Wednesday, November 17, 2010

കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നുവോ

കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നുവോ

തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതില്‍ അഖിലേന്ത്യാതലത്തില്‍ പ്രശംസനേടിയ സംസ്ഥാനമാണ് കേരളം. ആ പദ്ധതി ഒന്നാം യുപിഎ സര്‍ക്കാരിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വം നടപ്പാക്കിച്ചത് ഇടതുപക്ഷ പാര്‍ടികളാണ്. അഖിലേന്ത്യാസാഹചര്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ഒട്ടേറെ സങ്കീര്‍ണതകളാണ് തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുനിന്നത്. കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസമെങ്കിലും തൊഴിലും കൂലിയും അധികമായി നല്‍കുക എന്നതാണ് തൊഴിലുറപ്പുപദ്ധതിയുടെ ലക്ഷ്യം. പൊതുഭൂമിയിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂമിയിലുമുള്ള കായികാധ്വാനം മാത്രമാണ് അനുവദിക്കപ്പെട്ടത്. മണ്ണ്- ജലസംരക്ഷണ- വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്. ഈ മേഖലകളിലെ പ്രവര്‍ത്തനം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍, പൊതുഭൂമിയുടെ ലഭ്യത കേരളത്തില്‍ തീരെ കുറവാണ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതിയുടെ കാര്യവും വ്യത്യസ്തമല്ല. കാര്‍ഷികപരിഷ്കരണം പൂര്‍ണമായ തോതില്‍ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ ചെറുകിട നാമമാത്ര കര്‍ഷകരാണ് കേരളത്തില്‍ മഹാഭൂരിപക്ഷവും. നാമമാത്ര കര്‍ഷകരുടെ കൃഷിഭൂമിയിലെ അധ്വാനവും തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഓരോ സംസ്ഥാനത്തെയും കാര്‍ഷികമേഖലയിലെ മിനിമം കൂലിയാണ് തൊഴിലുറപ്പുപദ്ധതിയില്‍ കൂലിയായി അംഗീകരിച്ചത്. പദ്ധതിക്ക് തുടക്കംകുറിച്ച 2005-2006ല്‍ നിലനിന്ന മിനിമം കൂലിയായ 125 രൂപയാണ് കേരളത്തില്‍ തൊഴിലുറപ്പുപദ്ധതിക്ക് ഇന്നും അനുവദിച്ച കൂലി. ഇവിടെ കാര്‍ഷികമേഖലയിലെ മിനിമം കൂലി 200 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ നിരക്ക് അനുവദിക്കാന്‍ നിവൃത്തിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. തൊഴിലുറപ്പുപദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പദ്ധതി നിര്‍വഹണം അസാധ്യമാകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പ്രതികൂലസാഹചര്യങ്ങളെ മുറിച്ചുകടന്ന് അഴിമതിരഹിതമായും സുതാര്യമായും എങ്ങനെ പദ്ധതി നിര്‍വഹണം സാധ്യമാകും എന്ന പരിശ്രമമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ഈ ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് പദ്ധതിനിര്‍വഹണം നാലാംവര്‍ഷം പിന്നിട്ടത്. അഭിമാനകരമായ ഈ വിജയം നേടിയ ഘട്ടത്തില്‍ത്തന്നെ സംസ്ഥാനത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള ധനസഹായം കേന്ദ്രം നിര്‍ത്തിവച്ചിരിക്കുന്നു. 10 ജില്ലയില്‍ ഫണ്ട് പൂര്‍ണമായും തീര്‍ന്നു. നാല് ജില്ലയില്‍ ഏതാനും ദിവസത്തേക്കുള്ള ഫണ്ട് മാത്രമേ ബാക്കിയുള്ളൂ. പദ്ധതി നിലച്ചുപോയാല്‍ പാവങ്ങളുടെ വരുമാനം മുട്ടും. അതിലൂടെ ദാരിദ്യ്രം പെരുകും. എട്ട് ലക്ഷത്തിലേറെ തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പദ്ധതിയില്‍ 8,14,000 പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ക്കൊന്നും കൂലി ലഭിക്കില്ല. നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയലക്ഷ്യത്തോടെയാണ് പദ്ധതി അട്ടിമറിക്കുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. വിവിധ മേഖലകളില്‍ കേരളം നേടിയ പുരോഗതിക്ക് കേന്ദ്രം പുരസ്കാരങ്ങള്‍ നല്‍കിയപ്പോള്‍, അവ ഇനി നല്‍കരുതെന്ന് എംപിമാരെ അയച്ച് കോണ്‍ഗ്രസ് നേതൃത്വത്തോട് പരസ്യമായി ആവശ്യപ്പെടാന്‍ ലജ്ജിച്ചിട്ടില്ലാത്തവരാണ് ഇവിടത്തെ കോണ്‍ഗ്രസുകാര്‍. എല്ലാ സംസ്ഥാനങ്ങളെയും തുല്യ പരിഗണനയോടെ കാണാന്‍ ബാധ്യതപ്പെട്ട കേന്ദ്ര ക്യാബിനറ്റ് മന്ത്രിതന്നെ അത്തരം വിധ്വംസക നിവേദകസംഘത്തിന് നേതൃത്വം നല്‍കി. അങ്ങനെ ശത്രുത തെളിയിച്ചവര്‍ക്ക് തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാന്‍ മടിയുണ്ടാകില്ലതന്നെ. ഈ സാമ്പത്തികവര്‍ഷം 297 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. കേന്ദ്രം അനുവദിച്ച തുകയുടെ 60 ശതമാനം ചെലവഴിച്ചതിന്റെ കണക്ക് നല്‍കുന്ന മുറയ്ക്ക് അടുത്ത ഗഡു കേന്ദ്രം നല്‍കുമെന്നതാണ് പദ്ധതിയുടെ വ്യവസ്ഥ. ഇതനുസരിച്ച് രണ്ടുമാസം മുമ്പ്, 60 ശതമാനം തുക ചെലവഴിച്ചതിന്റെ കണക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് നിരന്തരം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫണ്ട് അനുവദിക്കാന്‍ കൂട്ടാക്കുന്നില്ല. കേരളത്തിനു പുറമെ പശ്ചിമബംഗാളിനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് നിഷേധിച്ചിട്ടുണ്ട്്. അതില്‍ ത്രിപുരയും പെടും. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് പദ്ധതി അട്ടിമറിക്കാനുള്ളതാണ് നീക്കമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. നഗരപ്രദേശങ്ങളില്‍കൂടി തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിച്ച് രാജ്യത്ത് ഏറ്റവും മുന്‍നിരയിലേക്ക് കേരളം ഉയരുമ്പോഴുള്ള ഈ ഫണ്ട് നിഷേധത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് നഗര തൊഴിലുറപ്പുപദ്ധതി ആരംഭിക്കുന്നത്. സുതാര്യതയിലും അഴിമതിയില്ലായ്മയിലും വിട്ടുവീഴ്ചയില്ലാതെയുള്ള പദ്ധതിനിര്‍വഹണത്തില്‍ കേരളം മറ്റേതു സംസ്ഥാനത്തെയുംകാള്‍ മുന്നിലാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ മുന്നേറ്റത്തിന് അടിത്തറ. കേന്ദ്രാവിഷ്കൃതപദ്ധതികളെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കറവപ്പശുക്കളായാണ് കാണുന്നതെങ്കില്‍ എല്‍ഡിഎഫ് ഇവിടെ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ അവയെ രൂപപ്പെടുത്താം; പ്രയോജനപ്പെടുത്താം എന്ന ഗവേഷണമാണ് നടത്തിയത്-അതാണ് പ്രാവര്‍ത്തികമാക്കിയത്. അത് അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ശക്തമായ പ്രതിഷേധം എല്ലാ ഭാഗത്തുനിന്നും ഉയരണം.

No comments: