Wednesday, April 2, 2008

പ്രവാസി നിലവിളി നിലയ്ക്കുന്നില്ല

പ്രവാസി നിലവിളി നിലയ്ക്കുന്നില്ല

ഗള്‍ഫിലെ ആറു രാജ്യങ്ങളെ അടിസ്ഥാനമാക്കി രണ്ടുനിരീക്ഷണ കേന്ദ്രങ്ങള്‍ യോജിച്ച് ഈയിടെ നടത്തിയ സര്‍വേ വ്യക്തമാക്കിയത് ഗള്‍ഫില്‍ നിന്ന് 69 ശതമാനത്തോളം പ്രവാസികളും തിരിച്ചുപോവാനാണ് ആഗ്രഹിക്കുന്നതെന്നാണ്. അതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണെന്ന് അറിയുമ്പോള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അധികാരകേന്ദ്രങ്ങള്‍ ഞെട്ടേണ്ടതാണ്. പക്ഷേ, അതുണ്ടാവില്ല. രാഷ്ട്രീയ കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ക്ക് വോട്ടവകാശമില്ലെന്നതു തന്നെ.

പ്രവാസികള്‍ നാട്ടിന്റെ സമ്പദ്ഘടന ബലപ്പെടുത്തുന്നതിന് നല്കിയ പ്രത്യക്ഷവും പരോക്ഷവുമായ സംഭാവനകളൊന്നും വിലമതിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി ചിദംബരം ഇക്കാലത്തിനിടയ്ക്ക് അവതരിപ്പിച്ച ബജറ്റുകളൊക്കെ വ്യക്തമാക്കുന്നു. പ്രവാസികളെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാതെയാണ് ഇപ്രാവശ്യത്തെയും കേന്ദ്ര ബജറ്റ്. ആണ്ടുതോറും നേര്‍ച്ചപോലെ കുറച്ചുകാലമിങ്ങോട്ട് കേന്ദ്രം നടത്തിവരാറുള്ള 'പ്രവാസി ദിവസ്' സമ്മേളനത്തില്‍ ഇക്കൊല്ലവും പ്രധാനമന്ത്രി പ്രവാസികളെ നിര്‍ലോഭമായി അഭിനന്ദിക്കുകയും തിരഞ്ഞുപിടിച്ച ചില പ്രവാസി വന്‍കിടക്കാരെ ഷാളുപുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

വിദേശ ഇന്ത്യക്കാരുടെ ക്ഷേമ അവകാശ സംരക്ഷണങ്ങള്‍ക്കാണെന്ന പേരില്‍ കുറച്ചുകാലം മുമ്പ് ഏര്‍പ്പെടുത്തിയ പ്രവാസി വകുപ്പിന്റെ ചുമതലയില്‍ കേരളീയനും ഒട്ടൊക്കെ ജനകീയനുമായ വയലാര്‍ രവി അവരോധിക്കപ്പെട്ടപ്പോള്‍ കേരളീയ പ്രവാസികള്‍ക്കുണ്ടായ ആനന്ദത്തിന് അതിരില്ലായിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിതന്നെ പ്രവാസി മന്ത്രാലയത്തിന്റെ ചാര്‍ജെടുത്തപ്പോഴും തഥൈവ. പക്ഷേ, നിരാശയായിരുന്നു ഫലം.

സദുദ്ദേശ്യപരമായിത്തന്നെയാകാം മന്ത്രി വയലാര്‍ രവി രൂപം നല്കിയ പ്രവാസികള്‍ക്കായുള്ള ചില നിയമ_ചട്ടങ്ങള്‍ കൊക്കിനു വെച്ചത് കുളക്കോഴിക്കാണ് കൊണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള മിനിമം വേതന വ്യവസ്ഥകളും ജോലിയെടുക്കാന്‍ ചെല്ലുന്ന ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെക്കുറിച്ചുള്ള നിബന്ധനകളും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നത്്.

ഗള്‍ഫിലെ തൊഴില്‍ രംഗത്തെയും സാഹചര്യങ്ങളെയും ഗഹനമായി പഠിക്കുകയും അനിവാര്യ ചര്‍ച്ചകള്‍ ഇവിടെ പൊതു കൂട്ടായ്മകളിലൂടെ രാഷ്ട്രീയ പക്ഷപാതിത്വമേതുമില്ലാതെ നടത്തുകയും വേണമായിരുന്നു. കൂടാതെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പരിചയ സമ്പന്നരായ സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, അഭിഭാഷകര്‍, തൊഴില്‍ദായകര്‍, തൊഴിലാളി പ്രവര്‍ത്തകര്‍, നയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങിയവരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ നിയമങ്ങളിലെ ഗൌരവതരമായ അപാകങ്ങള്‍ ഒഴിവാക്കാമായിരുന്നു. കേരളത്തില്‍ ആന്റണി_ഉമ്മന്‍ ചാണ്ടി സര്‍ക്കാറുകളുടെ കാലത്ത് അന്നത്തെ പ്രവാസി വകുപ്പും നോര്‍ക്ക സെക്രട്ടറിയും ഒട്ടും ഗൌരവമില്ലാതെയാണ് ഏതാനും വ്യക്തികളെയും ചില തത്പര സംഘടനാ പ്രവര്‍ത്തകരെയും കണ്ട് ചര്‍ച്ച നടത്തി തിരിച്ചുപോയത്.

ഇതൊക്കെ ദ്യോതിപ്പിക്കുന്നത്, ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്നങ്ങളുടെ ആഴം ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ_കേരളത്തിലെയെങ്കിലും_ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ മിനക്കെട്ടില്ലെന്നു തന്നെയാണ്. ഉണ്ടായിരുന്നെങ്കില്‍ ഗള്‍ഫ് പ്രവാസികള്‍ മൂന്നര പതിറ്റാണ്ടുകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഏതാനും അടിസ്ഥാന പ്രശ്നങ്ങള്‍ക്കെങ്കിലും പരിഹാരം കാണാന്‍ കഴിയുമായിരുന്നു.

പ്രവാസികളുടെ യാത്രാപ്രശ്നം തന്നെയാണ് അന്നും ഇന്നും മുന്നില്‍. സകല സര്‍വീസ് ഉപഭോക്തൃ മേഖലകളിലും കുത്തകകള്‍ തകര്‍ന്നിട്ടും മത്സരങ്ങള്‍ മുഴുത്തിട്ടും ഗള്‍ഫ് മേഖലകളില്‍ ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ കുത്തക കൂടുതല്‍ ക്രൌര്യത്തോടെ നില കൊള്ളുകയാണ്.

യാത്രാപ്രശ്നങ്ങളും നിരക്ക് പ്രശ്നവും ഉന്നയിക്കുമ്പോള്‍ വ്യോമ മന്ത്രാലയവും ഗവണ്മെന്റ് ഉന്നയിക്കുന്ന ബാലിശമായ വാദങ്ങളും മറ്റും കേട്ട് വാപൊളിച്ചു തിരിച്ചുവരാനുള്ള മനസ്സും ആര്‍ജവവും മാത്രമേ കേരളത്തില്‍ നിന്നുള്ള ഭരണപ്രതിപക്ഷ ജനപ്രതിനിധികള്‍ക്കുള്ളൂ. തീവണ്ടികള്‍ക്ക് വേണ്ടിയും ഡിവിഷനുകള്‍ക്ക് വേണ്ടിയും കേന്ദ്രത്തില്‍ കുത്തിയിരിപ്പും കൂട്ടഹരജിയും നടത്തിയിട്ടുള്ള ജനപ്രതിനിധികള്‍ക്കെന്തേ അര നേരത്തെ ആഹാരമെങ്കിലും മുടക്കി കേന്ദ്ര വ്യോമയാന വകുപ്പിന്റെ വാതുക്കല്‍ ഒരു സത്യാഗ്രഹം സംഘടിപ്പിക്കാനാകാത്തത്?

നാട്ടിലെ വിദ്യാര്‍ഥികള്‍ക്കും പ്രവാസി വിദ്യാര്‍ഥികള്‍ക്കും നിശ്ചയിച്ചിട്ടുള്ള ഫീസുകളിലും കെട്ടിവെപ്പ് തുകകളിലും നിയമവിധേയത്വത്തോടെ തുടരുന്ന ഇരട്ടത്താപ്പിനെയും വിവേചനത്തെയും കുറിച്ച് വിദ്യാഭ്യാസ സേവകരോ, സര്‍ക്കാറോ, കമ്മീഷനോ ഒന്നും ഉരിയാടിക്കാണുന്നില്ല. നാട്ടിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ ഇരട്ടിയിലേറെയാണ് ഇവരില്‍ നിന്ന് വാങ്ങുന്നത്. മറ്റേതു മേഖലയിലാണ് പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടാതെയും അവഗണനയ്ക്കിടയാവാതെയും ഉള്ളത്.

അതിനിടയില്‍ പ്രവാസി സംരക്ഷയ്ക്കെന്ന പേരില്‍ ഗവണ്മെന്റ്കൊണ്ടുവന്ന ചില വ്യവസ്ഥകള്‍ ഏറെ ദോഷമാണ് സൃഷ്ടിക്കുക. 24,000 കോടിരൂപയാണ് കഴിഞ്ഞവര്‍ഷം പ്രവാസികള്‍_ കൂടുതലായും ഗള്‍ഫിലുള്ളവര്‍ _നാട്ടിലേക്കയച്ചത്. കേരളത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ വലുതാണ് ഈ സംഖ്യ.

പ്രധാനപ്പെട്ട മൂന്നു ഇനങ്ങളിലാണ് ഇന്ത്യാ ഗവണ്മെന്റ് പുതിയ ചട്ടങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. വീട്ടുജോലിക്കായി വിദേശത്ത് പോകുന്ന സ്ത്രീകള്‍ക്ക് 1100 ദിര്‍ഹം (12,000 ത്തോളം രൂപ) മിനിമം വേതനം നല്കണം. താമസസൌകര്യം, വിമാനക്കൂലി, ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും കൂടാതെ തൊഴിലുടമ 9250 ദിര്‍ഹം (ഒരുലക്ഷം രൂപയോളം) ഇന്ത്യാ ഗവണ്മെന്റില്‍ നയതന്ത്രകാര്യാലയം മുഖേന കെട്ടിവെക്കണം.
രണ്ടാമത്തേത് സാധാരണ അവിദഗ്ധ തൊഴിലാളികളെ സംബന്ധിച്ചത്. അവര്‍ക്ക് 1100 ദിര്‍ഹം തന്നെ വേണമോ 600 ദിര്‍ഹവും പാര്‍പ്പിടവും ഭക്ഷണവും ടിക്കറ്റും ചികിത്സയും വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലത്രെ. വീട്ടുജോലിക്കാരുടെ കാര്യം തീരുമാനമായി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. പല ഗള്‍ഫ് ഗവണ്മെന്റുകളും രണ്ടുപ്രശ്നങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ രണ്ടാമത്തെ കാര്യം നടപ്പിലാക്കിത്തുടങ്ങിയിട്ടില്ല.

മൂന്നാമത്തെ ചട്ടം എസ്.എസ്.എല്‍.സി. പാസാകാത്തവര്‍ വിദേശത്ത് ജോലിക്കുപോകുമ്പോള്‍ ഒന്നരലക്ഷത്തോളം കെട്ടിവെക്കണമെന്നതാണ്. തൊഴിലുടമയാണ് കെട്ടിവെക്കേണ്ടതെങ്കില്‍ അതു പ്രായോഗികമാവില്ല. തൊഴിലാളിയാണെങ്കില്‍ അയാള്‍ക്ക് അതിനുള്ള പണമുണ്ടാവില്ല.ഗള്‍ഫില്‍ ജോലിതേടുന്ന ഒരാള്‍ക്ക് ഇത്രയൊക്കെ വേതനവും ആനുകൂല്യങ്ങളും ഉണ്ടായാലും ഇന്നത്തെ ജീവിതച്ചെലവ് നേരിടാന്‍ മതിയാവില്ല.

കുടുംബ പ്രാരാബ്ധങ്ങളുടെ കടുത്ത സമ്മര്‍ദവും റിക്രൂട്ടിങ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും പ്രലോഭനവും കാരണം ഗള്‍ഫിലേക്ക് പോയശേഷം, പിന്നീട് എന്തു സാഹചര്യത്തിലായിരുന്നാലും അവിടെ കരാറില്‍ പറഞ്ഞ തുകയിലും ആനുകൂല്യങ്ങളിലും കുറച്ച് പണിയെടുക്കാന്‍ സ്വയമേവ തയ്യാറാവുകയോ നിര്‍ബന്ധിതമാവുകയോ ചെയ്യുന്ന അനുഭവങ്ങളാണ് അധികവും.

ഈ അവസ്ഥയില്‍ സ്വയം തൊഴിലെടുക്കാന്‍ തയ്യാറാവുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന തൊഴിലാളിയെയാണോ തൊഴിലുടമയെയാണോ, വന്‍ തുക പിടുങ്ങി തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട് നടത്തിയ ഏജന്‍സിയെയാണോ ആരെയാണ് ശിക്ഷിക്കേണ്ടത്. ഏതു സാഹചര്യത്തില്‍ തൊഴിലാളിക്ക് വ്യവസ്ഥ പ്രകാരം വേതനവും ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിലും തൊഴിലുടമ ഉത്തരവാദിയാണെന്ന വ്യവസ്ഥ നീതിക്ക് നിരക്കുന്നതല്ല. തൊഴിലാളിക്കും തൊഴിലുടമയ്ക്കും റിക്രൂട്ടിങ് ഏജന്‍സിക്കും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ കര്‍ശനമായി തിട്ടപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം നിയമം.
തൊഴിലാളിയെ തിരിച്ചയയ്ക്കുന്ന പ്രശ്നമുണ്ടായാല്‍ അതിനുള്ള ചെലവെന്ന നിലയിലും മറ്റുമായി തൊഴിലുടമ 3000 ദിര്‍ഹം കെട്ടിവെക്കണമെന്ന നിയമം ഗള്‍ഫിലുണ്ട്. നല്ല തൊഴിലുടമകള്‍ ഈ നിബന്ധന പാലിക്കുന്നുണ്ട്. എന്നാല്‍ തത്ത്വദീക്ഷയില്ലാത്ത പല തൊഴിലുടമകളും വിസ വില്പന നടത്തുന്ന സ്പോണ്‍സര്‍മാരും വ്യാജ സ്ഥാപനങ്ങളും ആ തുക ബന്ധപ്പെട്ട തൊഴിലാളിയില്‍ നിന്ന് തന്നെ ഈടാക്കുകയാണ് പതിവ്.

ഇക്കാര്യത്തില്‍ കുറ്റമറ്റൊരു പരിഹാരമാര്‍ഗമെന്ത്? സ്പോണ്‍സര്‍മാരെ നമുക്ക് ആവശ്യമുള്ള നിബന്ധനകള്‍ ചുമത്തി തളയ്ക്കാമെന്നത് സാധ്യമാവില്ല. കാരണം തൊഴില്‍ കമ്പോളത്തില്‍ ഏതു നിലയ്ക്കും ഇന്ത്യക്കാരോട് മല്ലടിച്ചു നില്‍ക്കാന്‍ കെല്പുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ _ അവിദഗ്ദ്ധ , വിദഗ്ദ്ധ തൊഴിലാളികള്‍_ ഗള്‍ഫില്‍ ഇപ്പോഴുണ്ട്. 150 ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വ്യാപരിക്കുന്ന ഭൂവിഭാഗമാണിതെന്നോര്‍ക്കണം.
പോരാത്തതിന് ഒരു സ്ഥാപനത്തില്‍ ഒരേ രാജ്യത്തുനിന്നുള്ളവരെ മുഴുവനായോ കൂടുതലായോ വെക്കുന്നതിനെ ഗള്‍ഫിലെ ഗവണ്മെന്റുകള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാരാണ് ജോലിക്ക് കൂടുതല്‍ മിടുക്കന്മാരും സത്യസന്ധതയുള്ളവരുമെന്ന പഴയ ധാരണ അറബികള്‍ക്കിടയില്‍ മാറിത്തുടങ്ങി.

ആദ്യം തളയ്ക്കേണ്ടത് കേരളത്തിലെ ഇടനിലക്കാരേയും റിക്രൂട്ടിങ് സ്ഥാപനങ്ങളെയുമാണ്. തൊഴില്‍ തേടുന്നവരെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വലുതും ചെറുതുമായ രാഷ്ട്രീയ നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും നിലയ്ക്കു നിര്‍ത്താന്‍ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുങ്ങും.

മിനിമ വേതന വ്യവസ്ഥ പോലെയോ അതിലേറെയോ പ്രയാസമുണ്ടാക്കുന്നതാണ് ഗള്‍ഫില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരെ എടുക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. തൊഴിലുടമ യു.എ.ഇ. ഗവണ്മെന്റും മറ്റും നിര്‍ബന്ധമാക്കിയ 3000 ദിര്‍ഹം (32000 ലേറെ രൂപ) ഇവിടെ കെട്ടിവെക്കണം. പുറമെ ഇന്ത്യാ ഗവണ്മെന്റില്‍ നയതന്ത്രാലയം വഴി 9000 ദിര്‍ഹം (98,000 ത്തോളം രൂപ) വേറെയും കെട്ടിവെക്കണം. ഇത് കഴിഞ്ഞമാസം മുതല്‍ ഏര്‍പ്പെടുത്തിയ നിയമമാണ്. ഈ നിബന്ധന മൂലം ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നത് ഗള്‍ഫില്‍ ജോലിയെടുക്കുന്ന സാധാരണ ഇന്ത്യന്‍ കുടുംബങ്ങളാണ്. അതുപോലെ ഗള്‍ഫില്‍ വീട്ടുജോലിക്കുപോയി കുടുംബം പോറ്റണം എന്ന് ഉദ്ദേശശുദ്ധിയോടെ ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളാണ്. ഫലത്തില്‍ ജോലിക്ക് പോവാന്‍ അവര്‍ക്കുള്ള അവസരം നഷ്ടപ്പെടുന്നു. ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശമ്പളവും കുറച്ച് മതി.

ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം കുടുംബങ്ങളിലെയും ഭര്‍ത്താക്കന്‍മാരും ഭാര്യമാരും ജോലി ചെയ്താല്‍ തന്നെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നു. 40 ശതമാനമാണ് ഗള്‍ഫിലെ നാണയപ്പെരുപ്പം. വീട്ടുവാടകയിലും മിക്ക നിത്യോപയോഗ സാധനങ്ങളിലും 90 ശതമാനം വരെ വര്‍ധന. അതിനനുസരിച്ച് വരുമാനം കൂടുന്നില്ല. സാധാരണ അവിദഗ്ധ തൊഴിലാളിയുടെ സ്ഥിതിയും പരിതാപകരം തന്നെ. 1000 ദിര്‍ഹം ശമ്പളം കിട്ടുന്ന തൊഴിലാളി ആയിരം രൂപ വീട്ടിലേക്കയയ്ക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. ഇതാണ് 69 ശതമാനത്തെയും ഗള്‍ഫില്‍ നിന്ന് സ്ഥലം വിടാന്‍ മോഹിപ്പിക്കുന്നത്.

നാട്ടില്‍ നിന്ന് യുവതികളെ വീട്ടുവേലയ്ക്കും സ്ത്രീകള്‍ക്ക് മാത്രമായുള്ള ജോലികള്‍ക്കും എന്ന വ്യാജേന റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനത്തിലേക്ക് തള്ളിവിടുന്നുവെന്നതാണ് ഏറ്റവും സങ്കീര്‍ണമായ മറ്റൊരു പ്രശ്നം. ഇതിന്റെ കരുത്തുറ്റ കണ്ണികള്‍ കേരളത്തിലാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് അറിഞ്ഞിട്ട് തന്നെ ഇവിടെ എത്തുന്ന ഒരുപറ്റം സ്ത്രീകളും ഉണ്ടെന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല. പിന്നീട് തമ്മില്‍ തെറ്റുമ്പോള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെ അഭയം പ്രാപിക്കുന്ന കെങ്കേമികളും കൂട്ടത്തിലുണ്ട്.

മൂന്നര പതിറ്റാണ്ടായി നിലനില്‍ക്കുന്ന വ്യോമയാത്രാക്ലേശവും വിമാനക്കൂലി പ്രശ്നവും പരിഹരിക്കുക. അതിനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസ് കൂടുതല്‍ സങ്കീര്‍ണതകളാണ് ഉണ്ടാക്കിയിട്ടുള്ളത്. കൂലിയിലാണെങ്കില്‍ നാമമാത്ര വ്യത്യാസം മാത്രം. സീസണ്‍ സമയത്ത് വന്‍വര്‍ധനയാണ് ഇന്ത്യാ എക്സ്പ്രസ്സിലും.
വിദേശ ഇന്ത്യക്കാരുടെ മക്കള്‍ക്കുള്ള ഫീസും മറ്റു ഇളവുകളും നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് തുല്യമാക്കുക. ഗള്‍ഫില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുക.

പ്രവാസിക്ഷേമത്തിനായുള്ള നിധി പ്രവാസിപങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുക. ഇക്കാര്യത്തില്‍ കഴിഞ്ഞ കേരള ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയത് നാമമാത്രമാണെങ്കിലും തുടക്കമെന്ന നിലയില്‍ പ്രവാസികള്‍ അതിനെ വിലമതിക്കുന്നുണ്ട്. പുനരധിവാസത്തിന്റെ ഭാഗമായി അതിനെ സഹായിക്കാന്‍ തക്കവണ്ണം കേരളത്തില്‍ ഉടനീളം പ്രവാസികളുടെ മുഖ്യനിക്ഷേപം കൊണ്ട് സഹകരണ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉണ്ടാക്കുക.

പ്രവാസികള്‍ക്ക് പ്രായോഗികമാംവിധത്തില്‍ വോട്ടവകാശം നല്‍കുക. ഇതുണ്ടായാല്‍ തന്നെ രാഷ്ട്രീയകക്ഷികള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മത്സരിച്ചിറങ്ങും.

കടപ്പാട്‌.
വേവിഞ്ച അബ്ദുള്ള.
മാതൃഭൂമി .

5 comments:

ജനശബ്ദം said...

പ്രവാസി നിലവിളി നിലയ്ക്കുന്നില്ല

ഗള്‍ഫിലെ ആറു രാജ്യങ്ങളെ അടിസ്ഥാനമാക്കി രണ്ടുനിരീക്ഷണ കേന്ദ്രങ്ങള്‍ യോജിച്ച് ഈയിടെ നടത്തിയ സര്‍വേ വ്യക്തമാക്കിയത് ഗള്‍ഫില്‍ നിന്ന് 69 ശതമാനത്തോളം പ്രവാസികളും തിരിച്ചുപോവാനാണ് ആഗ്രഹിക്കുന്നതെന്നാണ്. അതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണെന്ന് അറിയുമ്പോള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അധികാരകേന്ദ്രങ്ങള്‍ ഞെട്ടേണ്ടതാണ്. പക്ഷേ, അതുണ്ടാവില്ല. രാഷ്ട്രീയ കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ക്ക് വോട്ടവകാശമില്ലെന്നതു തന്നെ.

പ്രിയ said...

വിശദമായ ഈ ലേഖനത്തിന് നന്ദി. പ്രവാസ സമൂഹത്തിനും നമ്മുടെ നാടിനും നന്മയുണ്ടാകുന്ന തരത്തില് തീരുമാനങ്ങള് ഉണ്ടാകാന് എത്ര കാത്തിരിപ്പു വേണ്ടി വരും? ആര്ക്കറിയാം.

പ്രവീണ്‍ ചമ്പക്കര said...

ലേഖനം നന്നായി സുഹൃത്തെ .... ഈ വര്ഷം തരിച്ചു പോകാന്‍ തീരുമാനം എടുത്ത ഒരു മലയാളി ആണ്‌ ഞാനും.... പ്രവാസി മലയാളികള്‍ ഒത്തിരി പണം നാട്ടിലേക്കു അയകുനുണ്ട് എന്നുള്ളത് സത്യം.... പക്ഷേ ചില കാര്യങ്ങള്‍ ഞാന്‍ ചോദിക്കട്ടെ... തങ്ങള്‍ പറഞ്ഞ ആയിരം ദിര്‍ഹം ശബളം പറ്റുന്ന എത്ര നിര്‍മാണ തൊഴിലാളികള്‍ ഉണ്ട് ഇന്നു ഇവിടെ ? എനിക്ക് അറിയാവുന്ന മിക്ക കമ്പനികളും നല്കുന്നത് 15-25 നിരക്കില്‍ ആണ്‌. ഇന്നുള്ള ഇവിടുത്ത ജീവിത ചിലവില്‍ മുന്ന് നേരത്ത് ആഹാരം കഴിഞ്ഞാല്‍ അവന് എത്ര തുക മിച്ചം വയ്ക്കാന്‍ സാധിക്കും ? ഇവിടുള്ള ഈ ചു‌ടില്‍ഒന്‍പതു മണിക്കൂര്‍ പണി എടുക്കുന്നവന് കിട്ടുന്ന ശബളവും നല്ല കാലാവസ്ഥയില്‍ കേവലം ഏഴ് മണിക്കൂര്‍ നാട്ടില്‍ പണി എടുക്കുന്നവന് കിട്ടുന്ന പ്രതിഫലവും ഒന്നു താരതമ്യം ചെയ്തു നോക്കണം . അവനവന്റെ വീട്ടില്‍ കിടന്നുറങ്ങാനും കുടുംബത്തോടൊപ്പം നില്‍ക്കാനും പറ്റുന്ന അവസരം വേറയും.... അപ്പോള്‍ മതിയായ വേതനം കിട്ടാതെ നരകയാതന അനുഭവിക്കാന്‍ നമ്മുടെ സഹോദരങ്ങളെ ഇങ്ങോട്ട് വിടാന്‍ ഒക്കില്ല എന്ന് ഒരു സര്‍ക്കാര്‍ പറയുന്നതാണോ കുറ്റം ? വീട്ടുവേല്കായി കൊണ്ടുവരുന്ന ഒരു നല്ല ശതമാനം സ്തീകളും പീടനത്തിനു ഇരകള്‍ അണന്നുള്ള സത്യം അറിയാത്ത എത്ര പ്രവാസി ഉണ്ട് ? അപ്പോള്‍ അവരുടെ ജീവിതം കുറേകു‌ടി മെച്ചം ആക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തെ മറ്റുള്ളവര്‍ മുതലാക്കും എന്ന് പറഞ്ഞു കുറ്റപെടുതുന്നത് ശരി ആണോ?

Unknown said...

ഇന്നും നാട്ടിലേക്കു തിരിച്ചു പോകാതെ കല്ലിവല്ലിക്കളായി കഴിയുന്ന ചെറുപ്പക്കാറ് ഇവിടെ ഊണ്ടെന്നറിയോ നാട്ടില്‍ തിരിച്ചു ചെന്നാല്‍ ഇവര്‍ക്കു കൊടുക്കാന്‍ എന്തു ഉലക്കയാണു നമ്മുടെ സര്‍ക്കാര്‍ ഉണ്ടാക്കി വച്ചിരിക്കുന്നത്

പ്രവീണ്‍ ചമ്പക്കര said...

അനുപ്,
പ്രതികരണം വായിച്ചു .. നാട്ടില്‍ ഇപ്പോള്‍ എത്ര ഉണ്ട് ദിവസ വേധനം... 200എന്നാലും പണികാരെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥ. ഒരു മേസ്തരിക്ക് 300-350കിട്ടും പിന്നെ എന്തിന് ഈ വെയിലത്തു കല്ലിവല്ലി ആയി ...ആട്ടും തുപ്പും ഏറ്റുകിടക്കുന്നത്... നമ്മള്‍ മലയാളികള്‍ നാട്ടില്‍ ചെന്നാല്‍ പണി എടുക്കാന്‍ മടിയന്‍ മാര്‍ ആകുന്നു . വിദേശത്ത് പട്ടിയെപോലെ‍ പണിയും ....അതല്ലേ ശരി ?