Thursday, November 4, 2010

ബിജെപിയും സിപിഐ എം വിരുദ്ധരും യുഡിഎഫിന് തണലായി

ബിജെപിയും സിപിഐ എം വിരുദ്ധരും യുഡിഎഫിന് തണലായി.2.

പിണറായി വിജയന്‍
തദ്ദേശ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ പൊതുവില്‍ വന്ന ഒരു പ്രചാരണം ബിജെപി ശക്തിപ്രാപിച്ചു എന്നായിരുന്നു. പലയിടത്തും അവരുടെ വിജയവാര്‍ത്തകള്‍ ആവേശപൂര്‍വം പ്രചരിപ്പിക്കാന്‍ ചിലര്‍ പരിശ്രമിച്ചു. എന്നാല്‍, ഫലം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ ഈ പ്രചാരണവും അവകാശവാദവും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നു വ്യക്തമാകും. 1995ലെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലു പഞ്ചായത്തും ഒരു ബ്ളോക്ക് പഞ്ചായത്തും രണ്ടു ജില്ലാപഞ്ചായത്ത് സീറ്റുകളും കൈവശമുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു ലഭിച്ചത് രണ്ടു പഞ്ചായത്തും ഒരു ജില്ലാപഞ്ചായത്ത് സീറ്റുമാണ്. 1995ലെ നിലവാരത്തില്‍പ്പോലും എത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. കഴിഞ്ഞതവണ ആറു പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം അവര്‍ക്കുണ്ടായിരുന്നു. അതും നിലനിര്‍ത്താനായില്ല. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ കഴിഞ്ഞതവണ 375 സീറ്റ് അവര്‍ക്കു ലഭിച്ചിരുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ അത് 349 സീറ്റായി കുറഞ്ഞു. ബ്ളോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8 സീറ്റാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്രാവശ്യം അത് 7 ആയി. മുനിസിപ്പാലിറ്റികളില്‍ 2005ല്‍ 72 സീറ്റുണ്ടായിരുന്നു. അത് 67 സീറ്റായി കുറയുകയാണ് ചെയ്തത്. കോര്‍പറേഷന്റെ സീറ്റുകളിലാണ് കഴിഞ്ഞതവണ ഉണ്ടായിരുന്ന 3ല്‍നിന്ന് 9ലേക്ക് വര്‍ധിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 1995ലും 2000ലും തിരുവനന്തപുരം കോര്‍പറേഷനില്‍ 3 സീറ്റ് ബിജെപിക്കുണ്ടായിരുന്നു. 2005ല്‍ അത് നഷ്ടപ്പെടുകയാണുണ്ടായത്. കോഴിക്കോട് കോര്‍പറേഷനില്‍ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെടുകയും ചെയ്തു. സീറ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, വോട്ടിങ് ശതമാനത്തിന്റെ കാര്യത്തിലും ബിജെപി പിറകിലേക്കു പോയി. 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു ലഭിച്ചത് 7.91 ശതമാനം വോട്ടാണ്. 1999ലെ ലോക്സഭയിലാകട്ടെ അത് 8.01 ശതമാനമായി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12.11 ആയി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6.3 ശതമാനം ലഭിച്ചു. ഇപ്പോള്‍ അത് 6.27 ശതമാനമായി കുറഞ്ഞു. ഇങ്ങനെ ഏതു നിലയ്ക്കു നോക്കിയാലും ബിജെപിയുടെ പ്രകടനം മോശമാകുകയാണുണ്ടായത്. എന്നിട്ടും അവര്‍ ശക്തിപ്പെട്ടെന്നു പറയാനാണ് പലര്‍ക്കും താല്‍പ്പര്യം. ബിജെപിയും യുഡിഎഫും പലയിടത്തും പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയാണ് മത്സരിച്ചത്. വടകരയിലും ബേപ്പൂരിലും പണ്ട് പരാജയപ്പെട്ട പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാനാണ് പരിശ്രമിച്ചത്. തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചുകൊണ്ടാണ് ഈ സഖ്യം പ്രവര്‍ത്തിച്ചത്. 14 വാര്‍ഡില്‍ അഞ്ചിടത്ത് ബിജെപി മത്സരിച്ചു. ഇവിടെ അഞ്ചിടത്ത് കോഗ്രസ് മത്സരിച്ചില്ല. കോഗ്രസ് മത്സരിച്ച 9 വാര്‍ഡിലാകട്ടെ ബിജെപി സ്ഥാനാര്‍ഥികളുമില്ല. ഒല്ലൂരിലെ നെന്മണിക്കര വാര്‍ഡില്‍ ബിജെപിക്കുവേണ്ടി കോഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. കണ്ണാടി ഗ്രാമപഞ്ചായത്തില്‍ ഇതേ തരത്തിലുള്ള സഖ്യം നിലനില്‍ക്കുകയുണ്ടായി. കാസര്‍കോട് ജില്ലയിലും തുറന്ന സഖ്യമായി തന്നെയാണ് ബിജെപിയും യുഡിഎഫും പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലെ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനു പിന്നിലും ഇതേ അടിസ്ഥാനത്തിലുള്ള സഖ്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനൊപ്പം ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയസംഘടനകളെ വ്യാപകമായി കൂട്ടുപിടിച്ച് മുന്നോട്ടുപോകാനാണ് യുഡിഎഫ് ശ്രമിച്ചിട്ടുള്ളതെന്ന് സംസ്ഥാനത്തുടനീളമുള്ള തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ എല്ലാ വര്‍ഗീയ-പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ച് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ തയ്യാറായി. ഇവരുടെ സഹായത്തിന് യഥാര്‍ഥ വിപ്ളവകാരികള്‍ എന്ന് അഭിമാനിക്കുന്ന ചിലരും രംഗത്തുവരികയുണ്ടായി. അതിന്റെ ഭാഗമാണ് ഒഞ്ചിയം മേഖലയിലും തളിക്കുളത്തും ഷൊര്‍ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട സിപിഐ എം വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍. ഒഞ്ചിയത്ത് എല്‍ഡിഎഫിനെ സിപിഐ എം വിരുദ്ധര്‍ പരാജയപ്പെടുത്തി എന്ന പ്രചാരണം വിവിധ മാധ്യമങ്ങളിലൂടെ നടക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ അവിടെ എല്‍ഡിഎഫും സിപിഐ എം വിരുദ്ധരും തമ്മില്‍ നേരിട്ടുള്ള മത്സരമല്ല നടന്നത്. മറിച്ച്, യുഡിഎഫും പാര്‍ടി വിരുദ്ധരും ഒന്നായിച്ചേര്‍ന്ന് പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തി എല്‍ഡിഎഫിനെതിരെ മത്സരിക്കുകയായിരുന്നു. യുഡിഎഫുമായുണ്ടാക്കിയ ഈ കൂട്ടുകെട്ടാണ് ഇവരുടെ വിജയത്തിന്റെ അടിത്തറയായി തീര്‍ന്നത്. ഒഞ്ചിയത്തെ ഗ്രാമപഞ്ചായത്തിലെയും ബ്ളോക്ക് പഞ്ചായത്തിലെയും വോട്ടുകളുടെ താരതമ്യം ഇക്കാര്യം വ്യക്തമാക്കുന്നു. ഒഞ്ചിയം പഞ്ചായത്തിലെ വാര്‍ഡുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനാണ് വെള്ളികുളങ്ങര. അവിടെ വിജയിച്ചത് എല്‍ഡിഎഫിലെ പി പി അജിതയാണ്. അവര്‍ക്ക് 2085 വോട്ടാണ് ലഭിച്ചത്. ആ ഡിവിഷനില്‍ തന്നെ പാര്‍ടി വിരുദ്ധരുടെ സ്ഥാനാര്‍ഥി ഉണ്ടായിരുന്നു. അവര്‍ക്കു ലഭിച്ചത് 1191 വോട്ട്. യുഡിഎഫിനും അവിടെ പ്രത്യേക സ്ഥാനാര്‍ഥി ഉണ്ടായിരുന്നു. അവര്‍ക്കു ലഭിച്ച വോട്ട് 1148 ആണ്. ഇതേ ഡിവിഷനിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ വെള്ളികുളങ്ങര, വാലത്തുകുന്ന്, തയ്യില്‍, നാദാപുരം റോഡ്, ഡിസ്പെന്‍സറി എന്നിവയാണ്. ഗ്രാമപഞ്ചായത്തു വാര്‍ഡുകളായ വെള്ളികുളങ്ങര, തയ്യില്‍, നാദാപുരം റോഡ്, ഡിസ്പെന്‍സറി എന്നിവയില്‍ വിജയിച്ചത് സിപിഐ എം വിരുദ്ധരാണ്. എന്നാല്‍, ഈ വാര്‍ഡുകളില്‍ ഇവര്‍ക്കു വിജയിക്കാന്‍ സാധിച്ചത് യുഡിഎഫിന്റെ വോട്ടുകൊണ്ടാണെന്നും കണക്കുകളിലൂടെ കടന്നുപോകുമ്പോള്‍ വ്യക്തമാകും. സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ ആര്‍ ഗോപാലന്‍ മത്സരിച്ച ഡിസ്പെന്‍സറി വാര്‍ഡില്‍ എല്‍ഡിഎഫിന് ലഭിച്ചത് 426 വോട്ടാണ്. വിജയിച്ച സിപിഐ എം വിരുദ്ധ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 476 വോട്ട്. ഇതേ വാര്‍ഡില്‍നിന്ന് ബ്ളോക്ക് പഞ്ചായത്തില്‍ വിമതര്‍ക്കു ലഭിച്ചത് 177 വോട്ടാണ്. യുഡിഎഫിനാകട്ടെ 262ഉം. ഇവിടെ സിപിഐ എമ്മിന് 424 വോട്ട് ലഭിച്ചു. യുഡിഎഫുമായി സഖ്യമില്ലാതിരുന്നെങ്കില്‍ സിപിഐ എം വിരുദ്ധര്‍ വിജയിക്കുമായിരുന്നില്ല. മറ്റൊരു ഗ്രാമപഞ്ചായത്ത് വാര്‍ഡായ നാദാപുരം റോഡില്‍ വിജയിച്ച സിപിഐ എം വിരുദ്ധ സ്ഥാനാര്‍ഥിക്കു ലഭിച്ചത് 421 വോട്ടാണ്. എല്‍ഡിഎഫിനേക്കാള്‍ 5 വോട്ട് കൂടുതല്‍. എന്നാല്‍, ബ്ളോക്ക് പഞ്ചായത്തിലെത്തുമ്പോള്‍ സിപിഐ എമ്മിന് 421ഉം പാര്‍ടി വിരുദ്ധര്‍ക്ക് 208ഉം യുഡിഎഫിന് 201ഉം വോട്ടുകളാണ് ലഭിച്ചത്. ഇവിടെയും യുഡിഎഫിന്റെ സഖ്യത്തിലാണ് പാര്‍ടി വിരുദ്ധരുടെ വിജയം. മറ്റൊരു വാര്‍ഡായ തയ്യിലില്‍ ഗ്രാമപഞ്ചായത്തില്‍ സിപിഐ എം വിരുദ്ധര്‍ 591 വോട്ടോടെ വിജയിച്ചു. എല്‍ഡിഎഫിന് ലഭിച്ചത് 438 വോട്ടും. എന്നാല്‍, ബ്ളോക്ക് പഞ്ചായത്തില്‍ മൂന്നു സ്ഥാനാര്‍ഥികള്‍ വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. എല്‍ഡിഎഫിന് 458 വോട്ടും സിപിഐ എം വിരുദ്ധര്‍ക്ക് 315 ഉം യുഡിഎഫിന് 240ഉം ആയി. ഇങ്ങനെ യുഡിഎഫിന്റെ പിന്തുണയോടുകൂടി നേടിയ വിജയമാണ് ഇപ്പോള്‍ വലിയ ആഘോഷമായി കൊണ്ടുനടക്കുന്നത്. ഇതെല്ലാം തിരുത്തി മുന്നോട്ടുവരുന്നതിന് ഒഞ്ചിയത്തെ ജനത ഭാവിയില്‍ തയ്യാറാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി തെറ്റുപറ്റിയവരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനവുമായി പാര്‍ടി മുന്നോട്ടുപോകും. ജനതാദളിന് മുന്നണി ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം നല്‍കിയതിന്റെ പേരില്‍ പാര്‍ടി വിട്ടുപോയവര്‍ അഴിയൂര്‍ ജില്ലാ ഡിവിഷനില്‍ ജനതാദളിന്റെ വിജയത്തിന് പാതയൊരുക്കുകയും ചെയ്തു. ജില്ലാ ഡിവിഷനില്‍ യുഡിഎഫിലെ ജനതാദള്‍ സ്ഥാനാര്‍ഥിക്ക് 17886 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 11540 വോട്ടും ലഭിച്ചു. സിപിഐ എം വിരുദ്ധര്‍ 6583 വോട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേടിയതിന്റെ ഫലമായാണ് യുഡിഎഫിന് ഇവിടെ ജയിക്കാനായത്. ആഗോളവല്‍ക്കരണത്തിനെതിരായി ശരിയായ ഇടതുപക്ഷ ബദല്‍ ഉയര്‍ത്താന്‍ പുറപ്പെട്ടവര്‍ കോഗ്രസുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നില ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ചിലരെ കുറച്ചുകാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും. പക്ഷേ, എല്ലാ കാലത്തും അങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഒഞ്ചിയത്തിനു മുമ്പ് സിപിഐ എം ഉപേക്ഷിച്ചുപോയവരായിരുന്നു തളിക്കുളത്തെ ജനമുന്നണിക്കാര്‍. അവിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. 2005ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് അവിടെ നേടാനായത് 3393 വോട്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗ്രാമപഞ്ചായത്തില്‍ ലഭിച്ചത് 2619 വോട്ടാണ്. അത് ജില്ലാ പഞ്ചായത്തിലെത്തുമ്പോള്‍ 1417 ആയി കുറയുകയാണ് ചെയ്തത്. ഈ കുറവുകളും ആര്‍ക്കാണ് ഗുണം ചെയ്തത് എന്നത് പരിശോധിക്കുന്നത് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തും. 2005ല്‍ യുഡിഎഫിന് ലഭിച്ചത് 4862 വോട്ടാണ്. 2010 ആകുമ്പോഴേക്കും 5899 വോട്ടായി അത് വര്‍ധിച്ചു. എല്‍ഡിഎഫിന് 2005ല്‍ ലഭിച്ചത് 3997 വോട്ടാണ്. ഇത്തവണ അത് 4241 ആയി. ജനമുന്നണി ശോഷിക്കുകയും യുഡിഎഫ് തളിക്കുളത്ത് ശക്തിപ്രാപിക്കുകയും ചെയ്യുന്ന നില കാണിക്കുന്നതെന്താണ്? ഒന്നുകില്‍ അവര്‍ വോട്ട് യുഡിഎഫിന് നല്‍കി. അല്ലെങ്കില്‍ അവര്‍ തകരുകയാണ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ ലഭിച്ച വോട്ട് ജില്ലാ പഞ്ചായത്തിലെത്തുമ്പോള്‍ 1417 ആയി കുറയുന്നതും കാണാനാകുന്നുണ്ട്. ഇത്തരം കുറവുകള്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന്റെ വോട്ടുപെട്ടിയില്‍ കൂടിവരുന്നതായും കാണാന്‍ കഴിയും. ഏകദേശം700 വോട്ടാണ് ഗ്രാമപഞ്ചായത്തിനെ അപേക്ഷിച്ച് യുഡിഎഫിന് ജില്ലാ പഞ്ചായത്തില്‍ കൂടുതലായി ലഭിച്ചത്. തളിക്കുളത്തെ സിപിഐ എം വിരുദ്ധരുടെ യാത്രയും എങ്ങോട്ടേക്കാണെന്ന് ഇത് വ്യക്തമാക്കുന്നു. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലെയും ഒറ്റപ്പാലത്തെയും സ്ഥിതിവിശേഷം നേരത്തെതന്നെ ഈ നിലയിലേക്ക് എത്തിയിട്ടുള്ളതാണ്. അവിടെ സിപിഐ എം വിരുദ്ധരെല്ലാം തുടക്കം മുതല്‍തന്നെ യുഡിഎഫിന്റെ വോട്ടുനേടി വിജയിക്കുന്ന രീതി തുടരുന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. വിപ്ളവകരമായ മുദ്രാവാക്യമുയര്‍ത്തി സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തി വലതുപക്ഷ ശക്തികളെയും വര്‍ഗീയ-പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്താന്‍ അടിത്തറ ഒരുക്കുകയാണ് ഇത്തരം രാഷ്ട്രീയം ഇപ്പോള്‍ ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് ശരിയായ പാതയിലേക്ക് തിരിച്ചുവരാന്‍ തെറ്റിദ്ധരിച്ചുപോയവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. (തുടരും)

No comments: