Sunday, July 20, 2008

അധ്യാപകനെ ചവിട്ടിക്കൊന്ന കൊലയാളിസംഘത്തിന്ന് ചരിത്രം മാപ്പ് കൊടുക്കില്ല.

അധ്യാപകനെ ചവിട്ടിക്കൊന്ന കൊലയാളിസംഘത്തിന്ന് ചരിത്രം മാപ്പ് കൊടുക്കില്ല.


മുസ്ളിംയൂത്ത് ലീഗുകാര്‍ ക്രൂരമായി കൊന്ന അധ്യാപകന് കണ്ണീരോടെ അന്ത്യാഞ്ജലി.



മുസ്ളിംയൂത്ത് ലീഗുകാര്‍ ക്രൂരമായി കൊന്ന മലപ്പുറം വാലില്ലാപ്പുഴ എഎം എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന് കണ്ണീരോടെ അന്ത്യാഞ്ജലി. ഭാര്യ മേരിക്കുട്ടി, മക്കളായ നീത, നിഖില്‍, അച്ഛനമ്മമാരായ അഗസ്റ്റിന്‍, ഏലിക്കുട്ടി എന്നിവരുടെ കണ്ണീരും വിലാപവും നിറഞ്ഞ ശോകമൂകമായ എടക്കരവീട്ടില്‍നിന്ന് വൈകിട്ട് അഞ്ചിനാണ് മൃതദേഹം പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയത്. ആയിരക്കണക്കിന് ബഹുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും മന്ത്രിമാരടക്കമുള്ള പൊതുപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ തോട്ടുമുക്കം സെന്റ്തോമസ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ മൃതദേഹം സംസ്കരിച്ചു. താമരശേരി രൂപതാ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, പള്ളിവികാരി ഫാദര്‍ പോള്‍ പുത്തന്‍പുര തുടങ്ങിയ പുരോഹിതര്‍ അന്ത്യോപചാര കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സ്കൂളുമായോ വിദ്യാഭ്യാസവുമായോ ഒരു ബന്ധവുമില്ലാത്ത തെമ്മാടിക്കൂട്ടമാണ് മലപ്പുറം വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ് അഗസ്റ്റിന്‍ എന്ന നാല്‍പത്താറുകാരനെ ചവിട്ടിക്കൊന്നത്. കേരളചരിത്രത്തിലെ ഏറ്റവും നാണംകെട്ട സമരം പരാജയപ്പെട്ടപ്പോള്‍ മുഖംരക്ഷിക്കാനായി സംസ്ഥാനവ്യാപക അക്രമം ആസൂത്രണംചെയ്ത യുഡിഎഫ് നേതൃത്വമാണ് ഈ ഗുരുഹത്യക്ക് ഉത്തരവാദികള്‍. യൂത്ത്ലീഗിന്റെ കൊടിയുംപിടിച്ച് ക്ളസ്റ്റര്‍യോഗത്തിലേക്ക് പാഞ്ഞുകയറിയവരെ പൊതുപ്രവര്‍ത്തകരെന്നോ മനുഷ്യകുലജാതരെന്നോ വിളിക്കാനാവില്ല. മനുഷ്യമൃഗങ്ങളുടെ സംഘമാണത്. അതല്ലെങ്കില്‍, കുഞ്ഞുങ്ങളെ എന്തെല്ലാം പഠിപ്പിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും പരിശീലിക്കാന്‍ അവധിദിവസത്തില്‍ ഒത്തുകൂടിയ അധ്യാപകര്‍ക്കുനേരെ പേപ്പട്ടികളെപ്പോലെ പാഞ്ഞടുക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് രാഷ്ട്രീയക്കളിക്ക് മത-ജാതി-പിന്തിരിപ്പന്മാരെ രംഗത്തിറക്കാന്‍ യുഡിഎഫ് ആസൂത്രണംചെയ്ത ആഭാസനാടകമാണ് പാഠപുസ്തകസമരമെന്ന പേരില്‍ കഴിഞ്ഞ നാളുകളില്‍ കേരളത്തിന്റെ സ്വസ്ഥത കെടുത്തിയത്. ജനാധിപത്യ സംവിധാനത്തില്‍ ഏവരും അംഗീകരിക്കുന്ന സമരമാര്‍ഗങ്ങളല്ല യുഡിഎഫ് പയറ്റിയത്. ചരിത്രത്തില്‍ ഇന്നുവരെയില്ലാത്തവിധം പാഠപുസ്തകങ്ങള്‍ തെരുവിലിട്ട് ചുട്ടു ചാമ്പലാക്കാന്‍വരെ തയ്യാറായി അവര്‍. പൊലീസുകാരുടെ മെക്കിട്ടുകയറാനും പൊതുമുതല്‍ നശിപ്പിക്കാനും സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനും സ്കൂളുകളില്‍ പാഞ്ഞുകയറി ക്ളസ്റ്റര്‍യോഗങ്ങള്‍ അലങ്കോലപ്പെടുത്താനും യുഡിഎഫിന്റെ സമരവേതാളങ്ങള്‍ക്ക് മടിയുണ്ടായില്ല. എന്നാല്‍, പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങളോട് തീര്‍ത്തും ജനാധിപത്യപരമായ പ്രതികരണമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരില്‍ നിന്നുണ്ടായത്. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച അനുവദിച്ചു. പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന് വിദ്യാഭ്യാസമന്ത്രി പലവട്ടം വ്യക്തമാക്കി. വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന സമിതിയെ പാഠപുസ്തകം പരിശോധിക്കാനായി നിയോഗിച്ചു. ആ സമിതിയുടെ ശുപാര്‍ശകള്‍മാത്രമല്ല, യുഡിഎഫ് നിയോഗിച്ച ബദല്‍സമിതിയുടെ അഭിപ്രായങ്ങള്‍കൂടി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രഖ്യാപിച്ചു. വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെയും കരിക്കുലം കമ്മിറ്റി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ ബുക്ക്ലെറ്റുകള്‍ അച്ചടിച്ച് ഉടന്‍ സ്കൂളുകളിലെത്തിക്കാന്‍ പോകുന്നു. മതനിരപേക്ഷമൂല്യങ്ങളോട് താല്‍പ്പര്യമുള്ള, വിദ്യാര്‍ഥികളുടെ വിജ്ഞാനവളര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്ന എല്ലാവരും ഈ നടപടികളെ സ്വാഗതംചെയ്യുകയാണ്. അത്ഭുതകരമെന്നു പറയട്ടെ, ഒരുതരത്തിലുള്ള പരിഹാരശ്രമത്തിലും താല്‍പ്പര്യംകാട്ടാതെ, ചര്‍ച്ചയ്ക്കു നില്‍ക്കാതെ ഏകപക്ഷീയമായി സമരം തുടരാനാണ് യുഡിഎഫ് തയ്യാറായത്. തുടക്കത്തില്‍ പ്രക്ഷോഭരംഗത്തുവന്ന പല പ്രമുഖ മതസംഘടനകളും സര്‍ക്കാര്‍ സമീപനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രശ്നം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്ന വിവേകപൂര്‍ണമായ നിലപാട് സ്വീകരിച്ചു. അനാവശ്യ സമരത്തിനെതിരായ ജനവികാരം മൂര്‍ധന്യത്തിലെത്തുകയും ഈ സമരത്തിന്റെ മറവില്‍ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തങ്ങള്‍ പലതും മറച്ചുവയ്ക്കാനുള്ള പദ്ധതി ദയനീയമായി പൊളിയുകയും ചെയ്തപ്പോഴാണ് അധ്യാപകനെ കൊന്നിട്ടുപോലും സമരം തുടരാനുള്ള മാനസികാവസ്ഥയില്‍ യുഡിഎഫ് എത്തിയത്. ലീഗുകാര്‍ ചവിട്ടിക്കൊന്ന അധ്യാപകന്‍, കോഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയുവിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. ഹെഡ്മാസ്റ്റര്‍മാരുടെ പ്രത്യേക സംഘടനയായ കെപിപിഎച്ച്എ അംഗവുമാണ്. രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള യുഡിഎഫിന്റെ അക്രമത്തില്‍ ആ മുന്നണിയോടൊപ്പം നില്‍ക്കുന്ന, ജനങ്ങളുടെ ആദരവിനും സ്നേഹത്തിനും പാത്രമായ ഒരധ്യാപകന്റെ ജീവനാണ് നഷ്ടപ്പെട്ടത് എന്നര്‍ഥം. യൂത്ത്ലീഗ് കിഴിശേരി പഞ്ചായത്ത് പ്രസിഡന്റ് അലവിക്കുട്ടി, സെക്രട്ടറി മുത്തലിബ്, ട്രഷറര്‍ മുള്ളന്‍ സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധവും ആക്രമണവും കൊലപാതകവുമുണ്ടായത്. ജെയിംസ് അഗസ്റ്റിനെ അതിക്രൂരമായി നിലത്തിട്ട് ചവിട്ടുകയും തല്ലുകയും ചെയ്തതായി കൂടെയുണ്ടായിരുന്ന അധ്യാപകര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ സംഭവത്തോട് പ്രതികരിച്ച രീതിയില്‍നിന്നുതന്നെ, അവര്‍ക്ക് ഈ കൊലപാതകത്തിലുള്ള ഉത്തരവാദിത്തം തെളിഞ്ഞുകാണുന്നുണ്ട്. 'മരണകാരണം കണ്ടെത്തുന്നതിനു മുന്‍പ് മുന്‍കൂട്ടി പ്രതികളെ പ്രഖ്യാപിച്ചാല്‍ അംഗീകരിക്കില്ല' എന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 'രാവിലെ 10 മണിയോടെ അടികൊണ്ട അധ്യാപകന്‍ വൈകിട്ട് മൂന്നുമണിയോടെ മരിച്ചതില്‍ ദുരൂഹതയുണ്ട്' എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാകട്ടെ, 'സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനു പകരം സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് അപകടകരമാണ്' എന്നാണ് ആശങ്കപ്പെടുന്നത്. സ്വന്തം അനുയായികളെ ഒത്താശചെയ്ത് പറഞ്ഞയച്ച് കൊലനടത്തിച്ച നേതാക്കള്‍ക്കുമാത്രമേ ഇത്രയും കാപട്യജടിലമായ ന്യായവാദങ്ങള്‍ നിരത്താനാവൂ. ഹെഡ്മാസ്റ്ററുടെ കൊലപാതകത്തില്‍ തീര്‍ന്നില്ല യുഡിഎഫിന്റെ സമര പരാക്രമം. അധ്യാപകരുടെ ക്ളസ്റര്‍യോഗങ്ങള്‍ നടക്കുന്ന സ്കൂളുകളിലേക്ക് യൂത്ത് ലീഗ്, യൂത്ത് കോഗ്രസ് അക്രമികള്‍ സംസ്ഥാനവ്യാപകമായാണ് അക്രമം നടത്തിയത്. ഇടുക്കി ജില്ലയിലെ അടിമാലി ഗവ. ഹൈസ്കൂളില്‍ യൂത്ത് കോഗ്രസുകാര്‍ ക്ളാസില്‍ കയറി പിഞ്ചുവിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലി. ഏഴു കുട്ടികള്‍ പരിക്കേറ്റ് ആശുപത്രിയിലായി. പത്തനംതിട്ട, കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സാരമായ ആക്രമണങ്ങളാണുണ്ടായത്. ഇത് അക്ഷരവിരോധികളുടെ സമരമാണ്. അധികാരത്തോടുള്ള ആര്‍ത്തി മൂത്തവരുടെ ഭ്രാന്തന്‍ പരാക്രമമാണ്. സാംസ്കാരിക കേരളത്തിന് ഈ പേക്കൂത്ത് സഹിക്കാനാവില്ല. ക്ളസ്റ്റര്‍യോഗങ്ങള്‍ കലക്കാനെത്തിയ അക്രമിക്കൂട്ടങ്ങളെ തടുത്തുനിര്‍ത്താന്‍ നാട്ടുകാരും അധ്യാപക-രക്ഷാകര്‍തൃസമിതി പ്രവര്‍ത്തകരും തയ്യാറായ നിരവധി അനുഭവമുണ്ടായി. ഗുരുഹത്യയും നശീകരണവും പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരതയും കണ്ടുനില്‍ക്കാന്‍ ജനങ്ങള്‍ക്ക് മനസ്സില്ലെന്നതിന്റെ സൂചനയാണ് അത്തരം പ്രതിരോധങ്ങള്‍. ഈ സമരാഭാസക്കാരെ അമര്‍ച്ചചെയ്യുകതന്നെ വേണം. അവര്‍ ഒരുതരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല. ഗ്രാമീണരെ ആക്രമിക്കാന്‍ വരുന്ന കാട്ടുമൃഗത്തെ ബലംപ്രയോഗിച്ചു നേരിടണമെന്ന് മഹാത്മജിതന്നെ പറഞ്ഞിട്ടുണ്ട്്. കുഞ്ഞുങ്ങളെ ആക്രമിക്കാന്‍ വരുന്നവരെ സമരക്കാരായല്ല, കൊടും ക്രിമിനലുകളായിത്തന്നെയാണ് കാണേണ്ടതും നേരിടേണ്ടതും. ഈ നരാധമന്മാരെയും അവരുടെ രാഷ്ട്രീയനേതൃത്വത്തെയും സാമൂഹ്യമായി ഒറ്റപ്പെടുത്തണം. ഗവമെന്റിന്റെയും പൊലീസിന്റെയും ഏതു നടപടിക്കും പ്രബുദ്ധകേരളത്തിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. യൂത്ത് ലീഗ് അക്രമികളുടെ ചവിട്ടേറ്റ് മരിച്ച പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന് നല്‍കാവുന്ന യുക്തമായ ആദരം യുഡിഎഫിന്റെ അക്രമസമരത്തിനെതിരായ മുന്നേറ്റമാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.
ദേശാഭിമാനി






3 comments:

ജനശബ്ദം said...

മുസ്ളിംയൂത്ത് ലീഗുകാര്‍ ക്രൂരമായി കൊന്ന അധ്യാപകന് കണ്ണീരോടെ അന്ത്യാഞ്ജലി.

കാപ്പിലാന്‍ said...

എന്തിന്റെ പേരില്‍ ആയാലും ഇതിന്റെ ആളുകളെ കണ്ടെത്തി തക്ക ശിക്ഷ കഴിയുമെങ്കില്‍ വാങ്ങി കൊടുക്കാന്‍ കഴിയണം ,അല്ലാതെ ഈ പോസ്റ്റിനു യാതൊരു അര്‍ത്ഥവും ഇല്ല .

മാണിക്യം said...

ഒരധ്യാപകനെ കൊലപ്പെടുത്തിയ സംഭവം സാക്ഷര കേരളത്തിന്‌ അപമാനമാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങുക എന്ന് പറയുന്ന ഈ സംഭവം അങ്ങേയറ്റം നിന്ദ്യവും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ഒരധ്യാപകനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതാണെന്ന്‌ .
ഒരു അധ്യാപകനെ തല്ലിക്കൊന്ന സംഭവം നീതീകരിക്കാനാവില്ല.
'ബ്ലോഗില്‍ ഒരു കമന്റ് 'എന്ന് അല്ലാ ഞാന്‍ ഉദ്ദേശിക്കുന്നത് . മൂല്യങ്ങള്‍ , നമ്മുടെ സംസ്കാരം
കൈക്കുടുന്നയിലെ വെള്ളം പോലെ ചോര്‍ന്ന് പോകുന്നതു കാണുമ്പോള്‍ മനസാക്ഷി എന്നൊന്ന് ബാക്കിയുണ്ടല്ലോ!
ആ ഉള്ള പിടച്ചില്‍ ഒന്നു രേഖപ്പെടുത്തുകയാണ്.....
സ്നേഹാദരങ്ങളോടെ ♥മാണിക്യം♥