Wednesday, April 27, 2011

ആണവവിശ്വാസം തകരുന്നു

ആണവവിശ്വാസം തകരുന്നു...


സുകുമാര്‍ അഴീക്കോട്.....


ഫുക്കുഷിമയില്‍ ഭീകരമായ പ്രകൃതിക്ഷോഭത്തിന്റെ ആഞ്ഞടിയില്‍പ്പെട്ട് തകര്‍ന്നുപോയ ആണവശക്തിനിര്‍മാണശാലകളുടെ കഥ പത്രങ്ങളിലൂടെ വന്നപ്പോള്‍, എല്ലാവരും ചിന്തിച്ച മട്ടിലല്ല എന്റെ മനസ്സ് ചിന്തിച്ചത്. സര്‍വരും ലോകത്തിന്റെ ഭാവി എത്രവലിയ വിപത്തിന്റെ വായിലേക്കാണ് പാഞ്ഞുപോകുന്നത് എന്ന് ദുരന്തത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ ആലോചിച്ചത്, 1945ല്‍ അമേരിക്ക ഒന്നാമത്തെ ആണവബോംബിട്ടു തകര്‍ത്ത തുറമുഖപട്ടണത്തിന്റെ പേര് ഹിരോഷിമ എന്നാണല്ലോ എന്നായിരുന്നു. കാരണം, മനുഷ്യന്‍ പ്രയോഗിച്ച ആറ്റംബോംബുകൊണ്ട് ലോകത്തില്‍ ആദ്യമായി നശിച്ച സ്ഥലവും പ്രകൃതി തകര്‍ത്ത് ആണവറിയാക്ടറുകള്‍കൊണ്ട് വികിരണംമൂലം നശിച്ചുകൊണ്ടിരിക്കുന്ന ദേശവും പേരില്‍ വളരെ സാമ്യം കണ്ടു. ഒന്ന് ഹിരോഷിമ, മറ്റേത് ഫുക്കുഷിമ. അവസാനത്തെ പദം 'ഷിമ' രണ്ടിലും ആവര്‍ത്തിക്കുന്നു. (ആ വാക്കിന്റെ അര്‍ഥം കണ്ടുപിടിക്കാന്‍ തരപ്പെട്ടില്ല) പേരില്‍ ബന്ധമില്ലാത്ത എത്ര പട്ടണങ്ങള്‍ ജപ്പാനില്‍ വേറെ ഉണ്ടായിട്ടും ആണവദുരന്തം 'ഷിമ' എന്നവസാനിക്കുന്ന പേരുള്ള സ്ഥലങ്ങളില്‍ മാത്രമേ സംഭവിക്കുകയുള്ളു എന്ന് തോന്നിപ്പോയി. ഇത് നേരമ്പോക്കായി പറഞ്ഞതല്ല. അറുപതാണ്ടുവര്‍ഷംമുമ്പ് അമേരിക്കയുടെ ഹൃദയരഹിതമായ ആണവ ആക്രമണത്തിന്റെ മുന്നില്‍ തറപറ്റിയ ജപ്പാന്‍ പിന്നീട് ആണവമാര്‍ഗത്തിലൂടെയല്ല മുന്നോട്ടുപോകുക എന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കാലം അല്‍പ്പംകൂടി കടന്നുപോയപ്പോള്‍, അമേരിക്കയുടെ ആണവവ്യാപാരത്തിന്റെ കുടക്കീഴില്‍ യാത്രചെയ്യുന്ന ഒരു ഭീരുരാഷ്ട്രമായി ജപ്പാന്‍ മാറിപ്പോയി. ഹിരോഷിമയിലും നാഗസാക്കിയിലും പ്രാണന്‍ വെടിഞ്ഞ ലക്ഷക്കണക്കിന് ജപ്പാന്‍കാരുടെ സ്മരണയുടെ മുമ്പില്‍ നിവേദ്യമായി നവജപ്പാന്‍ സമര്‍പ്പിച്ചത് ഫുക്കുഷിമയിലെ റിയാക്ടര്‍ ശൃംഖലയാണ്. ചരിത്രത്തെയും പ്രകൃതിനിയോഗത്തെയും പുച്ഛിച്ചുതള്ളുന്ന ബുദ്ധിശൂന്യമായ ധിക്കാരമാണ് ജപ്പാന്‍ നടത്തിയത്. ഈ മൌഢ്യമാര്‍ഗത്തില്‍നിന്ന് ജപ്പാനെ പിന്തിരിപ്പിക്കുന്നതെങ്ങനെ എന്ന ശങ്ക മനസ്സില്‍ ഉദിച്ചവരെപ്പോലും ഞെട്ടിക്കുന്നതായി ഫുക്കുഷിമയിലെ അപകടം. ആണവശാസ്ത്രജ്ഞരുടെ പാഠപുസ്തകങ്ങള്‍ എല്ലാം അസാധുവായിപ്പോയി. ആണവനിലയങ്ങളില്‍ അപകടം വരുന്നത് സാങ്കേതികമായ യന്ത്രവൈകൃതം കൊണ്ടാണെന്നാണല്ലോ നമ്മളെല്ലാം പഠിച്ചുപോന്നത്. ഇവിടെ സംഭവിച്ചതോ. വെളിക്ക് എവിടെയോ ഒരു അഗ്നിപര്‍വതക്ഷോഭം, തുടര്‍ന്ന് സുനാമി-സുഭദ്രമെന്ന് കരുതപ്പെട്ട ജപ്പാന്റെ ആണവനിലയങ്ങള്‍ ഒന്നൊന്നായി, ഉടഞ്ഞ മകലംപോലെ, ചോര്‍ന്നൊലിക്കാന്‍ തുടങ്ങി! പത്രങ്ങളില്‍ അധികം ചര്‍ച്ചയ്ക്കുവരാതെ പോയ ഒരു സംഗതി ഇവിടെ അന്തര്‍ഭവിച്ചുകാണുന്നു. ഹിരോഷിമയുടെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഉടനെ സംഭവിച്ച ഫുക്കുഷിമയിലെ ഈ ദ്വിതീയ ദുരന്തത്തിന്റെ മാരകമായ ആഘാതത്തില്‍പെട്ടിട്ടും ജപ്പാനിലെ ജനങ്ങളുടെ പ്രതികരണം സ്ഥൈര്യവും സഹനശക്തിയും പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. വര്‍ണിക്കാന്‍ ആവാത്ത സങ്കടക്കടലില്‍ വീണിട്ടും ആ ജനം ഏറെ പിടഞ്ഞ് മുറവിളി കൂട്ടിയില്ല. ജപ്പാന്‍ജനങ്ങളുടെ സ്വഭാവമഹിമ വാഴ്ത്തിപ്പറയാം. സമ്മതിച്ചു. പക്ഷേ, ഈ സ്വഭാവമഹിമ പെട്ടെന്ന് എങ്ങനെ അവരില്‍ ഓടിയെത്തി? മുമ്പ് ഇത് കണ്ടില്ലല്ലോ. ഹിരോഷിമ സംഭവിച്ചപ്പോള്‍ ജപ്പാന്‍ ആകെ മൃതപ്രായമായിപ്പോയി. ചക്രവര്‍ത്തി ഹിരോഷിതോ യുദ്ധം നിര്‍ത്തി, കീഴടങ്ങി. ഇപ്പോഴാണെങ്കില്‍ ഒരു ലോകവിപത്ത് നേരിട്ടതിന്റെ ഒരു വൈകാരികലക്ഷണവും ആ നാട്ടില്‍ കാണാനില്ല. ജനങ്ങള്‍ക്ക് എങ്ങനെയോ മനസിലായതുപോലെയുണ്ട്, ഇത് പ്രകൃതി ജപ്പാനെ ശിക്ഷിച്ചതാണ് എന്ന്. ഹിരോഷിമ ആവര്‍ത്തിക്കാന്‍ ജപ്പാന്‍ ഇടം കൊടുക്കാന്‍ പാടില്ലെന്നത് പ്രകൃതിയുടെ നിയോഗമാണ്. വ്യവസായാവശ്യത്തിനുവേണ്ട 'എനര്‍ജി'യുടെ പേരിലായാലും എന്തായാലും പഴയ ആ ആണവ ദുര്‍ഭൂതത്തെയാണ് വീണ്ടും ജപ്പാന്‍ ഭരണാധികാരികള്‍ സ്വീകരിച്ചുകൊണ്ടുവന്നത്. ഈ ദുര്‍ഭൂതം മനുഷ്യവംശത്തെ സംഹരിക്കാന്‍ ഉണ്ടായ സംഹാരശക്തിയാണ്. 'ടെര്‍മിനേറ്റര്‍' എന്ന് ഇംഗ്ളീഷില്‍ പറയുമല്ലോ. ജപ്പാന്റെ ഉപബോധമനസ്സിലുള്ള കഫ്യൂഷിയസും ബുദ്ധഭഗവാനും പതുക്കെ ഒന്നുണര്‍ന്നിരിക്കണം. അല്ലാതെ ഈ വിപരീതമായ പുനര്‍വിചാരം എങ്ങനെ അവരില്‍നിന്ന് ഉണ്ടായി? ഒരു ദേശീയപ്രക്ഷോഭം ഉണ്ടായിരുന്നു, ആകെ പത്തുമൂവായിരംപേര്‍ ആണ് പങ്കെടുത്തത്! ആണവനിലയങ്ങളെ തീരെ ഉപേക്ഷിക്കാന്‍ സാമ്രാജ്യത്വത്തിന്റെ ദുര്‍മോഹങ്ങള്‍ താലോലിച്ചുകഴിയുന്ന രാഷ്ട്രങ്ങള്‍ക്ക് എളുപ്പം സാധിക്കില്ല. ഫുക്കുഷിമയില്‍ പുനര്‍നിര്‍മാണവും നവീകരണവും എത്രകാലത്തിനകം നടത്തി സ്ഥിതി പഴയപടി ക്രമീകരിക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് സര്‍ക്കാരും വമ്പന്‍ ആണവ റിയാക്ടര്‍ വ്യാപാരികളും. ഹിറ്റാച്ചിയും തോഷിബയുമാണ് റിയാക്ടര്‍ വ്യവസായത്തില്‍ മുമ്പന്മാര്‍. അവര്‍ പത്തുമുതല്‍ മുപ്പതുവര്‍ഷംവരെ പുനഃസൃഷ്ടിക്ക് വേണ്ടിവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്ര വ്യാപകമായ നിലയനാശം സംഭവിച്ചിട്ടില്ലാത്ത ത്രീമൈല്‍ ഐലന്‍ഡിലും ചെര്‍ണോബിലും ഇനിയും പൂര്‍ത്തിയായിട്ടില്ല പുനര്‍നിര്‍മാണം. അതിനാല്‍ ജപ്പാനെപ്പറ്റിയുള്ള കാലഗണന ഇവരുടെ ഭാവന കലര്‍ന്ന വിചാരം മാത്രമാണ്. അതിനാല്‍ പ്രായോഗികബുദ്ധി പ്രവര്‍ത്തിച്ചാല്‍ ജപ്പാനിലും മറ്റും ആണവനിലയങ്ങളുടെ വര്‍ധിക്കുന്ന പ്രവര്‍ത്തനം തടയാന്‍ സാധിക്കും. ഭാവിയുടെ സുരക്ഷിതത്വം ഈ നയംകൊണ്ടേ സാധിക്കുകയുള്ളൂ. ഇന്ത്യയുടെ ആണവനിലങ്ങളുടെ സ്ഥിതിയെന്താണെന്ന് ജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠ ഉണ്ടായിരിക്കും. ജനങ്ങള്‍ക്ക് ജീവന്റെ പ്രശ്നമാണ്. അതുകൊണ്ട് അവരുടെ ഭയാശങ്കകളും വേവലാതികളും പരിഹരിക്കേണ്ട കടമകളും ഭരണകൂടത്തിനുണ്ട്. ജപ്പാനില്‍ ആണവമേഖല ആകെ പൊളിഞ്ഞുവീണപ്പോള്‍, ഇന്ത്യാ ഗവമെന്റിന് ഇന്ത്യയിലെ ആണവനിലയങ്ങളുടെ സുരക്ഷാവ്യവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ചില വിശദീകരണങ്ങള്‍ നല്‍കേണ്ട ബാധ്യതയുണ്ട്. ആ സമയത്താണ് ജയിത്പൂര്‍ സംഭവം നടക്കുന്നത്. മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയില്‍ മേല്‍പ്പറഞ്ഞ പ്രദേശത്ത് ഒരു പുതിയ ആണവനിലയം നിര്‍മിക്കാന്‍ ഗവമെന്റിന് തോന്നി. നടപടികള്‍ ആരംഭിക്കുന്ന മുഹൂര്‍ത്തം ശ്രദ്ധിച്ചല്ലോ. ജപ്പാനില്‍ മാത്രമല്ല ലോകമെങ്ങും 'ആണവം' എന്നൊക്കെ പറയാന്‍ ഭയമോ സാങ്കോചമോ ഉണ്ടായിക്കഴിഞ്ഞ ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരെണ്ണം ഉണ്ടാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. ആദ്യംതന്നെ, ഒരു പരിശോധനയും കൂടാതെ, ഇന്ത്യാഗവമെന്റിന്റെ വക്താക്കള്‍, ഇവിടെ ഒരു നിലയത്തിനും കുഴപ്പമില്ലെന്ന് പ്രസ്താവിച്ചിരുന്നു. അത് ഇങ്ങനെയൊരു കടുംകൈയുടെ മുന്നോടിയായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ശിവസേനയുടെ നേതൃത്വത്തിലുള്ള പ്രധാന രാഷ്ട്രീയകക്ഷി ഇതിന് ആശംസ നേര്‍ന്ന് നില്‍ക്കുന്നു എന്നത് മറ്റൊരു വിസ്മയം. അധികാരം കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ എല്ലാവരും കൂറുമാറുന്നു-ജനങ്ങളോടുള്ള കൂറ് അധികാരത്തോടും പണത്തിനോടും ഉള്ള കൂറായിത്തീരാന്‍ ചെറിയൊരു മാറ്റം മതി. അമേരിക്കപോലും അന്തിച്ചുനില്‍ക്കുമ്പോഴാണ് നമുക്ക് ഒരു കൂസലുമില്ല. 'പാവങ്ങള്‍ ചത്താലെന്ത്, അവര്‍ക്കുവേണ്ടി പറയും വാക്കുകള്‍ പഴിവാക്കുകള്‍' എന്ന് പണ്ടേ മഹാകവി പാടി. നമുക്ക് അത് ആവര്‍ത്തിക്കേണ്ടിവരുന്നു. ആരുടെയെല്ലാമോ ആശങ്കകള്‍ അണിയറയില്‍നിന്ന് വരുന്നു. അവ ശ്രദ്ധിച്ചിട്ടാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിഞ്ഞില്ലെന്ന് അഭിനയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ സംഭവം ഇത് പകല്‍പോലെ തെളിയിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാനില്‍ പ്രതിഫലിച്ചുകണ്ട ജനകീയവിരുദ്ധലക്ഷ്യങ്ങള്‍ അതേപടി ഈ ആണവനിലയസ്ഥാപനത്തില്‍ ഒളിച്ചുകിടക്കുന്നു. ഇന്ത്യയുടെ 'എനര്‍ജി' പ്രശ്നത്തിന് ആണവവൈദ്യുതിയാണ് പരമപരിഹാരമാര്‍ഗം എന്ന് ഇന്ത്യ വിശ്വസിക്കുന്നുണ്ടോ? ലോകത്തിന്റെ എനര്‍ജി ആവശ്യത്തിന്റെ ചെറിയൊരു ഭാഗം നല്‍കാനേ അണുശക്തിക്ക് കഴിയുകയുള്ളൂ എന്ന് എല്ലാവര്‍ക്കും ഇന്നറിയാം. പടിഞ്ഞാറുനിന്ന് ലോകാധിപത്യത്തിന്റെ വിശപ്പ് അടക്കാനാവാത്തതുകൊണ്ടാണ് അവര്‍ അണുവെന്ന് പറഞ്ഞുപറഞ്ഞുനടക്കുന്നത്. ഇന്ത്യ അതേ പാതയിലൂടെ പോയി, ആധുനികതയെ അന്ധമായി അനുസരിക്കാന്‍ നമുക്ക് ആരോടും ഒരു കടപ്പാടും ഇല്ല. ജയിത്പൂരില്‍നിന്ന് എത്രയും വേഗം ഗവമെന്റ് പിന്തിരിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്ന സാധ്യതകള്‍ ധാരാളമുള്ള ആണവപദ്ധതികള്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ഗവമെന്റിന് അധികാരമില്ല. തങ്ങളുടെ ജീവന് നാട്ടുകാര്‍ ആണവശക്തിയേക്കാള്‍ കുറഞ്ഞവിലയേ കല്‍പ്പിക്കുന്നുള്ളൂവെന്ന് ഗവമെന്റിന് ബോധ്യം വന്നാലല്ലാതെ ഈ ഭീകരപദ്ധതി നടപ്പാക്കാന്‍ പാടില്ല. ഇതായിരിക്കണം ഭരണത്തിന്റെ നയം. ആണവനിലയം സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനചെലവുകള്‍ നമുക്ക് താങ്ങാനാവാത്തത്ര ഭയങ്കരമാണ്. ബഹുകോടി ഡോളര്‍! ഇതൊന്നും ആരംഭത്തില്‍ ഭരണനിപുണര്‍ പുറത്തുവിട്ടില്ല. പദ്ധതി പകുതിയോളം ആയിക്കഴിഞ്ഞാല്‍ എത്ര ചെലവെന്ന് പറഞ്ഞാലും നമുക്ക് പിന്തിരിയാനും പറ്റില്ല. ഇന്ത്യാ ഗവമെന്റിന്റെ യന്ത്രമനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ പറ്റാത്തവരാണ് നമ്മുടെ ശാസ്ത്രജ്ഞരില്‍ പലരും. ഒരു കുഴപ്പമില്ല എന്നും ഒന്നും വരില്ല എന്നും വിദഗ്ധാഭിപ്രായം പറയുന്നതില്‍ മിടുമിടുക്കന്മാരാണ് അവര്‍. ഫുക്കുഷിമയിലെ വികിരണത്തിന്റെ അലകള്‍ എത്രയോ അകലെ കിടക്കുന്ന ടോക്യോവില്‍വരെ എത്തിയിട്ടുണ്ട്. ജെയിത്പൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നിലയം ഏറ്റവും കൂടുതല്‍ മെഗാവാട്ട് വൈദ്യുതി ഉളവാക്കുമെന്ന് വര്‍ണിക്കപ്പെടുന്ന ഒരു ഭീകരതയാണ്. ഒരു രാജ്യം മുഴുവന്‍ നശിപ്പിക്കാന്‍ അതിന്റെ ഒരു പിരിയാണി തെറ്റിയാല്‍ മതി. കുറെ മുമ്പ് (1991ല്‍) പെരിങ്ങോം എന്ന കണ്ണൂര്‍ജില്ലയിലെ ഉള്‍നാട്ടിലൊരിടത്ത് ഒരാണവനിലയം സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ പൊട്ടിപ്പുറപ്പെട്ട വമ്പിച്ച ബഹുജനസമരം വിജയിച്ചിട്ടേ അവസാനിച്ചുള്ളൂ. ആണവവ്യവസായികളുടെ പൊള്ളവാക്കുകളും പ്രലോഭനങ്ങളും വിഴുങ്ങുന്ന ഭരണനിപുണന്മാരേക്കാള്‍ ഈ പാവപ്പെട്ട ജനങ്ങള്‍ സത്യം അറിഞ്ഞവരാണ്. ജെയിത്പൂര്‍ സമരം പെരിങ്ങോമിനെപ്പോലെ ഒരു മഹാവിജയമായിത്തീരട്ടെ! ഇന്ത്യയില്‍ ഭൂകമ്പസാധ്യത പല സ്ഥലങ്ങളിലും കൂടിവരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ആണവനിലയപ്രദേശങ്ങളില്‍ സൌമ്യഭൂചലനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് ഇന്ന് ആര്‍ക്കും പറയാനാവില്ല. ജപ്പാന്‍ ഭൂകമ്പദുരന്തം ഒരു ചൂണ്ടുവിരലാണ്. ആ വിരലിന്റെ താക്കീത് വകവയ്ക്കാതിരിക്കാന്‍ ഒരു ഗവമെന്റിന് അധികാരമില്ല. ജനങ്ങളുടെ ജീവന്‍ തുലാസില്‍ കിടക്കുമ്പോള്‍, പഠനറിപ്പോര്‍ട്ടെന്നും മറ്റും വങ്കത്തരങ്ങള്‍ പുലമ്പാന്‍ ഒരു മന്ത്രിക്കും പ്രധാനമന്ത്രിക്കും അവകാശമില്ല. ഇന്ത്യയില്‍ ജനിച്ചെങ്കില്‍ വളരാനും ആരോഗ്യത്തോടെ ജീവിതം നയിക്കാനും ഏത് ഇന്ത്യക്കാരനും ഉള്ള അവകാശം ഭരണഘടനതന്നെ പലവിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെതിരെ നീങ്ങുന്ന ഏത് ഗവമെന്റിനും ആയുസ്സ് അധികമുണ്ടാവാന്‍ വഴിയില്ല.

1 comment:

ജനശബ്ദം said...

ആണവവിശ്വാസം തകരുന്നു...
സുകുമാര്‍ അഴീക്കോട്.....
ഫുക്കുഷിമയില്‍ ഭീകരമായ പ്രകൃതിക്ഷോഭത്തിന്റെ ആഞ്ഞടിയില്‍പ്പെട്ട് തകര്‍ന്നുപോയ ആണവശക്തിനിര്‍മാണശാലകളുടെ കഥ പത്രങ്ങളിലൂടെ വന്നപ്പോള്‍, എല്ലാവരും ചിന്തിച്ച മട്ടിലല്ല എന്റെ മനസ്സ് ചിന്തിച്ചത്. സര്‍വരും ലോകത്തിന്റെ ഭാവി എത്രവലിയ വിപത്തിന്റെ വായിലേക്കാണ് പാഞ്ഞുപോകുന്നത് എന്ന് ദുരന്തത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ ആലോചിച്ചത്, 1945ല്‍ അമേരിക്ക ഒന്നാമത്തെ ആണവബോംബിട്ടു തകര്‍ത്ത തുറമുഖപട്ടണത്തിന്റെ പേര് ഹിരോഷിമ എന്നാണല്ലോ എന്നായിരുന്നു. കാരണം, മനുഷ്യന്‍ പ്രയോഗിച്ച ആറ്റംബോംബുകൊണ്ട് ലോകത്തില്‍ ആദ്യമായി നശിച്ച സ്ഥലവും പ്രകൃതി തകര്‍ത്ത് ആണവറിയാക്ടറുകള്‍കൊണ്ട് വികിരണംമൂലം നശിച്ചുകൊണ്ടിരിക്കുന്ന ദേശവും പേരില്‍ വളരെ സാമ്യം കണ്ടു. ഒന്ന് ഹിരോഷിമ, മറ്റേത് ഫുക്കുഷിമ. അവസാനത്തെ പദം 'ഷിമ' രണ്ടിലും ആവര്‍ത്തിക്കുന്നു. (ആ വാക്കിന്റെ അര്‍ഥം കണ്ടുപിടിക്കാന്‍ തരപ്പെട്ടില്ല) പേരില്‍ ബന്ധമില്ലാത്ത എത്ര പട്ടണങ്ങള്‍ ജപ്പാനില്‍ വേറെ ഉണ്ടായിട്ടും ആണവദുരന്തം 'ഷിമ' എന്നവസാനിക്കുന്ന പേരുള്ള സ്ഥലങ്ങളില്‍ മാത്രമേ സംഭവിക്കുകയുള്ളു എന്ന് തോന്നിപ്പോയി. ഇത് നേരമ്പോക്കായി പറഞ്ഞതല്ല. അറുപതാണ്ടുവര്‍ഷംമുമ്പ് അമേരിക്കയുടെ ഹൃദയരഹിതമായ ആണവ ആക്രമണത്തിന്റെ മുന്നില്‍ തറപറ്റിയ ജപ്പാന്‍ പിന്നീട് ആണവമാര്‍ഗത്തിലൂടെയല്ല മുന്നോട്ടുപോകുക എന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കാലം അല്‍പ്പംകൂടി കടന്നുപോയപ്പോള്‍, അമേരിക്കയുടെ ആണവവ്യാപാരത്തിന്റെ കുടക്കീഴില്‍ യാത്രചെയ്യുന്ന ഒരു ഭീരുരാഷ്ട്രമായി ജപ്പാന്‍ മാറിപ്പോയി. ഹിരോഷിമയിലും നാഗസാക്കിയിലും പ്രാണന്‍ വെടിഞ്ഞ ലക്ഷക്കണക്കിന് ജപ്പാന്‍കാരുടെ സ്മരണയുടെ മുമ്പില്‍ നിവേദ്യമായി നവജപ്പാന്‍ സമര്‍പ്പിച്ചത് ഫുക്കുഷിമയിലെ റിയാക്ടര്‍ ശൃംഖലയാണ്.