Thursday, July 10, 2008

അമേരിക്ക കോഗ്രസ് ഐ യുടെ ആരാണ്? കേന്ദ്രസര്‍ക്കാരിന്റെ ആരാണ്? ഡോ. മന്‍മോഹന്‌സിംഗ് ബുഷിന്റെ ആജ്ഞാവറ്ത്തിയോ ?.

അമേരിക്ക കോഗ്രസ് ഐ യുടെ ആരാണ്? കേന്ദ്രസര്‍ക്കാരിന്റെ ആരാണ്? ഡോ. മന്‍മോഹന്‌സിംഗ് ബുഷിന്റെ ആജ്ഞാവറ്ത്തിയോ ?.

ആണവകരാര്‍ പ്രശ്നത്തില്‍ യുപിഎ ഗവമെന്റിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത് പമ്പരവിഡ്ഢിത്തമായിപ്പോയി എന്ന് നമ്മുടെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിവരെ പ്രസ്താവിച്ചിരിക്കുന്നു. ബിജെപിയെ സഹായിക്കുന്നതിനുവേണ്ടിയാണ് ഇടതുപക്ഷം മന്‍മോഹന്‍സിങ് ഗവമെന്റിനുള്ള പിന്തുണ പിന്‍വലിച്ചതെന്നുപോലും പറയുകയാണ് കോഗ്രസുകാര്‍. ഉളുപ്പില്ലാതായിപ്പോയാല്‍ എന്താണ് ചെയ്യുക. ബിജെപിയെ ആരാണ് സഹായിച്ചതെന്നും ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നതെന്നും കേരളീയര്‍ക്ക് അനുഭവത്തില്‍നിന്നറിയാവുന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ഒളിഞ്ഞും തെളിഞ്ഞും കോലീബി മുന്നണിയാണ് ഇടതുപക്ഷജനാധിപത്യമുന്നണിയെ എതിര്‍ത്തു പോരുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. കെ ജി മാരാര്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ തുറന്നുസമ്മതിച്ച കാര്യമാണത്. വടകര - ബേപ്പൂര്‍ മോഡല്‍ കോലീബിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് ഒ രാജഗോപാല്‍ കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞതുമാണ്. കോലീബി സഖ്യമുണ്ടാക്കുന്നതിനായി കോഗ്രസ് ഐ ബിജെപിക്ക് പണം നല്‍കാറുണ്ടെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ബിജെപി കേരളഘടകത്തില്‍ പൊട്ടിത്തെറിതന്നെ സൃഷ്ടിച്ചെന്നും അറിയാത്തവരില്ല. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പ്രമുഖരായ രണ്ട് നേതാക്കള്‍ - പി പി മുകുന്ദന്‍, കെ രാമന്‍പിള്ള - ഇപ്പോള്‍ എവിടെയാണ്? അവര്‍ പുറത്തുപോകാനിടയായത് ഏത് പ്രശ്നത്തിന്റെപേരിലാണ്? മന്‍മോഹന്‍സിങ് ഗവമെന്റിനുള്ള പിന്തുണ പിന്‍വലിച്ചതിലൂടെ ഇടതുപക്ഷം ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണം പൊള്ളത്തരമാണ്. 2004ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലം 153 സീറ്റ് മാത്രം നേടിയ കോഗ്രസ് ഐ എങ്ങനെ അധികാരത്തിലെത്തി എന്നും അമ്പതുമാസം എങ്ങനെ അധികാരത്തില്‍ തുടര്‍ന്നു എന്നും മറന്നുപോകരുത്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുക, അങ്ങനെ സംഘപരിവാറിന്റെ വര്‍ഗീയവല്‍ക്കരണനീക്കത്തില്‍നിന്ന് രാഷ്ട്രത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തിയ നിരന്തര ഇടപെടല്‍കൊണ്ടാണ് യുപിഎ രൂപപ്പെട്ടതും യുപിഎ യ്ക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞതും. ഇത്രയുംകാലം യുപിഎ യ്ക്ക് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞതും ഇടതുപക്ഷത്തിന്റെ പിന്‍ബലം കൊണ്ടാണ്. 62 ലോക്സഭാംഗങ്ങളുടെ പിന്തുണ മാത്രമായല്ല അതിനെ കാണേണ്ടത്. എന്‍ഡിഎ അധികാരത്തില്‍വരുന്നത് തടഞ്ഞത് ഇടതുപക്ഷമാണ്. എന്നാല്‍, പൊതുമിനിമം പരിപാടിയെയടക്കം പ്രഹസനമാക്കുകയും ആണവകരാര്‍ കാര്യത്തില്‍ ഇടതുപക്ഷത്തിന് നല്‍കിയ ഉറപ്പ് ലംഘിക്കുകയുമാണ് കോഗ്രസ് ചെയ്തത്. ചര്‍ച്ചചെയ്ത് വ്യക്തത വരുത്തുമെന്ന് ആദ്യംപറഞ്ഞവര്‍ കരാര്‍ വ്യവസ്ഥകള്‍ രഹസ്യരേഖയാണെന്ന് മാറ്റിപ്പറയുകയും കരാറുമായി മുന്നോട്ടുപോകുമെന്ന് ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. അമേരിക്കയുമായി നേരത്തേതന്നെ ഉണ്ടാക്കിയ ഗൂഢപദ്ധതിയിലേക്കാണിത് വെളിച്ചം വീശുന്നത്. ബിജെപിയെ സംബന്ധിച്ച് കോഗ്രസല്ല, ഇടതുപക്ഷമാണ് കടുത്ത ശത്രുവെന്നത് അവര്‍തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ പശ്ചാത്തലസൌകര്യം ചെയ്തുകൊടുത്തതും മസ്ജിദ് തകര്‍ക്കാന്‍ ഒത്താശചെയ്തതും പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോഗ്രസ് - ഐ ഗവമെന്റാണ്. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് റാവുവിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു. മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ള കോഗ്രസ് ഐ നേതൃത്വമാണ് രാജ്യത്ത് ഹിന്ദുവര്‍ഗീയ ശക്തികള്‍ക്ക് പന്തലിക്കാന്‍ പ്രോത്സാഹനം നല്‍കിയതെന്നത് അനിഷേധ്യമാണ്. എന്നാല്‍, ബിജെപി നേരിട്ട് അധികാരത്തിലെത്തുന്ന ആപത്തുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത കോഗ്രസ് ഐ അധികാരത്തില്‍വരുന്നതാണ് കുറഞ്ഞ അപകടം എന്ന വിലയിരുത്തലോടെയാണ് ഇടതുപക്ഷം ഇടപെടല്‍ ശക്തിയായത്. അമേരിക്കന്‍പ്രീണനത്തിന്റെയും ആഗോളവല്‍ക്കരണനയങ്ങളുടെയും കാര്യത്തില്‍ ബിജെപിയും കോഗ്രസും വ്യത്യസ്തമല്ലതാനും. അതേസമയം ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിന്റെ തീവ്രത ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമായതിനാല്‍ സാധിക്കുകയും ചെയ്തു. ആണവകരാറിനെയും അമേരിക്കയെയും ഇടതുപക്ഷം എതിര്‍ക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടും ന്യൂനപക്ഷപ്രീണനത്തിനും വേണ്ടിയാണെന്ന ഹിമാലയന്‍ വങ്കത്തരവും കോഗ്രസ് ഐ ഉന്നയിക്കുന്നു. ചോദിക്കട്ടെ, അമേരിക്ക കോഗ്രസ് ഐ യുടെ ആരാണ്? കേന്ദ്രസര്‍ക്കാരിന്റെ ആരാണ്? ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും പ്രമുഖനായി അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവന്ന ഡോ. മന്‍മോഹന്‍സിങ്ങിനെ ക്ഷണിച്ചുകൊണ്ടുവന്ന് ഇന്ത്യന്‍ ധനമന്ത്രിയാക്കിയത് കോഗ്രസാണ്. ധനമന്ത്രിയായിരിക്കെ അമേരിക്കന്‍ വീക്ഷണകോണിലൂടെയാണ് ഡോ. സിങ് ഇന്ത്യയില്‍ പരിഷ്കാരങ്ങള്‍ വരുത്തിയത്. പ്രധാനമന്ത്രിയായ ശേഷമാകട്ടെ ഇന്ത്യയുടെ പ്രഖ്യാതമായ ചേരിചേരാനയത്തെ അട്ടിമറിക്കാനും ഇന്ത്യയെ പൂര്‍ണമായും അമേരിക്കന്‍ താല്‍പ്പര്യത്തിന് കീഴ്പ്പെടുത്താനും അദ്ദേഹം കൊണ്ടുപിടിച്ച് ശ്രമിച്ചു. അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോഴാണ് പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം നിര്‍ബദ്ധമായത്. മുമ്പ് നരസിംഹറാവു ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോള്‍ കുതിരക്കച്ചവടം നടത്തി അധികാരത്തില്‍ പിടിച്ചുതൂങ്ങിയതുപോലെ ഇപ്പോള്‍ മന്‍മോഹന്‍ സിങ്ങും കുതിരക്കച്ചവടത്തിന്റെ നാണംകെട്ട മാര്‍ഗം അവലംബിക്കുകയാണ്. അമേരിക്കയുമായുള്ള ആണവകരാറിനെ ഇടതുപക്ഷം എതിര്‍ക്കുന്നത് അത് രാജ്യതാല്‍പ്പര്യത്തിനെതിരായതുകൊണ്ടാണ്. ന്യൂനപക്ഷ - ഭൂരിപക്ഷ മതതാല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമല്ല. എല്ലാ ജനങ്ങളുടെയും പ്രശ്നമാണ്. ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തിനും സ്വതന്ത്രവികസനത്തിനും വിരുദ്ധമായതുകൊണ്ടാണ്. ലോകസമാധാനത്തിന് ഭീഷണിയുയര്‍ത്തി സാമ്രാജ്യത്വ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്ക ഇന്ത്യയെ പിണിയാളാക്കിമാറ്റാനാണ് ശ്രമിക്കുന്നത്. അതിന് തലവച്ചുകൊടുക്കുന്ന രാജ്യദ്രോഹനിലപാടിനെയാണ് ചെറുക്കുന്നത്. ഊര്‍ജപ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്കയുമായി ആണവകരാറുണ്ടാക്കുന്നതെന്നും കമ്യൂണിസ്റുകാര്‍ വികസനത്തിനെതിരാണെന്നും അതുകൊണ്ടാണവര്‍ കരാറിനെ എതിര്‍ക്കുന്നതെന്നും അസംബന്ധം പ്രചരിപ്പിക്കുകയാണ് കോഗ്രസ് നേതൃത്വം. ഭാവിയില്‍ നമുക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആണവോര്‍ജം മാത്രമാണ് മാര്‍ഗം എന്നാണവര്‍ പറയുന്നത്. ആണവോര്‍ജം ഉണ്ടാക്കണമെങ്കില്‍ ആണവറിയാക്ടറുകള്‍ വേണം, ആണവ ഇന്ധനം വേണം. ഇതു രണ്ടും അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യണം. അതിന് അമേരിക്കയുമായി കരാര്‍ ഒപ്പിടുകയല്ലാതെ എന്താണ് പോംവഴി എന്നതാണ് കോഗ്രസ് ഐയുടെ ചോദ്യം. നിലവില്‍ നമ്മുടെ രാജ്യത്തെ വൈദ്യുതോല്‍പ്പാദനത്തില്‍ മൂന്നില്‍ ചില്ല്വാനം ശതമാനം മാത്രമാണ് ആണവ വൈദ്യുതി. അമേരിക്കയുമായി കരാറുണ്ടാക്കി റിയാക്ടറുകളും ഇന്ധനവും കൊണ്ടുവന്ന് ആണവവൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ എട്ടു കൊല്ലംകൊണ്ട് ഉല്‍പ്പാദനം ഇരട്ടിപ്പിക്കാമത്രേ. അതായത് മൂന്നില്‍ ചില്ല്വാനം ശതമാനം ആറില്‍ ചില്ല്വാനമാക്കാം! ആണവവൈദ്യുതിക്ക് മെഗാവാട്ടിന് 11 കോടി രൂപ ചെലവ് വരുമ്പോള്‍ താപവൈദ്യുതിക്ക് നാലുകോടി മതിയാകും ചെലവ്. മാത്രമല്ല, ആണവഇന്ധനം നമ്മുടെ രാജ്യത്തുനിന്ന് തന്നെ ഖനനം ചെയ്തെടുക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തുന്നില്ല. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് പ്രകൃതിവാതകം കൊണ്ടുവന്ന് താപവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള അപാരസാധ്യതയുള്ള ഇറാന്‍ - പാകിസ്ഥാന്‍ - ഇന്ത്യാ പൈപ്പ്ലൈന്‍ പദ്ധതി ഫലത്തില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അമേരിക്കയാണ് പൈപ്പ്ലൈന്‍ പദ്ധതിക്ക് തുരങ്കംവയ്ക്കുന്നത്. മന്‍മോഹന്‍ സിങ്ങാകട്ടെ അതിന് വഴങ്ങുകയുമാണ്. കൊച്ചിയിലെ നിര്‍ദിഷ്ട എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിപോലും വൈകിക്കാന്‍ ശ്രമമുണ്ടായേക്കാമെന്നു ഭയപ്പെടണം. കാരണം അമേരിക്കന്‍ സമ്മര്‍ദത്തിനുവഴങ്ങി ആണവോര്‍ജത്തില്‍ മാത്രം കണ്ണുവച്ചു നില്‍ക്കുകയാണല്ലോ മന്‍മോഹന്‍സിങ് ഗവമെന്റ്. ഇടതുപക്ഷം ആണവകരാറിനെ എതിര്‍ക്കുന്നത് അടിസ്ഥാനപരമായി അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രം അടിച്ചേല്‍പ്പിക്കുന്ന കരാറാണെന്നതിനാലാണ്. ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ പറയുന്നുണ്ട്. കരാറില്‍ ഏര്‍പ്പെടുന്നപക്ഷം നമ്മുടെ സ്വതന്ത്ര വിദേശനയം അടിയറവയ്ക്കേണ്ടിവരും. അമേരിക്കന്‍ വിദേശനയത്തിനനുസൃതമായി ഇന്ത്യ നിലപാടെടുക്കേണ്ടിവരും. ആണവ സാങ്കേതികവിദ്യ ദുരുപയോഗംചെയ്യുന്നു എന്ന് അമേരിക്ക ആരോപിക്കുന്ന രാജ്യങ്ങളെ അമേരിക്കയോടൊപ്പംനിന്ന് എതിര്‍ക്കേണ്ടിവരും. ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ മിസൈല്‍ പദ്ധതിക്കെതിരെ അമേരിക്ക നടത്തുന്ന നീക്കത്തെ പിന്തുണയ്ക്കേണ്ടിവരും. നമുക്ക് പ്രകൃതിവാതകത്തിനുവേണ്ടി ആശ്രയിക്കാവുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങളെ ശത്രുക്കളായി കാണേണ്ടിവരും. കരാര്‍ ഒപ്പിടുന്നതിന് ഏറെ മുമ്പുതന്നെ ഇറാന്റെ ആണവഗവേഷണയത്നങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്ത പാരമ്പര്യമാണ് മന്‍മോഹന്‍സിങ് ഗവമെന്റിന്റേത്. രാജ്യത്തെ വീണ്ടും കോളനീകരിക്കുന്ന മന്‍മോഹന്‍സിങ് ഭരണത്തിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതിനെ കേരളജനത നിറഞ്ഞ മനസ്സോടെ സ്വാഗതംചെയ്യും. ആണവകരാറിനെ അനുകൂലിക്കുന്ന കേരളത്തിലെ യുഡിഎഫ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടും. ആണവകരാറില്‍ ഒപ്പിടരുതെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ബനാത്ത്വാല ആവശ്യപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. ശിഹാബ്തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളും അമേരിക്കയുമായുള്ള കരാറില്‍ ഉല്‍ക്കണ്ഠ പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, ലീഗ് നേതാവ് ഇ അഹമ്മദ് കേന്ദ്രമന്ത്രിസഭയില്‍ തുടരുന്നു. മന്ത്രിസഭയില്‍നിന്ന് അഹമ്മദിനെ പിന്‍വലിക്കാന്‍ മുസ്ളിംലീഗ് തയ്യാറാകുമോ. ആണവകരാറിന്റെപേരില്‍ മന്‍മോഹന്‍ സിങ് വിശ്വാസവോട്ട് തേടുമ്പോള്‍ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ലീഗ് തയ്യാറാകുമോ - വ്യക്തമാക്കണം. ലീഗിന്റെ നിലപാട് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിക്ക് എന്താണ് പറയാനുള്ളത്?
വി എസ് അച്യുതാനന്ദന്‍ deshabhimani

2 comments:

ജനശബ്ദം said...

അമേരിക്ക കോഗ്രസ് ഐ യുടെ ആരാണ്? കേന്ദ്രസര്‍ക്കാരിന്റെ ആരാണ്? ഡോ. മന്‍മോഹന്‌സിംഗ് ബുഷിന്റെ ആജ്ഞാവറ്ത്തിയോ ?.

Anonymous said...

ഇതവണ കുതിരകചവടം ഡോളറിലാണത്രെ..