Friday, July 18, 2008

ആണവ കരാറും മുസ്ലിംലീഗും

ആണവ കരാറും മുസ്ലിംലീഗും
ടി.എ. അഹ്മദ് കബീര്‍

അമേരിക്കന്‍ ഐക്യനാടുകളുമായി ചേര്‍ന്ന് ഇന്ത്യ ഒപ്പിടാന്‍ പോകുന്ന ആണവ കരാറിന്റെ കാര്യത്തില്‍ മുസ്ലിംലീഗ് എടുത്തിട്ടുള്ള തീരുമാനം അവ്യക്തമോ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതോ അല്ല. മറിച്ചുള്ള പ്രചാരണം പൊള്ളയും അടിസ്ഥാന രഹിതവുമാണ്. സ്വന്തം നിലനില്‍പില്‍ അരക്ഷിതാവസ്ഥ പേറുന്ന ചില കേന്ദ്രങ്ങള്‍ അലക്ഷ്യമായി അഴിച്ചുവിടുന്ന വിലകുറഞ്ഞ വാദങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല.

ലീഗ് തീരുമാനം പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

1. 22ാം തീയതി ലോക്സഭയില്‍ വിശ്വാസപ്രമേയം വോട്ടിനിടുമ്പോള്‍ യു.പി.എയുടെ ഭാഗമെന്ന നിലക്ക് ലീഗ് സര്‍ക്കാറിനെ അനുകൂലിക്കും.

2. ആണവകരാറിന്റെ കാര്യത്തില്‍ രാജ്യത്ത് പ്രബലമായ രണ്ടഭിപ്രായമുണ്ട്. ആ സ്ഥിതിക്ക് സമന്വയം കണ്ടെത്തുന്നതിനുപകരം ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ സംഘടനക്ക് കനത്ത ആശങ്കയുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കുന്നില്ലെങ്കില്‍ കടുത്ത തീരുമാനം എടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാണ്.

3. യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും തീരുമാനം സംഘടനാ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതായതിനാല്‍ രാഷ്ട്രീയ പ്രേരിതമാണ്. അതിനാല്‍ അവരുടെ നയപാപ്പരത്തം വിശദീകരിക്കാന്‍ ശ്രമിക്കും.

ഈ മൂന്ന് കാര്യങ്ങളും വസ്തുതാപരമായും യാഥാര്‍ഥ്യബോധത്തോടെയും രാജ്യതാല്‍പര്യത്തെ മുന്‍നിര്‍ത്തിയും വിലയിരുത്തിയാല്‍ ലീഗ് തീരുമാനം സമഗ്രമാണെന്നും വിഷയത്തിന്റെ നാനാവശങ്ങള്‍ അതര്‍ഹിക്കുന്ന ഗൌരവത്തോടെ കണക്കിലെടുത്തിട്ടുണ്ടെന്നും തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുംവിധം ഒരു ആശയക്കുഴപ്പവും ഉള്‍ക്കൊള്ളുന്നതല്ലെന്ന് കൃത്യമായി കണ്ടെത്താനാവും.

ജനായത്ത മതനിരപേക്ഷ സമീപനം പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് അതിന്റെ വിപുലമായ സാധ്യതകള്‍ കണ്ടെത്തി വേണ്ടവണ്ണം പ്രയോഗവത്കരിക്കുകയും അതുവഴി രാഷ്ട്രനിര്‍മാണവും സമുദായ സേവനവും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് മുസ്ലിംലീഗിന്റെ പ്രഖ്യാപിത നയം. നിയമവാഴ്ചയും സാമൂഹിക നീതിയും സമുദായ ഐക്യവും സാമുദായിക സൌഹൃദവും നേടിയല്ലാതെ ഇത് സാധ്യമാവില്ലെന്ന ഉറച്ച നിലപാടാണ് സംഘടനക്കുള്ളത്. അതിനാല്‍ ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് പ്രായോഗികമായ നയങ്ങള്‍ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലുമാണ് പാര്‍ട്ടി എപ്പോഴും യത്നിച്ച് പോന്നിട്ടുള്ളത്. ഈ ഉന്നം വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ ജനായത്ത മതനിരപേക്ഷ മൂല്യങ്ങളോട് ഇണങ്ങിപ്പോകാന്‍ ജനങ്ങളെ പ്രാപ്തരാക്കണമെന്ന് ലീഗിനറിയാം. അങ്ങനെ ജനങ്ങളുടെ ബോധപൂര്‍വമായ പുനരണിചേരലിലൂടെ ഫലപ്രദമായ രാഷ്ട്രീയ ധ്രുവീകരണം സാധിക്കേണ്ടതുണ്ടെന്നാണ് സംഘടന കരുതുന്നത്. തുടക്കം മുതല്‍തന്നെ ഈ സമീപനത്തിന് ഇടം തേടാന്‍ സജ്ജമായ നിലപാടുകളാണ് പാര്‍ട്ടിയെടുത്തിട്ടുള്ളതെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മനം മടുത്ത് ഇട്ടെറിഞ്ഞുപോകാന്‍ ആരും നിര്‍ബന്ധിതമാവുന്ന പ്രതികൂല സാഹചര്യങ്ങളില്‍പോലും അസാമാന്യമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഇക്കാര്യത്തില്‍ നേതൃത്വം വ്രതശുദ്ധിയോടെ വെച്ചുപുലര്‍ത്തുകയും ചെയ്തു. കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ അതിന്റെ ഫലമാണ്. ഐക്യജനാധിപത്യ മുന്നണിയുടെ അഭേദ്യമായ ഘടകമെന്ന നിലക്ക് നാലോളം പതിറ്റാണ്ടുകാലമായി തീവ്രവലതുപക്ഷ ചിന്തകളെ തടഞ്ഞുനിര്‍ത്തുന്നതില്‍ വരിച്ച വിജയം ആഹ്ലാദകരമായ ദൌത്യമായി പാര്‍ട്ടി കാണുന്നു. കേന്ദ്രത്തിലാവട്ടെ ഏകകക്ഷി ഭരണം അസ്തമിക്കുകയും കൂട്ടുകക്ഷി ഭരണത്തിന്റെ നാളുകള്‍ എത്തുകയും ചെയ്തപ്പോള്‍ യു.പി.എയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ലക്ഷ്യപ്രാപ്തിയെ എളുപ്പമാക്കുകയാണ് ചെയ്തത്. ചുരുക്കത്തില്‍ തീവ്ര വലതുപക്ഷ വര്‍ഗീയ ശൈലിയെ ചെറുക്കുകയും മുസ്ലിംകളുടെ പൌരാവകാശങ്ങള്‍ വലിയൊരളവില്‍ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഫലം.

യു.പി.എ പരീക്ഷണം അസാധാരണമായ വിജയമാണ്. ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രോജ്വലമായ പ്രോദ്ഘാടനമാണ് ഈ മുന്നണി സംവിധാനമെന്ന് ചരിത്രം വിലയിരുത്തും. ഭരണഘടനാപരമായ ദിശാബോധമാണ് ഈ സര്‍ക്കാറിന്റെ മുഖമുദ്ര. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നേരെ ഏറക്കുറെ സത്യസന്ധവും സന്തുലിതവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഈയളവില്‍ വിജയിച്ചൊരു സര്‍ക്കാറിനെ കണ്ടെത്താനാവില്ല. രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ചും പൌരാവകാശങ്ങളെക്കുറിച്ചും തുല്യാവസരങ്ങളെക്കുറിച്ചുമുള്ള വാചകമടിക്കപ്പുറം കാര്യമായൊന്നും നടന്നിട്ടില്ലാത്ത ഒരു രാജ്യത്ത് ഭരണകൂട പ്രവര്‍ത്തനശൈലി സമൂലമായ അഴിച്ചുപണിക്ക് വിധേയമാകുന്ന കാഴ്ച നിസ്സാരവത്കരിക്കാനാവുന്ന മാറ്റമല്ല. ജനപക്ഷത്ത് അടിയുറച്ചുനിന്നുകൊണ്ട് നാളെ ഇന്ത്യയില്‍ സംഭവിക്കാനിരിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റുകളുടെ ആരംഭത്തിലെ ഇരമ്പം ആയി ഈ സംവിധാനം മാറിക്കഴിഞ്ഞിരിക്കുന്നു.

സച്ചാര്‍ സമിതിയുടെ കണ്ടെത്തലുകള്‍ രാജ്യം കക്ഷിഭേദങ്ങള്‍ക്കപ്പുറം ഇതഃപര്യന്തം കാണിച്ച വിവേചനത്തിന്റെയും നിരുത്തരവാദിത്തത്തിന്റെയും പരസ്യപ്പലകയാണ്. ആ രംഗത്ത് യു.പി.എ സര്‍ക്കാറിന്റെ കാല്‍വെപ്പുകള്‍ ഒരു തുടക്കമെന്ന നിലക്ക് ജനങ്ങളില്‍ ജനിപ്പിച്ചിട്ടുള്ള പ്രതീക്ഷകള്‍ക്ക് അതിരുകളില്ല. ആത്മാഭിമാനവും ആത്മവിശ്വാസവും അവരില്‍ തിരിച്ചുവരികയാണ്. ഒരു നാട്ടുരാജാവായിരുന്ന അര്‍ജുന്‍സിംഗ് ഈ സംവിധാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് സാമൂഹിക നീതിയുടെ വക്താവായി മാറുന്ന വിസ്മയകരമായ കാഴ്ചയാണ് നാംകാണുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തുന്നതിന് സന്ധിയില്ലാസമരം നടത്തിയ യു.പി.എ സര്‍ക്കാര്‍ സമാനതകളില്ലാത്ത നേര്‍ക്കാഴ്ചയുടെ പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ജനവിഭാഗവും പൌരബോധം കൊണ്ട് പ്രകാശിതവും പൌരാവകാശങ്ങള്‍കൊണ്ട് ശക്തവുമാകണമെന്ന് വളച്ചുകെട്ടില്ലാതെ ജനങ്ങളെ പഠിപ്പിച്ച ഈ സര്‍ക്കാര്‍ ജനമനസ്സുകളില്‍ ഇടം കണ്ടെത്തുകതന്നെ ചെയ്യും. ഭിന്ദ്രന്‍വാലയുടെ രംഗപ്രവേശവും തുടര്‍ന്ന് രാജ്യത്തിന്റെ പൊതുജീവിതത്തില്‍ ഉയര്‍ന്നുവന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളും സുവര്‍ണക്ഷേത്രത്തിലെ ഏറ്റുമുട്ടലും ഭിന്ദ്രന്‍വാലയുടെ മരണവും ഇന്ദിരാവധവും സിഖ് വേട്ടയും സംഭ്രമം നിറഞ്ഞുകത്തിയ സാഹചര്യത്തിലും ഇന്ത്യയുടെ ആന്തരിക ശക്തിയുടെ മഹിതമായ ഉദാഹരണമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രിപദം. എത്ര നിശിതമായ പക്വതയും ധാരണയുമാണ് അദ്ദേഹം കാട്ടുന്നത്. വിവാദങ്ങളില്‍ചെന്ന് പെടാതെയും പൊരുത്തക്കേടുകള്‍ക്ക് നടുവിലും മുന്നണി സംവിധാനത്തെ ഇത്രയും കാലം പിടിച്ചുലക്കാതെയും മുന്നോട്ടുപോകാന്‍ അദ്ദേഹം കാട്ടിയ വൈഭവം ചൂണ്ടിക്കാണിക്കാതെവയ്യ. എല്ലാ മുന്‍വിധികളും തകിടംമറിച്ച സര്‍ക്കാറാണിത്. രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ആത്യന്തിക ഫലം മാത്രമാണിത്. പിന്നാക്കക്കാരന് ഭരിക്കാനറിയുമോ എന്ന് ചോദിക്കാന്‍ വെമ്പിയ മേലാളന്മാര്‍ക്ക് കണക്കിന് മറുപടി കൊടുത്ത സര്‍ക്കാറാണിത്. റെയില്‍വേയെ മഹാവിജയമാക്കിയ ലാലുപ്രസാദ് യാദവിനെ സംഭാവന ചെയ്ത മുന്നണിയാണിത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലക്ക് തന്നെയേല്‍പിച്ച ചുമതല ഇ. അഹമ്മദ് ദുരുപദിഷ്ടമായ മറ്റൊരു മുന്‍വിധികൂടി തിരുത്തിക്കുറിച്ചു.

ദുസ്സഹമായ നാണയപ്പെരുപ്പം മാത്രമാണ് എടുത്തുപറയാവുന്ന കോട്ടം. ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയപോലെ ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നും താമസംവിനാ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഒരുപക്ഷേ, അടുത്ത വിളവെടുപ്പിനുശേഷം നാണയപ്പെരുപ്പ നിരക്ക് ഏഴു ശതമാനം വരെയെങ്കിലും താഴ്ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രസ്തുത സാഹചര്യത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമായ ലീഗിന് യു.പി.എയുടെ പ്രകടനത്തില്‍ മതിപ്പാണുള്ളത്. ഈ സംവിധാനം കുറ്റമറ്റ രീതിയില്‍ കേരളത്തിലേതുപോലെ തുടര്‍ന്നുപോകണമെന്നും സംഘടന ആഗ്രഹിക്കുന്നു. രാജ്യത്തിനും സമുദായത്തിനും അനുപേക്ഷണീയമാണ് ഈ നയരൂപവത്കരണം എന്നും സംഘടന കരുതുന്നു. വര്‍ഗീയ ഫാഷിസം ആഭ്യന്തരമായി ചെറുത്തുതോല്‍പിക്കാന്‍ കേരളത്തില്‍ മുസ്ലിംകള്‍ വളര്‍ത്തിയെടുത്ത സംഘശക്തിയാണ് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍നിന്ന് ഭിന്നമായി കേരളീയ സാമാജികഘടനയെ അനുകൂലമായി മാറ്റിയെടുത്തതെങ്കില്‍ അതേ രാഷ്ട്രീയശക്തി ദേശീയമായി വളര്‍ത്തിയെടുക്കുകയാണ് അവലംബിക്കാവുന്ന ആയുധമെന്ന ലീഗിന്റെ സുചിന്തിതമായ വാദം ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിക്കുമെന്ന ഉത്തമ വിശ്വാസംപാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് ഈ വീക്ഷണം ജനകീയ കോടതിയില്‍ വിശദീകരിക്കാന്‍ സംഘടനക്ക് അഭിമാനമേയുള്ളൂ. അതിനാല്‍ രാഷ്ട്രീയമായ സത്യസന്ധതയെന്ന നിലക്കും നയപരമായ ബാധ്യതയെന്ന നിലക്കും വിശ്വാസവോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാറിനനുകൂലമായി വോട്ട് ചെയ്യുന്നതില്‍ നേരിയ അസാംഗത്യം പോലുമുണ്ടെന്ന് ആര്‍ക്കും പറയാനാവില്ല.

ആണവകരാറിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. അമേരിക്കന്‍ നയങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. അന്യരാജ്യങ്ങളോട് രണ്ടാംലോക യുദ്ധത്തിനുശേഷം അമേരിക്ക അനുവര്‍ത്തിക്കുന്ന നയം പ്രതിലോമപരമാണ്, മനുഷ്യത്വ രഹിതവും. അതുകൊണ്ടാണ് ആണവകരാറിന്റെ കാര്യത്തില്‍ ശക്തമായ വിവാദങ്ങള്‍ അണപൊട്ടിയൊഴുകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിലപിടിച്ച വിഭവങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക താല്‍പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി കൊള്ളയടിക്കാനാണ് ശ്രമം. ശാസ്ത്ര സാങ്കേതിക രംഗത്തെ മികവ് അമേരിക്ക ദുരുപയോഗം ചെയ്യുന്നു. ബഹുരാഷ്ട്ര കുത്തകകളുടെ മ്ലേച്ഛമായ ലാഭക്കൊതിയില്‍ ഊന്നിയ ഒരു ലോകവിപണിക്കുവേണ്ടി ചരടുവലിക്കുന്ന അമേരിക്കയെ മൂന്നാംലോകം സംശയത്തോടെ നോക്കുന്നത് അമേരിക്കയുടെ നയംമാറ്റംകൊണ്ട് മാത്രമേ മാറ്റിയെടുക്കാന്‍ കഴിയൂ. ജനായത്ത സംവിധാനത്തില്‍ ജനാഭിപ്രായം ഏതു ഭരണകൂടവും മുഖവിലക്കെടുക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കണക്കിലെടുക്കാത്തതെന്ത്? ഇത്രയുംകാലം സര്‍ക്കാറിന്റെ കൂടെനിന്നവരുടെ പിന്തുണപോലും നഷ്ടപ്പെട്ടിരിക്കെ കരാറുമായി മുന്നോട്ടുപോകാനുള്ള എന്ത് അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലവില്‍ ഉള്ളത്. കോണ്‍ഗ്രസിന് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പോവട്ടെ, കേവലഭൂരിപക്ഷം പോലും ഇല്ലാതിരിക്കെ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കത്തിന് എന്ത് ന്യായീകരണം പറയും.

അമേരിക്കയും ഇന്ത്യയും പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുന്ന സന്ദര്‍ഭത്തില്‍ ഇത്ര പ്രധാനപ്പെട്ടതും വിവാദങ്ങള്‍ അടങ്ങാത്തതുമായ ഒരു കരാറുമായി മുന്നോട്ടുപോകുന്നതിന് ധാര്‍മികമായ അവകാശമുണ്ടോ? അമേരിക്കയുമായി ആണവകരാറില്‍ വരുന്നതോടെ രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധി പൂര്‍ണമായി അവസാനിക്കുകയും ഊര്‍ജ ഭദ്രതയും സ്വാതന്ത്യ്രവും കൈവരുകയും ചെയ്യുമോ? ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലക്ക് യൂറേനിയം കുത്തക രാജ്യങ്ങളില്‍ ഒന്നായ ആസ്ത്രേലിയ ആണവ ഇന്ധനം നമുക്ക് തരില്ലെന്ന് തീര്‍ത്തുപറഞ്ഞിരിക്കെ നാം വലിയൊരു കെണിയില്‍ ചെന്ന് വീഴുമെന്ന ആശങ്ക അപ്പാടെ തള്ളിക്കളയാനാവുമോ? അമേരിക്ക നാളെ പണിയുന്ന ചതിക്കുഴിയുടെ ഫലമായി എന്‍.എസ്.ജി ഗ്രൂപ്പ് നാടുകള്‍ നമ്മുടെ ആവശ്യങ്ങള്‍ നിരാകരിക്കുകയും അമേരിക്കയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്താല്‍ നമുക്ക് പല വിഷയങ്ങളിലും കനത്ത വില നല്‍കേണ്ടിവരുമെന്ന വാദം നിരര്‍ഥകമെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ അമേരിക്കയെ അടുത്തറിയുന്നവര്‍ക്ക് കഴിയുമോ? നമ്മുടെ ശാസ്ത്രകാര സമൂഹം ആണവകരാറിന്റെ കാര്യത്തില്‍ ഒന്നാകെ സര്‍ക്കാറിന്റെ വാദത്തെ പിന്തുണക്കുന്നുണ്ടെന്ന് അവകാശപ്പെടാനാകുമോ? വാജ്പേയിയുടെ ഉപദേശകനായിരുന്ന ബ്രിജേഷ് ശര്‍മയും മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാമും അനുകൂലിച്ചതുകൊണ്ട് ആണവ കരാറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പൊതുവികാരം ഏകോപിതമാണെന്ന് ആര്‍ക്കാണ് പറയാനാവുക? അമേരിക്കന്‍ ഭരണകൂട ചെയ്തികളെ ആ നാടിനെ ആക്ഷേപിക്കാന്‍ കാരണമാകരുതെന്നും ആ ജനതയെ ഒന്നടങ്കം സംശയിക്കരുതെന്നുമുള്ള വാദം ശരിയാണ്. എന്നാല്‍, റൊണാള്‍ഡ് റീഗനുശേഷം അമേരിക്ക തീവ്രവലതുപക്ഷത്തേക്ക് ചായുകയാണെന്നും അമേരിക്കയിലെ തീവ്രവലതുപക്ഷ മതവെറിയരുംസയണിസ്റ്റുകളും കൈകോര്‍ക്കുകയാണെന്നും അതിന്റെ ദുരന്തമാണ് ലോകം ഇന്ന് അനുഭവിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയാനാവില്ല. ലോക ക്രമത്തെ അപായകരമാംവിധം പിന്നോട്ടടിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. സീനിയര്‍ ബുഷും ജൂനിയര്‍ ബുഷും ഡിക്ചെനിയും കാള്‍റോവും ചേര്‍ന്ന് മാനവികതയുടെ വിശാലതയും മാനുഷികതയുടെ മര്‍മരവും കെടുത്തിക്കളഞ്ഞിരിക്കുകയാണ്. ഫലസ്തീനി ജനതയോട് അമേരിക്ക കാട്ടുന്ന വഞ്ചന ലോകത്തിന് മറക്കാനോ പൊറുക്കാനോ കഴിയുമോ? ഇറാഖിലും അഫ്ഗാനിസ്ഥാനിലും നിപരാധികളായ പക്ഷങ്ങളുടെ ചോരയൊഴുക്കുകയും അവരുടെ സ്വാതന്ത്യ്രം പിച്ചിച്ചീന്തുകയുംചെയ്യുന്ന അമേരിക്കയുടെ ക്രൂരതക്കെതിരായ ജനവികാരം ഏത് സുത്രവാക്യം ഉപയോഗിച്ച് അധികാരികള്‍ക്ക് മറച്ചുപിടിക്കാനാവും?

ഇന്ത്യയെ സഹായിക്കാന്‍ മാത്രമായി അമേരിക്ക ഒരു കരാര്‍ ചമക്കുകയില്ലെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറയാനാവുമോ? പലപ്പോഴും ഇന്ത്യക്കെതിരെ പാക്കിസ്ഥാനെ സഹായിക്കുന്ന അമേരിക്കയുമായി ഉണ്ടാക്കുന്ന കരാര്‍ രാജ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്തുമെന്ന ആശങ്ക ഒറ്റയടിക്ക് തള്ളിക്കളയാനാകുമോ? നമ്മുടെ സ്വതന്ത്ര വിദേശനയം അപചയത്തിന് വിധേയമാകുമെന്ന നിഗമനം അസ്ഥാനത്താണോ? അമേരിക്ക ലോകത്ത് കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഏകധ്രുവലോക ഘടന നവസാമ്രാജ്യത്വത്തിന്റെ ഭീഷണമായ രൂപമാണ്. അമേരിക്കന്‍ ഭരണകൂടം സ്വന്തം നാട്ടുകാര്‍ക്ക് സ്വാതന്ത്യ്രവും സുഭിക്ഷതയും ഒരുക്കിക്കൊടുത്ത് ബോധം കെടുത്തിയിട്ടിട്ട് ലോകരാഷ്ട്രങ്ങളുടെ സ്വാതന്ത്യ്രം തകിടം മറിക്കുന്നതിന് ഏത് നെറികേടും അവലംബിക്കുമ്പോള്‍ അമേരിക്കന്‍ മേധാവിത്വത്തിന് ഇന്ത്യയെ പാകപ്പെടുത്തിയെടുക്കാന്‍ വളഞ്ഞ വഴിയിലൂടെ അമേരിക്ക ശ്രമിക്കുമെന്ന ആരോപണം നിസ്സാരമായി കാണാനാവില്ല. സമയം തീര്‍ന്നു, സമയം തീര്‍ന്നു എന്നുപറഞ്ഞ് അമേരിക്ക നമ്മെ വിരട്ടുകയും സഖ്യകക്ഷികളെപ്പോലും അകറ്റി കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ തിടുക്കം കാട്ടുകയും ചെയ്യുമ്പോള്‍ അസ്വാഭാവികത അനുഭവപ്പെടുന്നു എന്ന് വിളിച്ചുപറയുന്നത് ഒരു പാതകമാകുമോ? രാജ്യത്തെ വലിയൊരു വിഭാഗംജനങ്ങളുടെ ആശങ്കയാണ് ലീഗ് പങ്കുവെക്കുന്നത്. 2007 സെപ്റ്റംബര്‍ രണ്ടാം തീയതി ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ സമിതി എടുത്ത തീരുമാനം അനുസരിച്ചാണ് ഇപ്പോഴത്തെ അടിയന്തര സ്വഭാവം പരിഗണിച്ച് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വികാരം മാനിക്കപ്പെടുന്നില്ലെങ്കില്‍ ആണവ കരാറിന്റെ കാര്യത്തില്‍ ശക്തമായ തീരുമാനം എടുക്കേണ്ടിവരുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ വസ്തുതകളുടെ പശ്ചാത്തലത്തിലും ഇടത് പാര്‍ട്ടികളുടെ തീരുമാനം വിമര്‍ശന വിധേയമാണ്. സംഘടനാ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് അവര്‍ നടത്തിയിരിക്കുന്നത്. അന്തര്‍ദേശീയ ആണവ സമിതിയുമായി ചര്‍ച്ചനടത്താന്‍ നേരത്തേ സര്‍ക്കാറിന് പച്ചക്കൊടി കാട്ടിയശേഷം ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ച് രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചതില്‍ വിശ്വസനീയത കുറവാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഇടതു പാര്‍ട്ടികളുടെയും അംഗസംഖ്യ കുറയുമെന്ന കാര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സംശയമില്ല. നന്ദിഗ്രാം സംഭവം ബംഗാളില്‍ അവര്‍ക്ക് നഷ്ടങ്ങള്‍ വരുത്തും. പ്രവചനാതീതമാണ് ബംഗാളിലെ രാഷ്ട്രീയ സ്ഥിതിയെന്ന് വ്യക്തമാണ്. കേരളത്തിലാവട്ടെ സാധാരണ രാഷ്ട്രീയ കാലാവസ്ഥയില്‍ പോലും ഇന്നത്തെ അംഗസംഖ്യ നിലനിര്‍ത്താനാവില്ല. അതിന്റെ ഫലം ലോക്സഭയില്‍ ഒരുപക്ഷേ, അവരുടെ നിര്‍ണായകമായ സ്വഭാവം ചോര്‍ന്നു പോകലായിരിക്കും. ആ കുറവ് പരമാവധി ലഘൂകരിക്കാന്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന ഏതെങ്കിലും പൊള്ളുന്ന വിഷയത്തിന്റെ തണല്‍ അവര്‍ക്കാവശ്യമുണ്ട്. അത് മുന്‍കൂട്ടി കണ്ടിട്ടാണ് ഇടതുപാര്‍ട്ടികള്‍ മറുകണ്ടം ചാടിയതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ലീഗിന്റെ തീരുമാനം ജനങ്ങള്‍ വിലയിരുത്തുമെന്ന് ഉറപ്പാണ്.

2 comments:

ജനശബ്ദം said...

ആണവ കരാറും മുസ്ലിംലീഗും
ടി.എ. അഹ്മദ് കബീര്‍

മറുപക്ഷം said...

യാദാർത്ഥ്യങ്ങൾ ഭംഗിയായി മൂടിവെച്ച്കൊണ്ട്‌ ഉള്ള ഈ വിശദീകരണക്കുറിപ്പ്‌ നന്നായിരിക്കുന്നു.ജനസംഖ്യപെരുകുന്നത്‌ നിയന്ത്രിക്കുവാൻ കഴിഞ്ഞാൽ ഇന്ത്യക്ക്‌ വൻ കുതിപ്പാണ്‌ ഉണ്ടാകുക. ഇന്ത്യയുടേയും ചൈനയുടേയും കുതിപ്പ്‌ ആഗോളതലത്തിൽ തകർന്നുകൊണ്ടിരിക്കുന്ന പലവങ്കിടശക്തികൾക്കും സഹിക്കില്ല.സ്വന്തമായി വികസിപ്പിക്കുവാനും സ്വതന്ത്രമായ തീരുമാനനങ്ങൾ എടുക്കുന്നതിനും ഉള്ള വിലക്കുകൾ ആണ്‌ ആണവകരാർ ഇന്ത്യക്ക്‌ നൽകാൻ പോകുന്നത്‌.
കേവലം സമുദായ താൽപര്യവും രാഷ്ടീയ താൽപര്യവും വചുപുലർത്തുന്ന പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും ജനങ്ങൾക്കു മുമ്പിൽ തിരഞ്ഞെടുപ്പിനെ നേരിടുവാൻ വേണ്ടി ഇത്തരം വാദങ്ങൾ ഉന്നയിക്കാം. പക്ഷെ യാദാർത്ഥ്യങ്ങൾ വരും തലമുറ നേരിടേണ്ടിവരും