ആശയസമരപ്പോരാളി, വിവാദങ്ങളുടെ കൂട്ടാളി .
എന്‍.പി. രാജേന്ദ്രന്‍
അദ്ദേഹം എഴുതിയതും പറഞ്ഞതുമെല്ലാം ഇനിയുമേറെക്കാലം തലമുറകളെ സ്വാധീനിച്ചു കൊണ്ടിരിക്കും. അധികാരത്തിനോ പ്രശംസയ്‌ക്കോ പ്രസിദ്ധീകരണത്തിനോ വേണ്ടി ആരെയും വണങ്ങാനും നിന്നിട്ടില്ല അദ്ദേഹംപതിനെട്ടാംവയസ്സില്‍ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ടാരംഭിച്ചതാണ് ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടിന്റെ ആശയസമരം. അവസാനിച്ചത് എണ്‍പത്തെട്ടാം വയസ്സില്‍ മരിക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പെഴുതിയ ലേഖനത്തോടെയും. അവസാനിച്ചു എന്നുപറയാനാവില്ല. അദ്ദേഹം എഴുതിയതും പറഞ്ഞതുമെല്ലാം ഇനിയുമേറെക്കാലം കേരളത്തിനകത്തും പുറത്തും ജനിക്കാനിരിക്കുന്ന തലമുറയെക്കൂടി സ്വാധീനിച്ചുകൊണ്ടിരിക്കും.ലോകത്തൊരിടത്തും ഒരു പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി ഇത്രയും ആശയങ്ങള്‍ എഴുതിയും പ്രസംഗിച്ചും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടാവില്ല. മുടങ്ങാത്ത ദിനചര്യയായിരുന്നു അദ്ദേഹത്തിന് എഴുത്തും വായനയും. സൂര്യനുദിക്കുന്നതിന് മുമ്പ് തുടങ്ങുമത്. ഏതുതിരക്കിലും മുടങ്ങുകയുമില്ല. പുസ്തകമായും ലേഖനമായും ലഘുലേഖയായും ചോദ്യോത്തരമായും പംക്തികളായുമെല്ലാം. എഴുതിയതെല്ലാം രാഷ്ട്രീയം മാത്രം. സാഹിത്യവും ജീവചരിത്രവും അദ്ദേഹത്തിന് രാഷ്ട്രീയത്തിന്റെ അനുബന്ധങ്ങള്‍ മാത്രമായിരുന്നു. എത്രമാത്രം അദ്ദേഹം എഴുതിയിട്ടുണ്ടാവും? കൃത്യമായ കണക്കുകളില്ല. അനേകായിരം പേജ് വരുമെന്നുമാത്രം പറയാനാകും. ആദ്യകാലത്തെ പല രചനകളും കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ളവ അദ്ദേഹത്തിന്റെ മരണശേഷം സമാഹരിക്കാന്‍ തീരുമാനിച്ചു- ആകെ നൂറു വാള്യങ്ങളാണ് ലക്ഷ്യമിട്ടത്. മുന്നൂറു-നാനൂറുപേജുള്ള സഞ്ചികകള്‍. നാല്പതിനായിരത്തോളം പേജ് വരും അതാകെ. പൂര്‍ത്തിയായാല്‍ അതൊരു റെക്കോഡ് ആകാം.എഴുത്തും പ്രസംഗവും അദ്ദേഹത്തിന് പോരാട്ടത്തിന്റെ ആയുധങ്ങളായിരുന്നു. ഉറക്കമുണരുമ്പോള്‍ തുടങ്ങുകയായി ആശയങ്ങളെ മിനുക്കുകയും മൂര്‍ച്ചകൂട്ടുകയും ചെയ്യുന്ന പണി. എഴുത്തിലും പ്രസംഗത്തിലുമായി അത് നിരന്തരം വീശിയെറിഞ്ഞുകൊണ്ടേയിരുന്നു. ആശയലോകത്ത് ഓരോന്നും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. വയലോരങ്ങളിലും പീടികത്തിണ്ണകളിലും മുതല്‍ ബുദ്ധിജീവികളുടെ ദന്തഗോപുരങ്ങളില്‍ വരെയത് ചര്‍ച്ചാവിഷയമായി. വിവാദങ്ങളായി പൊട്ടിത്തെറിച്ച ഒരുപാട് കാര്യങ്ങള്‍ സാധാരണമനുഷ്യരുടെ മനസ്സുകളില്‍ മായാതെ എന്നും അവശേഷിച്ചു. പ്രസംഗകനും പൊതുപ്രവര്‍ത്തകനുമായ ഏതൊരാള്‍ക്കും വലിയ വെല്ലുവിളിയാകേണ്ട ശാരീരിക ദൗര്‍ബല്യമാണ് വിക്ക്. ഇ.എം.എസ്സിന് അതും ഒരു സൗകര്യമായെന്നാണ് അറിയുന്നവര്‍ പറയുന്നത്. പ്രസംഗത്തിനിടയില്‍, ചോദ്യങ്ങള്‍ക്കുമുമ്പില്‍ ആശയങ്ങളെ രാകിമിനുക്കാനും നല്ല വാക്കുകള്‍ തിരയാനുമുള്ള ചെറു ഇടവേളകളായി അത് മാറി. ലോകത്തൊരിടത്തും ഒരു 'വിക്കന്റെ' പ്രസംഗം കേള്‍ക്കാന്‍ ഇത്രയേറെ ആളുകള്‍ തിങ്ങിക്കൂടിയിട്ടുണ്ടാവില്ല. അട്ടഹാസമോ അലര്‍ച്ചയോ കോലാഹലമോ സാഹിത്യഭംഗിയോ ഇല്ലാത്ത പ്രസംഗങ്ങളില്‍ രാഷ്ട്രീയവിശകലനങ്ങളല്ലാതെ കേട്ടുരസിക്കാവുന്ന മറ്റൊന്നുമുണ്ടാകാറില്ല. അളന്നുമുറിച്ച വാചകങ്ങളില്‍ ബുദ്ധിയിലേക്ക് ആഞ്ഞുതറയ്ക്കുന്ന ആശയങ്ങള്‍ മാത്രം. പ്രസംഗങ്ങളെല്ലാം എഡിറ്റിങ് നടത്താതെ പ്രസ്സിലേക്കയക്കാവുന്ന ലേഖനങ്ങളായിരുന്നു. തന്റെ പാര്‍ട്ടിയുടെയും തന്റെ രാഷ്ട്രീയ വിശ്വാസങ്ങളുടെയും താത്പര്യങ്ങള്‍ക്കൊത്ത് അദ്ദേഹത്തിന്റെ ആശയങ്ങളും അഭിപ്രായങ്ങളും മാറിമറിഞ്ഞുകൊണ്ടിരുന്നു. എല്ലാ മാറ്റങ്ങളെയും വൈരുദ്ധ്യങ്ങളെയും വിശ്വസനീയമായി അവതരിപ്പിക്കാനും അവയ്ക്ക് ന്യായങ്ങള്‍ ചമയ്ക്കാനും അദ്ദേഹത്തിന് അസാധാരണമായ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പോലും കുശാഗ്രബുദ്ധിയും ആഴത്തിലുള്ള അറിവും ഇത്രത്തോളം ഉപയോഗപ്പെടുത്തിയ മറ്റൊരു നേതാവില്ല. അതുകൊണ്ടുതന്നെ ബുദ്ധിരാക്ഷസന്‍ എന്ന് നിരവധിപേര്‍ ആരാധനാപൂര്‍വവും കുറെപ്പേരെങ്കിലും ആക്ഷേപമായും വിളിച്ചുപോന്നിട്ടുണ്ട്. പ്രത്യക്ഷത്തിലുള്ള ശരികളില്‍ ചിലപ്പോഴെങ്കിലും ഒളിച്ചുവെച്ചത് ചോദ്യം ചെയ്യപ്പെടാവുന്ന നിലപാടുകളായിരുന്നു. 1962 ലെ ചൈന ആക്രമണകാലത്ത് ചൈന അവകാശവാദമുന്നയിച്ച പ്രദേശത്തെ അദ്ദേഹം ''അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന പ്രദേശം'' എന്ന് വിശേഷിപ്പിച്ചത് ഇന്നും ആരും മറന്നിട്ടില്ല. അതൊരു തമാശയായിരുന്നില്ല. ചൈനയുടെയും ഇന്ത്യയുടെയും അവകാശവാദങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കുക എന്നത് ഒരു രാഷ്ട്രീയ നിലപാടായിരുന്നു. രാജ്യദ്രോഹപരം എന്നുകുറ്റപ്പെടുത്താവുന്ന നിലപാട്. പക്ഷേ ഒറ്റനോട്ടത്തില്‍ അതില്‍ പിശകില്ലെന്നതും സത്യം. ഇ.എം.എസ്സിന്റെ ബുദ്ധിയില്‍ മാത്രം ജനിക്കുന്ന ഒരു പ്രയോഗം.വിപ്‌ളവത്തിനുവേണ്ടി സജ്ജമാക്കിയ പാര്‍ട്ടി ലോകത്തിലാദ്യമായാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത്. ബൂര്‍ഷ്വാഭരണഘടനയ്ക്ക് കീഴില്‍, കേന്ദ്രത്തിലെ 'മുതലാളിത്ത പിന്തിരിപ്പന്‍' ഭരണത്തിന്റെ ശാസനകള്‍ക്ക് വഴങ്ങി ഭരണം നടത്തേണ്ടിവന്നു. അപ്പോള്‍ അനുദിനം ഉയര്‍ന്നുവന്നത് എണ്ണമറ്റ പ്രതിസന്ധികളായിരുന്നു. ഇ.എം.എസ്സിനെപ്പോലൊരു ധിഷണാശാലിക്കുപോലും പരിഹാരം കണ്ടെത്താന്‍ കഴിയുന്നതായിരുന്നില്ല ആശയപരമായും നയപരവും പ്രായോഗികവുമായുള്ള പല പ്രതിസന്ധികളും. സ്വാഭാവികമായും പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കി ഒരുപാട് ഒത്തുതീര്‍പ്പുകള്‍ വേണ്ടിവന്നു. 1967 ആയപ്പോഴേക്ക് കൂട്ടുകക്ഷി മന്ത്രിസഭയായി. എക്കാലവും വര്‍ഗീയപാര്‍ട്ടിയെന്ന് ആക്ഷേപിക്കാറുള്ള മുസ്‌ലിംലീഗുമായും വിമോചനസമരം എന്ന കൊടുംപാപത്തില്‍ പങ്കാളികളായിരുന്ന ആര്‍.എസ്.പി, സോഷ്യലിസ്റ്റ്, കെ.എസ്.പി, കെ.ടി.പി. തുടങ്ങിയ പാര്‍ട്ടികളുമായുമുള്ള സഖ്യത്തെ ന്യായീകരിക്കാന്‍ ഇ.എം.എസ്സിന് ഒരുപാട് സിദ്ധാന്തങ്ങള്‍ ചമയ്‌ക്കേണ്ടിവന്നു. കോണ്‍ഗ്രസ്സിനെ താഴെയിറക്കാന്‍ ''ഏത് ചെകുത്താനുമായും കൂട്ടുകൂടു''മെന്ന പ്രഖ്യാപനം കുറെക്കാലം ഒരു ശൈലിയായി നിലനിന്നു. സംസ്ഥാനത്തെഭരണം നടത്തുന്ന പാര്‍ട്ടിക്ക് കേന്ദ്രത്തിനെതിരെ സമരം നടത്താന്‍ പറ്റുമെന്ന് തെളിയിക്കാന്‍ 'ഭരണത്തിനൊപ്പം സമരം' എന്നസിദ്ധാന്തമുണ്ടാക്കി. ''ഭരണത്തിലിരിക്കാന്‍ സമരം വെടിയില്ല, സമരം ചെയ്യാന്‍ വേണ്ടി ഭരണവും വെടിയില്ല'' എനായി നയം. വിദ്യാര്‍ഥിസമരങ്ങളെ പൊലീസ് അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിക്കാന്‍ ''ലാത്തിപുല്ലാങ്കുഴലൊന്നുമല്ല'' എന്ന ന്യായം പറയേണ്ടിവന്നു. ''കണ്ണിലെ കൃഷ്ണമണി പോലെ മുന്നണിയിലെ ഐക്യം കാത്തുസൂക്ഷിക്കൂഎന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആ ശൈലീപ്രയോഗം മാത്രം നിലനിന്നു, മുന്നണിയിലെ ഐക്യം നിലനിന്നില്ല. അവസാനം വരെ വിവാദങ്ങളുടെ പിരിയാത്ത കൂട്ടുകാരനായിരുന്നു ഇ.എം.എസ്. ഒന്നുതീരുമ്പോള്‍ മറ്റൊന്നു, അദ്ദേഹം പുത്തന്‍ വിവാദങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരുന്നു. ഒരു തവണ കുമാരനാശാനെക്കുറിച്ചാണെങ്കില്‍ മറ്റൊരിക്കല്‍ ശരീയത്തിനെക്കുറിച്ച്, ഇനിയുമൊരിക്കല്‍ രാമായണത്തെക്കുറിച്ച്. വാര്‍ത്തയില്‍ സ്ഥാനംപിടിക്കാനാണ് അദ്ദേഹം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കള്‍പോലും ആക്ഷേപിക്കുമായിരുന്നില്ല. പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഓരോന്നും തൊടുത്തുവിട്ടത്. അതുകൊണ്ടുതന്നെ മുസ്‌ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്നും ന്യൂനപക്ഷതാത്പര്യം സംരക്ഷിക്കുന്ന ജനാധിപത്യപാര്‍ട്ടിയാണെന്നും മാറ്റിപ്പറയേണ്ടിവന്നിട്ടുണ്ട്. അബ്ദുല്‍നാസര്‍ മഅദനിയും മഹാത്മാഗാന്ധിയെപ്പോലൊരു നിര്‍ദോഷ മതമൗലികവാദിയാണെന്ന് ലേഖനമെഴുതിയത് വിവാദമായപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ഹര്‍കിഷണ്‍ സിങ്ങ് സുര്‍ജിത്തിന് നയം വ്യക്തമാക്കാന്‍ വേറെ ലേഖനം എഴുതേണ്ടിവന്നിട്ടുണ്ട്. വിശ്വാസികള്‍ മതത്തില്‍ വിശ്വസിച്ചിരുന്നതുപോലെയാണ് അദ്ദേഹം കമ്യൂണിസത്തില്‍ വിശ്വസിച്ചിരുന്നതെന്ന് വിമര്‍ശകര്‍ പറയാറുണ്ട്. പലപ്പോഴും മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ അത്തരത്തിലുള്ള ഉറച്ച വിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മുതലാളിത്തപുനഃസ്ഥാപനം നടക്കുമെന്നആശങ്ക പ്രകടിപ്പിച്ച ചോദ്യകര്‍ത്താവിനോട് അദ്ദേഹം തിരിച്ചുചോദിച്ചത് മനുഷ്യന് കുരങ്ങനിലേക്ക് തിരിച്ചുപോകാനാകുമോ എന്നാണ്. പക്ഷേ ആ മുതലാളിത്ത പുനഃസ്ഥാപനം അദ്ദേഹത്തിന് ജീവിതകാലത്ത് കാണേണ്ടിവന്നു. ''ബൂര്‍ഷ്വാസി തന്നെ പ്രശംസിക്കുമ്പോള്‍, നരഭോജികളാല്‍ പ്രശംസിക്കപ്പെടാന്‍ എന്ത് ദ്രോഹമാണ് നീ തൊഴിലാളിവര്‍ഗത്തിന് ചെയ്തത്'' എന്ന് താന്‍ സ്വയം ചോദിക്കാറുണ്ടെന്ന് ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് നേതാവ് ആഗസ്ത് ബെബല്‍ എഴുതിയത് ഇ.എം.എസ് വിയോജനകുറിപ്പുകള്‍എന്ന ലേഖനസമാഹാരത്തിലെ ലേഖനത്തില്‍ എം.റഷീദ് ഉദ്ധരിക്കുന്നുണ്ട്.ഇ.എം.എസ്. മറ്റൊരു രീതിയില്‍ തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറയുകയുണ്ടായി. പക്ഷേ, കേരളത്തില്‍ അദ്ദേഹത്തോളം പ്രശംസിക്കപ്പെട്ട മറ്റൊരാള്‍ രാഷ്ട്രീയക്കാര്‍ക്കിടയിലോ അരാഷ്ട്രീയക്കാര്‍ക്കിടയില്‍പോലുമോ ഇരുപതാംനൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. പുകഴ്ത്തലുകളെ നിസ്സംഗതയോടെ കേട്ടിരുന്ന അദ്ദേഹം വിമര്‍ശകര്‍ക്കെതിരെ പടക്കിറങ്ങാറുമില്ല. പൊതുവേദിയില്‍ രൂക്ഷവിമര്‍ശനം നടത്തിയ കാലത്തും നേരിട്ടുകാണുമ്പോള്‍ ''നമുക്ക് ആശയസമരം തുടരാം'' എന്ന് ചിരിച്ചുകൊണ്ടേ പറയാറുണ്ടായിരുന്നുള്ളൂ എന്ന് ഇ.എം.എസ്സുമായി ഏറെ ആശയസമരങ്ങള്‍ നടത്തിയിട്ടുള്ള കെ. വേണു പറയുന്നു. അധികാരത്തിനോ പ്രശംസയ്‌ക്കോ പ്രസിദ്ധീകരണത്തിനോ വേണ്ടി ആരെയും വണങ്ങാനും നിന്നിട്ടില്ല അദ്ദേഹം. ഏറെ ആവര്‍ത്തിക്കപ്പെട്ടതാണ് തന്റെ വിക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വലിയ തമാശ. എപ്പോഴും വിക്കുണ്ടോ എന്ന ചോദ്യത്തിന് ഇല്ല സംസാരിക്കുമ്പോള്‍ മാത്രമെന്ന തിരിച്ചടി കിട്ടിയത് പ്രശസ്തനായ ഒരു വിദേശപത്രപ്രവര്‍ത്തകനാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment