Friday, November 26, 2010

സോണിയയുടെ പ്രസംഗവും കോഗ്രസിന്റെ കുറ്റസമ്മതവും

സോണിയയുടെ പ്രസംഗവും കോഗ്രസിന്റെ കുറ്റസമ്മതവും

അനൌദ്യോഗികമായി കോഗ്രസിന്റെ യഥാര്‍ഥ മുഖപത്രം മലയാളമനോരമയും മാതൃഭൂമിയും ആണെങ്കിലും കെപിസിസിയുടെ ഔദ്യോഗിക മുഖം വീക്ഷണമാണെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ഈ മാസം 20ന് ആ പത്രത്തില്‍ വന്ന സോണിയ ഗാന്ധിയുടെ പ്രസംഗവും ആര്‍ രാജേന്ദ്രന്റെ ലേഖനവും പരസ്പരബന്ധമുള്ളതാണ്. ധാര്‍മികത തളരുന്നു എന്നാണ് സോണിയ പറയുന്നത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പത്താമത് ഇന്ദിര ഗാന്ധി കോഫറന്‍സിലാണ് സോണിയയുടെ ശ്രദ്ധേയ വെളിപ്പെടുത്തലുണ്ടായത്. കോഗ്രസ് അധ്യക്ഷയും ഒപ്പം യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത വീക്ഷണത്തില്‍നിന്ന് പ്രസക്തഭാഗം ഉദ്ധരിക്കാം: "രാജ്യത്ത് അഴിമതി സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍ കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. സമ്പദ്വ്യവസ്ഥ തീര്‍ച്ചയായും വളരുന്നുണ്ടെങ്കിലും ധാര്‍മികത മുമ്പെങ്ങുമില്ലാത്തവിധം തളരുകയാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ കൈക്കൂലിയും അത്യാര്‍ത്തിയും ഏറെ വര്‍ധിച്ചിരിക്കുന്നു. ഇത് വര്‍ധിച്ച അഴിമതികളിലേക്ക് നയിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയേക്കാള്‍ മുന്നിലാണ് അഴിമതിയുടെ വളര്‍ച്ചയെന്ന് കോഗ്രസ് അധ്യക്ഷ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ധാര്‍മികത മുമ്പെങ്ങുമില്ലാത്തവിധം അധഃപതിക്കുകയാണ്. സര്‍ക്കര്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുണ്ടായിട്ടുള്ളത്. രാജ്യത്ത് വിവിധ അഴിമതിസംഭവങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കോഗ്രസ് അധ്യക്ഷയുടെ സമഗ്ര നിരൂപണമെന്ന് വിലയിരുത്തപ്പെടുന്നു''. സോണിയ കേന്ദ്രഭരണം നിയന്ത്രിക്കുന്ന വ്യക്തിയാണ്. അവരുടെ ഇംഗിതത്തിന് വിലകല്‍പ്പിക്കാത്ത ഒരാള്‍ക്കും കോഗ്രസില്‍ തുടരാന്‍ സാധ്യമല്ല എന്നതും വ്യക്തം. ഇപ്പോള്‍ അഴിമതി ആരോപണത്തിന് വിധേയനായ സുരേഷ് കല്‍മാഡി അന്യനല്ല. കല്‍മാഡി പറഞ്ഞത് കോമവെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയതിന്റെ ഉത്തരവാദിത്തം ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനാണെന്നാണ്. അവരും കോഗ്രസ് നേതാവുതന്നെ. മഹാരാഷ്ട്രയില്‍ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുടെ ഉത്തരവാദിത്തം സ്ഥാനമൊഴിഞ്ഞ കോഗ്രസ് മുഖ്യമന്ത്രി അശോക് ചവാനാണ് എന്നതും വ്യക്തമാണ്. ഐപിഎല്‍ അഴിമതിയുടെ പേരില്‍ രാജിവക്കേണ്ടിവന്ന ശശി തരൂരും കോഗ്രസുകാരന്‍തന്നെ. സോണിയയുടെ സ്വന്തക്കാരനാണെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് ഏറ്റവും വലിയ അഴിമതിയുടെ കൂടാരം കോഗ്രസാണ്. അത്തരം ഒരു പാര്‍ടിയുടെ അധ്യക്ഷയും കേന്ദ്രഭരണം നിയന്ത്രിക്കുന്ന വ്യക്തിയുമായ സോണിയ അഴിമതിയുടെ കാര്യത്തില്‍ നിസ്സഹായതയോടെ വിലപിക്കുന്നത് കാപട്യമെന്നല്ലാതെ മറ്റെന്തു പറയാന്‍. ഒന്നേമുക്കാല്‍ലക്ഷം കോടിയില്‍പ്പരം രൂപ കേന്ദ്ര ഖജനാവില്‍ നഷ്ടം വരുത്തിയതായി സിഎജി കണ്ടെത്തിയ അഴിമതി കണ്ടില്ലെന്നു നടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സോണിയക്കോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോ ഒളിച്ചോടാനാകില്ല. 'വീക്ഷണ'ത്തിലെ രാജേന്ദ്രന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. "അഴിമതിഭാണ്ഡവും പേറി ടെലികോം മന്ത്രാലയത്തില്‍നിന്ന് എ രാജ പടിയിറങ്ങി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ മുഖ്യവേഷം കെട്ടിയാടിയ മന്ത്രി രാജ രണ്ടരവര്‍ഷമെടുത്തു കസേര ഒഴിയാന്‍. നേരത്തെ ആയിരുന്നെങ്കില്‍ യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു''. ലേഖനത്തിന്റെ മറ്റൊരിടത്ത് പറയുന്നു: "വിലനിര്‍ണ്ണയം സുതാര്യവും നീതിപൂര്‍വകവുമാക്കാനായി ലേലം നടത്തണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി 2007 നവംബര്‍ രണ്ടിന് രാജയ്ക്ക് കത്തു നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. രാജയ്ക്കെതിരായ ഏതു നീക്കവും കരുണാനിധിയെ ചൊടിപ്പിക്കും. 18 എന്ന അംഗസംഖ്യയാണ് ഡിഎംകെയുടെ തുറുപ്പുചീട്ട്. യുപിഎയുടെ രണ്ടാമൂഴത്തില്‍ രാജയെ മന്ത്രിയാക്കുന്നതിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് എതിര്‍ത്തിരുന്നു. എന്നാല്‍, അത് വേണ്ടവണ്ണം ഉള്‍ക്കൊള്ളുന്നതിനു പകരം തുറുപ്പുചീട്ടെടുത്ത് കളിക്കാനാണ് കരുണാനിധി മുതിര്‍ന്നത്''. കെപിസിസിയുടെ ഔദ്യോഗിക മുഖപത്രം ഇത്രയും സമ്മതിച്ചുതരുമ്പോള്‍ പ്രധാനമന്ത്രിയെ എങ്ങനെ കുറ്റപ്പെടുത്താതിരിക്കാനാകും? സുപ്രീംകോടതി പ്രധാനമന്ത്രിയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്ന് പുതിയ ഒരു വിശദീകരണം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. അത് എന്തായാലും പ്രധാനമന്ത്രിയുടെ നിര്‍ദേശം 2007ല്‍തന്നെ സഹമന്ത്രി രാജ ധിക്കാരപൂര്‍വം തള്ളിക്കളഞ്ഞതായാണ് കാണുന്നത്. തന്റെ മന്ത്രിസഭയിലെ ഒരംഗം തെറ്റുചെയ്തതായി ബോധ്യപ്പെട്ടാല്‍ മന്ത്രിയെ പുറത്താക്കാനുള്ള പൂര്‍ണ അധികാരം പ്രധാനമന്ത്രിക്കുതന്നെയാണല്ലോ. എന്തുകൊണ്ട് ഈ അധികാരം പ്രയോഗിച്ചില്ല എന്നതിന് ഉത്തരം പറയാന്‍ മന്‍മോഹന്‍സിങ്ങിന് ബാധ്യതയുണ്ട്. 2009ല്‍ യുപിഎയുടെ രണ്ടാമൂഴത്തില്‍ രാജയെ മന്ത്രിയാക്കുന്നതിനെ പ്രധാനമന്ത്രി എതിര്‍ത്തിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ അക്കാര്യത്തിലും പ്രധാനമന്ത്രി കഴിവുകെട്ട ആളാണെന്ന് വ്യക്തമാകുന്നു. അതിനുള്ള കാരണമായി പറയുന്നത് കരുണാനിധിക്ക് 18 എംപിമാരുണ്ടെന്നാണ്. അതായത്, ഡിഎംകെയുടെ പിന്തുണയില്ലാതെ അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. അദ്ദേഹത്തിന് അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിനേക്കാള്‍ പ്രധാനം അധികാരക്കസേര ഉറപ്പിച്ചുനിര്‍ത്തലാണ്. അധികാരം നിലനിര്‍ത്തുന്നതിനാണോ ധാര്‍മികതയ്ക്കാണോ പ്രാധാന്യം നല്‍കുന്നത് എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നല്‍കുന്ന ഉത്തരം അധികാരമാണ് പ്രധാനം എന്നുതന്നെയാണ്. കോഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഇതിന് പച്ചക്കൊടി കാണിക്കുന്നു. ഇരുവരും അറിഞ്ഞുതന്നെയാണ് എല്ലാം സംഭവിച്ചത്. ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നഷ്ടം വന്നാലും അധികാരം കൈമോശംവരാതെ സൂക്ഷിക്കലാണ് കോഗ്രസില്‍ പരമപ്രധാനമെന്നതില്‍ ഇതിലധികം തെളിവ് ആവശ്യമില്ല. സോണിയയുടെ ധാര്‍മികതയെക്കുറിച്ചുള്ള പ്രസംഗത്തില്‍ ആത്മാര്‍ഥതയുടെ കണികപോലുമില്ലെന്നു വ്യക്തം. കര്‍ണാടകം ഭരിക്കുന്ന ബിജെപിയും ഇതേ ദിശയില്‍തന്നെ. രണ്ട് ബൂര്‍ഷ്വാ പാര്‍ടികളും തമ്മില്‍ വര്‍ഗതാല്‍പ്പര്യത്തില്‍ വകഭേദമൊന്നും കാണാനില്ല. അധികാരക്കൊതിയും അധികാരം കൈക്കലാക്കി പണം സമ്പാദിക്കലുമാണ് ഇരുകൂട്ടരുടെയും ആത്യന്തിക ലക്ഷ്യമെന്ന് ഒരിക്കല്‍ക്കൂടി സംശയരഹിതമായി തെളിഞ്ഞുകഴിഞ്ഞു. ഈ വസ്തുത വെളിപ്പെടുത്തിയ കോഗ്രസിന്റെ ഔദ്യോഗിക ജിഹ്വയോട് നന്ദി പറയാം.

No comments: