Thursday, May 1, 2008

വാതക പൈപ്പ്‌ ലൈന്‍: ഇറാനോട്‌ ഇന്ത്യ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടു

വാതക പൈപ്പ്‌ ലൈന്‍: ഇറാനോട്‌ ഇന്ത്യ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഇറാനില്‍നിന്ന്‌ പാകിസ്‌താന്‍ വഴി ഇന്ത്യയിലേക്കുള്ള വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഇന്ത്യ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച വൈകിട്ട്‌ ഇറാന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അഹ്‌മദ്‌ നെജാദുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ സുരക്ഷിതമായ പാത സംബന്ധിച്ച കൂടുതല്‍ സൗകര്യങ്ങള്‍ ഇറാന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടത്‌. 740 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതി സംബന്ധിച്ച കരാറില്‍ ഈ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഒപ്പുവെയ്‌ക്കാമെന്നാണ്‌ ഇന്ത്യ ഇറാനെ ധരിപ്പിച്ചിരിക്കുന്നത്‌. സുരക്ഷയുടെ കാര്യത്തിലാണ്‌ ഇന്ത്യ കാര്യമായി ഊന്നുന്നത്‌. ഇന്ത്യ-പാക്‌ അതിര്‍ത്തിയില്‍ വാതകത്തിന്റെ ചുമതല ഇന്ത്യയ്‌ക്ക്‌ കൈമാറണമെന്ന്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവിലുള്ള പദ്ധതി അനുസരിച്ച്‌ ഇറാനും പാകിസ്‌താനും തമ്മിലുള്ള അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്ക്‌ വാതകത്തിന്റെ ഉത്തരവാദിത്വം കൈമാറാമെന്നാണ്‌ ഇറാന്‍ പറയുന്നത്‌. ഇങ്ങനെയായാല്‍ പാകിസ്‌താനിലൂടെ വാതകം കടത്തേണ്ട ഉത്തരവാദിത്വവും അതിനുള്ള അപകട സാധ്യതയും ഇന്ത്യ ഒറ്റയ്‌ക്ക്‌ പേറേണ്ടിവരും. വാതകത്തിന്റെ വില കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കാനുള്ള ഇറാന്റെ അവകാശം കരാറില്‍ നിന്ന്‌ ഒഴിവാക്കണമെന്നതാണ്‌ ഇന്ത്യയുടെ മറ്റൊരാവശ്യം. ഇന്ത്യയ്‌ക്ക്‌ തടസ്സമില്ലാതെ വാതകം ലഭിക്കുമെന്നത്‌ ഉറപ്പാക്കാന്‍ പദ്ധതിക്കു വേണ്ടി പ്രകൃതി വാതക മേഖലതന്നെ മാറ്റിവെക്കണമെന്നും പ്രധാനമന്ത്രി ഇറാനോട്‌ ആവശ്യപ്പെട്ടിട്ടുള്ളതായി വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ പ്രകൃതിവാതക സ്രോതസ്സുകളെക്കുറിച്ച്‌ മൂന്നാമതൊരു രാജ്യത്തിന്റെ ഉറപ്പ്‌, ഇന്ത്യയ്‌ക്കുള്ള പ്രകൃതിവാതക വിതരണത്തിന്‌ തടസ്സം നേരിട്ടാലുണ്ടാകുന്ന ബദല്‍ വിതരണ പരിപാടി സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവയും ഇന്ത്യ ഇറാനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങളെ കുറിച്ച്‌ അഹ്‌മദ്‌ നെജാദ്‌ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-യു.എസ്‌ . ആണവക്കരാര്‍ സക്രിയമായതോടെ ഇറാനില്‍ നിന്നുള്ള വാതക പൈപ്പ്‌ ലൈന്‍ ചര്‍ച്ച വഴിമുട്ടിനില്‍ക്കുകയായിരുന്നു. ഇതിന്‌ പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണമുയര്‍ന്നു. എന്നാല്‍ പാകിസ്‌താനിലൂടെ വാതക പൈപ്പ്‌ ലൈന്‍ കടത്തിവിടാന്‍ പ്രത്യേക ഫീസ്‌ വേണമെന്ന്‌ അവര്‍ നിലപാടെടുത്തതോടെയാണ്‌ ഇന്ത്യ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ നിന്ന്‌ പ്രത്യക്ഷമായി വിട്ടുനിന്നതെന്ന്‌ വിശദീകരണമുണ്ടായി. കഴിഞ്ഞ ആഴ്‌ച കേന്ദ്രപെട്രോളിയം മന്ത്രി മുരളി ദേവ്‌ര പാകിസ്‌താന്‍ പെട്രോളിയം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക്‌ താത്‌കാലിക പരിഹാരമായിട്ടുണ്ട്‌്‌. ചൊവ്വാഴ്‌ച നടന്ന ചര്‍ച്ചയില്‍ പദ്ധതിയില്‍ പങ്കുചേരാനുള്ള ഇന്ത്യയുടെ താത്‌പര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഇറാന്‍ പ്രസിഡന്റ്‌ അഹ്‌മദ്‌ നെജാദിനോട്‌ വ്യക്തമാക്കിയതായി മുരളി ദേവ്‌ര വിശദീകരിച്ചു. ഇന്ത്യയിലേയും പാകിസ്‌താനിലേയും ഇറാനിലേയും എണ്ണമന്ത്രിമാര്‍ കരാര്‍ സംബന്ധിച്ച്‌ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കും. അഹ്‌മദ്‌ നെജാദ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌ 45 ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനം വേണമെന്നാണ്‌. ഇത്‌ സാധിച്ചേക്കുമെന്ന്‌ മുരളി ദേവ്‌്‌ര പറഞ്ഞു.

No comments: