ഇ.എം.എസ്സിനെ എന്തിന് ഓര്‍ക്കുന്നു ? .
സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ സുപ്രധാനപങ്കുവഹിച്ച ധീരദേശാഭിമാനിയും ഐക്യകേരളത്തിന്റെ വികസനത്തിന് മൂലക്കല്ലുകള്‍ നാട്ടിയ ആദ്യത്തെ മുഖ്യമന്ത്രിയും തൊഴിലാളിവര്‍ഗത്തിന്റെ വിമോചനസമരത്തിന് വഴികാട്ടിയായിരുന്ന ദത്തുപുത്രനും ഉച്ചരിച്ച ഓരോ വാക്കും ലോകം ശ്രദ്ധിച്ച സൈദ്ധാന്തികനുമായിരുന്നു ഇ.എം.എസ്.ആ മഹാനെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ജന്മശതാബ്ദി എന്ന ഔപചാരികതയില്‍ പരിമിതപ്പെടുത്തേണ്ടതല്ല ഈ ഓര്‍മദിനം. ആ ജീവിതം ഒരുപാട് സന്ദേശങ്ങള്‍ നമുക്ക് കൈമാറിയതായിക്കാണാം. ജനാധിപത്യരാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാന്‍ അവസരം ലഭിച്ച ആദ്യ കമ്യൂണിസ്റ്റ്‌നേതാവ് ഇ.എം.എസ് ആയത് യാദൃച്ഛികമാവാം. എന്നാല്‍ അന്ന് ആ അധികാരം അദ്ദേഹം കൈകാര്യംചെയ്ത രീതി ചരിത്രത്തിനുതന്നെ പാഠമായി. സ്വതന്ത്രതിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുക, ബഹുകക്ഷി ജനാധിപത്യത്തിന്റെ രീതികള്‍ക്ക് വഴങ്ങുക, സ്വകാര്യമൂലധനത്തിന് സംരക്ഷണം നല്‍കുക തുടങ്ങിയ ''ബുര്‍ഷ്വാ ജനാധിപത്യ ആശയങ്ങള്‍'' കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ലോകമെങ്ങും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ആദ്യമാതൃക ഇ.എം.എസ്സായിരുന്നു. ആ പരീക്ഷണം അകാലത്തില്‍ അവസാനിപ്പിച്ചതിന് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവന്നത് അദ്ദേഹമോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണമോ അല്ലെന്നതിന് വലിയ അര്‍ഥതലങ്ങളുണ്ട്.ഏഴുകക്ഷികളുടെ മുന്നണിയെ നയിച്ചാണ് 1967-ല്‍ അദ്ദേഹം മുഖ്യമന്ത്രിയായത്. മുന്നണിരാഷ്ട്രീയത്തിന്റെ അലിഖിതമായ ഏറെ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ആ രാഷ്ട്രീയാനുഭവം രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭരണംതന്നെ ഇന്ന് നടക്കുന്നത് ആ മാതൃക പിന്‍പറ്റിയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മതാധിഷ്ഠിത പാര്‍ട്ടികളുമായും കമ്യുണിസ്റ്റ്‌വിരുദ്ധരുമായും ബന്ധം സ്ഥാപിച്ചതും നിയമസഭയിലെ ഏകാംഗകക്ഷികള്‍ക്കുപോലും മന്ത്രിസ്ഥാനം നല്‍കിയതുമെല്ലാം അന്നേറെ വിമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും ഇ.എം.എസ് അതിനെല്ലാം സൈദ്ധാന്തികന്യായങ്ങള്‍ കെണ്ടത്തിയിരുന്നു. അവയെല്ലാം അവസരവാദപരമായ തത്ത്വങ്ങളായിരുന്നുവെന്ന് ഇന്ന് പറയാനാവില്ല.ഗാന്ധിസത്തില്‍നിന്ന് ഏറെ അകലെയാണ് മാര്‍ക്‌സിസം. എന്നാല്‍ ഇ.എം.എസ് ഗാന്ധിസത്തിന്റെ മൂല്യങ്ങള്‍ ജീവിതാന്ത്യംവരെ മുറുകെപ്പിടിച്ചു. സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന് അധികാരത്തിന്റെ ഉയരങ്ങളില്‍ എത്തിയിരുന്നെങ്കിലും അങ്ങേയറ്റം ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. സ്വത്തുകള്‍ മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കി പാര്‍ട്ടി നല്‍കുന്ന അലവന്‍സ്‌കൊണ്ട് ജീവിക്കുകയെന്നത്, രാഷ്ട്രീയപ്രവര്‍ത്തനം സ്വത്ത്‌സമ്പാദനത്തിനുള്ള ഉപാധിയാക്കി മാറ്റിയവരുടെ എണ്ണം പെരുകിവരുന്ന ഇക്കാലത്ത് ചിന്തിക്കാന്‍പോലും കഴിയുന്ന കാര്യമല്ല.ഉന്നതമായ ജനാധിപത്യബോധത്തോടെ, സഹിഷ്ണതയോടെ, പ്രതിപക്ഷബഹുമാനത്തോടെ വിമര്‍ശനങ്ങളെ നോക്കിക്കാണാന്‍ ഇ.എം.എസ്സിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ദൈനംദിന മാധ്യമഇടപെടലുകള്‍ ഏറെയും എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളായിരുന്നു. തീപാറുന്ന ആശയസമരങ്ങളില്‍ അദ്ദേഹം പട നയിച്ചിട്ടുണ്ട്. എന്നാല്‍ എതിരാളികളെ അധിക്ഷേപിക്കാനോ അവരുടെ വിമര്‍ശങ്ങളുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാനോ മുതിരാറില്ല അദ്ദേഹം. ആ മറുപടികളില്‍ പ്രകടമാകാറുള്ള വിനയം ശത്രുക്കളെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. തന്റെ നിലപാടുകളിലെ ശരി എതിര്‍പക്ഷത്തെ ബോധ്യപ്പെടുത്താനുള്ള അവസരങ്ങളായേ അദ്ദേഹം സംവാദങ്ങളെ കണ്ടിട്ടുള്ളൂ. സംവാദങ്ങളെല്ലാം സ്പര്‍ധനിറഞ്ഞ, കലുഷമായ വ്യക്തിയുദ്ധങ്ങളായി മാറുന്ന ഈ കാലത്ത് എങ്ങനെയാണ് ഈ മഹത്വത്തെക്കുറിച്ചോര്‍ക്കാതിരിക്കുക. എളിമയോടെ പെരുമാറുമ്പോള്‍ത്തന്നെ സ്വന്തം ആശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുംവേണ്ടി ആരുടെ മുന്നിലും തലയെടുപ്പോടെ നില്‍ക്കാന്‍ ആ ചെറിയ മനുഷ്യന് കഴിഞ്ഞിരുന്നു.പ്രശംസകള്‍ക്കും ബഹുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കുംവേണ്ടി ഒരിക്കലും തലനീട്ടിനിന്നിട്ടില്ലെങ്കിലും അവയെല്ലാം സമൃദ്ധമായി അദ്ദേഹത്തില്‍ ചൊരിയപ്പെട്ടിട്ടുണ്ട്. ഒരിക്കലും കറുത്ത മഷിപ്പൊട്ട് നന്മയുടെ ആ ശുഭ്രതയില്‍ ആരും തെറിപ്പിച്ചിട്ടില്ല. ഇ.എം.എസ്സില്‍നിന്ന് നാം പഠിക്കേണ്ട വലിയ പാഠവും അതുതന്നെ. ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട് ഐന്‍സ്റ്റിന്‍ പറഞ്ഞത് ഒരു പരിധിവരെയെങ്കിലും ഇ.എം.എസ്സിനെക്കുറിച്ചും പറയാവുന്നതാണ്. ''ഇങ്ങനെയൊരു മനുഷ്യന്‍ ഈ മണ്ണിലൂടെ നടന്നുപോയിരുന്നുവെന്ന് വരുംതലമുറകള്‍ വിശ്വസിക്കുകയില്ല.''
കടപ്പാട് മാത്രുഭൂമി
Subscribe to:
Post Comments (Atom)
No comments:
Post a Comment