കോണ്‍ഗ്രസിന്റെ കരങ്ങള്‍ അമേരിക്കയ്ക്കൊപ്പം: കാരാട്ട്
കോണ്‍ഗ്രസിന്റെ കരങ്ങള്‍ അമേരിക്കയ്ക്കൊപ്പമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 'കോഗ്രസിന്റെ കരങ്ങള്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം' എന്നായിരുന്നു മുദ്രാവാക്യം. ഇക്കുറി അത് 'കോണ്‍ഗ്രസിന്റെ കരങ്ങള്‍ അമേരിക്കയ്ക്കൊപ്പം' എന്നായിരിക്കുമെന്ന് കാരാട്ട് പരിഹസിച്ചു. യുപിഎ സര്‍ക്കാരിനെതിരെ ഇടതുപക്ഷത്തിന്റെ ദേശീയപ്രക്ഷോഭത്തിനും പ്രചാരണത്തിനും തുടക്കംകുറിച്ച് ഡല്‍ഹിയില്‍ നടന്ന റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ന്യൂനപക്ഷത്തിന്റെമാത്രം പിന്തുണയുള്ള ബുഷിന്റെ ആജ്ഞാനുവര്‍ത്തിയായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പിന്തുണ നഷ്ടമായ പ്രധാനമന്ത്രി രാജ്യത്തെ അമേരിക്കന്‍ ആധിപത്യത്തിലാക്കുകയാണ്. കരാറിനെ എതിര്‍ത്തിട്ട് ഇപ്പോള്‍ യുപിഎയുടെ സുഹൃത്തുക്കളായവര്‍ പശ്ചാത്തപിക്കേണ്ടിവരും. അമേരിക്കയുമായുള്ള ആണവകരാറും വിലക്കയറ്റം നിയന്ത്രിക്കുന്നതിലെ പരാജയവുമാണ് പിന്തുണ പിന്‍വലിക്കാന്‍ കാരണം. അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറാകാന്‍ കൂട്ടുനില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. വിശ്വാസവോട്ട് തേടിയതിനുശേഷംമാത്രമേ ഐഎഇഎയെ സമീപിക്കൂവെന്ന് പ്രണബ് മുഖര്‍ജി നല്‍കിയ വാഗ്ദാനം ലംഘിച്ചത് കരാര്‍ വേഗം നടപ്പാക്കണമെന്ന് ബുഷ് ആവശ്യപ്പെട്ടതനുസരിച്ചാണ്. ഇതേക്കുറിച്ച് രാജ്യത്തോട് വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനേക്കാള്‍ യുപിഎ സര്‍ക്കാരിന്റെ മുന്‍ഗണന അമേരിക്കയുമായുള്ള ചങ്ങാത്തത്തിനും ബുഷിന് നല്‍കിയ വാഗ്ദാനത്തിനുമാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെയും ലോകബാങ്കിന്റെയും തിട്ടൂരമനുസരിച്ചാണ് സര്‍ക്കാര്‍ പ്രവൃത്തിക്കുന്നത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാനുള്ള മറ്റൊരു കാരണം ഇതാണെന്ന് കാരാട്ട് പറഞ്ഞു. വര്‍ഗീയശക്തികളുമായി ചേര്‍ന്ന് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ താഴത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തെ കാരാട്ട് നിഷേധിച്ചു. 1989ല്‍ വി പി സിങ് സര്‍ക്കാരിനെയും ദേവഗൌഡ, ഗുജ്റാള്‍ സര്‍ക്കാരുകളെയും കോഗ്രസ് താഴത്തിറക്കിയത് ബിജെപിയുമായി ചേര്‍ന്നാണ്. വര്‍ഗീയശക്തികള്‍ക്കെതിരെ പൊരുതാന്‍ കോഗ്രസിന്റെ ഉപദേശം ഇടതുപക്ഷത്തിന് ആവശ്യമില്ല. ഇടതുപക്ഷം ഭരിക്കുന്ന മൂന്ന് സംസ്ഥാനത്തും ഒറ്റ എംഎല്‍എപോലും ബിജെപിക്കില്ലെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, പഞ്ചാബിലും ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും കര്‍ണാടകത്തിലും കോഗ്രസിന്റെ നയങ്ങളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. യുപിഎ അധികാരത്തില്‍ വന്നശേഷവും വര്‍ഗീയതയ്ക്കെതിരെ പൊരുതുന്നതില്‍ അലംഭാവം കാട്ടി. അമേരിക്കയുമായി ബിജെപി തുടങ്ങിവച്ച ബന്ധമാണ് കോഗ്രസ് വളര്‍ത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസവോട്ട് നേടാന്‍ സര്‍ക്കാര്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. 25 കോടി രൂപവരെയാണ് എംപിമാര്‍ക്ക് വാഗ്്ദാനംചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആണവകരാറിനെ തടയേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് കാരാട്ടും ബര്‍ദനും ഓര്‍മിപ്പിച്ചു. താപനിലയങ്ങളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് രണ്ടര രൂപയാണെങ്കില്‍ ആണവവൈദ്യുതിക്ക് അതിന്റെ ഇരട്ടിയിലധികം നല്‍കേണ്ടിവരും. കൃഷി, ചെറുകിടവ്യാപാരം, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ മേഖലയെയും സാമ്രാജ്യത്വം വിഴുങ്ങന്നതിന് വഴിയൊരുക്കുന്നതാണ് ആണവകരാറെന്നും അതിനാല്‍ അതിനെ ചെറുക്കണമെന്നും അവര്‍ പറഞ്ഞു.
മുസ്ലിം ലീഗ് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ അപ്രസക്തമായി. പിണറായി
മുസ്ലിം ലീഗ് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ അപ്രസക്തമായി. പിണറായി
കണ്ണൂര്‍: കേന്ദ്രമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍മാത്രം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മുസ്ളിംലീഗ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സമുദായനേതാക്കളുടെയും ബഹുഭൂരിപക്ഷം ജനങ്ങളുടെയും വികാരത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നതിലൂടെ ലീഗ് സമുദായതാല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണെന്ന് പിണറായി ദേശാഭിമാനിയോടു പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്യ്രത്തിനും എതിരാണ് ആണവകരാര്‍. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിമാത്രം ചിന്തിക്കുന്ന പാര്‍ടിയാണെന്നതാണ് ലീഗിന്റെ പ്രശ്നം. സമുദായതാല്‍പ്പര്യം ഉണ്ടായിരുന്നെങ്കില്‍ ബാബ്റിമസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന കോഗ്രസിന്റെ മന്ത്രിസഭയില്‍ തുടരില്ലായിരുന്നു. തകര്‍ത്തവരും അതിന് കൂട്ടുനിന്നവരും ഒരുപോലെ കുറ്റക്കാരാണ്. ഇതിലൂടെ ലീഗിന് വലിയ തകര്‍ച്ചയുണ്ട്. ഒപ്പംനിന്ന വലിയ വിഭാഗം അവരെ കൈവിട്ടു. ലീഗ് എല്ലാ ഘട്ടത്തിലും ശ്രമിച്ചത് മാര്‍ക്സിസ്റ് വിരോധം പ്രചരിപ്പിച്ച് അണികളെ ഒപ്പം നിര്‍ത്താനാണ്. എന്നാല്‍, ദീര്‍ഘകാലത്തെ അനുഭവത്തിലൂടെ മാര്‍ക്സിസ്റുകാരാണ് യഥാര്‍ഥ സുഹൃത്തുക്കളെന്ന് മുസ്ളിം ജനസാമാന്യം മനസ്സിലാക്കി. ആണവകരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത് മുസ്ളിമിന് എതിരാണോ എന്ന തരത്തിലല്ല ചര്‍ച്ചചെയ്യേണ്ടത്. ഇന്നത്തെ ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന ആക്രമണങ്ങളുടെ വെളിച്ചത്തിലാണ്. ഇറാഖില്‍ പത്തു ലക്ഷത്തോളം പേര്‍ കൊലചെയ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലും പലസ്തീനിലും കൂട്ടക്കൊല നടന്നു. ഇപ്പോള്‍ ഇറാനെ ആക്രമിക്കുമെന്നാണ് പറയുന്നത്. ലോകമാകെ അമേരിക്കന്‍ അക്രമത്തെ അപലപിക്കുകയാണ്. ഇന്ത്യയില്‍ ഇടതുപക്ഷം ഇതിനെതിരെ റാലികളും പ്രകടനങ്ങളും നടത്തി ബഹുജനങ്ങളെ അണിനിരത്തി. ലീഗിന് എന്തു ചെയ്യാന്‍ കഴിഞ്ഞു? ഇത്തരം നിലപാട് ഇടതുപക്ഷം സ്വീകരിക്കുന്നത് നാലുവോട്ടിനു വേണ്ടിയല്ല. സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനം ലോകസമാധനത്തിനു വേണ്ടിയുള്ളതുകൂടിയാണ്. അത് തുടരും. ഇടതുപക്ഷത്തിനെതിരെ ലീഗ് എന്ത് നിലപാടെടുത്താലും അവര്‍ക്കൊപ്പം അവശേഷിക്കുന്ന മുസ്ളിം ബഹുജനങ്ങളില്‍ നല്ലൊരുഭാഗം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇടതുപക്ഷത്തോടൊപ്പം ചേരും. ഒരു കേന്ദ്രമന്ത്രിസ്ഥാനവും അതുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന സൌകര്യവും കണക്കിലെടുത്തല്ല ലീഗ് രാഷ്ട്രീയനിലപാട് എടുക്കേണ്ടത്. അമേരിക്കന്‍ സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട കരാര്‍ രാജ്യത്തിന്റെ പരമാധികാരം നഷ്ടപ്പെടുത്തുമെന്ന ബോധ്യം ലീഗിനുണ്ടെങ്കില്‍ കരാറിനെ അനുകൂലിക്കരുത്. പക്ഷേ, ലീഗ് നപുംസകരീതിയാണ് സ്വീകരിക്കുന്നത്. മന്ത്രിസ്ഥാനത്ത് തുടരുക, കരാറിനെ അനുകൂലിക്കാതിരിക്കുക. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മന്ത്രിസ്ഥാനത്ത് തുടരണമെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചതായി കാണുന്നില്ല. എന്നാല്‍,ബന്ധപ്പെട്ട മന്ത്രി വികാരവിക്ഷുബ്ധനായി രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു. ലീഗ് അണികളാണെങ്കില്‍ പൂര്‍ണമായും ഈ നിലപാടിന് എതിരുമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളാകുന്ന ഒരു സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കാന്‍ പാടില്ലെന്ന വികാരമാണ് അവര്‍ക്ക്. ഈ വൈരുധ്യം ഇനിയുള്ള നാളുകളില്‍ മൂര്‍ഛിക്കും. അത് ലീഗ് കൂടുതല്‍ ശോഷിക്കുന്നതിലേക്ക് എത്തിക്കുമെന്ന് പിണറായി പറഞ്ഞു.
1 comment:
മുസ്ലിം ലീഗ് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ അപ്രസക്തമായി. പിണറായി.
കോണ്‍ഗ്രസിന്റെ കരങ്ങള്‍ അമേരിക്കയ്ക്കൊപ്പം: കാരാട്ട്
Post a Comment