Thursday, April 17, 2008

ലക്ഷംവീട് പുതുക്കിപ്പണിയാന്‍ ഒന്നിക്കൂ

ലക്ഷംവീട് പുതുക്കിപ്പണിയാന്‍ ഒന്നിക്കൂ

ബിനോയ് വിശ്വം(വനം^ഭവനനിര്‍മാണ വകുപ്പുമന്ത്രി)
'ഒരു ലക്ഷം വീടുകള്‍
നിങ്ങള്‍_ക്കൊരു ലക്ഷം കൂടുകള്‍
ഒരു യുഗ സംക്രമ പുലരിയില്‍
നിങ്ങള്‍ക്കൊരു ലക്ഷം സ്വപ്നങ്ങള്‍_ഒരു ലക്ഷം 'ശില്‍പങ്ങള്‍'
വയലാര്‍ എഴുതിയ ഈ വരികള്‍ കൂത്താട്ടുകുളം ചെല്ലപ്പന്‍ പാടുമ്പോള്‍ സഖാവ് എം.എന്‍. ഗോവിന്ദന്‍നായര്‍ നിറമിഴികളോടെ ലയിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് എന്റെ പ്രീഡിഗ്രി കാലമായിരുന്നു. ലക്ഷം വീടുകള്‍ യാഥാര്‍ഥ്യമാക്കുവാന്‍ വേണ്ടിയുള്ള മനുഷ്യ മഹായജ്ഞത്തിന് അന്ന് നാട് സാക്ഷ്യം വഹിച്ചു. അതിലൂടെ ദുര്‍ബലര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മാണത്തില്‍ കേരളം ഇന്ത്യക്ക് വഴി കാണിച്ചു.
ഇന്ന് 36 കൊല്ലം കഴിയുമ്പോള്‍ ലക്ഷം വീടുകള്‍ പലതും ശോച്യാവസ്ഥയിലാണ്. അവ അടിയന്തരമായ നവീകരണം ആവശ്യപ്പെടുന്നു. ലക്ഷം വീടുകള്‍ കെട്ടിപ്പടുക്കുമ്പോള്‍ എന്നതു പോലെ തന്നെ വിപുലമായ ജനകീയ പങ്കാളിത്തത്തോടെ ഈ നവീകരണവും നേടണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. 'എം.എന്‍ ലക്ഷം വീട് നവീകരണപദ്ധതി' അതിനായി ആവിഷ്കരിക്കപ്പെട്ടതാണ്.
ഇരട്ട വീടുകള്‍ ഒറ്റവീടാക്കാനും തകര്‍ന്നു വീഴാറായവ പുതുക്കിപ്പണിയാനും അമ്പതിനായിരം രൂപയുടെ ലളിതപദ്ധതിയാണ് ഇടതുഗവണ്‍മെന്റ് ആവിഷ്കരിക്കുന്നത്. അതിന്റെ പകുതി ഗവണ്‍മെന്റ് സബ്സിഡിയായി നല്‍കും. പഞ്ചായത്തുകള്‍ സ്വയമേവയോ സന്നദ്ധ സേവന സംഘടനകളോ മനുഷ്യസ്നേഹികളായ വ്യക്തികള്‍ മുഖേനയോ ബാക്കിപകുതി കണ്ടെത്തണം. കേരള സമൂഹത്തിന്റെ നീതിബോധം ഉണര്‍ന്നെഴുന്നേറ്റാല്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ലക്ഷം വീട് നവീകരണം ലക്ഷ്യം നേടുക തന്നെ ചെയ്യും. ഓരോ പഞ്ചായത്തിലും അതിനുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
അടിയന്തരമായി നവീകരണം ആവശ്യമുള്ള വീടുകളുടെ എണ്ണം 60,000 ആണെന്നാണ് പ്രാഥമിക സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഇത്രയും വീടുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയായ 25,000 രൂപ വീതം നല്‍കണമെങ്കില്‍ 150 കോടി രൂപ വേണ്ടി വരും. മുന്‍ ഗവണ്‍മെന്റിന്റെ അവസാനവര്‍ഷം 20,000 രൂപയുടെ സര്‍ക്കാര്‍ സബ്സിഡിയോടെ 40,000 രുപയുടെ നവീകരണ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. കഴിഞ്ഞ പദ്ധതി കാലയളവില്‍ 5 കോടി രൂപ ഈ ആവശ്യത്തിന് വേണ്ടി മാറ്റിവെച്ചു. 11ാം പദ്ധതിക്കാലത്ത് 30 കോടി രൂപയാണ് വകയിരുത്തപ്പെട്ടിരിക്കുന്നത്. 'എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതി' പ്രകാരം സബ്സിഡി തുക 25,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ഗവണ്‍മെന്റ് മാത്രമായി ശ്രമിച്ചാല്‍ ഇത്രയും തുക സബ്സിഡിയായി നല്‍കി 60,000 വീടുകള്‍ നവീകരിക്കുക എളുപ്പമല്ല. മനുഷ്യസ്നേഹപരമായ ഈ ദൌത്യനിര്‍വഹണത്തിനായി വിവിധ ആശയങ്ങള്‍ ഗവണ്‍മെന്റിന്റെ മുന്നിലുണ്ട്. ലക്ഷംവീട് നവീകരണ ലോട്ടറി അതിലൊന്നാണ്.
ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനമിച്ചം എം.എന്‍ ലക്ഷം വീട് നവീകരണ പദ്ധതിക്കുവേണ്ടി മാറ്റിവെക്കാനാണ് ഗവണ്‍മെന്റ് തീരുമാനം.
ജില്ലകള്‍തോറും നടുന്നുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളുടെ യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്ത് വരികയാണ്. ലക്ഷം വീട് കോളനികളിലെ കണ്ണീരിന്റെ കഥകള്‍ ആ യോഗങ്ങള്‍ പറഞ്ഞുതരുന്നു. വീടുകളുടെ ജീര്‍ണാവസ്ഥക്ക് പുറമെ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും പട്ടയം ലഭിക്കാത്ത പ്രശ്നവും അത്തരം യോഗങ്ങളില്‍ വിവരിക്കപ്പെട്ടു. ഒന്നര ഏക്കര്‍ സ്ഥലത്ത് 32 വീടുകള്‍ പ്രത്യേകം പ്രത്യേകം വെക്കുന്നതിന് പകരം മൂന്നും നാലും നിലകളുള്ള ഫ്ലാറ്റുകള്‍ സാധ്യമാണോ എന്ന ചോദ്യം അവിടെ ഉന്നയിക്കപ്പെട്ടു. അതിലൂടെ ലാഭിക്കാവുന്ന സ്ഥലം അന്യാധീനപ്പെട്ടുപോകാതെ കോളനികളിലെ പാവപ്പെട്ട മനുഷ്യരുടെ വിശ്രമ വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടണമെന്നും നിര്‍ദേശിക്കപ്പെടുകയുണ്ടായി. കോടിക്കണക്കിന് രൂപയുടെ വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്നും ഒരു ശതമാനം പാവങ്ങളുടെ പാര്‍പ്പിട പദ്ധതിക്കായി മാറ്റിവെക്കപ്പെടണമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ലക്ഷം വീട് നവീകരണപദ്ധതിയെ പക്ഷ^പ്രതിപക്ഷ പ്രശ്നമായിട്ടല്ല ഗവണ്‍മെന്റ് കാണുന്നത്. അത് കേരളത്തിന്റെ നീതിബോധത്തിന്റെ ഉരകല്ലാണ്.
ചുറ്റുമുള്ള പാവങ്ങളുടെ ജീവിതത്തെപ്പറ്റി, അവരെക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന എല്ലാവരുടെയും കരുതലിന്റെ പ്രശ്നം. എല്ലാവരും തങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നുവെന്ന വിമര്‍ശം ഉയര്‍ന്നുവരുമ്പോഴും നമ്മുടെ സമൂഹത്തില്‍ നന്മകളുടെ ഉറവകള്‍ വറ്റിപ്പോയിട്ടില്ല. നേരും നന്മയുമുള്ള എല്ലാറ്റിന്റെയും കൂടെ ഈ സമൂഹത്തിന്റെ മനസ്സെന്നും ഉണ്ടായിരിക്കും. ആ വിശ്വാസത്തോടുകൂടിയാണ് പാവനമായ ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് ഗവണ്‍മെന്റ് ചുവടുകള്‍ വെക്കുന്നത്.

1 comment:

ജനശബ്ദം said...

ലക്ഷംവീട് പുതുക്കിപ്പണിയാന്‍ ഒന്നിക്കൂ
'ഒരു ലക്ഷം വീടുകള്‍ നിങ്ങള്‍_
ക്കൊരു ലക്ഷം കൂടുകള്‍
ഒരു യുഗ സംക്രമ പുലരിയില്‍
നിങ്ങള്‍ക്കൊരു ലക്ഷം സ്വപ്നങ്ങള്‍_
ഒരു ലക്ഷം 'ശില്‍പങ്ങള്‍'

ബിനോയ് വിശ്വം
(വനം^ഭവനനിര്‍മാണ വകുപ്പുമന്ത്രി)