കോണ്‍ഗ്രസുകാരോട് വിനയപൂര്‍വ്വം
ജോസഫ് പുലിക്കുന്നേല്
ക്രൈസ്‌തവ വിദ്യാലയ മാനേജ്‌മെന്റുകള്‍ തന്ത്രപൂര്‍വം ആരംഭിച്ച പാഠപുസ്‌തകവിവാദം കോണ്‍ഗ്രസ് ഏറ്റെടുത്തതില്‍, ഒരു പഴയ കോണ്‍ഗ്രസുകാരനെന്ന നിലയില്‍ എനിക്ക് അത്ഭുതവും സങ്കടവും തോന്നി. ഇന്ത്യ ലക്ഷ്യമാക്കുന്ന മതേതരത്വദര്‍ശനവും ന്യൂനപക്ഷാവകാശസംരക്ഷണവുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കന്മാരുടെ ചിന്താസന്താനങ്ങളായിരുന്നു. മതേതരത്വത്തെ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നിലനിര്‍ത്തുന്നതിലും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശം യഥാര്‍ത്ഥ അവകാശികളായ ന്യൂനപക്ഷസമൂഹങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്‌ട്രീയമായ കടമയുണ്ട്.കോണ്‍ഗ്രസും വിദ്യാഭ്യാസരംഗവുംഞാന്‍ ചരിത്രത്തിലേയ്‌ക്ക് ഒന്നു തിരിഞ്ഞുനോക്കട്ടെ. സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലത്താണ് ആദ്യമായി പ്രൈമറി വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയെന്ന നിലയില്‍ ഗവണ്മെന്റ് ഏറ്റെടുക്കണമെന്നും അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കണമെന്നുമുള്ള നയം ആവിഷ്‌ക്കരിച്ചത്. സര്‍ സി പിയുടെ രാഷ്‌ട്രീയനയങ്ങളെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസിലെ എന്‍ ശ്രീകണ്‌ഠന്‍ നായരെപ്പോലുള്ള ഉല്‍പതിഷ്‌ണുക്കള്‍ സി പി യുടെ വിദ്യാഭ്യാസനയത്തെ അന്ന് അനുകൂലിച്ചു. അന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന പട്ടം താണുപിള്ളവരെ ഈ നയത്തെ അനുകൂലിച്ചു. എന്നാല്‍ അന്ന് രാഷ്‌ട്രീയകാരണങ്ങളാല്‍ വിദ്യാലയമാനേജ്‌മെന്റുകളുടെ സമരത്തെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. സി പിയുടെ വിദ്യാഭ്യാസനയം ശരിയാണെന്നും എന്നാല്‍ അത് നടപ്പിലാക്കേണ്ടത് ഒരു ജനാധിപത്യ ഗവണ്മെന്റാണെന്നുമായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടുകയും തിരു-കൊച്ചി സംയോജിച്ചൊരു സംസ്ഥാനമായിത്തീരുകയും ചെയ്‌തപ്പോള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഗവണ്മെന്റ് 1952-ല്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി പനമ്പള്ളി പദ്ധതി ആവിഷ്‌കരിച്ചു. ഇതിനെ അന്ന് മാനേജ്‌മെന്റുകള്‍ ശക്തമായി എതിര്‍ത്തു. 1958-ലെ വിദ്യാഭ്യാസബില്ലിനെയും ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍ മുച്ചൂടും എതിര്‍ത്തു. രാഷ്‌ട്രീയമായ കാരണങ്ങളാല്‍ അന്ന് മാനേജ്‌മെന്റിന്റെ അവകാശവാദങ്ങളെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അന്നുമുതല്‍ ഇന്നുവരെ ഒരു ഗവണ്മെന്റും - കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും - പുരോഹിതരുടെ വിദ്യാലയസാമ്രാജ്യത്തെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിനെ ഈ കുത്തകകള്‍ ശക്തമായി എതിര്‍ത്തു. 1972-ല്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി ബില്‍ അവതരിപ്പിച്ചപ്പോഴും സംഘടിത സഭാധികാരം അതിനെ എതിര്‍ക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും സ്വാശ്രയവിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിന് ബില്ല് കൊണ്ടുവന്നപ്പോള്‍ ഈ വിദ്യാഭ്യാസകച്ചവടക്കാര്‍ ശക്തമായി എതിര്‍ത്തു എന്ന് ഓര്‍ക്കുക.പൗരന്മാരുടെ ചിന്താ സ്വാതന്ത്ര്യം സംരക്ഷിക്കുമെങ്കില്‍ മാത്രമേ ഒരു ജനാധിപത്യവ്യവസ്ഥിതിക്ക് സുഗമമായി പ്രവര്‍ത്തിക്കാനാവൂ എന്ന് കോണ്‍ഗ്രസ് കണ്ടു. കേന്ദ്രീകൃതമായ സാമ്പത്തികശക്തി നിലനിന്നാല്‍ പൗരസ്വാതന്ത്ര്യത്തിന്റെ ലംഘനമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കറിയാമായിരുന്നു. അങ്ങനെയാണ് നാട്ടുരാജാക്കന്മാര്‍ക്കും ജന്മിസമ്പ്രദായത്തിനുമെതിരെ കോണ്‍ഗ്രസ് നീങ്ങിയത്. ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയെ നിയന്ത്രിക്കുന്ന ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ദേശസാല്‍ക്കരിച്ചുകൊണ്ട് കോണ്‍ഗ്രസ് സാമ്പത്തിക കേന്ദ്രീകരണത്തിന് തടയിടുകയുണ്ടായി. കേരളത്തിലെ 60 ശതമാനത്തോളം വിദ്യാലയങ്ങളുടെ മാനേജ്‌മെന്റ് ക്രൈസ്‌തവമതാധികാരികളുടേതാണ്. ഇന്ന് വിദ്യാഭ്യാസരംഗം വമ്പിച്ച കച്ചവടമേഖലയായി മാറിക്കഴിഞ്ഞു എന്ന് അറിയാത്ത കോണ്‍ഗ്രസുകാരില്ല. ഇതിനെതിരെ ചെറുവിരലനക്കിയാല്‍ അതിന് തടയിടുന്നതിന് പണം വാരിയെറിഞ്ഞ് സമരങ്ങള്‍ നടത്താന്‍ സഭാധികാരത്തിന് കഴിയും. പുരോഗമനപരമായ എല്ലാ രാഷ്‌ട്രീയചിന്തകളെയും വിശകലനങ്ങളെയും നിയമനിര്‍മ്മാണത്തെയും മുഷ്‌ടിബലംകൊണ്ട് നേരിടാന്‍ മാത്രം ഇന്നത്തെ വിദ്യാഭ്യാസകച്ചവടക്കാര്‍ ശക്തരായിക്കഴിഞ്ഞു. ഇന്ത്യയുടെ ദേശീയലക്ഷ്യങ്ങളായ മതേതരത്വവീക്ഷണത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെങ്കില്‍ അതിനുള്ള പശ്ചാത്തലമൊരുക്കേണ്ടത് വിദ്യാലയങ്ങളിലാണ്. ഭരണഘടന 25, 26 വകുപ്പുകളില്‍ മതസ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും നല്‍കുന്നു. 1972-ലെ യൂണിവേഴ്‌സിറ്റി ബില്‍ പ്രക്ഷോഭണകാലത്ത് കെ എസ് യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും വിളിച്ചു പറഞ്ഞ മുദ്രാവാക്യം കേട്ടത് അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ക്രൈസ്‌തവരക്തം ഞങ്ങളിലില്ല, ഹൈന്ദവരക്തം ഞങ്ങളിലില്ല; മുസ്ലീം രക്തം ഞങ്ങളിലില്ല; ഞങ്ങളിലുള്ളത് മാനവരക്തം.? കോണ്‍ഗ്രസിന്റെ പുത്തന്‍ തലമുറ ഒരു പുത്തന്‍ രാഷ്‌ട്രീയ പരിതോവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള കുഴലൂത്തായാണ് അന്ന് അതിനെ എന്നെപ്പോലെയുള്ളവര്‍ കണ്ടത്. കെ എസ് യു വിനും യൂത്ത് കോണ്‍ഗ്രസിനും ജന്മം കൊടുത്തു നയിച്ച കോണ്‍ഗ്രസ് യുവാക്കന്മാര്‍ മതേതരത്വത്തിന്റെ വക്താക്കളായി മാറി. എം എ ജോണും, എ കെ ആന്റണിയും വയലാര്‍ രവിയുമെല്ലാം മതനിരപേക്ഷമായി വിവാഹം ചെയ്‌തു. വഴിവിട്ടുള്ള ഈ യാത്ര മതേതരത്വത്തിന്റെ ശക്തമായ സന്ദേശമാണ് യുവജനങ്ങള്‍ക്ക് നല്‌കിയത്. ഇവരെ രാഷ്‌ട്രീയമായി മുച്ചൂടും നശിപ്പിക്കുന്നതിന് കത്തോലിക്കാസഭാധികാരികള്‍ പരിശ്രമിച്ചതും ഓര്‍ക്കുന്നു. പക്ഷേ കേരളത്തിലെ ജനങ്ങളുടെ അന്തര്‍ദാഹമായിരുന്ന മതേതരസമൂഹസൃഷ്‌ടിക്ക് നേതൃത്വം നല്‍കിയ ഇവരില്‍ ചിലര്‍ക്കെങ്കിലും ഇന്ന് ഇന്ത്യയുടെ ഭരണചക്രം കൈയിലെടുക്കാന്‍ അവസരം ലഭിച്ചു. ഒരുകാലത്ത് പള്ളിയുടെ വക്താക്കളായി കോണ്‍ഗ്രസില്‍ പ്രവേശിച്ചവര്‍ പുത്തന്‍ നേതൃത്വത്തിന്റെ വരവോടെ കോണ്‍ഗ്രസില്‍നിന്നും പുറംതള്ളപ്പെട്ടു. അങ്ങനെ കോണ്‍ഗ്രസ് വീണ്ടും കേരള രാഷ്‌ട്രീയത്തില്‍ ശക്തമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍രാഷ്‌ട്രീയ പാര്‍ട്ടിയാണ്. അതുപോലെതന്നെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്‌ട്രീയ എതിരാളിയാണ്. പക്ഷേ ജനനന്മകരമായ നയങ്ങളും നിയമങ്ങളും കോണ്‍ഗ്രസ് ആവിഷ്‌കരിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കാലങ്ങളില്‍ പിന്തുണ നല്‌കിയിട്ടുണ്ട്. ജമീന്താരി നിര്‍മ്മാര്‍ജ്ജനം, ബാങ്കുകളുടെയും ഇന്‍ഷുറന്‍സിന്റെയും ദേശസാല്‍ക്കരണം മുതലായ നിയമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണ നല്‌കി എന്നോര്‍ക്കുക. കഴിഞ്ഞ 50 കൊല്ലക്കാലമായി കേരളത്തില്‍ രാഷ്‌ട്രീയ അസ്ഥിരത വിതയ്‌ക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികളെ കാലാകാലങ്ങളായി കടമെടുക്കുന്ന ഒരു വന്‍ശക്തിയായി പള്ളി അധികാരികള്‍ മാറിയിരിക്കുകയാണ്. എല്ലാ സാമൂഹ്യനീതിക്കും വിരുദ്ധമായി നിലകൊള്ളുന്ന ഈ വിദ്യാലയസെമിന്താരീവ്യവസ്ഥയ്‌ക്ക് കടിഞ്ഞാണിടാന്‍ പുരോഗമനവാദികളായ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തയ്യാറാവേണ്ടതല്ലേ? കെ എസ് യുക്കാരും യൂത്ത് കോണ്‍ ഗ്രസ്‌കാരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇവിടുത്തെ ക്രൈസ്‌തവര്‍ക്ക് ഈ വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ യാതൊരു പങ്കാളിത്തവുമില്ല. മാത്രമല്ല, കാനോന്‍നിയമത്തിലൂടെ കേരളത്തിലെ എല്ലാ പള്ളികളും സ്ഥാപനങ്ങളും മെത്രാന്മാര്‍ സ്വന്തമാക്കിയിരിക്കുകയുമാണ്. അവരിന്ന് യഥാര്‍ത്ഥത്തില്‍ നാട്ടുരാജാക്കന്മാരെപ്പോലെ സഭയുടെ സ്ഥാപനങ്ങളെയും സമ്പത്തിനെയും ഭരിക്കുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി ക്രൈസ്‌തവമതപുരോഹിതരാണ്. പട്ടണങ്ങളിലും ഗ്രാമാന്തരങ്ങളിലും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍വരെ പണിതും അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ സ്ഥാപിച്ചും ഒരു പുതിയ അരാഷ്‌ട്രീയസമ്പന്ന വര്‍ഗ്ഗത്തെ ഇവര്‍ സൃഷ്‌ടിക്കുകയാണ്. ഇതറിയുന്നവരാണ് ഈ തലമുറയിലെ യുവാക്കള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ യുവാക്കളെ ദേശീയവികാരത്തിലേക്ക് കൊണ്ടുവന്ന് വര്‍ഗ്ഗീയതയുടെ വേരറുക്കാനും മതപുരോഹിതരില്‍ കേന്ദ്രീകൃതമായ വിദ്യാഭ്യാസരംഗത്തെ രക്ഷിക്കാനും കോണ്‍ഗ്രസ് തയാറാകേണ്ടതല്ലേ? വിവാദ പാഠപുസ്‌തകത്തിലെ വിവാദഭാഗങ്ങള്‍ ഞാന്‍ വായിച്ചു. മതവിരുദ്ധമായ ഒറ്റ വാചകംപോലും അതില്‍ കണ്ടില്ല. പക്ഷേ ഒരു പുത്തന്‍ സമൂഹത്തിന്റെ സൃഷ്‌ടിക്കുവേണ്ടി തലമുറകളെ ബോധവല്‍ക്കരിക്കാന്‍ അത് ഉതകും. പക്ഷേ നമ്മുടെ ഈ സമൂഹത്തില്‍ മതേതരത്വത്തിന്റെ നിലനില്‍പാണ് രാഷ്‌ട്രലക്ഷ്യം. ഇത് മനസ്സിലാക്കി കോണ്‍ഗ്രസിലെ യുവജനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉണര്‍ന്നും ഉയര്‍ന്നും ചിന്തിക്കുന്ന യുവാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് ഒരു ആകര്‍ഷണകേന്ദ്രമല്ലാതെയാകും.കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതരരാഷ്‌ട്രീയ കക്ഷിയാണ്. മതേതരവ്യവസ്ഥയെ തകിടം മറിക്കുന്ന സാമൂഹ്യശക്തികള്‍ക്ക് ബലം കൊടുത്തുകൊണ്ട് ഇത്തരം സമരത്തെ സഹായിക്കുന്നത് ??മുതലയ്‌ക്ക് തീറ്റി കൊടുത്ത് ശക്തിപകരുന്നതുപോലെ അപകടകരമാണെന്ന് ഓര്‍ത്താല്‍ നന്ന്.
Subscribe to:
Post Comments (Atom)
No comments:
Post a Comment