Friday, November 19, 2010

ജെപിസി അന്വേഷണം ഒഴിവാക്കാനാകില്ല

ജെപിസി അന്വേഷണം ഒഴിവാക്കാനാകില്ല

2ജി സ്പെക്ട്രം അഴിമതിയിലൂടെ കേന്ദ്ര ഖജനാവിന് 1,76,000 കോടിയില്‍പരം രൂപ നഷ്ടം വരുത്തിയതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതോടെ പ്രതിപക്ഷം ന്യായമായും ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തില്‍നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതോടെ ഈ വിഷയം പൊതുജനങ്ങളുടെ സജീവ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. മാത്രമല്ല സ്പെക്ട്രം അഴിമതി പുതിയ വിഷയമല്ല. രണ്ടുവര്‍ഷം മുമ്പ് സിപിഐ എം കേന്ദ്രകമ്മിറ്റി അച്ചടിച്ച ലഘുലേഖയിലൂടെ ഇക്കാര്യം ബഹുജന ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇത് ചര്‍ച്ചാവിഷയമായിരുന്നു. തുടക്കത്തില്‍ ഒരുലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടം വന്നതായിട്ടാണ് കണക്കാക്കിയിരുന്നത്. അഴിമതി നടത്തിയത് യുപിഎ മന്ത്രിസഭയിലെ അംഗമായതിനാല്‍ വലതുപക്ഷമാധ്യമങ്ങള്‍ വാര്‍ത്ത തമസ്കരിക്കാനാണ് ശ്രമിച്ചത്. അഴിമതിയുടെ വിശദവിവരം പാര്‍ലമെന്റില്‍ മാത്രമല്ല, നീതിന്യായമേഖലയിലെ അത്യുന്നതപദവിയിലുള്ള സുപ്രീംകോടതിയുടെ ശ്രദ്ധയിലും വന്നുകഴിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭാഗത്തുനിന്ന് 16 മാസമായി തുടരുന്ന അര്‍ഥഗര്‍ഭമായ മൌനവും നിഷ്ക്രിയത്വവും സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് വിധേയമായത് നിസ്സാരമായി കാണാനാകില്ല. അഴിമതി പുറത്തുവന്നിട്ടും ടെലികോം വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി രാജ അധികാരത്തില്‍ തുടരുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ രാജയെ മന്ത്രിസഭയില്‍നിന്നൊഴിവാക്കാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, അധികാരത്തില്‍ തുടരണമെങ്കില്‍ ഡി എംകെയുടെ പിന്തുണ ഒഴിവാക്കാന്‍ കഴിയില്ലെന്ന് വന്നു. അധികാരമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് കരുതുന്ന കോഗ്രസ് നേതൃത്വത്തിന് അഴിമതി ഭൂഷണമാണെന്ന ഭാവമാണുള്ളത്. ഒരുഘട്ടത്തില്‍ താന്‍ അറിഞ്ഞുകൊണ്ടാണ് 2 ജി സ്പെക്ട്രം വില്‍പ്പന നടന്നതെന്നും അതില്‍ ക്രമക്കേടൊന്നുമില്ലെന്നും പ്രധാനമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. പ്രധാനമന്ത്രി അറിയാതെയല്ല ഇതൊക്കെ നടന്നതെന്നര്‍ഥം. പ്രധാനമന്ത്രി വിമര്‍ശനവിധേയനായതോടെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് വന്നിരിക്കുന്നു. കേന്ദ്ര ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടിയില്‍പരം രൂപ നഷ്ടം വരുത്തിയ അതീവ ഗുരുതരമായ അഴിമതിപ്രശ്നം ആറുദിവസമായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിഷ്ക്രിയത്വമാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണം. ഇന്നത്തെ അനിശ്ചിതത്വം ഇനിയും തുടരാനനുവദിച്ചുകൂടാ. പ്രധാനമന്ത്രി പാര്‍ലമെന്റിനെ ഭയപ്പെടുന്ന നില പാര്‍ലമെന്ററി ഭരണക്രമത്തിന്തന്നെ ഭീഷണിയാണ്. ജനാധിപത്യമര്യാദ പാലിച്ചുകൊണ്ട് ഇത്രയും ഭീമമായ തുക ഖജനാവിന് നഷ്ടം വരുത്തിയ അഴിമതിയില്‍ ആരൊക്കെ ഉള്‍പ്പെട്ടു എന്നും ആര്‍ക്കൊക്കെ ഉത്തരവാദിത്തമുണ്ട് എന്നും വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മാത്രമേ ഈ ചുമതല ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയൂ. അഴിമതി ആരോപണങ്ങള്‍ മുമ്പും ജെപിസി അന്വേഷണത്തിന് വിധേയമാക്കിയ കീഴ്വഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഇനിയും സമയംകളയാതെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് വഴങ്ങാന്‍ പ്രധാനമന്ത്രി തയ്യാറാകണം. അന്വേഷണത്തില്‍നിന്ന് ഇനിയും ഒളിച്ചോടാന്‍ കഴിയില്ലെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം.

No comments: