Sunday, July 6, 2008

കുരുടന്മാര്‍ കണ്ട പാഠപുസ്തകം

കുരുടന്മാര്‍ കണ്ട പാഠപുസ്തകം.

ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് കുരുടന്മാര്‍ ആനയെ വര്‍ണിച്ച കഥയാണ്. തുമ്പിക്കൈ തപ്പിനോക്കിയവന് കുഴല് പോലെയും ചെവി നോക്കിയവന് മുറം പോലെയും ഉടല് നോക്കിയവന് കുന്ന് പോലെയും കാല് നോക്കിയവന് തൂണ് പോലെയും വാല് നോക്കിയവന് ചൂല് പോലെയുമായിരുന്നു ആന. ഇതുപോലെ വിവാദപുസ്തകം ചിലര്‍ക്ക് മതവിരുദ്ധവും മറ്റ് ചിലര്‍ക്ക് ദേശവിരുദ്ധവും ഇനി ചിലര്‍ക്ക് കമ്മ്യൂണിസം പഠിപ്പിക്കാനുള്ളതും വേറെ ചിലര്‍ക്ക് ഇതെല്ലാം ചേര്‍ന്നതുമാണ്. ഒരു കാര്യം ഉറപ്പാണ.് ഒന്നുകില്‍ ഈ പുസ്തകം അവര്‍ വായിച്ചിട്ടില്ല (അങ്ങനെയൊരു ദുശ്ശീലം അവര്‍ക്കില്ലല്ലോ). അല്ലെങ്കില്‍ വായിച്ചിട്ടും അവര്‍ക്ക് മനസിലായിക്കാണില്ല. അതുകൊണ്ടാണല്ലോ അവരില്‍ പലര്‍ക്കും പരീക്ഷകള്‍ പാസാവാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത്.
ആധുനിക സിദ്ധാന്തങ്ങളനുസരിച്ച് കുട്ടി ഒഴിഞ്ഞ പാത്രമോ, വിദ്യാഭ്യാസം അതില്‍ വിവരം നിറക്കാനുള്ള വസ്തുവോ അല്ല. ചുറ്റുപാടുകളുമായി ക്രിയാത്മകമായി സംവദിച്ച് അറിവ് നിര്‍മ്മിക്കാന്‍ കഴിയുന്ന സജീവ ചേതനയാണ് കുട്ടി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം തൊഴില്‍ സമ്പാദനമല്ല. ഉല്‍പാദന പ്രക്രിയയില്‍ സജീവ പങ്കാളികളാകാന്‍ ഉതകുന്ന ശേഷികളും നൈപുണികളും, മികച്ച സാമൂഹ്യജീവിയാകാന്‍ സഹായിക്കുന്ന മനോഭാവങ്ങളും മൂല്യങ്ങളും കുട്ടിയില്‍ വളര്‍ത്തിയെടുക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. 97 ല്‍ തുടങ്ങിവെച്ചതും രാജ്യം മാതൃകയാക്കിയതുമായ കേരളത്തിലെ നവീന പാഠ്യദ്ധതി പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പരിഷ്കരിക്കുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. ഇതിന് മാര്‍ഗദര്‍ശകമായിരിക്കുന്നത് 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടാണ്.
ഇപ്പോള്‍ കേരളത്തിലെ 1 മുതല്‍ 12 വരെയുള്ള ക്ളാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പുതുക്കുന്നത് ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. വിഭിന്ന വീക്ഷണങ്ങളുള്ള ഒന്നര ലക്ഷത്തിലേറെപേര്‍ പങ്കെടുത്തതും ലോകത്തിലെ തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്നതും അതിവിപുലവുമായ ഒരു ജനകീയ പ്രക്രിയയിലൂടെയാണ് 2007 ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് രൂപംകൊണ്ടത്. കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പല വിമര്‍ശനങ്ങളും (ഉദാ: സ്കൂള്‍ സമയമാറ്റം, ഭാഷാപഠനം) ഉള്‍ക്കൊണ്ട് അതില്‍ മാറ്റം വരുത്തിയ കാര്യം എല്ലാവര്‍ക്കുമറിയാം. സര്‍വ്വസമ്മതമായി അംഗീകരിച്ച പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അതിലും എല്ലാ വിഭാഗക്കാരും പങ്കാളികളായിരുന്നു. പുസ്തകങ്ങള്‍ അച്ചടിച്ച് കുട്ടികളുടെ കൈകളിലെത്തിച്ച് ദിസങ്ങള്‍ക്ക് ശേഷമാണ് എതിര്‍പ്പുകള്‍ തുടങ്ങുന്നത്.
തങ്ങളുടെ പ്രതിനിധികള്‍ വിഷയസമിതിയിലും കരിക്കുലം കമ്മിറ്റിയിലും അംഗീകരിച്ച പാഠപുസ്തകങ്ങള്‍ക്കെതിരെ (അവര്‍ ഹാജരായതിനും യാത്രാബത്ത പറ്റിയതിനും രേഖകളുണ്ട്) ഇപ്പോള്‍ തെരുവുയുദ്ധത്തിന് ഇറങ്ങിയിരിക്കുന്നത് വിദ്യാഭ്യാസ താല്‍പര്യത്താലാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് ധരിക്കാനാവില്ല. ശുദ്ധാത്മാവായ ഒരു ഫാദര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ സമ്മതിച്ചതുപോലെ കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങളെ ‘ദ്രോഹിച്ച’ സര്‍ക്കാരിനോട് പകരംവീട്ടാന്‍ ഇതൊരു കാരണമാക്കുകയായിരുന്നു. അദ്ദേഹം തുറന്ന് പറയാത്ത ഒരു കാര്യം കൂടിയുണ്ട്. ഇന്നത്തെ സര്‍ക്കാരിന്റെ കീഴില്‍ പൊതുവിദ്യാലയങ്ങള്‍ കൈവരിച്ച അതിശയകരമായ നേട്ടത്തെ വിദ്യാഭ്യാസ വ്യാപാരികള്‍ ഭയപ്പെടുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാക്കി കാര്യക്ഷമതാ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കേണ്ടത് അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരിക്കുന്നു. ഈ ശ്രമം ഇപ്പോള്‍ ആരംഭിച്ചതല്ല.
ഏഴാം തരത്തിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തെക്കുറിച്ച് ഉന്നയിക്കുന്ന ഒരു ആക്ഷേപം അത് മതനിരാസത്തിനും ദൈവനിന്ദക്കും പ്രേരിപ്പിക്കുന്നു എന്നാണ്. ഇത് സമര്‍ത്ഥിക്കാന്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന പാഠഭാഗങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ അവര്‍ പറയുന്നതിന്റെ പൊള്ളത്തരം വ്യക്തമാകും. വര്‍ഗീയ കലാപങ്ങളും ജാതിയുദ്ധങ്ങളും മനുഷ്യന്റെ സ്വൈര്യജീവിതത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ഭീഷണിയായിട്ടുള്ള ഒരു കാലഘട്ടത്തില്‍ ജാതി-മത സഹിഷ്ണുത വളര്‍ത്താന്‍ ലക്ഷ്യമിടുന്ന ‘മനുഷ്യത്വം വിളയുന്ന ഭൂമി’ എന്ന പാഠത്തെ തനി വര്‍ഗീയവാദികള്‍ക്ക് മാത്രമേ എതിര്‍ക്കാനാകൂ. പാഠപുസ്തകത്തിലെ താഴെ പറയുന്ന ഉദ്ധരണികളും പരമാര്‍ശങ്ങളും മതങ്ങളുടെ മാഹാത്മ്യവും അവയ്ക്ക് മനുഷ്യനന്മയോടുള്ള പ്രതിബദ്ധതയുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
നിനക്ക് അഹിതമായത് എന്തോ, അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്‍പ്പിക്കരുത്. ഇതാണ് ധര്‍മത്തിന്റെ സാരം
മഹാഭാരതം
മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറുക
ബൈബിള്‍
തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം
സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുക
തനിക്കുവേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം
സഹോദരനുവേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക
നബിവചനം
ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെക്കുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത് ഗുരു നാനാക്ക്
പ്രദര്‍ശന പലക
എല്ലാ മതങ്ങളും മനുഷ്യനന്മയെ ലക്ഷ്യമാക്കുന്നു; സഹിഷ്ണുതയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. വിവിധ മതവിഭാഗങ്ങളില്‍പ്പെടുന്ന ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന അനവധി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാനാകും. അത്തരം സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍, കുറിപ്പുകള്‍, നോട്ടീസുകള്‍ എന്നിവ ക്ളാസ് പ്രദര്‍ശനപലകയില്‍ ചേര്‍ക്കൂ.
ഈ പാഠത്തിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗത്തെ മഞ്ഞക്കണ്ണടയിലൂടെ നോക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ കുഴപ്പം ദര്‍ശിക്കുന്നത്. മിശ്രവിവാഹിതനായ ഒരു അച്ഛന്‍ തന്റെ മകന്‍ ജീവനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മതവും ജാതിയും ഇപ്പോള്‍ ചേര്‍ക്കേണ്ടെന്നും അവന് വേണമെന്ന് തോന്നുമ്പോള്‍ ചേര്‍ക്കട്ടെ എന്നും പറയുന്നതിലെന്താണ് കുഴപ്പം? ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളില്‍ ആരുടെ മതവും ജാതിയുമാണ് ചേര്‍ക്കേണ്ടത്? ആരുടെയെങ്കിലും ഒരാളുടേത് അടിച്ചേല്‍പ്പിക്കുന്നതാണോ, അല്ല അതിനുള്ള സ്വാതന്ത്യ്രം വളരുമ്പോള്‍ കുട്ടിക്ക് വിട്ടുകൊടുക്കുന്നതാണോ ശരി? നമ്മുടെ ഭരണഘടനയിലെ ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്യ്രം ആവശ്യമുള്ളപ്പോഴൊക്കെ സൌകര്യപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അത് അനുവദിക്കുന്നുണ്ടെന്ന കാര്യം മറച്ചുപിടിക്കാന്‍ തത്രപ്പെടുന്നതെന്തിന്?
നെഹ്റു കുടുംബത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും അസ്തിത്വം തേടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ കേരളത്തിലെ നേതാക്കള്‍ അതില്‍ പ്രഥമസ്ഥാനീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മതേതരവചനങ്ങള്‍ കുട്ടികള്‍ അറിയുന്നതിനെ എതിര്‍ക്കുന്നത് ശരിയാണോ? ജീവിത പങ്കാളിയെ തെരഞ്ഞടുക്കുന്നതില്‍ ഇന്ദിരയും രാജീവും കാണിച്ച തന്റേടമുള്ള മാതൃകകള്‍ സാമുദായിക പ്രീണനത്തിന് വേണ്ടി അവര്‍ തള്ളിപ്പറയുകയാണോ? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങളുടെ ഭരണകാലത്തും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളവരുടെ ഇപ്പോഴത്തെ നിലപാട്മാറ്റത്തിന് കാരണമെന്താണ്?
സ്വാതന്ത്യ്രസമരത്തിലെ അപ്രധാന സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രാധാന്യം നല്‍കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കളെയും അത് നേതൃത്വം നല്‍കിയ സമരങ്ങളെയും അവഗണിക്കുകയും ചെയ്തുവെന്നാണല്ലോ മറ്റൊരു ആക്ഷേപം. ചരിത്ര പഠനത്തില്‍ പ്രാദേശിക ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കണമെന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനമല്ല. കോണ്‍ഗ്രസ് നേതാവായ അര്‍ജ്ജുന്‍സിംഗ് നേതൃത്വം നല്‍കുന്ന കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രാലയം നിയന്ത്രിക്കുന്ന ദേശീയ വിദ്യാഭ്യാസ ഗവേഷണ സമിതി (ചഇഋഞഠ) തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടിലെ നിര്‍ദ്ദേശമാണ്.
അഹിംസാ സമരങ്ങള്‍, വിപ്ളവ സമരങ്ങള്‍, കര്‍ഷക-തൊഴിലാളി സമരങ്ങള്‍, സാമൂഹ്യ പരിഷ്കരണ പോരാട്ടങ്ങള്‍ തുടങ്ങി വ്യത്യസ്ത ധാരകള്‍ ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നുവെന്നത് അനിഷേധ്യമായ ഒരു ചരിത്ര വസ്തുതയല്ലേ? തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ മാത്രമേ ചരിത്ര പുസ്തകങ്ങളില്‍ ഇടംപിടിക്കാവൂ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധബുദ്ധി ശരിയാണോ? ‘നാം മുന്നോട്ട്’, ‘മണ്ണിനെ പൊന്നാക്കാന്‍’ എന്നീ പാഠഭാഗങ്ങളില്‍ പ്രതിപാദിച്ച ക്വിറ്റിന്ത്യാസമരം, ഉപ്പുസത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയവയൊന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരങ്ങളായി അംഗീകരിക്കില്ലെന്നാണോ? സ്വാതന്ത്യ്ര സമരത്തെക്കുറിച്ച് മുഴുവനായി കുട്ടി ഏഴാം ക്ളാസില്‍ തന്നെ പഠിക്കണമെന്ന ആവശ്യം ശുദ്ധ വിവരക്കേടല്ലേ? ദേശീയപ്രസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിച്ച താഴെചേര്‍ത്ത പാഠഭാഗങ്ങള്‍ വായിച്ചുനോക്കിയിരുന്നുവെങ്കില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാവുമായിരുന്നില്ല.
ചെറിയ സംഘങ്ങളായി തിരിഞ്ഞ് ചെയ്യുന്ന സമരങ്ങള്‍കൊണ്ട് സ്വാതന്ത്യ്രം നേടാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ദേശീയതലത്തില്‍ ഒരു സമരപ്രസ്ഥാനം ഉണ്ടാക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. അങ്ങനെ 1885 ഡിസംബര്‍ 28 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടന രൂപംകൊണ്ടു. ഈ സംഘടനയുടെ രൂപീകരണത്തിന് എ ഒ ഹ്യൂം എന്ന ഇംഗ്ളീഷുകാരനാണ് നേതൃത്വം കൊടുത്തത്. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിന് പുതിയ മുഖം നല്‍കാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു.
ക്വിറ്റ് ഇന്ത്യാ..... (ഇന്ത്യ വിടുക)
'ഇനി അവസാന സമരത്തിന്റെ നാളുകളാണ്. പോരാട്ടത്തിന് വേഗം കൂട്ടണം' എന്ന ഗാന്ധിജിയുടെ ആഹ്വാനം സമരഭടന്മാരില്‍ ആവേശമുയര്‍ത്തി. നാടെങ്ങും സമരത്തിന്റെ അലകളുയര്‍ന്നു. കുട്ടികളും യുവതീയുവാക്കളും പ്രായമായവരും കൈ മെയ് മറന്ന് ബ്രിട്ടനെതിരെ മുദ്രാവാക്യം മുഴക്കി തെരുവുകള്‍തോറും പ്രകടനം നടത്തി. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനം ജനങ്ങള്‍ അക്ഷരംപ്രതി നടപ്പിലാക്കുകയായിരുന്നു.
പാഠപുസ്തകങ്ങളില്‍ കമ്മ്യുണിസം കുത്തിനിറച്ചിരിക്കുന്നുവെന്ന ആരോപണം നട്ടാല്‍ പൊടിക്കാത്ത നുണയാണ്. കമ്മ്യുണിസത്തെയോ, കമ്മ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയോ മഹത്വവല്‍ക്കരിക്കുന്ന ഒറ്റവാക്യം പോലും ഈ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കാനാവില്ല. സത്യത്തില്‍ തങ്ങളെ അവഗണിച്ചുവെന്ന ആക്ഷേപം ഉണ്ടാവേണ്ടിയിരുന്നത് അവരുടെ ഭാഗത്ത് നിന്നാണ്. കാരണം കമ്മ്യൂണിസ്റ് പാര്‍ട്ടിയില്ലാത്ത ഒരു കേരള ചരിത്രത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. സവര്‍ണ മേധാവിത്വത്തിന്റെയും ജന്മിത്വത്തിന്റെയും നുകത്തിന്‍ കീഴില്‍ അധഃസ്ഥിതരും കര്‍ഷകരും അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ വ്യക്തമാക്കുന്നതിനാണ് ഏ കെ ജി യുടെ ജീവിതകഥയില്‍ നിന്ന് ഒരു ചെറുഭാഗം എടുത്തു ചേര്‍ത്തിട്ടുള്ളത്. അതില്‍ അദ്ദേഹത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ല.
ജന്മിവാഴ്ചക്ക് എതിരായ കര്‍ഷകപോരാട്ടത്തെയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തിക്കൊണ്ടിരുന്ന ജന്മിമാരുടെ പത്തായങ്ങളും അറകളും കുത്തിത്തുറന്ന് പട്ടിണിപ്പാവങ്ങള്‍ക്ക് നെല്ല് വിതരണം ചെയ്തതിനെയും ഇന്നും കമ്മ്യൂണിസ്റ് അതിക്രമങ്ങളായി കാണുന്ന വികലമനസുകളോട് എന്തു പറയാനാണ്? അന്ന് നിലനിന്നിരുന്ന സാമൂഹ്യ ദുരവസ്ഥ വരച്ച് കാട്ടുന്നതിന് ഉദ്ധരിക്കപ്പെട്ട കെ മാധവന്‍ നായര്‍, ദേവകി നിലയങ്ങോട് എന്നിവരും കമ്മ്യൂണിസ്റുകാരായിരുന്നോ? ധീര സേനാനി പീര്‍മുഹമ്മദ് തൂക്കിലേറ്റപ്പെട്ട ഒന്നാം സ്വാതന്ത്യ്രസമരവും, മാപ്പിള ലഹളയെന്ന് ആക്ഷേപിക്കപ്പെട്ട മലബാര്‍ സ്വാതന്ത്യ്രസമരവും അതില്‍ പങ്കെടുത്തവരെ കൂട്ടക്കൊല ചെയ്ത വാഗണ്‍ ട്രാജഡിയുമൊക്കെ കമ്മ്യുണിസ്റുകാരുടെ കണക്കിലാണോ നിങ്ങള്‍ എഴുതിച്ചേര്‍ക്കുന്നത്?
സമരക്കാരോട് അവസാനമായി രണ്ട് വാക്ക്. സര്‍ക്കാരിന്റെ പുരോഗമന വിദ്യാഭ്യാസനയങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അത് തുറന്ന് പറഞ്ഞ് സര്‍ക്കാരിനെതിരായി ജനങ്ങളെ അണിനിരത്താനുള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിക്കണം . അതിന് ആളെ കിട്ടാത്തതിനാല്‍ മതത്തിന്റെയും ദൈവത്തിന്റെയും പേരുപറഞ്ഞ് വിശ്വാസികളെ ഇളക്കിവിട്ട് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പോലീസിനെയും ആക്രമിക്കുന്നതും പാഠപുസ്തകങ്ങള്‍ കത്തിക്കുന്നതും (അതില്‍ ഭൂരിഭാഗവും വിശുദ്ധ ഖുറാന്‍ വചനങ്ങള്‍ അടങ്ങിയ അറബിക് പുസ്തകങ്ങളായിരുന്നു) പൊതുമുതല്‍ നശിപ്പിക്കുന്നതും ഗാന്ധിയന്‍ സമരരീതിയാണോ? കമ്മ്യൂണിസ്റുകാര്‍ ഗാന്ധിജിയെ അവഗണിച്ചുവെന്ന് ആക്ഷേപിക്കുന്ന നിങ്ങളെങ്കിലും അദ്ദേഹത്തെ ആദരിക്കണ്ടേ? അതിനുവേണ്ടിയെങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധതയും അഹിംസാവ്രതവും നിങ്ങള്‍ പിന്തുടരുമോ?

എ കെ ചന്ദ്രന്‍ (ജനറല്‍ സെക്രടറി, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി)

1 comment:

ജനശബ്ദം said...