അഭിമുഖം
പ്രതിച്ഛായയുടെ തടവുകാരനല്ല പിണറായി വിജയന്‍.
മുണ്ടയില്‍ കോരന്‍െറയും കല്യാണിയുടെയും മകനായ വിജയന്‍ കേരളത്തിലെ
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മംകൊടുത്ത പിണറായിയില്‍നിന്ന് ഒരു സാദാ കമ്യൂണിസ്റ്റുകാരനായി
തുടങ്ങി പാര്‍ട്ടിയുടെ അമരത്തെത്തി. ത്യാഗപൂര്‍ണമായ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള,
സംഘടനാകാര്യങ്ങളിലും പാര്‍ട്ടിനിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത,
കാര്‍ക്കശ്യമുള്ള പിണറായി, മാധ്യമങ്ങളുടെ ലാളനയേറ്റുവളര്‍ന്ന ഒരാളല്ല.
സമരമുഖങ്ങളിലൂടെയായിരുന്നു ആ യാത്ര.
അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ നാലഞ്ചു പൊലീസുകാര്‍ ചേര്‍ന്ന്
ക്രൂരമായി മര്‍ദിച്ചു. വീണുപോയ പിണറായിയെ നിലത്തിട്ടുചവിട്ടി. മര്‍ദനത്തിനിടയില്‍
ഇടതുകാല്‍ ഒടിഞ്ഞു. ഏറെനാള്‍ കഴിഞ്ഞ് അന്നത്തെ ജയില്‍ എസ്.പി ജോസഫ് തോമസ്
എത്തിയപ്പോള്‍ പിണറായി പറഞ്ഞു: ‘‘കാലൊക്കെ ശരിയായി കേട്ടോ. ജയില്‍ ഞങ്ങള്‍ക്ക്
പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, നിങ്ങള്‍ക്കുള്ളതല്ല.’’എസ്.പിയുടെ മുഖം വിവര്‍ണമായി.
ലോക്കപ്പ് മര്‍ദനങ്ങളും ജയിലുകളും ഗുണ്ടാമര്‍ദനങ്ങളുമൊക്കെ ഒരു കമ്യൂണിസ്റ്റുകാരന്
വിധിക്കപ്പെട്ടിട്ടുള്ളതാണെന്ന് വിശ്വസിക്കുന്ന വിജയന്‍ ഇന്നും നട്ടെല്ലുവളയാതെ
തലയുയര്‍ത്തി നില്‍ക്കുന്നു.
രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്‍ററില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍
മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി പിണറായി വിജയന്‍ മനസ്സ് തുറക്കുന്നു.
പുറത്ത ്പ്രചരിക്കുംവിധം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടോ?
l പാര്‍ട്ടിക്കകത്ത് വിഭാഗീയത ഉണ്ടായിരുന്നു നേരത്തേ. അത് നമ്മുടെ കേരളത്തിലെ പാര്‍ട്ടിയുടെ അനുഭവത്തില്‍തന്നെ എടുത്താല്‍ ഓരോ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള വിഭാഗീയതയുടെ കാര്യം എടുത്തുനോക്കിയാല്‍ പാര്‍ട്ടിയും സഖാക്കളും അതിന്‍െറ ദോഷം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലൂടെ ഇതൊരു ദോഷമാണ്, പാര്‍ട്ടി ശരീരത്തില്‍ ഏല്‍ക്കുന്ന കാന്‍സറാണ് എന്നൊക്കെ ശരിയായരീതിയില്‍ സഖാക്കള്‍ക്ക് ബോധ്യമായി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി കേരളത്തിലെ പാര്‍ട്ടിയാകെ യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അതോടൊപ്പം ഈ ബോധ്യം, ഇത് വലിയ ആപത്താണ് നമുക്ക് ഉണ്ടാക്കിത്തരുന്നത് എന്ന കാര്യം മനസ്സിലായതിന്‍െറ ഭാഗമായി കേരളത്തില്‍ ഇന്ന് അത്തരമൊരു അവസ്ഥയില്ല. നമ്മുടെ 14 ജില്ലകളും എടുത്തുപരിശോധിച്ചാല്‍ വിഭാഗീയതയുടേതായ വല്ലാത്ത പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന പ്രദേശങ്ങള്‍ ഇന്നത്തെ കേരളത്തില്‍ കാണാന്‍ കഴിയില്ല. ഏതെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ അത് വിഭാഗീയതയാണെന്നതരത്തില്‍ ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ അന്തരീക്ഷം പരിശോധിച്ചാല്‍ വിഭാഗീയത ഇന്ന് വലിയ പ്രശ്നമായിട്ട് കാണുന്നില്ല.
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇടതുപക്ഷത്തിനാവും മേല്‍ക്കൈ കിട്ടുക എന്ന് പല കേന്ദ്രങ്ങളും പറയുന്നു. പാര്‍ട്ടി അങ്ങനെ വിശ്വസിക്കുന്നുണ്ടോ?
l ഏത് ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ക്ക് മുന്നിലെത്താന്‍ കഴിയും എന്നുതന്നെയാണ് വിശ്വാസം. അതില്‍ ഒരു വ്യത്യാസവുമില്ല. ഇത്തവണ ഒന്നു തെന്നിമാറി എന്നേ ഉള്ളൂ. ഏതു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് വന്നാലും ഞങ്ങള്‍ മുന്നിലെത്തും.
പാര്‍ട്ടിക്കുവേണ്ടി പല ത്യാഗങ്ങളും സഹിച്ച് ആരോപണങ്ങള്‍ കേട്ട് വളര്‍ന്നുവരുന്ന ഒരാളാണ് താങ്കള്‍. അത്തരം ആരോപണങ്ങളെയൊക്കെ വലിച്ചെറിഞ്ഞ് ധൈര്യസമേതം മുന്നേറുന്ന ഒരു പാര്‍ട്ടി നേതാവാണ്. സത്യത്തില്‍ ആരാണ് പിണറായി വിജയന്‍െറ ദൈവം, പാര്‍ട്ടിയാണോ പ്രത്യയശാസ്ത്രമാണോ?
l ഞങ്ങള്‍ പാര്‍ട്ടിക്കുവേണ്ടിയാണല്ളോ നിലകൊള്ളുന്നത്. പാര്‍ട്ടിയാണല്ളോ നമുക്ക് വലുത്. പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ പാര്‍ട്ടി.
പൊതുവെ പറഞ്ഞാല്‍ പാര്‍ട്ടി വികസനങ്ങള്‍ക്ക് എതിരാണെന്ന ഒരു പ്രചാരണമുണ്ട്. ആദ്യകാലത്ത് കമ്പ്യൂട്ടറിനെ എതിര്‍ത്തതൊക്കെ ഇപ്പോഴും വിവാദമായി നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുടെ വികസനനയം എന്താണ്?
l പുതിയതിനെ ആകെ നിഷേധിക്കുന്ന ഒരു പാര്‍ട്ടിയല്ല സി.പി.എം. പുതിയ കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിന് ഗുണകരമായിട്ടുള്ളതാകുമ്പോള്‍ ആ ഗുണകരമായിട്ട് വരുന്നതിനെ അതേരീതിയില്‍ കാണുകയും പിന്താങ്ങുകയും ചെയ്യുന്ന പാര്‍ട്ടി തന്നെയാണ്, അതിനെക്കുറിച്ച് ഒരാശങ്ക ഉണ്ടാകേണ്ടതില്ല. വികസന കാര്യങ്ങളിലും അതുതന്നെയാണ് നിലപാട്. നമ്മുടെ നാടിന്‍െറ വികസനമാണ് പ്രധാനം. ഒപ്പം നാടിന്‍െറ താല്‍പര്യം സംരക്ഷിക്കപ്പെടണം. നാടിന്‍െറ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള വികസന സംരംഭങ്ങള്‍ സി.പി.എം എപ്പോഴും പ്രോത്സാഹിപ്പിക്കും. അതിന്‍െറ മറവില്‍ നാടിനെ തകര്‍ക്കാന്‍ നോക്കരുത്. അത് പാര്‍ട്ടി എതിര്‍ക്കും.
വികസനത്തെക്കുറിച്ചുള്ള പൊതുസങ്കല്‍പം എന്താണ്? സ്മാര്‍ട്ട്സിറ്റി വരുന്നു, എക്സ്പ്രസ് വേ വരുന്നു, അടിസ്ഥാനപരമായ കേരള വികസനം പൂര്‍ത്തിയാകാത്ത ഘട്ടത്തില്‍ ഇങ്ങനെയുള്ള വികസനത്തിലേക്ക് കടന്നുചെല്ലുകയും അതിനെ താങ്ങാനുള്ള സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടോ?
lസ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ ഞങ്ങള്‍ അന്ന് എതിര്‍ത്തത്, തുടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ഒരു ഭാഗം സ്ഥലം വേണം എന്നുപറഞ്ഞത് ശരിയല്ല. അതിനോട് നമുക്ക് യോജിപ്പില്ല. സ്മാര്‍ട്ട്സിറ്റി എന്ന ആശയത്തെതന്നെ ഞങ്ങള്‍ എതിര്‍ത്തില്ല. അതെന്തുകൊണ്ടാണ്? ഒരു കുടക്കീഴില്‍ ധാരാളം സ്ഥാപനങ്ങള്‍ വരാനുള്ള ഒരു സാഹചര്യമാണ് സ്മാര്‍ട്ട്സിറ്റിയുടെ ഭാഗമായിവരുന്നത്. ഈ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നവര്‍ ഐ.ടി രംഗത്തെ പ്രധാനികളല്ല. അവര്‍ ഒരു സ്ഥാപനം അവിടെ കൊണ്ടുവരുന്നു. കെട്ടിടസമുച്ചയം കൊണ്ടുവരുന്നു. ആ കെട്ടിടസമുച്ചയത്തിനകത്ത് വിവിധ ഐ.ടി സ്ഥാപനങ്ങള്‍ക്ക് വരാന്‍ കഴിയും. പതിനായിരങ്ങള്‍ക്ക് അവിടെ തൊഴില്‍ ലഭിക്കും. നമ്മുടെ കേരളവും കര്‍ണാടകവും തമിഴ്നാടും എടുത്താല്‍ ഈ സംസ്ഥാനങ്ങളില്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ അതിവേഗതയില്‍ പുരോഗതി നേടാന്‍ കഴിയുന്ന സംസ്ഥാനം കേരളമാണ്. കാരണം, നമ്മള്‍ അഭ്യസ്തവിദ്യരാണ്. നല്ല പശ്ചാത്തല സൗകര്യമുണ്ട്. വിദ്യാഭ്യാസരംഗത്ത് നല്ലതുപോലെ ചെറുപ്പക്കാര്‍ വരുന്നുണ്ട്. എന്നാല്‍, ഈ രണ്ട് സംസ്ഥാനങ്ങളുടെയും പിറകിലാണ് നമ്മള്‍. ഐ.ടി രംഗത്ത് ബംഗളൂരുവും വലിയതോതില്‍ കൊച്ചിയും മുന്നോട്ടുപോയി. നമുക്കതിന്‍െറ പശ്ചാത്തലസൗകര്യം കൊടുക്കാന്‍ കഴിയും. അതിന്‍െറ ഭാഗമാണ് സ്മാര്‍ട്ട്സിറ്റി. എന്നാല്‍, ഒരു സ്മാര്‍ട്ട്സിറ്റി മാത്രം പോര. അതുപോലെയുള്ള അനേകം കാര്യങ്ങള്‍ വേണം. അതില്‍തന്നെയാണ് സി.പി.എം നില്‍ക്കുന്നത്. അതിനകത്ത് വേറെ വ്യത്യസ്തതകള്‍ ഒന്നുമില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ വരണമെന്നുതന്നെയാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
ബംഗളൂരുവിന്‍െറയും തമിഴ്നാടിന്‍െറയുമൊക്കെ കാര്യം പറഞ്ഞല്ളോ. അവിടത്തെപോലെയല്ല ഇവിടെയുള്ള ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍. എന്താണ് ആ കള്‍ച്ചറിനെക്കുറിച്ചുള്ള അഭിപ്രായം? സ്ഥാപനങ്ങളെ പൂട്ടിക്കുന്ന നയമുണ്ടോ അതിന്?
l ഇപ്പോള്‍ കേരളത്തിലെ ട്രേഡ്യൂനിയന്‍ കള്‍ച്ചര്‍കൊണ്ട് എന്തെങ്കിലും തരത്തിലുള്ള അബദ്ധങ്ങളുണ്ടായിട്ടില്ല. ട്രേഡ്യൂനിയന്‍െറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു സ്ഥാപനം അടഞ്ഞുപോയ അവസ്ഥ നമ്മുടെ കേരളത്തില്‍ ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. വളരെ മുമ്പ് ഈ ആരോപണം ശരിയാണ്. ഒരു സ്ഥാപനത്തിന്‍െറ താല്‍പര്യം നോക്കാതെ ഇടപെടുന്ന അവസ്ഥ ചില ട്രേഡ്യൂനിയനുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പക്ഷേ, ട്രേഡ്യൂനിയന്‍തന്നെ പൊതുവില്‍ അതിനെ കാണുകയും സ്വയംവിമര്‍ശപരമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ചിലേടങ്ങളില്‍ നിലനില്‍ക്കുന്നത് കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട അനഭിലഷണീയമായ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. അത് തിരുത്തിപോകേണ്ട കാര്യമേ ഉള്ളൂ. പക്ഷേ, അതിനെപ്പറ്റിയല്ല പറയുന്നത്. പറയുന്നത് മുഴുവന്‍ മറ്റേതിനെപ്പറ്റിയാണ്. സ്ഥാപനം വരാത്തതിനുകാരണം ട്രേഡ്യൂനിയന്‍ എന്ന മട്ടിലാണ്. അത് ശരിയല്ല. നമ്മുടെ കേരളത്തില്‍ അത് അത്രകണ്ട് ബാധകമല്ല. വലിയ കമ്പനികള്‍തന്നെ ഇവിടെ വന്ന് ഇവിടത്തെ പ്രവര്‍ത്തനങ്ങളൊക്കെ കണ്ട് പങ്കാളിത്തം വഹിച്ചപ്പോള്‍ നല്ല പ്രതികരണമാണ് ഉണ്ടായത്.
കേരളത്തിലും ബംഗാളിലുമെല്ലാം ശക്തമായി നിലനില്‍ക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തുകൊണ്ടാണ് ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ വേരോട്ടമില്ലാതെയായിപോകുന്നത്? അതിനെ പാര്‍ട്ടി എങ്ങനെ കാണുന്നു?
l അതൊരു പ്രശ്നംതന്നെയാണ്. അതില്‍ ഈ അടുത്തകാലത്തായി അവിടങ്ങളിലൊക്കെ കൂടുതല്‍ ശക്തിയായി വന്നുകൊണ്ടിരിക്കുന്നത് ജാതീയതയാണ്. ആ ജാതിശക്തികള്‍ വലിയ തോതില്‍ ഇടപെടുന്ന അവസ്ഥ വരുന്നുണ്ട്. അതിന്‍െറ ഭാഗമായുള്ള ആക്രമണങ്ങളും വരുന്നുണ്ട്. ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലമായിപോവുകയും ചെയ്യുന്നുണ്ട്. ചിലേടങ്ങളില്‍ ഇടതുപക്ഷത്തിന്‍െറ സ്വാധീനമടക്കം കടന്നാക്രമിക്കുന്ന തരത്തില്‍ ജാതിശക്തികള്‍ വളര്‍ന്നിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളുണ്ട്. അത് എല്ലാം കണ്ടുകൊണ്ടുതന്നെയാണ് പുതിയ ചില കാര്യങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ ആലോചിച്ചിട്ടുള്ളത്. ആ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ബംഗാളിന്‍െറ തകര്‍ച്ച വലിയ വാര്‍ത്തയായി. അവിടെ വലിയൊരു പിന്നോട്ടുപോക്ക് ഉണ്ടായെന്നാണ് തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നത്. ആ സാഹചര്യത്തെ എങ്ങനെ കാണുന്നു?
l അങ്ങനെ വലിയൊരു തകര്‍ച്ചയൊന്നുമുണ്ടായിട്ടില്ല. ഉണ്ടായ പിന്നോട്ടുപോക്ക് നികത്താവുന്നതേയുള്ളൂ. 43 ശതമാനം വോട്ട് സമ്പാദിക്കാന്‍ അവിടെ കഴിഞ്ഞിട്ടുണ്ട്. അതുവെച്ചുകൊണ്ട് നല്ല ഇടപെടല്‍തന്നെയാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും മാത്രമല്ല, ഇപ്പോള്‍ കോണ്‍ഗ്രസിനെയും ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആ ആക്രമണങ്ങളെ നേരിട്ടുകൊണ്ടുതന്നെ നല്ല ചെറുത്തുനില്‍പ് അവിടെ നടന്നുകൊണ്ടിരിക്കുന്നു. അവിടെ ഭൂപരിഷ്കരണത്തിന്‍െറ ഭാഗമായി ആ ഭൂമി തിരിച്ചുപിടിക്കുകയാണ്. മുപ്പതു വര്‍ഷം മുമ്പ് ഭൂമി ലഭിച്ച ഒരാള്‍, മുപ്പത് വര്‍ഷം മുമ്പ് തങ്ങളുടെ ഭൂമി നിയമപ്രകാരം നഷ്ടപ്പെട്ടതാണ് എന്നുപറഞ്ഞ് അവകാശം ഉന്നയിക്കുന്നു, ട്രേഡ്യൂനിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നു പറഞ്ഞെല്ലാമാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഇങ്ങനെ വിവിധ രീതിയിലുള്ള ആക്രമണങ്ങള്‍ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടിക്ക് ഇതില്‍ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടോ?
l ബംഗാളിലുള്ള ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വയം വിമര്‍ശപരമായ പരിശോധന പാര്‍ട്ടിയും നടത്തി. ചില കാര്യങ്ങളില്‍ ഗവണ്‍മെന്‍റിന്‍െറ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചു എന്നുതന്നെയാണ് പാര്‍ട്ടി കാണുന്നത്. അത് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അത് വേണ്ടത്ര വേഗതയിലായിട്ടില്ല. അത് വീഴ്ചയായിട്ടുതന്നെ പാര്‍ട്ടി കാണുന്നു.
കേരളത്തിലെ പലേടങ്ങളിലും നടക്കുന്ന ചെറുസമരങ്ങള്‍, പരിസ്ഥിതിസമരങ്ങള്‍ ഇതിലെല്ലാം പാര്‍ട്ടി ഇടപെടാതെ മാറിനില്‍ക്കുന്ന ഒരു അവസ്ഥയുണ്ട്. ചിലപ്പോള്‍ ചിലേടങ്ങളില്‍ ശത്രുപക്ഷത്തും പാര്‍ട്ടിയെ കാണാറുണ്ട്. എന്താണ് ഈ പുതിയ പ്രവണതക്കുപിന്നില്‍?
l അതില്‍ ചില ഘടകങ്ങള്‍ ഉള്ളത് സാധാരണനിലക്ക് പിന്താങ്ങാന്‍ പറ്റാത്ത ഘടകങ്ങള്‍ ഒത്തുവരുമ്പോഴാണ്. അതിന്‍െറ പ്രത്യേകമായിട്ടുള്ള സാഹചര്യം നോക്കിയിട്ടായിരിക്കും മാറിനില്‍ക്കുന്നത്. ചില കാര്യങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശന്ങ്ങളുണ്ട്. അതിനെ പിന്താങ്ങാന്‍ പറ്റാത്ത അവസ്ഥ പാര്‍ട്ടിക്കും ഉണ്ടാകും. അതാണ് പ്രശ്നം.
അങ്ങനെവരുമ്പോള്‍ അടിസ്ഥാനവര്‍ഗം -ദലിതര്‍പോലുള്ള വിഭാഗം- പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്ന സ്ഥിതി ഉണ്ടാകില്ളേ?
l പരിസ്ഥിതി പ്രശ്നങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുതന്നെ ഉണ്ടല്ളോ. പരിസ്ഥിതി അപകടപ്പെടാന്‍ പാടില്ല എന്ന നിലപാടുതന്നെയാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍, കേവല പരിസ്ഥിതിവാദത്തില്‍ പാര്‍ട്ടി നില്‍ക്കുന്നില്ല.
ഭൂരിപക്ഷവര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമില്ളേ. ആ സാഹചര്യം കണക്കാക്കി പലരും പിന്നാക്കവിഭാഗങ്ങളെ അവയിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഏര്‍പ്പാട് നടക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി എന്താണ് ചെയ്യുന്നത്?
l പാര്‍ട്ടിയുടെ പ്രവര്‍ത്തനംതന്നെയാണ് ഇതിലൊക്കെയുള്ള പ്രതിരോധം. പാര്‍ട്ടിയുടെ പ്രവര്‍ത്തനമുണ്ട്, മറ്റ് ബഹുജനസംഘടനകളുടെ പ്രവര്‍ത്തനമുണ്ട്. ആ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടുവരുന്ന പ്രതിരോധമുണ്ട്. എന്നാല്‍, പലരെയും ആകര്‍ഷിക്കാന്‍വേണ്ടി നടത്തുന്ന പ്രവര്‍ത്തനശൈലിയുണ്ട്. അതിനെയെല്ലാം നേരിട്ടുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് വരുന്നത്. അതിന് പ്രത്യേകമായൊരു സ്കീം ഒന്നും ഇല്ല. സാധാരണഗതിയില്‍ പാര്‍ട്ടിയുടെ ധര്‍മം അതാണ്.
കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളെക്കുറിച്ച് കേരളം മുഴുവന്‍ പലതരം സംസാരമുണ്ട്. അവിടെ ആരെങ്കിലും ചെന്നാല്‍ ചോദ്യംചെയ്യല്‍ നടത്തുമെന്നും ഒരു പത്രം വാങ്ങുന്നതില്‍പോലും പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടെന്നും ഒക്കെ പറയുന്നു. ശരിക്കും കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ ഇങ്ങനെയാണോ?
l തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യമാണ് ഇത്. നമ്മുടെ പ്രദേശങ്ങളില്‍ ചില ഗ്രാമങ്ങള്‍ ചിലപ്പോള്‍ 90-95 ശതമാനം സി.പി.എമ്മുകാരായ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളാവാം. എത്രയോ കാലങ്ങളായി സി.പി.എം അല്ലാത്ത കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഒരു വിഷമവും അവര്‍ക്ക് ഉണ്ടായിട്ടില്ല. അവര്‍ വിഷമം ഉണ്ടായതായി പറയുന്നുമില്ല. പിന്നെ, കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ എടുത്താല്‍ ദേശാഭിമാനിയല്ലായിരുന്നു അവിടത്തെ ഏറ്റവും ഒന്നാമത്തെ പത്രം. പിന്നെ, പാര്‍ട്ടി വലിയ ശ്രമംനടത്തിയാണ് പല സ്ഥലങ്ങളിലും ദേശാഭിമാനിക്ക് മേല്‍ക്കൈ ഉണ്ടാക്കിയത്. എന്നാല്‍, നല്ലതുപോലെ മറ്റ് പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ ഉണ്ട്. ഇത് ബോധപൂര്‍വം അഴിച്ചുവിട്ട ഒരു പ്രചാരണം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ളത് തെറ്റാണ്. എല്ലാ പേരും പോയി വോട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ ഞാന്‍ വോട്ട് ചെയ്യാന്‍പോയപ്പോള്‍ യു.ഡി.എഫിന്‍െറ ഏജന്‍റിനെ കാണുന്നില്ല. ഞാന്‍ ചോദിച്ചു, അപ്പോള്‍ പറഞ്ഞു ഏജന്‍റ് ഇല്ല എന്ന്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ എവിടെന്നോ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. അതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും, അവര്‍ക്ക് പ്രവര്‍ത്തകരില്ലാത്തതിന്? അങ്ങനെയുള്ള സ്വാധീനത്തിന്‍െറ ഘടകങ്ങള്‍ അവിടെയുണ്ട്. അതിന്‍െറ ഭാഗമായിട്ടുള്ള എന്തെങ്കിലും അതിക്രമം ഉണ്ടായെങ്കിലേ ഉള്ളൂ.
അടുത്തിടെ സംസ്ഥാനത്ത് പ്രധാനപ്പെട്ട ചര്‍ച്ചയായിവന്ന ഒരു സംഭവമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി. പലതരം ചര്‍ച്ചകള്‍ നടത്തുന്നെങ്കിലും ആ നിധി എന്തുചെയ്യണം എന്നത് വ്യക്തമായിട്ടില്ല. ഇതിന് പാര്‍ട്ടിയുടെ അഭിപ്രായം എന്താണ്?
l ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്നുപറയുന്നത് യഥാര്‍ഥത്തില്‍ അത് ക്ഷേത്രം വകയുള്ളതുതന്നെയാണ്. ക്ഷേത്രത്തിന്‍െറ സ്വത്തായിതന്നെ നില്‍ക്കുകയാണ്. അതെങ്ങനെ വേണമെന്നുള്ള കാര്യം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കോടതി പരിശോധനയാണെങ്കില്‍ സുപ്രീംകോടതിയാണ് പരിശോധിക്കുന്നത്. സുപ്രീംകോടതിയുടെ നിലപാട് അതില്‍ പ്രധാനമാണ്. എങ്ങനെ അത് ഉപയോഗിക്കണം എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഒരു നിലപാടുകൂടി വന്ന് അഭിപ്രായം പറയുന്നതാണ് നല്ലത്.
കള്ളപ്പണത്തെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുകയാണ്. സ്വിസ് ബാങ്കില്‍തന്നെയുള്ള നിക്ഷേപത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുകയാണ്. എന്നാല്‍, സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടും മന്‍മോഹന്‍സിങ് ആ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ളെന്ന് പറയുന്നു. അപ്പോള്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെയൊക്കെ സ്വാധീനം ഇതിന് പിന്നില്‍ ഉണ്ടെന്നല്ളേ കരുതേണ്ടത്?
l കള്ളപ്പണത്തിന്‍െറ കാര്യത്തില്‍ ഒരു കള്ളക്കളിയാണ് നടക്കുന്നത്. അത് ജര്‍മനി നമ്മുടെ രാജ്യത്തുനിന്ന് അവിടെ നിക്ഷേപിച്ച ആളുകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായി. സുപ്രീംകോടതി പരിശോധനയുടെ ഘട്ടത്തില്‍ ആ പേരുകള്‍ വെളിപ്പെടുത്തി. ജര്‍മനി കൊടുത്ത പേരുകള്‍ പുറത്തുവിടുന്നതിനെന്താ കുഴപ്പം. പക്ഷേ, ഇന്ത്യാ ഗവണ്‍മെന്‍റിന് പുറത്തുവിടാന്‍ എന്താണ് വിഷമം? സ്വിസ് ബാങ്കുകാര്‍ സാധാരണ രഹസ്യം സൂക്ഷിക്കുന്നവരാണ്. പക്ഷേ, ചില ഗവണ്‍മെന്‍റുകള്‍ അവരില്‍നിന്ന് പേരുകള്‍ വാങ്ങാറുണ്ട്.
ഇവിടെ സമീപനത്തിലാണ് വ്യത്യാസം. അതിനെ കള്ളപ്പണമായി കാണുന്നു. കോടതി ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴാണ് ചില മാറ്റമൊക്കെ ഉണ്ടായത്. ആദ്യം ഗവണ്‍മെന്‍റ് എടുത്ത സമീപനം അത് അവരുടെ പണം, ആവശ്യമായ നികുതി അടച്ചാല്‍ ഇത് അവരുടെ പണം ആകുമല്ളോ എന്നാണ്. വളരെ ലാഘവത്തോടെയാണ് അതിനെ സമീപിച്ചത്. യഥാര്‍ഥത്തില്‍ പ്രശ്നം ഈ കള്ളപ്പണത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ധാരാളം പണം ഉണ്ട് എന്നതുതന്നെയാണ്. അതുതന്നെയാണ് അതില്‍ സംശയിക്കേണ്ടത്. നമ്മുടെ രാജ്യത്തിലെ വിവിധ നിയമവിരുദ്ധ നടപടികള്‍ക്ക് കള്ളപ്പണം വല്ലാതെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പുരംഗത്തൊക്കെ. ഇതിലൊക്കെ ഭരണവിഭാഗത്തിന്‍െറ ഒരു സ്രോതസ്സാണ് കള്ളപ്പണം. ആ സ്രോതസ്സ് മുറിച്ചുമാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതാണ് ഈ കള്ളക്കളിക്ക് കാരണം. എന്നാല്‍, കടുത്ത വിമര്‍ശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഇതിനെതിരായി വന്നിട്ടുണ്ട്. എന്നിട്ടും നാണംകെട്ട ആ നിലപാട് തുടരുന്നു എന്നതാണ് നമ്മള്‍ കാണേണ്ടത്.
പലപ്പോഴും താങ്കള്‍ പറഞ്ഞുകേട്ടിട്ടുണ്ട് മുസ്ലിംകളുടെ അട്ടിപ്പേറവകാശം ലീഗിനില്ളെന്ന്. പക്ഷേ, ഇങ്ങനെയൊക്കെ പറയുമ്പോഴും ലീഗ് മലപ്പുറം ജില്ലയില്‍ വലിയ സ്വാധീനശക്തിയായി വളരുന്നു. സമ്പന്നരുടെ താല്‍പര്യമാണ് അവര്‍ സംരക്ഷിക്കുന്നതെന്നും കേള്‍ക്കുന്നു. എന്നിട്ടും സ്വാധീനം വര്‍ധിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. എന്താണ് ഇവര്‍ ശക്തിപ്രാപിക്കാന്‍ മുഖ്യകാരണം?
l മുസ്ലിം, ഒരു ന്യൂനപക്ഷ വിഭാഗം എന്ന നിലയില്‍ അതിലെ സംഘടനകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. ആ സംഘടനകളില്‍ ഒരു സംഘടന ലീഗിനോടൊപ്പം നേരത്തേതന്നെ ഉറച്ചുനില്‍ക്കുന്നു. പിന്നെ ലീഗ്നേതൃത്വത്തിന് ഒരു ആധ്യാത്മിക പരിവേഷംകൂടി ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ കക്ഷി എന്ന നിലയില്‍ ഒരു വിഭാഗവും എന്നാല്‍, മറ്റൊരു വശത്ത് പൂര്‍ണമായും ആധ്യാത്മികതയുടെ പരിവേഷവും ഉണ്ട്. സാധാരണ ആളുകള്‍, നമ്മുടെ സമൂഹത്തിന് നല്ല വിദ്യാഭ്യാസ പുരോഗതി ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ വളരെ പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളുണ്ട്.
ആ വിഭാഗങ്ങളിലാണ് ഈ ആധ്യാത്മിക പരിവേഷം ഒക്കെ നല്ലതുപോലെ സ്വാധീനിക്കപ്പെടുന്നത്. അപ്പോള്‍ അതിന്‍െറയൊരു ഭാഗം ലീഗിന് ഗുണകരമായി ഭവിക്കുന്നുണ്ട്. അത് ചൂഷണം ചെയ്യുകയാണ്. പിന്നാക്കാവസ്ഥ ചൂഷണം ചെയ്യുകയാണ്. എന്നാല്‍, ചില ഘട്ടങ്ങളില്‍ ലീഗ് നേതൃത്വത്തിന്‍െറ സമ്പന്ന വിഭാഗത്തോടൊപ്പംനില്‍ക്കുന്ന നിലപാടും താല്‍പര്യവുമൊക്കെ തിരിച്ചറിയാന്‍ ചില നടപടികളും സഹായിക്കുന്നുണ്ട്. അപ്പോള്‍, ആ ജനങ്ങള്‍ നേരേ എതിരായി നില്‍ക്കുന്നു. ചില ഘട്ടത്തില്‍ മുസ്ലിം ജനങ്ങളുടെ പൊതുവികാരത്തിന് എതിരായി ലീഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ഘട്ടങ്ങളിലാണ് കടുത്ത അകല്‍ച്ച ലീഗ് അനുയായികളില്‍നിന്നുതന്നെ ഉണ്ടായത്. പൊതുവെ നമ്മുടെ സംസ്ഥാനത്തുള്ള മുസ്ലിം ബഹുജനങ്ങളെ നോക്കിയാല്‍ കൂടുതല്‍ വികാരപരമായി പ്രതികരിക്കുന്നവരാണെന്ന് കാണാന്‍ സാധിക്കും. ഇത്തരം ഘട്ടങ്ങളില്‍ കടുത്ത വികാരത്തോടെ ലീഗിനെതിരായി അവര്‍ പ്രതികരിച്ചതായി കാണാന്‍ സാധിക്കും. ഈ വികാരപരത പല രീതിയിലും ദോഷം ചെയ്യാറുണ്ട്. ലീഗ് നേതൃത്വം സമര്‍ഥമായി അതിനെ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട്, പഴയ ജനതയെ ബോധപൂര്‍വം മറക്കുന്നതിനുവേണ്ടിയുള്ള പ്രചാരവേലകള്‍ ചെയ്യുന്നു. പുതിയ ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ യഥാര്‍ഥ വസ്തുതകളില്‍നിന്ന് ആളുകളെ, അവരുടെ അണികളെതന്നെ, മുസ്ലിം ബഹുജനങ്ങളെ മറ്റ് രീതിയില്‍ ചിന്തിപ്പിക്കാവുന്ന വഴികള്‍തേടുന്ന ശ്രമമാണ് എല്ലാം. അതില്‍ ഒരു വിഭാഗം കുടുങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ട്. അതൊരു ഘടകംതന്നെയാണ്. എന്നാല്‍, സ്ഥായിയായി നില്‍ക്കാന്‍പോകുന്നില്ല. കാരണം, ലീഗ് നേതൃത്വം എപ്പോഴും അവരുടെ പഴയ നിലപാടുതന്നെ തുടര്‍ന്നുകൊണ്ടിരിക്കും. പ്രമാണിവിഭാഗത്തിനും സമ്പന്നവിഭാഗത്തിനും അടിയറവെക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അപ്പോള്‍, ആ വൈരുധ്യം നിലനില്‍ക്കുകയാണ്. മുസ്ലിം സംഘടനകളും എല്ലാ ഘട്ടത്തിലും ഈ ലീഗിനോടൊപ്പം നില്‍ക്കുന്നത് കാണാന്‍കഴിയും. ഇപ്പോള്‍ മിക്കവാറും സംഘടനകള്‍ ലീഗിനൊപ്പം നില്‍ക്കുന്നത് കാണാന്‍ സാധിക്കും. പക്ഷേ, വലിയ താമസം വേണ്ടിവരില്ല അവരുടെയൊക്കെ തീരുമാനം മാറിവരാന്‍.
ചില മാഗസിനുകള്‍ കൃത്യമായി സി.പി.എം നേതൃത്വത്തിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് പുറത്തുവരുന്നു. പാര്‍ട്ടിക്കെതിരായി വളരെ തീവ്രമായി ആക്രമണം അഴിച്ചുവിടുന്നുണ്ട്. അപ്പോഴും മാര്‍ക്സിസ്റ്റ് ആണെന്ന് ഉറച്ചുനില്‍ക്കുന്ന നിലപാടുള്ള ഇത്തരം മാഗസിനുകളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ്? പ്രത്യേകിച്ച് പരസ്യങ്ങള്‍ ഒന്നും കാര്യമായി ഇല്ലാത്ത ഇവയുടെ സാമ്പത്തിക നിലനില്‍പിനെപ്പറ്റി പാര്‍ട്ടി എങ്ങനെ വിലയിരുത്തുന്നു?
l അവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എനിക്കറിയാം. പക്ഷേ, ഞാനത് പറയില്ല. നല്ല സാമ്പത്തിക സ്രോതസ്സ് അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് അവര്‍ നല്ല രീതിയില്‍ പുറത്തിറക്കുന്നത്. സ്രോതസ്സ് ഞാന്‍ പറയില്ല.
പണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാന്‍ സി.ഐ.എപോലുള്ളവയുടെ സാമ്പത്തികം ഒഴുകിയെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഫണ്ട് പാര്‍ട്ടിക്കെതിരായി മാധ്യമങ്ങളില്‍ വരുന്നുണ്ടോ?
l സി.പി.എം വിരുദ്ധ നിലപാടെടുക്കുന്നതിന് സാമ്പത്തിക സഹായം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ഒരു മാധ്യമം എന്ന നിലക്ക് മാധ്യമ ഉടമകളെ ആകെ സാമ്രാജ്യത്വം വിലയ്ക്കെടുക്കുന്നത് അത് ഇപ്പോഴത്തെകാലത്ത് എത്രകണ്ട് ഉണ്ടെന്ന് വിശദമായി പരിശോധിച്ചാലേ പറയാന്‍ കഴിയൂ. കേരളത്തില്‍ പ്രധാനപ്പെട്ട രണ്ട് മാധ്യമങ്ങളെ എടുത്താല്‍ ഒരു കൂട്ടര്‍ സ്ഥായിയായി കമ്യൂണിസ്റ്റ് വിരോധമുള്ളവരാണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും കമ്യൂണിസ്റ്റ് വിരോധത്തിന് അവര്‍ക്ക് മാറ്റമില്ല. അതിലൂന്നിക്കൊണ്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. വേറൊരു പ്രധാനപ്പെട്ട മാധ്യമത്തിന് അവര്‍ക്കും ഞങ്ങളോട് പ്രത്യേക മമതയൊന്നും പണ്ടേ ഇല്ല. പക്ഷേ, ആദ്യം പറഞ്ഞതില്‍നിന്ന് കുറച്ച് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചുവരാറുണ്ടായിരുന്നത്. എന്നാല്‍, ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിന്‍െറ തലപ്പത്തിരിക്കുന്ന ഉടമക്ക് ഞങ്ങളുടെ പാര്‍ട്ടികാര്യങ്ങളില്‍ കക്ഷിപിടിക്കാന്‍ താല്‍പര്യംവന്നു. അപ്പോള്‍, അദ്ദേഹത്തിന് പലതരത്തിലുള്ള കണക്കുകൂട്ടലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി എന്നത് ആകെ തകര്‍ന്നുപോകാന്‍ പോവുകയാണ്, ഞങ്ങള്‍ ചിലരൊക്കെ രാഷ്ട്രീയ രംഗത്തേ ഇല്ലാതാവും. ഇങ്ങനെയൊക്കെയുള്ള കണക്കുകൂട്ടലുകളോടെയാണ് കാര്യങ്ങള്‍ നീക്കിയത്. അതിന്‍െറയൊരു വീറും വാശിയും അത് സി.പി.എമ്മിനെതിരെയുള്ള പ്രയോഗമായിട്ടാണ് വന്നത്. സി.പി.എമ്മിനെ തകര്‍ക്കാന്‍ നോക്കുന്ന, കടുത്ത സി.പി.എം വിരോധത്തിലേക്കാണ് പോയത്. എവിടെ എത്തി എന്നുള്ളത് നമ്മുടെ എല്ലാം മുന്നിലുള്ള അനുഭവമാണ്. പക്ഷേ, സ്വീകരിക്കുന്ന നിലപാടുകള്‍ ഈ തരത്തിലുള്ളവയാണ്. ഇതിലൊരു സ്ഥാപനം എന്ന നിലക്ക് ഏതെങ്കിലും സ്ഥാപനത്തെ സാമ്രാജ്യത്വം സ്വാധീനിക്കുന്നു എന്നല്ല കാണേണ്ടത്, വ്യക്തികളെ സ്വാധീനിക്കുന്നു എന്നാണ്. അതില്‍ മാധ്യമരംഗത്തെ പ്രധാനികള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഉടമകള്‍ ഉണ്ടാകാം. അതൊക്കെ അപൂര്‍വമായിട്ടേ വെളിപ്പെട്ടുവരൂ. പക്ഷേ, അങ്ങനെ ശങ്കിക്കുന്നതില്‍ തെറ്റില്ല.
പണ്ടൊക്കെ പാര്‍ട്ടിയുടെ വളര്‍ച്ചയും പ്രചാരവും വര്‍ധിപ്പിക്കാന്‍ സാഹിത്യകാരന്മാരും കലാകാരന്മാരും ശ്രമിച്ചിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങളടക്കം പാര്‍ട്ടിയുടെ വളര്‍ച്ചക്ക് സഹായകമായി. സാഹിത്യകാരന്മാര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോയോ?
l പൊതുവില്‍ നമ്മുടെ സാഹിത്യകാരന്മാര്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുക്കുന്നു എന്നുപറയാന്‍ കഴിയില്ല. എന്നാല്‍, അവരില്‍ പലരും പ്രത്യേകിച്ച് പ്രധാനപ്പെട്ട ആളുകള്‍ നിഷ്പക്ഷരായി കാര്യങ്ങള്‍ നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, തെറ്റിനെതിരെ പ്രതികരിക്കാന്‍ അവര്‍ എപ്പോഴും തയാറാണ്. അങ്ങനെ നോക്കിയാല്‍ ഇടതുപക്ഷത്തോടൊപ്പം പല കാര്യങ്ങളിലും ഒന്നായി നില്‍ക്കുന്നതായി കാണാന്‍ കഴിയും. പണ്ടത്തെ ആ ഗണത്തില്‍പെട്ട ആളുകള്‍ പൂര്‍ണമായി ഞങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകനെപോലെ നില്‍ക്കണം എന്ന് ഞങ്ങളും ആഗ്രഹിക്കുന്നില്ല. അവര്‍ അവരുടേതായ സ്വതന്ത്രമായ നിലയില്‍ നില്‍ക്കുകയാണ്. എന്നാല്‍, പ്രശ്നങ്ങള്‍ വരുമ്പോള്‍ ആ സ്വതന്ത്രനിലയില്‍നിന്നുകൊണ്ടുതന്നെയാണ് പ്രതികരിക്കുന്നത്. ചില കാര്യങ്ങളില്‍ ഞങ്ങളെയും വിമര്‍ശിക്കും. അത് ഞങ്ങള്‍ ഈര്‍ഷ്യയോടെ കാണുന്ന കാര്യമല്ല. എന്താണ് ആ പ്രശ്നത്തിന് കാരണം എന്ന് ആത്മപരിശോധന നടത്തുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. എന്നാല്‍, ഒരു സെറ്റ് രാഷ്ട്രീയമായിട്ടുതന്നെ ഞങ്ങളെ എതിര്‍ക്കുന്ന എഴുത്തുകാരും സാഹിത്യകാരന്മാരും ഉണ്ട്. അവര്‍ വളരെ ചുരുക്കമാണ്. മേല്‍പറഞ്ഞ ഗണമാണ് കൂടുതല്‍. അങ്ങനെയൊരു പരിശോധന നടത്തിയാല്‍ കേരളത്തിലെ എഴുത്തുകാരും സാഹിത്യകാരന്മാരും ഞങ്ങളില്‍നിന്ന് അകന്നുപോയി എന്നു പറയാനാകില്ല. ഞങ്ങള്‍ ഇപ്പോള്‍ അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. പിന്നെ, പഴയകാല കമ്യൂണിസ്റ്റുകളുടെ കൂട്ടത്തില്‍ തോപ്പില്‍ ഭാസിയെപോലെയോ ഒ.എന്‍.വിയെപോലെയോ അറിയപ്പെടുന്ന ആള്‍ക്കാരുണ്ടായിരുന്നു. ആ ഒരു ഗണത്തിലുള്ള ആളുകള്‍ ഇപ്പോള്‍ ഇല്ല എന്നതാണ് കാര്യം. എന്തെങ്കിലും തരത്തിലുള്ള അകല്‍ച്ച ഉണ്ടായി എന്നു പറയാനാകില്ല.
സാധാരണക്കാരനെ ബാധിക്കുന്ന ചില പ്രശ്നങ്ങളില്‍ പാര്‍ട്ടി അടുത്തകാലത്തായി സ്വീകരിച്ച ചില നിലപാടുകള്‍ വ്യക്തതയില്ലാത്തതായി കാണപ്പെട്ടു. ഉദാഹരണത്തിന് ലോട്ടറി കേസ്. ഇതില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാടുകളില്‍ വൈരുധ്യം തോന്നിയിരുന്നു. പൊതുവെ പറഞ്ഞാല്‍ അവ്യക്തമായിരുന്നു കാര്യങ്ങള്‍. എന്താണ് പാര്‍ട്ടിയുടെ അഭിപ്രായം?
l ലോട്ടറി കേസ് ഇപ്പോള്‍ ഒരു പ്രശ്നമായി നിലനില്‍ക്കുന്നില്ലല്ളോ. അത് അക്കാലത്ത് ഉണ്ടായ ഒന്നാണ്. അക്കാലത്ത് ഉണ്ടായ പ്രശ്നം എന്നുപറയുമ്പോള്‍ യഥാര്‍ഥത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റിന് കാര്യമായി ഒന്നും ചെയ്യാനില്ല. കാര്യങ്ങള്‍ ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്‍റാണ്.
കേന്ദ്ര ഗവണ്‍മെന്‍റ് ചെയ്യാന്‍ അവരുടേതായ താല്‍പര്യങ്ങള്‍വെച്ച് അറച്ചുനില്‍ക്കുന്നു. അവര്‍ പാസാക്കിയിട്ടുള്ള നിയമംവെച്ചുകൊണ്ടുതന്നെ നടപടികളെടുക്കാന്‍ കേന്ദ്രഗവണ്‍മെന്‍റിനു മാത്രമേ സാധിക്കുകയുള്ളൂ. സംസ്ഥാന ഗവണ്‍മെന്‍റിന് ഒരു തപാല്‍ക്കാരന്‍െറ പണി മാത്രമേയുള്ളൂ, അറിയിക്കാം, അങ്ങോട്ട് നിവേദനം കൊടുക്കാം, പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാം. അതിനപ്പുറം ഒരു കാര്യവും സംസ്ഥാന ഗവണ്‍മെന്‍റിന് ചെയ്യാനാകില്ല. ഇവിടെ ഉണ്ടായ പ്രശ്നം എന്താ? സംസ്ഥാന ഗവണ്‍മെന്‍റിന് എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ അധികാരം ഉണ്ടെന്ന ധാരണയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ആ ധാരണ ശരിയായിരുന്നില്ല. സംസ്ഥാന ഗവണ്‍മെന്‍റിന് എല്ലാ അധികാരവും ഉണ്ടായിരുന്നില്ല. കേന്ദ്ര ഗവണ്‍മെന്‍റാണ് നടപടി എടുക്കേണ്ടത്. കേന്ദ്ര ഗവണ്‍മെന്‍റിനോട് എല്ലാ ഘട്ടത്തിലും ഈ പ്രശ്നങ്ങള്‍ സംസ്ഥാനം ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിയെടുക്കാന്‍ അവസാനംവരെയും അവര്‍ തയാറായിട്ടില്ല. അതാണ് ഉണ്ടായത്.
മലയാളത്തില്‍ ചാനല്‍ യുദ്ധം തുടങ്ങിയ ഒരു കാലത്താണ് വേറിട്ടൊരു ചാനല്‍ എന്ന ആശയവുമായി കൈരളി രംഗപ്രവേശം നടത്തുന്നത്. എന്നാല്‍, അത് വളര്‍ന്നുവന്നതോടെ മറ്റ് ചാനലുകളുടെ നിലവാരത്തിലേക്കുതന്നെയാണ് പോയത്. അങ്ങനെയുള്ള സാധാരണ ഒരു ചാനലാണോ പാര്‍ട്ടി സ്വപ്നം കണ്ടത്? ജനങ്ങള്‍ പ്രതീക്ഷിച്ച ഒരു ചാനലായി മാറാന്‍ കൈരളിക്കെന്താണ് കഴിയാത്തത്?
l കൈരളിയുടെ പ്രശ്നം അവരോടുതന്നെ ചോദിക്കേണ്ടതാണ്. എല്ലാ കാര്യവും എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ, അതിനകത്തുള്ള ഒരു കാര്യം നമ്മുടെ സമൂഹത്തിലുള്ള ചാനലുകള്‍ കൃത്യമായ നിലപാടുകള്‍വെച്ചുകൊണ്ട് പോകുന്നവയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ്. അത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ മതനിരപേക്ഷതയില്‍ നിലനില്‍ക്കാന്‍ കൈരളിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. എന്നാല്‍, മറ്റ് പല ചാനലുകളും വല്ലാതെ ചാഞ്ചാടുന്നു. ചാഞ്ചാടുക മാത്രമല്ല, ചിലപ്പോള്‍ ഒരു ഭാഗത്ത് ശക്തമായി നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. അത് പലപ്പോഴും ന്യൂനപക്ഷവിരുദ്ധമായി വരുകയും ചെയ്യും. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന നിലപാടാണ് മറ്റ് ചാനലുകള്‍ പലപ്പോഴും സ്വീകരിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് ചെയ്തികള്‍. എന്നാല്‍, അത്തരം നിലപാടുകളൊന്നും കൈരളി സ്വീകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ, മറ്റ് പരിപാടികളുടെ കാര്യത്തില്‍ നോക്കിയാല്‍ അവര്‍ക്കും നിന്നുപോകണ്ടേ? പിഴച്ചുപോകാന്‍ വേണ്ടിയുള്ള അടവുകള്‍ അവരും എടുക്കുന്നുണ്ടാവും. ആ നിലക്കേ അതിനെ കാണേണ്ടതുള്ളൂ.
ഒരു ചാനലില്‍നിന്ന് ഒരാള്‍ മറ്റൊന്നിലേക്ക് പോകുന്നതും പത്രങ്ങളില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ മറ്റ് പത്രങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പോകുന്നതും സാധാരണയാണ്. എന്നാല്‍, കൈരളിയുടെ തലപ്പത്തുനിന്ന് അതിന്‍െറ പ്രധാനിയായ ജോണ്‍ ബ്രിട്ടാസ് പോകുന്നു. ഒപ്പം ചെന്നുചേര്‍ന്നത് മാധ്യമഭീമന്‍ മര്‍ഡോക്കിന്‍െറ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റില്‍. ഇത് പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നോ? ഇതിനെ എങ്ങനെ കാണുന്നു?
l അതിലിപ്പോള്‍ ബ്രിട്ടാസ് സാധാരണനിലക്ക് നല്ളൊരു മാധ്യമപ്രവര്‍ത്തകനാണ്. അപ്പോള്‍ അദ്ദേഹത്തിന് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് തെളിയിക്കാന്‍ നാഷനല്‍ നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കണം എന്ന ഒരാഗ്രഹമുണ്ടായിരുന്നു. നേരത്തേ, കുറച്ച് മുമ്പുതന്നെ, ബി.ബി.സിയില്‍നിന്നൊരു ഓഫര്‍ ഉണ്ടായിരുന്നു. അപ്പോള്‍ കൈരളി മെച്ചപ്പെടുത്താന്‍വേണ്ടി കൈരളിയുടെ ഈ ഉത്തരവാദിത്തം എടുത്ത് ബ്രിട്ടാസ് പ്രവര്‍ത്തിക്കുന്ന സമയമാണ്. കൈരളിയുമായി ബന്ധപ്പെട്ടവര്‍ അപ്പോള്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു. അങ്ങനെയത് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴദ്ദേഹം ഒരു നാഷനല്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെടാനുള്ള സൗകര്യം ആവശ്യപ്പെട്ടു. അത് മാധ്യമരംഗത്ത് കൂടുതല്‍ കഴിവ് നേടുന്നതിനുവേണ്ടിയാണ്. സ്ഥായിയായി കൈരളി വിട്ടുപോകുന്നില്ല. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ തയാറാണ് എന്ന നിലക്കാണ്. കുറച്ചുനാള്‍ ഇത്തരമൊരു നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നല്ലതായിരിക്കും എന്ന നിലപാടാണ് കൈരളിയുമായി അദ്ദേഹം പറഞ്ഞത്. അങ്ങനെ പോകുമ്പോള്‍ ഈ ഏഷ്യാനെറ്റിലേക്കാണ് പോകുന്നത് എന്ന ധാരണ ഞങ്ങള്‍ക്കാര്‍ക്കുമില്ല. അദ്ദേഹം സംസാരിക്കുന്ന കൂട്ടത്തില്‍ ഏഷ്യാനെറ്റിലേക്ക് പോകുന്നു എന്ന് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ഏഷ്യാനെറ്റ് കേരളത്തില്‍ ആദ്യം വന്ന ഒരു ചാനലാണ്. ഇന്നിപ്പോള്‍ സ്ഥാനംനോക്കിയാല്‍ നമ്മുടെ സംസ്ഥാനത്ത് കൈരളി, ഏഷ്യാനെറ്റ് എന്ന രീതിയിലാണ് മത്സരം ഇല്ളെങ്കിലും ഒരു മത്സരമുള്ളത്. അങ്ങനെയാണല്ളോ ചാനലുകള്‍ തമ്മില്‍, ഒരു ആരോഗ്യകരമായ മത്സരമൊക്കെ ഉണ്ടാകുമല്ളോ. അപ്പോള്‍, കൈരളിയുടെ തലപ്പത്തിരുന്ന ഒരാള്‍ ഇവിടെ ഏഷ്യാനെറ്റിന്‍െറ ഭാഗമായി കാണുമ്പോള്‍ സ്വാഭാവികമായും കൈരളിയിലിരിക്കുന്നവര്‍ക്കെല്ലാം വല്ലാത്ത ഒരു വിഷമബോധം ഉണ്ടാകും. കാരണം, അത് പാടില്ലാത്തതായിരുന്നല്ളോ. എന്താണ് അങ്ങനെ വന്നത് എന്നുള്ള ചിന്തയുണ്ടായി. നാഷനല്‍ നെറ്റ്വര്‍ക്കിന്‍െറ ഭാഗമായി പോകുന്നു എന്നുപറഞ്ഞ് ഇവിടത്തെ ഏഷ്യാനെറ്റില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നത് പിന്നെ ആലോചിക്കാനും ചര്‍ച്ചചെയ്യാനും കഴിഞ്ഞിട്ടുമില്ല. അതാണ് അതിലുള്ള അവസ്ഥ.
താങ്കള്‍ പൊതുവെ ഒരു കാര്‍ക്കശ്യക്കാരനാണെന്ന് പറയാറുണ്ട്. സത്യത്തില്‍ പിണറായി വിജയന്‍ ഒരു ഗൗരവക്കാരനാണോ?
l എനിക്ക് പൊതുവെ അങ്ങനെ തോന്നിയിട്ടില്ല. നമ്മുടെ പ്രവര്‍ത്തനത്തിന്‍െറ നിലവെച്ചാല്‍ ചിലപ്പോള്‍ ഗൗരവമൊക്കെ ഉണ്ടാകും. അത്രതന്നെ. സദാ ഗൗരവക്കാരനല്ല.
പൂര്‍ണമായും രാഷ്ട്രീയം ജീവിതത്തിലെടുത്ത ഒരാളാണല്ളോ. പൊളിറ്റിക്സിനപ്പുറം സൗഹൃദങ്ങള്‍, സിനിമ എന്നിവയിലൊക്കെ താങ്കളുടെ നിലപാടെന്താണ്?
l ആരെങ്കിലുമൊക്കെ ചേരുമ്പോള്‍ സിനിമകാണേണ്ട സാഹചര്യം വന്നാല്‍ സിനിമ കാണും. സിനിമ കാണില്ല, മറ്റ് വിനോദമൊന്നുമില്ല എന്നുള്ള നിലപാടൊന്നും എനിക്കില്ല. രാഷ്ട്രീയത്തിനപ്പുറം എനിക്ക് നല്ല സൗഹൃദം ഉണ്ട്. കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍പെട്ടതുമായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നെയൊരു ശത്രുവായിട്ട് അവര്‍ കണ്ടിട്ടില്ല. മറിച്ച് ഞാന്‍ അവരെയും കണ്ടിട്ടില്ല. രാഷ്ട്രീയമായിട്ട് വ്യത്യാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതൊന്നും വ്യക്തിപരമായ വൈരാഗ്യമായി കാണാനാകില്ല.
നീണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ പോരാട്ടങ്ങള്‍, പിടിച്ചടക്കലുകള്‍, നഷ്ടങ്ങള്‍, നേട്ടങ്ങള്‍ ഒക്കെയുണ്ടായി. സഖാവ് സംതൃപ്തനാണോ?
l എന്‍െറ രാഷ്ട്രീയജീവിതത്തില്‍ പൂര്‍ണമായും സംതൃപ്തനാണ് ഞാന്‍. എന്‍െറയൊക്കെ കാര്യമെടുത്താല്‍ തനി നാട്ടിന്‍പുറത്ത്, വളരെ ഇടത്തരത്തില്‍ താഴെയുള്ള കുടുംബത്തില്‍ ജനിച്ചൊരാളാണ്്. വലിയ മറ്റ് പശ്ചാത്തലങ്ങളൊന്നുമില്ല. ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്കൊക്കെ നല്ല പശ്ചാത്തലങ്ങളുണ്ട്. അങ്ങനെയൊന്നുമില്ലാതെ, പഠിക്കുന്ന സമയത്ത് സംശയം ചോദിക്കാനാളില്ലാതെയൊക്കെയുള്ള ചുറ്റുപാടിലാണ് പഠിച്ചുവന്നത്. അവിടന്ന് വന്നിട്ടുള്ള ഓരോ ഘട്ടവും നോക്കിയാല്‍ ഞാന്‍ ചിന്തിക്കുന്നതിനപ്പുറമുള്ള, എനിക്ക് സാധാരണഗതിയില്‍ ആകാവുന്നതിലും അപ്പുറത്തുള്ള സ്ഥാനങ്ങളാണ് പാര്‍ട്ടി എപ്പോഴും തന്നുകൊണ്ടിരുന്നത്. ഒരുതരത്തിലുമുള്ള അസംതൃപ്തിയുടെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. പിന്നെ, രാഷ്ട്രീയം എന്നത് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പറയുമ്പോള്‍ അത് ശരിയായിട്ട് വരുമോ എന്നറിയില്ല. കമ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തനം ആരംഭിക്കുക എന്നുപറയുമ്പോള്‍ സാധാരണ പറയുന്നത് കമ്യൂണിസ്റ്റുകാരന്‍െറ ജീവിതം മൂന്നിടത്ത് പരീക്ഷിക്കപ്പെടും എന്നാണ്. ഒന്ന് പൊലീസ് ലോക്കപ്പില്‍, മറ്റൊന്ന് ജയിലില്‍, പിന്നെ ഗുണ്ടകളുടെ മുന്നില്‍. അപ്പോള്‍ ഏത് നിമിഷവും ജീവന്‍ കവര്‍ന്നേക്കാം എന്ന സാഹചര്യം നേരിടാം എന്ന തീരുമാനത്തോടെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. അതുകൊണ്ട്, ഒരു സ്ഥാനമാനവും ചിന്തിക്കുന്നില്ല. ഞാനൊക്കെ പ്രവര്‍ത്തിക്കാന്‍ വന്നത് അത്തരമൊരു മനോഭാവത്തോടെയാണ്. വലിയ മാറ്റം ഇപ്പോഴും വന്നിട്ടില്ല. അതുകൊണ്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതരത്തിലുള്ള വിഷമം എനിക്കില്ലാത്തത്.
താങ്കളില്‍നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു കാര്യമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേട്ട സഖാവ് വി.എസ്. അച്യുതാനന്ദന്‍െറ പ്രഭാവവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും. അവിടെയൊക്കെ ചര്‍ച്ചയായ ഒന്നാണ് വി.എസ് ഇഫക്ട് എന്നത്. ശരിക്കുപറഞ്ഞാല്‍ വി.എസ് ഇഫക്ട് എന്നുപറയുന്ന ഒരു സംഭവം പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടോ?
l ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരാളെയും പാര്‍ട്ടിയില്‍നിന്ന് അടര്‍ത്തിവെക്കേണ്ടതായിട്ടില്ല. പാര്‍ട്ടിയുടെ ഭാഗമാണ് എല്ലാ പേരും. പാര്‍ട്ടിയുടെ സ്വത്താണ്. അതാണ് ഏതൊരാളുടെയും നില. കേരളത്തില്‍ ഓരോ ഘട്ടത്തിലും നമ്മള്‍ പരിശോധിച്ചാല്‍ വലിയ തോതില്‍ ജനവിഭാഗങ്ങളെ ആകര്‍ഷിച്ച നേതാക്കള്‍ ഉണ്ട്. അവരെയൊന്നും ഒരു കാലത്തും പാര്‍ട്ടിയില്‍നിന്ന് അറുത്തുമാറ്റി രണ്ടും രണ്ടാണെന്ന നിലയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. അവര്‍ പാര്‍ട്ടിയുടെ ഭാഗമാണ്. അത് ഓരോ ഘട്ടത്തിലും ഉണ്ടാകും. അതിനെ ആ തരത്തിലേ കാണേണ്ടതുള്ളൂ. എ.കെ.ജി ഒക്കെ ജീവിച്ചിരിക്കുന്ന ഘട്ടത്തില്‍, അന്ന് പത്തുമണി എന്നൊരു നിബന്ധനയില്ല. പ്രചാരണം പത്തുമണിക്ക് അവസാനിക്കണമെന്നില്ല. 12, 12.30, ഒരു മണിയൊക്കെ ആയാലും ഈ ആളുകളൊക്കെ ഇരിക്കും. ചിലപ്പോള്‍ മരംകോച്ചുന്ന തണുപ്പായിരിക്കും. അവിടെ ഇരിക്കുകയായിരിക്കും ആളുകള്‍. അപ്പോള്‍ എത്തിപ്പോയി, എത്തിപ്പോയി എന്നിങ്ങനെ ഇടക്ക് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ വന്ന് പ്രസംഗിച്ച്, കണ്ട്, സംസാരിച്ചുപോകുന്ന ഒരവസ്ഥയായിരുന്നു എ.കെ.ജി, ഇ.എം.എസ്, നായനാര്‍. അതിന്‍െറ തുടര്‍ച്ചയായി ഇതിനെ കണ്ടാല്‍ മതി.
അഭിമുഖം: പിണറായി വിജയന്‍ / പി.കെ. പാറക്കടവ്
Tuesday, September 6, 2011
പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-2
പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ല..പിണറായി വിജയന്‍ Part-2
Subscribe to:
Post Comments (Atom)
No comments:
Post a Comment