Friday, November 26, 2010

മാധ്യമങ്ങളുടെ ദല്ലാള്‍മുഖം

മാധ്യമങ്ങളുടെ ദല്ലാള്‍മുഖം

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനരംഗത്തെ ബാധിക്കുന്ന ജീര്‍ണതയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ അനുബന്ധമായി പുറത്തുവന്നിട്ടുള്ളത്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ കുംഭകോണം! ഇതു കൂടുതല്‍ ശ്രദ്ധേയമാകുന്നത് രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തനരംഗത്തെ ചില പ്രമുഖര്‍കൂടി ഉള്‍പ്പെട്ടതാണ് ഇത് എന്നതുകൊണ്ടാണ്. എന്‍ഡിടിവി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്കാദത്ത്, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി എന്നിവരുടെ പങ്കാണ് പുറത്തുവന്നുകഴിഞ്ഞിട്ടുള്ളത്. മാധ്യമ-രാഷ്ട്രീയ- കോര്‍പറേറ്റ് അവിശുദ്ധ ബന്ധത്തിന്റെ നിഗൂഢബന്ധങ്ങളുടെ ചുരുളഴിയാന്‍ വരുംനാളുകളിലെ അന്വേഷണം സഹായകമാകും എന്നു കരുതുക. കോര്‍പറേറ്റ് ദല്ലാളായ നീര റാഡിയയുമായി ഈ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ബന്ധം മാധ്യമരംഗത്തെക്കുറിച്ച് കുറെക്കാലമായി കേട്ടുവരുന്ന കഥകള്‍ക്ക് പുതിയ അനുബന്ധമായി ഉയര്‍ന്നുനില്‍ക്കുന്നു. മാധ്യമ നടത്തിപ്പ് ഒരിക്കല്‍ രാഷ്ട്രസേവനത്തിനും ജനസേവനത്തിനുമുള്ള ഉപാധിയായിരുന്നു. അത് 'ബിഗ് ബിസിനസി'ന് വഴിമാറിത്തുടങ്ങിയ വേളയില്‍ത്തന്നെ ഇത്തരത്തിലുള്ള ജീര്‍ണതകളും ആരംഭിച്ചു. അത് അടുത്തകാലത്തായി എല്ലാ പരിധിയും ലംഘിച്ച് സമൂഹത്തെയാകെ ഗ്രസിക്കുന്ന ഭയാനകമാനങ്ങള്‍ ആര്‍ജിക്കുന്നതാണ് നാം കാണുന്നത്. നൈതികതയ്ക്കും ധാര്‍മികതയ്ക്കും ഒരു വിലയും കല്‍പ്പിക്കാത്ത ചില മാധ്യമപ്രവര്‍ത്തകരും അഴിമതിയിലൂടെയുള്ള ധനാര്‍ജനം ലക്ഷ്യമാക്കിയ ചില രാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്ന് രാജ്യത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്ന സ്ഥിതിയായിരിക്കുന്നു ഇന്ന്. പണംപറ്റി വാര്‍ത്ത കൊടുക്കുന്ന 'പെയ്ഡ് ന്യൂസ്' സമ്പ്രദായം നിലവിലുണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. പത്രക്കാര്‍ക്ക് പണം കൊടുക്കാത്തതുകൊണ്ടാണ് സിപിഐ എം സ്ഥാനാര്‍ഥികളുടെ വാര്‍ത്തകള്‍ ഉത്തര്‍പ്രദേശിലെ പത്രങ്ങള്‍ തമസ്കരിക്കുന്നതെന്ന് തന്നോട് അവിടത്തെ സംസ്ഥാന നേതാക്കള്‍ പറഞ്ഞതായാണ് പ്രകാശ് കാരാട്ട് അന്ന് പറഞ്ഞത്. അതിനു തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയില്‍നിന്നും മറ്റും 'പെയ്ഡ് ന്യൂസിന്റെ' തുടര്‍ക്കഥകള്‍ പുറത്തുവന്നതും പ്രസ്കൌസില്‍ ഓഫ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ അന്വേഷണം ആരംഭിച്ചതും. 'പെയ്ഡ് ന്യൂസ്' ഉണ്ടാക്കിയ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് 'ഉടമ്പടി പത്രപ്രവര്‍ത്തനം' പുറത്തുവന്നത്. വന്‍കിട സ്വകാര്യ കമ്പനികളും വന്‍കിട പത്രങ്ങളും തമ്മിലുണ്ടാക്കുന്ന ഉടമ്പടിയാണത്. പ്രമുഖ കമ്പനിയുടെ നിശ്ചിത ഓഹരി പത്രം ഉടമയ്ക്കു നല്‍കും. അതിന് പ്രത്യുപകാരമായി ആ കമ്പനി ഉയര്‍ന്ന സാമ്പത്തിക ലാഭത്തിലുള്ളതാണെന്നും മറ്റും കാണിക്കുന്ന വാര്‍ത്തകള്‍ പത്രം നല്‍കും. കമ്പനി സാമ്പത്തികത്തകര്‍ച്ച നേരിടുകയാണെങ്കിലും അഭിവൃദ്ധിയുടെ വാര്‍ത്തകള്‍മാത്രം പത്രത്തില്‍ വന്നുകൊണ്ടിരിക്കും. നികുതിവെട്ടിപ്പുപോലുള്ള കാര്യങ്ങള്‍ പുറത്തുവരാതെ പത്രം നോക്കും. കാരണം, കമ്പനി നിലനില്‍ക്കേണ്ടത് പത്രമുതലാളിയുടെ ആവശ്യമാകുന്നു. ഈ രണ്ടു സമ്പ്രദായവും ഉണ്ടാക്കിയ വിവാദം സമൂഹത്തില്‍ കെട്ടടങ്ങുംമുമ്പാണ് മൂന്നാമത്തെ സമ്പ്രദായം സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നത്. അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍മാരായി ചുറ്റിക്കറങ്ങുന്നവരാണ് നമ്മുടെ മാധ്യമരംഗത്തെ ഒരു വിഭാഗം എന്നാണ് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഇവര്‍ ഭരണത്തെ സ്വാധീനിക്കുന്നു. മന്ത്രിസ്ഥാനത്ത് ആരു വരണം, ആരു വരണ്ടതില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കല്‍പ്പിക്കുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും മറ്റും വാങ്ങിക്കൊടുത്ത് പണം പറ്റുന്നു. മാധ്യമപ്രവര്‍ത്തനം ഇതിനപ്പുറം ജീര്‍ണിക്കാനില്ല. മാധ്യമപ്രവര്‍ത്തകര്‍ പറയുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കരുടെ വലിയ സമൂഹം ഇന്നും രാജ്യത്തുണ്ട്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെ ജനശത്രുക്കളായും രാഷ്ട്രതാല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്നവരെ ജനബന്ധുക്കളായും ചിത്രീകരിച്ച് ജനാധിപത്യവ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്ന ഗൂഢസംഘം മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടലോടെയാണ് ജനങ്ങള്‍ അറിയുന്നത്. മാധ്യമരംഗത്തെ പുതുവിഗ്രഹങ്ങള്‍ ഉടയുന്നതാണ് അവര്‍ കാണുന്നത്. ചോദ്യംചെയ്ത് വമ്പന്മാരെ മാധ്യമങ്ങളിലൂടെ വിയര്‍പ്പിക്കുന്നതായി പുറമെ നടിക്കുന്നവര്‍, അകമേ, അവരുടെ കൈയാളുകളാണെന്ന സത്യമാണ് അവര്‍ അറിയുന്നത്. പുറമെ അരാഷ്ട്രീയവാദവുമായി മാധ്യമത്തില്‍ അവതരിക്കുന്നവര്‍ ദേശീയതലത്തില്‍ത്തന്നെ ഭരണ രാഷ്ട്രീയ നേതാക്കളുടെ ദാസ്യംചെയ്യാന്‍ മടിക്കാത്ത ലജ്ജാരഹിതരാണെന്നാണ് ഇത് കാണിക്കുന്നത്. അഴിമതിയുടെ പങ്കുപറ്റുകയും അഴിമതിക്കാരെ മാന്യതയുടെ വെള്ളയടിച്ച് പുറത്തവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ബര്‍ക്കാദത്തിന്റെയും മറ്റും മാധ്യമധര്‍മം. അഴിമതിക്കെതിരായ നിലപാട് എടുക്കുന്നവരും രാഷ്ട്രതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവരുമായ രാഷ്ട്രീയനേതാക്കളെ അപകീര്‍ത്തിപ്പെടുത്തി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താന്‍ നോക്കുക എന്നതും ഇവരുടെ മാധ്യമ ധര്‍മമാണ്. മാധ്യമരംഗം ഈ വിധത്തിലുള്ള ജീര്‍ണതയിലേക്കും അപചയത്തിലേക്കും മുതലക്കൂപ്പുകുത്തുകയാണെന്ന് അമ്പതുകളിലും അറുപതുകളിലും ഒക്കെ നിലവില്‍വന്ന പ്രസ് കമീഷനുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. മാധ്യമങ്ങളും വാണിജ്യതാല്‍പ്പര്യവും തമ്മില്‍ വര്‍ധിച്ചുവരുന്ന ബന്ധം സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാക്കുമെന്ന് നീതിന്യായ വിദഗ്ധര്‍കൂടി ഉള്‍പ്പെട്ട ആ കമീഷനുകള്‍ ആശങ്ക പ്രകടിപ്പിച്ചു. ആ ആശങ്കകള്‍ സത്യമായി വരുന്നതാണ് ഇന്ന് നാം കാണുന്നത്. മാധ്യമരംഗത്തെ മൂല്യാധിഷ്ഠിതമാക്കിയെടുക്കാന്‍ നിതാന്തജാഗ്രത കൂടിയേ തീരൂ.

No comments: