Wednesday, November 17, 2010

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ.

വര്‍ഷങ്ങള്‍ നീണ്ട തടങ്കലിനുശേഷം ആങ് സാന്‍ സൂകി മോചിപ്പിക്കപ്പെട്ടത് മ്യാന്‍മറിന്റെ പുതിയ പ്രഭാതത്തിലേക്കുള്ള ചുവടുവയ്പായി അന്നാട്ടിലെ സ്വാതന്ത്യ്രേച്ഛുക്കളായ ജനസാമാന്യം കരുതുന്നു. പ്രതിപക്ഷം ഭിന്നത വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആരാധകരെ അഭിസംബോധനചെയ്ത് സൂകി ആഹ്വാനംചെയ്തത്. അരനൂറ്റാണ്ടായി തുടരുന്ന പട്ടാള ഭരണത്തില്‍നിന്നുള്ള മോചന പ്രതീക്ഷയും അതിനായുള്ള പോരാട്ടത്തിന്റെ പ്രതീകവുമാണ് മ്യാന്‍മര്‍ ജനതയ്ക്ക് സൂകി. വ്യവസ്ഥകളോ മാനദണ്ഡങ്ങളോ ഇല്ലാതെയാണ്, നിശ്ചയിക്കപ്പെട്ട കാലാവധി പൂര്‍ത്തിയാകുന്ന ദിവസം അവരെ പട്ടാള ഭരണകൂടം മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍നിന്ന് പ്രിയപ്പെട്ട നേതാവ് പുറത്തിറങ്ങുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനെത്തിയത്. ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഭാവി പരിപാടികള്‍ ജനങ്ങളുമായി സംവദിച്ചശേഷം പ്രഖ്യാപിക്കുമെന്നും സൂകി വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജാപ്പനീസ് കോളനി വാഴ്ചക്കെതിരെയും സുധീരം പോരടിച്ച പാരമ്പര്യമുള്ള രാജ്യമാണ് ബര്‍മ എന്ന ഇന്നത്തെ മ്യാന്‍മര്‍. ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ 1937ലാണ് ഇംഗ്ളീഷുകാര്‍ നേരിട്ടു ഭരിക്കുന്ന പ്രത്യേക കോളനിയായത്. 42ല്‍ ജപ്പാന്‍ ബ്രിട്ടീഷുകാരെ തുരത്തിയെങ്കിലും മൂന്നുവര്‍ഷത്തിനുശേഷം ആങ് സാന്‍(സൂകിയുടെ പിതാവ്) നേതൃത്വം നല്‍കിയ ഫാസിസ്റ് വിരുദ്ധ ഫ്രീഡം ലീഗും ബ്രിട്ടീഷ് സൈന്യവും സംയുക്ത നീക്കത്തിലൂടെ ജപ്പാനെ തുരത്തിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ഭരണം വന്നുവെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ വിമത സൈന്യം ആങ് സാനെയും സഹപ്രവര്‍ത്തകരെയും വധിച്ചു. 48ല്‍ വിദേശശക്തികളില്‍നിന്ന് പൂര്‍ണമായ സ്വാതന്ത്യ്രം നേടിയ ബര്‍മയ്ക്ക്, ജനാധിപത്യത്തിന്റെ വായു ശ്വസിക്കാന്‍ ഒരു ദശകത്തോളമേ അവസരമുണ്ടായുള്ളൂ. 1958നുശേഷം ഭരണകക്ഷിയിലെ പിളര്‍പ്പും പട്ടാളത്തിന്റെ രംഗപ്രവേശവും ഭരണത്തെ അസ്വസ്ഥമാക്കി. 62ല്‍ പട്ടാളം ഭരണം പിടിച്ചു. പിന്നീടിന്നോളം അശാന്തിയുടെയും അടിച്ചമര്‍ത്തലിന്റെയും കാലം. ജനാധിപത്യപരമായ അവകാശങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യ്രമോ അനുവദിക്കാതെ, എതിരഭിപ്രായമുള്ളവരെ അടിച്ചമര്‍ത്തിയും തുറുങ്കിലടച്ചും തുടര്‍ന്ന പട്ടാള ഭരണത്തിനെതിരെ കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് സൂകി ജനനേതാവായി മാറിയത്. അവരെ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാതെ തടങ്കലില്‍വച്ച് ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താനാണ് പട്ടാളഭരണം നിരന്തരം ശ്രമിച്ചത്. ഇപ്പോള്‍ സൂകിക്ക് മോചനം നല്‍കിയതും പട്ടാള ഭരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ടുതന്നെയാണ്. നവംബര്‍ ഏഴിന് ഒരു തെരഞ്ഞെടുപ്പ് നാടകം അരങ്ങേറിയിരുന്നു. 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് ഉറപ്പാക്കിയും പട്ടാള ഭരണത്തിന്റെ പാവകളായ പാര്‍ടികളില്‍നിന്ന് മൂന്നിലൊന്ന് സ്ഥാനാര്‍ഥികളെ അണിനിരത്തിയും നടത്തിയ ആ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ നിസ്സഹകരണം കൊണ്ടാണ് ശ്രദ്ധേയമായത്്. ഇപ്പോള്‍ സൂകിയെ മോചിപ്പിച്ചത്, അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന് കരുതുന്നവരാണ് ഏറെയും. അതല്ലാതെ മ്യാന്‍മറില്‍ ജനാധിപത്യത്തിന്റെ വെളിച്ചം കടത്തിവിടാനുള്ള തീരുമാനമല്ല അത്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ച രാജ്യത്ത് സൂകിക്കോ അവരുടെ പാര്‍ടിക്കോ ഭാവിപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രമുണ്ടാകില്ല. എന്നല്ല; താല്‍ക്കാലികമായി മോചിപ്പിച്ചുവെങ്കിലും ഏതുസമയത്തും സൃഷ്ടിച്ചെടുക്കുന്ന കാരണങ്ങള്‍ മറയാക്കി സൂകിയെ തുറുങ്കിലടയ്ക്കാനാകും. ഇപ്പോഴും 2200 പേര്‍ തടവിലാണ്. അവരില്‍ ബുദ്ധസന്യാസികളുമുണ്ട്. അടിച്ചമര്‍ത്തലിനും തെല്ലും ശമനമുണ്ടായിട്ടില്ല. മ്യാന്‍മറിന്റെ ജനാധിപത്യ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രസ്ഥാനം അവിടെയില്ല. അതുകൊണ്ടുതന്നെ, സൂകിയുടെ മോചനത്തിനുശേഷവും മ്യാന്‍മറിന് മോചനം ഉണ്ടാകുമെന്ന് പറയാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ശരിയായ ദിശയില്‍ സ്വാതന്ത്യ്രപ്രസ്ഥാനം കെട്ടിപ്പടുക്കാനും മുന്നോട്ടുകൊണ്ടുപോകാനും സൂകിക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

No comments: