Saturday, April 9, 2011

അഴിമതിക്ക് മുന്നില്‍ പ്രധാനമന്ത്രി നിസ്സഹായനായി: വി എസ്




അഴിമതിക്ക് മുന്നില്‍ പ്രധാനമന്ത്രി നിസ്സഹായനായി: വി എസ്






പാലക്കാട്: അഴിമതിക്കാര്‍ക്ക്മുന്നില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിസ്സഹായനായെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ ഘടക കക്ഷികളില്‍ പലരും അഴിമതി നടത്തുമ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായ രാജയെ സുപ്രീംകോടതി ജയിലിലടച്ചു. എന്നിട്ടും അഴിമതികള്‍ ഒന്നിനുപിറകേ ഒന്നായി തുടരുന്നതുകൊണ്ടാണ് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നിരാഹാരസമരം നടത്തിയത്. അഴിമതി തടയുന്നതിന് രൂപീകരിച്ച ലോക്പാല്‍ ബില്‍ 40 വര്‍ഷമായിട്ടും പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തോടെ ബില്‍ അംഗീകരിക്കാന്‍ സാധ്യത കൂടിയിട്ടുണ്ട്. കോഗ്രസുകാരെ വിജയിപ്പിക്കാനായി കേരളത്തിലെത്തിയ സോണിയ ഗാന്ധി ശുദ്ധ നുണകളാണ് പറയുന്നത്. കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടഞ്ഞത് യുപിഎ സര്‍ക്കാരാണെന്ന് അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ കോഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെയും ആന്ധ്രപ്രദേശിലെയും കര്‍ഷകആത്മഹത്യകള്‍ എന്തുകൊണ്ട് തടയാനാകുന്നില്ല. കോഗ്രസ്അധ്യക്ഷ പറഞ്ഞ നുണകള്‍ ഏറ്റുപറയാനാണ് പ്രധാനമന്ത്രിയും കേരളത്തിലെത്തിയത്. കോഗ്രസ്നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ ഹെലിക്കോപ്ടറും മണ്ഡലങ്ങളില്‍ ചെലവാക്കാന്‍ കോടിക്കണക്കിനു രൂപയും നേരത്തേ ഇവിടെ എത്തിച്ചിട്ടുണ്ട്- വി എസ് പറഞ്ഞു. രാജ്യത്തിന്റെ പൊതുമുതല്‍ കട്ടുതിന്നുന്നവരോടും പെകുട്ടികളുടെ മാനം കവരുന്നവരോടും തനിക്ക് സന്ധിയില്ല. അതുകൊണ്ടാണ് താന്‍ വൈരനിര്യാതനബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത്. ശത്രുക്കള്‍തന്നെ വൈരാഗ്യബുദ്ധിയോടെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. അതെല്ലാം പാഴ്വേലകളാകുന്നത് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കോഗ്രസിന്റെയും യുഡിഎഫിന്റെയും ഭരണം കേരളത്തെ താറുമാറാക്കി. അവര്‍ ഒരുതവണകൂടി അധികാരത്തിലെത്തിയാല്‍ കേരളത്തെ പിച്ചിച്ചീന്തും. അതുകൊണ്ട് അത്തരം ഭൂതങ്ങള്‍ കേരളത്തെ ബാധിക്കാതിരിക്കാനുള്ള പ്രതിരോധനിര നമ്മള്‍ ശക്തിപ്പെടുത്തണം. ശത്രുക്കള്‍ കേരളത്തെ ഇനിയും വരിഞ്ഞ് മുറുക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

No comments: