Tuesday, November 30, 2010

സര്‍ഗ്ഗചൈതന്യം ചിറക് വിടര്‍‌ത്തുന്ന കലാമാമാങ്കം

സര്‍ഗ്ഗചൈതന്യം ചിറക് വിടര്‍‌ത്തുന്ന കലാമാമാങ്കം


രാഗവര്‍ണവിസ്മയം തീര്‍ത്ത് യു എ ഇ യിലെ എഴുപതോളം വിദ്യാലയങളില്‍നിന്നുള്ള മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്ക്കാരിക സംഗമത്തിന്ന് ദല വേദിയൊരുക്കുകയാണു ഡിസംബര്‍ രണ്ട് , മൂന്ന് തിയ്യതികളില്‍ ഗള്‍ഫ് മോഡല്‍ സ്കൂളില്‍. നൃത്തം ,സംഗീതം,സാഹിത്യം,നാടന്‍ കല,പാരമ്പര്യ കല തുടങിയ വിഭാഗങളില്‍ തൊണ്ണൂറ്റിആറു വ്യക്തിഗത ഇനങളിലും എട്ട് ഗ്രൂപ് ഇനങളിലുമാണു മത്സരം നടക്കുന്നത്. മൂന്ന് മുഖ്യവേദികളിലും ഒമ്പത് ഉപവേദികളിലുമായി നടക്കുന്ന മത്സരങള്‍ക്ക് വളരെ നല്ല തയ്യാറെടുപ്പുകളാണു സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷമായി ദല നടത്തിവരുന്ന ഈ സാംസ്ക്കാരിക സംഗമം ഗള്‍ഫിലെ എറ്റവും വലിയ കലാമേളയാണു.കലയും സംസ്ക്കരവും നെഞ്ചിലേറ്റി വിജയകിരീടം ചൂടാന്‍ ഇഞ്ചോട് ഇഞ്ച് പോരാടി തങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നടത്തുന്ന മത്സരങള്‍ കാണികളില്‍ ഏറെ ആവേശം ജനിപ്പിക്കുന്നതാണു. ജൂനിയര്‍ സീനിയര്‍ വിഭാഗങളില്‍ കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂകളുകള്‍ക്ക് ഓവര്‍‌റോള്‍ ട്രോഫിയുമാണു ദല നല്‍കി പോരുന്നത്.
യുവഹൃദയങളില്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പരസ്പാര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പുതുനാമ്പുകള്‍ കിളിര്‍ക്കാനും മനുഷ്യത്വവും മാനവികതയും ഊട്ടിഉറപ്പിക്കാനും ഇത്തരം കലാമേളകള്‍ക്ക് ഏറെ കഴിഞ്ഞിട്ടുണ്ട്.ഗള്‍ഫ് രാജ്യങളില്‍ ഇത്രയും അടക്കും ചിട്ടയോടും ഫലപ്രഖ്യാപനത്തില്‍ പരമാവധി സുതാര്യതയും ഉറപ്പ് വരുത്തി നടത്തി വരുന്ന ഈ കലാമേള ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.യുവതലമുറയുടെ മനസ്സും ഹൃദയവും തൊട്ടറിഞ്ഞ കലാസംസ്കാരിക രംഗത്തെ പ്രഗത്ഭരും പ്രശസ്തരും വിധികര്‍ത്താക്കളായി എത്തുന്നുവെന്നതും ഈ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണു.ദലയുടെ കര്‍മ്മനിരതരായ അംഗങളുടെ അക്ഷീണ പരിശ്രമവും രക്ഷിതാക്കളുടെയും മത്സരാര്‍ത്ഥികളുടെ അകമഴിഞ്ഞ സഹകരണവും ഈ കലാമേള മികവുറ്റതാക്കാന്‍ ഏറെ സഹായകരമഅയിട്ടുണ്ട്.
വിദ്യാഭ്യാസത്തില്‍ കലക്കും സാഹിത്യത്തിന്നും വലിയൊരു സ്ഥാനമാണുള്ളത്.കലാപരമായ വികസനവും സാഹിത്യ അഭിരുചി വളര്‍ത്തിയെടുക്കുകയെന്നതും വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങളില്‍ പെടുന്നു.മാത്രമല്ല ഇത്തരം കലാമേളകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒത്തൊരുമിച്ച് സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന അവസരം അറിഞ്ഞോ അറിയാതെയോ അവരുടെ ഉള്ളില്‍ കടന്നുകൂടിയിരിക്കുന്ന 'എനിക്ക് എല്ലാം അറിയാമെന്ന' ഭാവത്തെ ഇല്ലാതാക്കാനും സഹചര്യങളുമായി ഒത്ത് ചേര്‍ന്ന് പോകാനും വളരെയധികം സഹായിക്കും..തുടര്‍ച്ചയായ പഠനത്തിന്റെ മുഷിപ്പ് അകറ്റാനും നഷ്ടപ്പെടുന്ന ഉത്സാഹം വീണ്ടെടുക്കാനും ഇത്തരത്തിലുള്ള കലാസംഗമങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.
സര്‍ഗ്ഗചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഈ മത്സരങളില്‍ പങ്കെടുത്ത് സമ്മാനങള്‍ വാരിക്കൂട്ടന് കഴിയുന്ന രീതിയില്‍ ഈ യുവജനോത്സവം മാറണമെന്നാണു ദല ആഗ്രഹിക്കുന്നത് എന്നാല്‍ ചില സ്കൂളുകള്‍ കലയോടും സാഹിത്യത്തോടും സാംസ്കാരിക പ്രവര്‍ത്തനങളോടൂം മുഖം തിരിഞ്ഞ് നില്‍ക്കുന്നതുകോണ്ട് ഒരു ചെറിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ മത്സരങളില്‍ പങ്കെടുക്കുന്നതിന്നോ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്നോ സാധിക്കുന്നില്ലായെന്നത് ഖേദകരമാണു..വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കലാ-സാഹിത്യ വാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും
രക്ഷിതാക്കല്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും വലിയ ഉത്തരവാദിത്തമാണുള്ളതെന്നും അവര്‍ അവരുടെ കടമയും കര്‍ത്തവ്യവും നിര്‍‌വഹിക്കാന്‍ തയ്യാറാകുമെന്നും നമുക്ക് ആശിക്കാം..
നാരായണന്‍ വെളിയംകോട്.

No comments: