Thursday, May 1, 2008

ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം

സാ മ്രാജ്യത്വത്തിന്റെ ആഗോളതന്ത്രങ്ങളെ പരാ ജയപ്പെടുത്തുന്നതിനും ലോക സമാധാനം ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായി യോജിച്ച് പോരാടുന്നതിനുള്ള പരിശ്രമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ് 2008ലെ മേയ്ദിനം തൊഴിലാളിവര്‍ഗത്തിനു നല്‍കുന്നത്. സാമ്പത്തികമുരടിപ്പും സമ്പദ്ഘടന നേരിടുന്ന മറ്റു പ്രതിസന്ധിയും വരുംനാളുകളില്‍ തൊഴിലാളിവര്‍ഗത്തിനു നേരെയുള്ള കടന്നാക്രമണം കൂടുതല്‍ ശക്തമാകുമെന്ന് സിഐടിയു വിശ്വസിക്കുന്നു. വിഘടനശക്തികള്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. പൊതുജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ജീവനും ജീവിതത്തിനും നേരെയും ആക്രമണങ്ങളുണ്ടാകും. രാജ്യത്തിലെയും ലോകത്താകെയുമുള്ള തൊഴിലാളികള്‍ക്ക് വിപ്ളവാഭിവാദ്യങ്ങള്‍ നേരുന്നതിനൊപ്പംതന്നെ ആഗോളവല്‍ക്കരണത്തിനും സാമൂഹ്യ അനീതിക്കും ഇല്ലായ്മയ്ക്കും എതിരെയുള്ള പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ അന്തര്‍ദേശീയ ഐക്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടി കൈകോര്‍ക്കുമെന്നും സിഐടിയു പ്രതിജ്ഞയെടുക്കുന്നു. മാന്യമായ വേതനം, സാമൂഹ്യ പരിരക്ഷ, തൊഴിലവകാശങ്ങള്‍, സാമൂഹ്യനീതി കൈവരിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും തൊഴില്‍, സമാധാനം, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം എന്നിവയ്ക്കുവേണ്ടി പോരാടുന്നതിനും സിഐടിയു പ്രതിജ്ഞയെടുക്കുന്നു. നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ തൊഴിലാളികള്‍ക്ക് നേരെ ഗുരുതരമായ നിരവധി വെല്ലുവിളി ഉയര്‍ത്തുകയാണ്. എണ്ണത്തില്‍ വളരെ കുറവായ അതിസമ്പന്നരും വളരെ പരിതാപകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന ദശകോടിക്കണക്കിനു സാധാരണ മനുഷ്യരും തമ്മിലുള്ള അന്തരം കടല്‍പോലെ വര്‍ധിച്ചുവരികയാണ്. തൊഴിലില്ലായ്മ കൂടുകയും തൊഴില്‍സുരക്ഷയും സാമൂഹ്യപരിരക്ഷയും ഇല്ലാതാകുകയും ചെയ്യുന്നു. വികസിത രാജ്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ നടത്തുന്ന ഊര്‍ജത്തിന്റെ ഉപഭോഗം കാലാവസ്ഥാ വ്യതിയാനാവുമായും പരിസ്ഥിതി അപകടങ്ങളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്ന വിധത്തില്‍ ആഗോളതാപനിലയെ വര്‍ധിപ്പിക്കുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഭക്ഷ്യധാന്യങ്ങളുടെ ദൌര്‍ലഭ്യവും ലോകത്തിന്റെ ഒട്ടനവധി ഭാഗങ്ങളില്‍, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളില്‍, തൊഴിലാളിവര്‍ഗത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയാണ്. ഈ സംഭവവികാസങ്ങള്‍ സാമൂഹ്യ സംഘര്‍ഷത്തിനും രാഷ്ട്രീയ പ്രതിസന്ധിക്കും നവ-ഉദാര-സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാരുകള്‍ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനും കാരണമാകുന്നു. സാമ്രാജ്യത്വ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും അമേരിക്കന്‍ മേധാവിത്വത്തിനുമെതിരായ പ്രതിരോധം എല്ലാ ഭൂഖണ്ഡത്തിലും അനുദിനം ശക്തിപ്പെട്ടുവരുന്നു. തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ജനങ്ങള്‍ ശക്തമായി മുന്നോട്ടുവരുകയാണ് ഇപ്പോള്‍. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വലിയ രാഷ്ട്രീയമാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. പാകിസ്ഥാനിലും നേപ്പാളിലുമാകട്ടെ ജനാധിപത്യശക്തികള്‍ അമേരിക്കയുടെ പിന്തുണയുള്ള സാമ്രാജ്യത്വശക്തികള്‍ക്കെതിരെ വലിയ മുന്നേറ്റം നടത്തുകയാണ്. ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ ഭരണത്തിന്റെ അഞ്ചാമത്തെ വര്‍ഷത്തില്‍ പ്രവേശിക്കുകയാണ്. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വനിതകള്‍ക്കും ഗുണംചെയ്യുന്ന നയങ്ങള്‍ നടപ്പാക്കുമെന്ന പൊതുമിനിമം പരിപാടിയിലെ ഉറപ്പുകള്‍ക്കു വിരുദ്ധമായി ഈ സര്‍ക്കാര്‍ കൂടുതല്‍ ശക്തിയോടുകൂടി നവ-ഉദാരനയങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നത് പകല്‍പോലെ വ്യക്തമാണ്. സമീപകാലത്ത് നടത്തിയ സര്‍വേകളുടെ ഫലങ്ങള്‍ കാണിക്കുന്നത് ഒരുവിധത്തിലുമുള്ള നിയമപരിരക്ഷയോ സാമൂഹ്യ സുരക്ഷാ ആനുകൂല്യമോ ഇല്ലാത്ത അനൌപചാരിക- അസംഘടിത മേഖലയിലാണ് 94.27 ശതമാനം തൊഴിലാളികള്‍ പണിയെടുക്കുന്നത് എന്നാണ്. ഈ തൊഴില്‍ശക്തിയുടെ വലിയൊരുഭാഗം സ്ത്രീകളാണ്. നിലവിലുള്ള തൊഴില്‍നിയമങ്ങള്‍പോലും യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്നില്ല. കരാര്‍ തൊഴിലും പുറംകരാര്‍ തൊഴിലും സാര്‍വത്രികമായി. അവശ്യസാധനങ്ങളുടെ നിരന്തരമായ വിലവര്‍ധന ഇന്ത്യയിലെ ജനങ്ങള്‍ നേരിടുകയാണ്. നാണയപ്പെരുപ്പത്തിന്റെ നിരക്ക് ഏഴു ശതമാനത്തിലധികമായി. ചില്ലറ വില്‍പ്പനവിലയെ അടിസ്ഥാനമാക്കി കണക്കാക്കിയാല്‍ നിരക്ക് ഇതിലും എത്രയോ കൂടുതലായിരിക്കും. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും അവധിവ്യാപാരം അനുവദിക്കുന്ന സര്‍ക്കാരിന്റെ പാളിപ്പോയ നയം കാരണം ജനങ്ങള്‍ വിലവര്‍ധനയാല്‍ കഷ്ടപ്പെടുകയാണ്. പൊതുവിതരണസമ്പ്രദായം തകര്‍ക്കപ്പെട്ടതും ജനങ്ങളുടെ ബുദ്ധിമുട്ട് വര്‍ധിപ്പിച്ചു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിച്ചും പോരാട്ടങ്ങള്‍ നയിച്ചും സമൂഹത്തിലെ ഏറ്റവും അധികം ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സിഐടിയു അണിചേരണം. അമേരിക്ക, ഇംഗ്ളണ്ട്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഇവയ്ക്ക് പ്രീതികരങ്ങളല്ലാത്ത ഇറാന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കെതിരെ സൈനിക പ്രതിരോധം കെട്ടിപ്പടുക്കുന്നതിനായി രൂപീകരിച്ച തന്ത്രപരമായ സഖ്യത്തിലെ പദവികുറഞ്ഞ ഒരു പങ്കാളിയായി ഇന്ത്യയെ മാറ്റാന്‍ ഭരണവര്‍ഗം അമിതാവേശത്തോടെ നടത്തുന്ന ശ്രമത്തിനെതിരെ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങളെ സിഐടിയു മുന്‍നിരയില്‍നിന്ന് നയിക്കുകയാണ്. ദേശീയ തലത്തില്‍ യുപിഎ സര്‍ക്കാരിന്റെ വിവിധ മേഖലയിലുള്ള പരാജയം മുതലെടുത്ത് വീണ്ടും തലയുയര്‍ത്താന്‍ ശ്രമിക്കുന്ന മത-മൌലികവാദ ശക്തികള്‍ക്കെതിരെയുള്ള നമ്മുടെ പോരാട്ടം തുടരുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് സമൂഹത്തില്‍ മതപരമായ വിഭാഗീയത വളരെ ആഴത്തില്‍ സൃഷ്ടിക്കപ്പെടുന്നതിന് ഇടയാക്കുന്നു. ഇത് വര്‍ഗാധിഷ്ഠിതമായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരെ യോജിച്ച പോരാട്ടങ്ങളില്‍ അണിനിരത്തുന്നതിനുമുള്ള ശ്രമത്തിന് വലിയ ഭീഷണിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത കൊല്ലം നടക്കാനിരിക്കെ വര്‍ഗീയശക്തികള്‍ അധികാരത്തിലെത്തുന്നതിനെ തടയുക എന്ന നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതിനുള്ള അവസരവുംകൂടിയാണ് 2008ലെ മേയ്ദിനം. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിനും മതേതരശക്തികളുടെ മുന്നേറ്റം ഉറപ്പുവരുത്തുന്നതിനും പ്രയത്നിക്കാന്‍ സിഐടിയു തൊഴിലാളിവര്‍ഗത്തെ ആഹ്വാനംചെയ്യുന്നു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇതിനുള്ള തിരിച്ചടിയായി ജാത്യടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സംഘടനകളും രാഷ്ട്രീയത്തില്‍ വരുന്ന ചേരിതിരിവും ജനാധിപത്യശക്തികളുടെ ഇടയില്‍ വിഭാഗീയത സൃഷ്ടിക്കുകയാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് ഇത് വലിയ ഭീഷണിയാണ്. ദാരിദ്യ്രം, തൊഴിലില്ലായ്മ, അനീതി, ജാതിയുടെ പേരില്‍ മനുഷ്യനു നേരിടേണ്ടിവരുന്ന അപമാനം എന്നിവയ്ക്കെതിരെ പോരാടുന്നതിനും മനുഷ്യവര്‍ഗത്തിന്റെ മാന്യതയും സാമൂഹ്യ സൌഹാര്‍ദവും നിലനിര്‍ത്തുന്നതിനും സഹായമാകുന്ന ശക്തമായ നിലപാട് തൊഴിലാളിവര്‍ഗത്തിന് എടുക്കേണ്ടതായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതനകരാറുകള്‍ പുതുക്കേണ്ട വര്‍ഷമാണ് 2008. വേതന പരിഷ്കരണം സ്ഥിരംതൊഴിലാളികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന മുന്‍കാല രീതിക്ക് മാറ്റം വരുത്താന്‍ സിഐടിയു തീരുമാനിച്ചിരിക്കുകയാണ്. സംഘടിത വ്യവസായങ്ങളിലെ കരാര്‍ തൊഴിലാളികളുടെ വേതനവും സ്ഥിരം തൊഴിലാളികളോടൊപ്പം പരിഷ്കരിക്കുന്നത് ഉറപ്പാക്കണമെന്ന് സിഐടിയുവും സഹോദര സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്. 2008 മേയ് ഏഴിന് ആഹ്വാനംചെയ്തിരിക്കുന്ന ദേശീയ പണിമുടക്കില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഇതാണ്. ഈ പണിമുടക്ക് വിജയമാക്കിത്തീര്‍ക്കാന്‍ സിഐടിയു അതിന്റെ അംഗങ്ങളോടും അനുഭാവികളോടും കൂട്ടാളികളോടും അഭ്യര്‍ഥിക്കുകയാണ്. മേയ്ദിനം നീണാള്‍ വാഴട്ടെ..! തൊഴിലാളി ഐക്യം നീണാള്‍ വാഴട്ടെ..! ഉദാരവല്‍ക്കരണം തുലയട്ടെ..! സാമ്രാജ്യത്വവും യുദ്ധവും തുലയട്ടെ..!

1 comment:

ജനശബ്ദം said...

ഇന്ന് ലോക തൊഴിലാളി ദിനം



സാ മ്രാജ്യത്വത്തിന്റെ ആഗോളതന്ത്രങ്ങളെ പരാ ജയപ്പെടുത്തുന്നതിനും ലോക സമാധാനം ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായി യോജിച്ച് പോരാടുന്നതിനുള്ള പരിശ്രമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ് 2008ലെ മേയ്ദിനം തൊഴിലാളിവര്‍ഗത്തിനു നല്‍കുന്നത്. സാമ്പത്തികമുരടിപ്പും സമ്പദ്ഘടന നേരിടുന്ന മറ്റു പ്രതിസന്ധിയും വരുംനാളുകളില്‍ തൊഴിലാളിവര്‍ഗത്തിനു നേരെയുള്ള കടന്നാക്രമണം കൂടുതല്‍ ശക്തമാകുമെന്ന് സിഐടിയു വിശ്വസിക്കുന്നു.