Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം .
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം


ഏപ്രില്‍ 25നു വൈകുന്നേരം 8 മണിക്ക് ദല ഹാളില്‍ വെച്ച് എന്‍ഡോസള്ഫാന്‍ വിരുദ്ധ സമരത്തിന്ന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു .. കൂടുതല്‍ വിവരങള്ക്ക് വിളിക്കുക. 055,2722729,050.6579581എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി മാരകമായ വിഷമാണെന്നും ഇതിന്റെ ഉപയോഗം മനുഷ്യരാശിക്കുതന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്നും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് അനുഭവത്തില്‍നിന്ന് ബോധ്യപ്പെട്ടതാണ്. ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ 3548 പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം വിവിധതരത്തിലുള്ള രോഗം ബാധിച്ചിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. ഇവരെല്ലാം എന്‍ഡോസള്‍ഫാന്റെ കെടുതി അനുഭവിച്ചവരാണെന്ന് ആരോഗ്യവകുപ്പുതന്നെ സ്ഥിരീകരിച്ചതുമാണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം രോഗംബാധിച്ച അഞ്ഞൂറിലധികംപേര്‍ നരകയാതന അനുഭവിച്ച് മരിക്കാന്‍ ഇടയായിട്ടുണ്ട്. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ആശ്വാസധനമായി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. രോഗബാധിതര്‍ക്ക് സൌജന്യ ചികിത്സയും ആശ്വാസമായി പെന്‍ഷനും അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം നടപടികള്‍കൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയുന്നതല്ല. രോഗബാധിതരുടെ എണ്ണം നാള്‍തോറും വര്‍ധിച്ചുവരുന്നതാണ് കാണുന്നത്. രോഗബാധിതര്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാട് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. രോഗബാധിതരോട് സഹതപിച്ചതുകൊണ്ടൊന്നും ഫലമില്ല. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുകമാത്രമാണ് ശാശ്വതമായ പരിഹാരം. എന്നാല്‍, നിരോധനം അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന ലാഭക്കൊതിയന്മാര്‍ ഭരണതലത്തില്‍ വന്‍തോതില്‍ സ്വാധീനശക്തി ചെലുത്താന്‍ കഴിവുള്ളവരാണ്. രാജ്യം ഭരിക്കുന്നത് കോര്‍പറേറ്റ് ഉടമകളാണെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ചിട്ട് കാര്യമില്ല. ഇന്ത്യ പ്രതിവര്‍ഷം 9000 ട എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അതിന്റെ പകുതി രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കുന്നുണ്ടെന്നുമാണ് കാണുന്നത്. കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്നവരുടെ സംഘടന അവരുടേതായ ന്യായീകരണവുമായി രംഗത്തുവന്നിട്ടുള്ളതും കാണാതിരുന്നുകൂടാ. കാസര്‍കോട് ജില്ലയില്‍ രോഗം ബാധിച്ചതും ആളുകള്‍ മരിക്കാനിടയായതും എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമല്ല, മറ്റെന്തോ കാരണത്താലാണ് എന്നാണ് ഉല്‍പ്പാദകരുടെ വാദം. ഇത്തരം വാദഗതികളെല്ലാം ലാഭക്കൊതിമൂലമുള്ളതാണെന്ന് കാണാന്‍ വിഷമമില്ല. യൂറോപ്യന്‍ രാജ്യങ്ങളുടെ സ്വാധീനംമൂലമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നതെന്ന വാദഗതിയും ലാഭക്കൊതിയന്മാരായ ഉല്‍പ്പാദകര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനോട് കേന്ദ്രകൃഷിവകുപ്പിന് യോജിപ്പില്ലെന്നത് ആ വകുപ്പിന്റെമാത്രം കുറ്റമായി കാണേണ്ടതില്ല. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്നത് ഒരു നയപരമായ പ്രശ്നമാണ്. അതാകട്ടെ കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ കൂട്ടായി എടുക്കേണ്ടുന്ന തീരുമാനമാണ്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും തെല്ലെങ്കിലും വിലകല്‍പ്പിക്കുന്നവര്‍ക്ക് മാരകമായ വിഷത്തിന്റെ ഉല്‍പ്പാദനവും പ്രയോഗവും നിരോധിക്കാതിരിക്കാന്‍ കഴിയുന്നതല്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നത് കേരളത്തിന്റെ ഏക അഭിപ്രായമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതും ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. കാസര്‍കോട്ട് ചേര്‍ന്ന ദേശീയ കവന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ഏകസ്വരത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിരോധനാവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാണുന്നു. രമേശ് ചെന്നിത്തല പറയുന്നത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ ഇനിയും അറച്ചുനില്‍ക്കേണ്ടതില്ല. കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിച്ച് നയപരമായ തീരുമാനമെടുക്കാന്‍ സമയം വൈകിയിരിക്കുന്നു. ഏപ്രില്‍ 25 മുതല്‍ 29 വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ചേരാനിരിക്കുന്ന സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കനഡ, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, ന്യൂസിലന്‍ഡ്, മലേഷ്യ, തെക്കന്‍ കൊറിയ, ശ്രീലങ്ക ഉള്‍പ്പെടെയുള്ള 27 രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിര്‍ണായകമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് പറയുന്നു. അങ്ങനെയാണെങ്കില്‍ ജനീവാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അനുകൂലമായ തീരുമാനമുണ്ടാകേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ജനീവാ സമ്മേളനത്തില്‍ ഇന്ത്യ ഉന്നയിക്കണം. അതിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍തന്നെ നയപരമായ തീരുമാനമെടുക്കാന്‍ തയ്യാറാകണം. ഇന്ത്യക്കകത്ത് എന്‍ഡോസര്‍ഫാന്‍ നിരോധിക്കാന്‍ ഉടന്‍തന്നെ തീരുമാനം കൈക്കൊള്ളുകയും വേണം. ഈ ആവശ്യത്തിനുപിന്നില്‍ മനുഷ്യസ്നേഹികളായ സകലരെയും അണിനിരത്തുന്നതിനുള്ള ശ്രമം വിജയിക്കേണ്ടതുണ്ട്. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഉയര്‍ന്നുവന്ന, ദുരിതബാധിതരുടെ ദീനരോദനം ഡല്‍ഹിയിലെ ഭരണാധികാരികളുടെ കാതുകളില്‍ ആഞ്ഞുപതിക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.


No comments: