Wednesday, April 6, 2011

കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന്‌ തൃശൂര്‍ അതിരൂപത

കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന്‌ തൃശൂര്‍ അതിരൂപത
പി. കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ ലൈംഗികാപവാദക്കേസും മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയെ അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിച്ച ഇടമലയാര്‍ കേസും നാട്ടില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക്‌ ഇടനല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്ന്‌ തൃശൂര്‍ അതിരൂപത ആവശ്യപ്പെടുന്നു. തങ്ങളുടെ ഔദ്യോഗിക മുഖപത്രത്തിലാണ്‌ സഭയുടെ ഈ ആവശ്യം.ഈ ഗണത്തില്‍പ്പെടുത്തേണ്ട മറ്റു ചില വിവാദങ്ങള്‍ കൂടിയുണ്ടെന്നും സഭ പറയുന്നു- സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായി റിട്ടയര്‍ ചെയ്‌ത കെ. ജി. ബാലകൃഷ്‌ണനെപ്പറ്റിയുള്ള ആരോപണങ്ങള്‍, കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍ എം.പി ജഡ്‌ജിമാരെക്കുറിച്ച്‌ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍, പാമൊലീന്‍ കേസുമായി ബന്ധപ്പെട്ട്‌ ചില പ്രമുഖ നേതാക്കളെപ്പറ്റി ഭരണകക്ഷി നേതാക്കള്‍ തന്നെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തുടങ്ങിയവ എന്ന്‌ പറഞ്ഞ്‌ ഉമ്മന്‍ ചാണ്ടിക്കെതിരെയും മുഖപത്രം ഒളിയമ്പ്‌ എയ്യുന്നു.ആരു തെറ്റു ചെയ്‌താലും ശിക്ഷിക്കപ്പെടണം. ജനാധിപത്യ സംവിധാനങ്ങള്‍ വഴി അതുമായി ബന്ധപ്പെട്ടവരെ കണ്ടെത്തണം. ഇക്കാര്യത്തില്‍ വ്യക്തികളുടെ വലിപ്പചെറുപ്പങ്ങള്‍ അപ്രസക്തമാണ്‌. വ്യക്തികളുടെയോ, പ്രസ്ഥാനങ്ങളുടെയോ പ്രാധാന്യമോ കൊടിയുടെ നിറമോ, നീതിയുടെ നടത്തിപ്പില്‍ വിലങ്ങുതടിയാവരുത്ത്‌. ഇക്കാര്യത്തില്‍ ഇടതുപക്ഷമെന്നോ, വലതുപക്ഷമെന്നോ ഉള്ള വ്യത്യാസവുമില്ല. ഈ അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. സമൂഹത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ അഴിമതിയാരോപണങ്ങളുടെയും യഥാര്‍ഥ സ്ഥിതി പുറത്തുവരട്ടെ. അതില്‍ അഴിമതിയുടെ കളങ്കമേറ്റവര്‍ ആരായാലും അവര്‍ ജനപ്രതിനിധികളാകാന്‍ പാടില്ല. ഈ സമീപനം സ്വീകരിക്കാനുള്ള പക്വതയും ജനാധിപത്യ ബോധവും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിച്ചേ തീരൂ- മുഖപത്രം തുടരുന്നു. സത്യത്തിലും നീതിയിലും ജനാധിപത്യ, മാനുഷിക മൂല്യങ്ങളിലുമുള്ള അടിയുറച്ച നിലപാടാണിത്‌. അധികാര രാഷ്ട്രീയത്തില്‍ ഉള്‍പ്പെടാതെ തന്നെ സത്യസന്ധമായ പൊതു ജീവിതത്തിനും ജനാധിപത്യ ക്രമങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സമൂഹത്തിലെ നിശബ്ദരായ ജനലക്ഷങ്ങളുടെ വികാരവും ശബ്ദവുമാണിതെന്നും മുഖപത്രം അവകാശപ്പെടുന്നു.യുഡിഎഫിനെ വെട്ടിലാക്കിക്കൊണ്ടാണ്‌ ആരോപണ വിധേയരായവര്‍ മാറി നില്‍ക്കട്ടെ എന്ന്‌ തൃശൂര്‍ അതിരൂപത പറയുന്നത്‌

No comments: