എം ജയചന്ദ്രന്‍ എന്നിവരാണ് ജുഡീഷ്യല്‍ കസ്റഡിയിലുള്ളത്. ജയിലിലെ അതീവ സുരക്ഷാ മേഖലയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സാധാരണ തടവറയില്‍ കഴിഞ്ഞ തങ്ങളെ അടുത്തിടെ ഇവിടുത്തേക്ക് മാറ്റിയെന്ന് നിഷാന്തും അമിത്തും പറഞ്ഞു. ഒരുലക്ഷം കോടിയോളം രൂപ ധൂര്‍ത്തടിച്ച കോമവെല്‍ത്ത് ഗെയിംസ് അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ഏതുതരത്തിലും അട്ടിമറിക്കപ്പെടുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സംഘാടകസമിതിയില്‍ കല്‍മാഡിയുടെ വിശ്വസ്തരായിരുന്ന ദര്‍ബാരിയും മൊഹീന്ദ്രുവും നവംബര്‍ 15നും ജയചന്ദ്രന്‍ 21നുമാണ് അറസ്റിലായത്. ലണ്ടനില്‍ ക്യൂന്‍സ് ബാറ്റ റിലേയില്‍ അഴിമതിക്ക് ചുക്കാന്‍ പിടിച്ച മൂന്നുപേരെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ട് കോമവെല്‍ത്ത് സംഘാടകസമിതി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗം പുറത്താക്കിയിരുന്നു. എല്ലാ അഴിമതിക്കും കൂട്ടുനിന്നശേഷം തങ്ങളെ കൈവിട്ട കല്‍മാഡിക്കെതിരെ ശക്തമായ ആരോപണവുമായി അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ടി എസ് ദര്‍ബാരി രംഗത്തെത്തിയിരുന്നു. ചെറുമീനുകളെമാത്രം ബലികൊടുത്ത് തടി രക്ഷിക്കാനുള്ള കല്‍മാഡിയുടെ ശ്രമത്തിനെതിരെയാണ് ദര്‍ബാരി തുറന്നടിച്ചത്. അറസ്റിലായ മൂന്നുപേരും ഇതേ നിലപാട് തുടരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കുമെന്ന് ചില കേന്ദ്രങ്ങള്‍ ഭയപ്പെടുന്നതായാണ് തിഹാര്‍ ജയിലിലെ സംഭവം വ്യക്തമാക്കുന്നത്. ഇതിനിടെ, കോമവെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിക്കും. ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ഇവര്‍ തടസ്സം സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിബിഐ കായികമന്ത്രാലയത്തെ സമീപിക്കുന്നത്. സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയിലെ രണ്ടാംനിരക്കാരെ മാത്രമാണ് ഏറെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അന്വേഷണസംഘം അറസ്റുചെയ്തത്. കല്‍മാഡിയും സംഘവും വെട്ടിച്ച കോടികളില്‍ നല്ലൊരു പങ്ക് കോഗ്രസിലെയും സര്‍ക്കാരിലെയും പല പ്രമുഖര്‍ക്കും എത്തിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോമവെല്‍ത്ത് ഗെയിംസിന്റെ ബാറ്റ റിലേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലണ്ടനിലെ ബക്കിങ്ഹാം പാലസില്‍ നടന്ന ചടങ്ങിന്റെ പേരില്‍ എ എം ഫിലിംസ് എന്ന കടലാസ് കമ്പനിയുടെ അക്കൌണ്ടിലേക്ക് കോടിക്കണക്കിനു രൂപ അയച്ചത് ബ്രിട്ടീഷ് റവന്യൂ അധികൃതര്‍ കണ്ടെത്തിയതോടെയാണ് അഴിമതിക്കഥകള്‍ പുറത്തുവന്നത്.

No comments: