അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .
വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്നാണ്സാമ്രാജ്യത്വ കോളനിവാഴ്ചക്കെതിരെ പടപൊരുതി ജീവത്യാഗം ചെയ്യേണ്ടിവന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത്സിങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാവാദിയായ മഹാത്മാഗാന്ധി വിപ്ളവകാരികളെ 'ഭീകരവാദികള്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത്സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. 'ഭഗത്സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല' എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ "രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല' എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന് പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടിവന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) 'ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതുപോലെതന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു' എന്നാണ്. 'ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും' എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്.ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടുവര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന് കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന് സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധിതവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന് അജിത്സിങ് ജന്മനാടിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി. പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്.വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: 'ഇവന് ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'. ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: 'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന് വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്പ്പിച്ചാല് ഇനിയും അടര്‍ക്കളത്തിലിറങ്ങും'.കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: 'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു' എന്നാണ്.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചുകയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നുപോയി. രക്തപ്പുഴയൊഴുകി ചുവന്നുതുടുത്ത ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന് ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചുവിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു.ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന് "ഹ്ര'' (ഒഞഅ) എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'ഹ്ര'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.'ഹ്ര'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചന കേസ്'. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'ഹ്ര' യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'ഹ്ര'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട 'ഹ്ര'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന് രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'ഹ്ര'യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. 'ഹസ്ര' (ഒൃമ) വിപ്ളവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന് നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന് എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്'ഹസ്ര'യുടെ കൊടിക്കീഴില്‍ വിപ്ളവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍.ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന് ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും 'സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയുമാണ്.ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന് രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. 'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. 'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന് ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തകവായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന് ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പുമുഖേന അറിയിച്ചു. അവര്‍ക്ക് നല്കിയ മറുപടി ഇങ്ങനെയായിരുന്നു. 'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.... ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരിതൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. 'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര് എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ!'ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്ഘോഷിച്ചു. "ഭാരത് മാതാകീ ജെയ്... ഇന്‍ക്വിലാബ് സിന്ദാബാദ്.'' ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസ രണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്കുന്നു.
കടപ്പട്.വിവിധ പുസ്തകങള്,ലേഖനങള്‍
3 comments:
good article.
Please use bold letters only for headings. and if you can write it in paragraphs it will more easy to read
ലേഖനത്തിനു നന്ദി.
അഭിവാദ്യങ്ങളോടെ
ഇന്‍ക്വിലാബ് സിന്ദാബാദ്
Post a Comment