Monday, April 26, 2010

സഃ വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലി



സഃ വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലി



സിപിഐ എം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. പ്രഭാതസവാരിക്കിടെ കഴിഞ്ഞ ദിവസം വാഹനം തട്ടി വീണ അദ്ദേഹം ഒരാഴ്ചയായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി തവണ എംപിയും എംഎല്‍എയുമായ വര്‍ക്കല കേരള നിയമസഭാ സ്പീക്കറും പ്രശസ്തനായ അഭിഭാഷകനുമായിരുന്നു. ഭരണഘടനയിലും പാര്‍ലമെന്ററി ചട്ടങ്ങളിലും അവഗാഹമുണ്ടായിരുന്നു. 1967, 69ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വര്‍ക്കല. 87, 91, 96 വര്‍ഷങ്ങളില്‍ വര്‍ക്കലയില്‍നിന്ന് നിയമസഭാംഗമായി. 87-92ല്‍ വര്‍ക്കല സ്പീക്കറായിരുന്ന ഘട്ടത്തില്‍ അഴിമതി നിരോധനനിയമം അടക്കം നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കി. 1998 മുതല്‍ 2004വരെ മൂന്ന് തവണ ചിറയന്‍കീഴില്‍നിന്ന് പാര്‍ലമെന്റ് അംഗമായി. പ്രശസ്ത നിയമജ്ഞന്‍കൂടിയായിരുന്ന വര്‍ക്കല എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ പ്രകടന നിരോധനത്തിനെതിരെ പ്രകടനം നയിച്ച് അറസ്റ്റ് വരിക്കുകയും ഈ കേസ് സ്വയം വാദിച്ച് ജയിക്കുകയും ചെയ്തു. പരേതയായ പ്രഫ. സൌദാമിനിയാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.

സ്പീക്കര്‍മാരെ വലച്ച സ്പീക്കര്‍.
എതിരാളികള്‍ പോലും ഏറെ ആദരിച്ചിരുന്ന പാര്‍ലമെന്റേറിയനായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍. പേരെടുത്ത നിയമജ്ഞന്‍ കൂടിയായ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ അധികാരത്തിന്റെ അകത്തളങ്ങളെ പിടിച്ചുലച്ചു. ദൈനനദിനമെന്നോണം പ്രശ്നങ്ങള്‍ അദ്ദേഹം സഭയില്‍ ഉയര്‍ത്തി. ചോദ്യങ്ങള്‍ക്ക് അഴകൊഴമ്പന്‍ മറുപടിയുമായി മുങ്ങുന്ന മന്ത്രിമാരുടെ പേടിസ്വപ്നമായിരുന്നു വര്‍ക്കല. രാജ്യത്തിനുള്ള ഭീകരഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സ്ഥിതിവിവരക്കണക്കുകളും ഇവരെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യതകളെയും കുറിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യം പാര്‍ലമെന്റില്‍ വന്‍ ഒച്ചപ്പാടിന് വഴിയൊരുക്കി. വര്‍ക്കലയെ നല്ലൊരു അഭിഭാഷകനും മികച്ച പാര്‍ലമെന്റേറിയനുമായി ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ വിശേഷിപ്പിച്ചപ്പോള്‍ 'അത് ഞാന്‍ എല്ലാ ദിവസവും അനുഭവിക്കുന്നതല്ലേ' എന്ന സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മറുപടി അദ്ദേഹത്തിന്റെ പാര്‍ലമെന്റ് ഇടപെടലിന് സാക്ഷ്യപത്രമായിരുന്നു. കേരളത്തിന്റെ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ എന്നും മുന്‍പന്തിയില്‍ വര്‍ക്കലയുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിന് മദന്‍മോഹന്‍ പൂഞ്ചിയുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത് വര്‍ക്കലയായിരുന്നു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപവത്കരിച്ചതെന്നായിരുന്നു വര്‍ക്കലയുടെ വാദം. വര്‍ക്കലയുടെ വാദത്തിനു മുന്നില്‍ പരുങ്ങിയ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നേരിട്ട് നടപ്പാക്കില്ലെന്ന് പറഞ്ഞ് തടിതപ്പേണ്ടി വന്നു.ഇന്‍ഷൂറന്‍സ് മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2001ല്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തത് വര്‍ക്കലയുടെ നേതൃത്വത്തിലായിരുന്നു. കാര്‍ഷിക മേഖലയെ രക്ഷിക്കാനായി ഡബ്ള്യുടിഒ കരാര്‍ പുനഃപരിശോധിക്കാന്‍ വികസിത രാജ്യങ്ങളോട് ആവശ്യപ്പെടണമെന്ന് പാര്‍ലമെന്റില്‍ ശക്തിയായി വാദിച്ചതും വര്‍ക്കലയാണ്. കേരളത്തിലെ നാളികേര, റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം സഭയില്‍ ഇക്കാര്യം സമര്‍ഥിച്ചത്. 2008ലെ നടന്ന ഒരു പാര്‍ലമെന്റ് സമ്മേളനത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിന് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പദവി നല്‍കാത്തതിനെക്കുറിച്ചുള്ള വര്‍ക്കലയുടെ ചോദ്യത്തിന് പുതിയ വിമാനത്താവളങ്ങള്‍ക്കാണ് ഈ പദവി നല്‍കുകയെന്നും തിരുവനന്തപുരം താങ്കളെപ്പോലെ പഴയതായതിനാലാണ് പരിഗണിക്കാത്തതെന്നുമായിരുന്നു വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മറുപടി. കൂട്ടച്ചിരിക്കിടെ 'ഇതിനെ ഞാന്‍ എതിര്‍ക്കുന്നു, അദ്ദേഹം വൃദ്ധനല്ല' എന്ന് സ്പീക്കര്‍ പറഞ്ഞു. "ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.'' എന്ന് മന്ത്രികുട്ടിച്ചേര്‍ത്തപ്പോള്‍ സഭ ചിരിയില്‍ മുങ്ങി. കേരളത്തിന്റെ ആവശ്യങ്ങളുന്നയിച്ച് എംപിമാര്‍ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചത് വര്‍ക്കലയുടെ നേതൃത്വത്തിലായിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കാനും നേടിയെടുക്കാനുമുള്ള അദ്ദേഹത്തിന്റെ ശേഷി ഏതൊരു സമാജികനും മാതൃകയായുരുന്നു.
നാലു വട്ടം എംഎല്‍എ, മൂന്നു തവണ എംപി
കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍, നിയമസാഭാംഗം പാര്‍ലമെന്റ് അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ച വര്‍ക്കല പാര്‍ലമെന്ററി രംഗത്ത് അദ്വിതീയനായിരുന്നു. നാലുതവണ നിയമസഭയിലേക്കും മൂന്നു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 96 വരെ നിയമസഭാംഗമായിരുന്നു. 1987-91 വര്‍ഷത്തെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത്സ്പീക്കറായിരുന്നു. 1998ല്‍ ചിറയിന്‍കീഴില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ലും 2004ലും വര്‍ക്കല തന്നെയാണ് ചിറയിന്‍കീഴിനെ പ്രതിനിധീകരിച്ചത്. ആര്‍ വാസുദേവന്റെയും ജി ദാക്ഷായണിയുടെയും മകനായി 1927 ആഗസ്റ്റ് 21നാണ് വര്‍ക്കല ജനിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് ബിഎയും ബിഎല്ലും പാസായ ശേഷം അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. വിദ്യാര്‍ഥിയായിരിക്കെ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കോളേജ് വിട്ട ശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1953ല്‍ വര്‍ക്കല പഞ്ചായത്തിന്റെ പ്രസിഡന്റായി. നിയമസഭ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍, കേരള സര്‍ക്കാറിന്റെ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റി ചെയര്‍മാന്‍, ലോക്സഭയില്‍ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍, പ്രിവിലേജ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 67ല്‍ ഇഎംഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറിയായും കര്‍ഷകസംഘത്തിന്റെ വിവിധ തലങ്ങളിലെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. സിപിഐഎം വര്‍ക്കല ഏരിയാകമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. മലേഷ്യ, ആസ്ത്രേലിയ, സിംബാബ്വേ തുടങ്ങി 12 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൌദാമിനി. കോളേജ് അധ്യാപകരായ ജയശ്രീ, ശ്രീലത, ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ ഹരി എന്നിവര്‍ മക്കളാണ്.

നഷ്ടമായത് രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയനെ: പിണറായി

തിരു: രാജ്യത്തിനുതന്നെ മികച്ച പാര്‍ലമെന്റേറിയനെയാണ് വര്‍ക്കല രാധാകൃഷ്ണന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ എത്തിയശേഷം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന പാര്‍ലമെന്റേറിയനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു. വര്‍ക്കലയുടെ നിയമ പരിജ്ഞാനം കേരളത്തിന് മുതല്‍ കൂട്ടായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.
ആദര്‍ശത്തെ മുറുകെപ്പിടിച്ച പാര്‍ലമെന്റേറിയന്‍: മുഖ്യമന്ത്രി
തിരു: നിയമസഭാംഗം സ്പീക്കര്‍, പാര്‍ലമെന്റ് അംഗം എന്നിങ്ങനെ വിവിധ നിലകളില്‍ ജനകീയാവശ്യങ്ങളെ ശക്തിയായി ഉയര്‍ത്തുംവിധം ആദര്‍ശത്തെ മുറുകെ പിടിച്ച് വര്‍ക്കല രാധാകൃഷ്ണന്‍ നടത്തിയ സേവനം വിസ്മരിക്കുക വയ്യെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വര്‍ക്കല നിയമസഭാ സ്പീക്കര്‍ ആയിരിക്കുമ്പോഴാണ് കൂറുമാറ്റത്തിനെതിരായ ശക്തമായ നിലപാടെടുത്ത് നിയമസഭയുടെ അന്തസും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള കൂറുമാറിയപ്പോള്‍ അദ്ദേഹത്തിന്റെ അംഗത്വം തന്നെ ഒഴിവാക്കി. പാര്‍ലമെന്റില്‍ ശക്തമായി കേരളത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതിന് എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം മനസിലാക്കി സ്പീക്കര്‍മാരും പ്രധാനമന്ത്രിയും പ്രത്യേക ശ്രദ്ധപതിപ്പിക്കുമായിരുന്നു. ആകസ്മികമായ ഈ വേര്‍പാട് ജനാധിപത്യ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani

1 comment:

ജനശബ്ദം said...

സഃ വര്‍ക്കല രാധാകൃഷ്ണനു ആദരാഞ്ജലി