Tuesday, April 27, 2010

ഹര്‍ത്താല്‍: കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീത്

ഹര്‍ത്താല്‍: കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീത്
നാല് ഇടതുപക്ഷ പാര്‍ടികളും ഒമ്പത് കോഗ്രസിതര ബിജെപി ഇതര മതനിരപേക്ഷ കക്ഷികളും സംയുക്തമായി ആഹ്വാനംചെയ്ത ദേശവ്യാപകമായ ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ ഉയര്‍ന്ന രാഷ്ട്രീയധാരണയും അവകാശബോധവുമുള്ള ഇന്ത്യയിലെ ജനതയെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും സീമാതീതമായ വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ബഹുഭൂരിപക്ഷം ജനങ്ങളും കലവറയില്ലാത്ത പിന്തുണയാണ് ഹര്‍ത്താലിന് നല്‍കിയത്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഹര്‍ത്താല്‍ ഫലത്തില്‍ ബന്ദായിമാറുകയാണുണ്ടായത്. ജനരോഷം കണ്ടില്ലെന്നു നടിച്ച യുപിഎ സര്‍ക്കാരിന് ചൊവ്വാഴ്ച നടന്ന ഹര്‍ത്താല്‍ കനത്ത താക്കീതാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തായിരുന്ന പല പാര്‍ടികളുടെയും പിന്തുണ യുപിഎ സര്‍ക്കാരിന് അനായാസമായി ലഭിക്കാനിടയായി. ഈ ഭൂരിപക്ഷം സ്ഥിരമായി നിലനില്‍ക്കുന്നതാണെന്ന മിഥ്യാധാരണയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ തുടര്‍ന്നത്. നാലുവര്‍ഷത്തിലധികം ഇടതുപക്ഷത്തെമാത്രം ആശ്രയിച്ച് ഭരണത്തില്‍ തുടരേണ്ടിവന്ന സാഹചര്യത്തില്‍ മാറ്റിവച്ച പല ജനവിരുദ്ധപരിപാടികളും അമിതവേഗത്തില്‍ നടപ്പാക്കാനാണ് മന്‍മോഹന്‍സര്‍ക്കാര്‍ ശ്രമിച്ചത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 40,000 കോടിരൂപ കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ തീരുമാനിച്ചു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാന്‍ അമിതാവേശം കാണിച്ചു. ശതകോടീശ്വരന്മാരുടെ അമിതലാഭം വീണ്ടും വീണ്ടും പെരുപ്പിക്കാന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ജനകീയാവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗസാധനങ്ങളുടെയും വില മാനംമുട്ടെ ഉയര്‍ന്നു. ഇടതുപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തെ ആധാരമാക്കി ശക്തമായ പ്രക്ഷോഭം നടത്തി. വിലക്കയറ്റം തടയാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയുംചെയ്തു. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം ഫലപ്രദമായി നടപ്പാക്കാനും ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കാനും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനും പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊതുവിതരണ സമ്പ്രദായം നടപ്പാക്കാനുള്ള പണം എവിടെ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കി. 2009-10ലെ ബജറ്റില്‍ ഇന്ത്യയിലെ സമ്പന്നരായ കോര്‍പറേറ്റുകള്‍ക്ക് 4,18,095 കോടി രൂപയുടെ നികുതി ഇളവാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബജറ്റ് പ്രസംഗത്തിന്റെ 58-ാമത്തെ പേജില്‍ ഈ വിവരം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ലോക്സഭയില്‍ സിപിഐ എം അംഗം ചൂണ്ടിക്കാണിച്ചു. ഇതിന്റെ പകുതിയില്‍ താഴെവരുന്ന രണ്ടുലക്ഷംകോടി രൂപ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കാന്‍ മാറ്റിവച്ചാല്‍ 80 ശതമാനത്തിലധികം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്ന വസ്തുത ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതൊന്നും ചെവിക്കൊള്ളാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ വിലക്കയറ്റം സൃഷ്ടിക്കുന്ന നയത്തെ എതിര്‍ത്തു. സഭ പലതവണ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഇടതുപക്ഷപാര്‍ടികള്‍ മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ ലക്ഷക്കണക്കിനു ജനങ്ങളെ അണിനിരത്തി മാര്‍ച്ച് നടത്തി. ഏപ്രില്‍ എട്ടിന് ദേശവ്യാപകമായി ജയില്‍നിറയ്ക്കല്‍ സമരംനടത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന ഈ സമരങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമായില്ല എന്നാണ് മനസ്സിലാകുന്നത്. എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില പത്തുമാസത്തിനകം രണ്ടുതവണ വര്‍ധിപ്പിച്ചു. യൂറിയയുടെ വിലയും വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഐക്യത്തോടെ 13 പാര്‍ടികള്‍ ചേര്‍ന്ന് ദേശവ്യാപകമായ ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. അതോടൊപ്പം ഖണ്ഡനോപക്ഷേപം സഭയില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. സര്‍ക്കാരിനെ താഴത്തിറക്കലല്ല ലക്ഷ്യമെന്ന് പ്രതിപക്ഷം പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളുടെ സാധുത തെളിയിക്കുന്ന രൂപത്തിലാണ് സഭയ്ക്കകത്തും പുറത്തും പിന്തുണ ലഭിച്ചത്. 2009ല്‍ വമ്പിച്ച പിന്തുണയോടെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. രണ്ടുപതിറ്റാണ്ടായി കേന്ദ്രസര്‍ക്കാരിനെ നയിച്ച കക്ഷിക്ക് ഇരുനൂറിലധികം സീറ്റ് ലോക്സഭയില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കോഗ്രസിന് 205 സീറ്റ് ലഭിച്ചു. യുപിഎ സഖ്യത്തിന് 262 സീറ്റും ലഭിച്ചു. മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍വരുന്നത് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ് സംജാതമായത്. അതോടെ കോഗ്രസിന്റെ അഹന്തയും ധിക്കാരവും അതിരുകടന്നരീതിയിലായി. ഒരുവര്‍ഷം തികയുംമുമ്പുതന്നെ ലോക്സഭയില്‍ കോഗ്രസ് എല്ലാദിവസവും നക്ഷത്രം എണ്ണുന്ന നിലയുണ്ടായി. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണവബാധ്യതാബില്‍ ലോക്സഭയില്‍ അമിതമായ താല്‍പ്പര്യത്തോടെ അവതരിപ്പിക്കാനിരുന്നത് മാറ്റിവയ്ക്കേണ്ടിവന്നു. അമിതവേഗത്തിലാണ് യുപിഎ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാനിടയായത്. ചതുരുപായങ്ങളായ സാമദാനഭേദദണ്ഡനമുറകള്‍ ഉപയോഗിച്ച് ഖണ്ഡനോപക്ഷേപത്തെ മറികടക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍, അതിന് കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. ഈ നിലയില്‍ തുടരുന്നത് വലിയ സാഹസമായിരിക്കും. നേരെമറിച്ച് വിലക്കയറ്റം തടയുന്നതടക്കമുള്ള ജനപ്രിയ നടപടികള്‍ സ്വീകരിക്കുന്നതാണ് സ്ഥായിയായ നിലനില്‍പ്പിന് സഹായകമായിരിക്കുക. എന്നാല്‍, കോഗ്രസിന്റെ വര്‍ഗതാല്‍പ്പര്യം അതിന് തടസ്സമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. അതുകൊണ്ടുതന്നെ ശക്തമായ ബഹുജനസമരത്തിന്റെ പാതയില്‍ ബഹുദൂരം സഞ്ചരിച്ചാല്‍ മാത്രമേ കേന്ദ്ര ഭരണാധികാരികളുടെ സമീപനത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമാറ്റം വരുത്താന്‍ സാധിക്കൂ. ഇന്നലെ നടന്ന ദേശവ്യാപകമായ ഹര്‍ത്താലിന് ലഭിച്ച ജനപിന്തുണ ഇതിന് സഹായകരമാണ്.
ദേശാഭിമാനി.editorial

3 comments:

Anonymous said...

ഹ ഹ ഹ...

ഉയര്‍ന്ന രാഷ്ട്രീയധാരണയും അവകാശബോധവുമുള്ള ഇന്ത്യയിലെ ജനതയെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു.

ശരിയാ, നിങ്ങളെയൊക്കെ കൈ വെയ്ക്കാത്തതിനു അവരെ അഭിവാദ്യം മാത്രമല്ല സഖാവേ നമിക്കുക കൂടി ചെയ്തേരേ.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഹര്‍ത്താല്‍ കണ്ട് പേടിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്നു മുതല്‍ എല്ലാ സാദനത്തിനും അങ്ങ് വിലക്കുറച്ചില്ലേ? ജനങ്ങള്‍വെ ബുദ്ധിമുട്ടിച്ചു എന്നല്ലാതെ ഈ ഹര്‍ത്താലുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടല്ലന്ന് എല്ലാവര്‍ക്കും അറിയാം...

ഏതെങ്കിലും ഹര്‍ത്താല്‍ കേരളത്തിലെ ജനങ്ങള്‍ അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ?

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ പോലെയുള്ള സമര മാര്‍ഗ്ഗങ്ങളില്‍ നിന്ന് ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണം ..... (ഇന്നലെ ഹര്‍ത്താലിന് അഹ്വാനം ചെയ്തിട്ട് പാര്‍ട്ടി സെക്രട്ടറിയേറ്റ് കൂടിയതിന് കുഴപ്പമൊന്നും ഇല്ലേ?)

Judson Arackal Koonammavu said...

Mrs. & Mr. Karat can travel in Car on Hartal day...Mr. Baby can travel in Bike on Hartal day...Only common man can't. Thaks to Hartal...1 Kg. beans 60 Rs. today in Ernakulam Market...Bastards..