Saturday, February 12, 2011

അശ്ളീലങ്ങളുടെ ആഘോഷക്കാഴ്ചകളിലൂടെ

അശ്ളീലങ്ങളുടെ ആഘോഷക്കാഴ്ചകളിലൂടെ
അഡ്വ. കെ അനില്‍കുമാര്‍

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിയുടെ ജാഗ്രതക്കിടയിലൂടെ കൊടും കുറ്റവാളിയായ ഒരാള്‍ എങ്ങനെ നീതിന്യായ വ്യവസ്ഥയെ തന്റെ ഉള്ളം കയ്യിലിട്ട് അമ്മാനമാടിയെന്ന് ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണം വെളിപ്പെടുത്തിയിരിക്കുന്നു. കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോടതി മാത്രമല്ല ജസ്റ്റീസ് നാരായണക്കുറുപ്പും ജസ്റ്റീസ് തങ്കപ്പനും "അതുതന്നെ ചെയ്തു''വെന്നാണ് റൌഫിന്റെ പുതിയ വെളിപ്പെടുത്തല്‍.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന വി കെ ബാലിയെ പ്രതീകാത്മകമായി നാടുകടത്തുന്ന ഒരു ചടങ്ങ് എസ്എഫ്ഐ സംഘടിപ്പിക്കുകയുണ്ടായി. താന്‍ റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ്, വളരെയേറെ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന സ്വാശ്രയക്കേസിലെ വിധി തിടുക്കപ്പെട്ടു നല്‍കിയത് നീതിനിര്‍വഹണ ത്വര മൂലമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകുന്നവിധം ബാലിയുടെ അപഥ സഞ്ചാരങ്ങള്‍ പൊതുജനമറിഞ്ഞു. സര്‍ക്കാര്‍ അതിഥി മന്ദിരമുപേക്ഷിച്ച് സ്വാശ്രയക്കേസിലെ കക്ഷികളുടെ വക ഗസ്റ്റ് ഹൌസിലെത്തിയത് മാലോകരറിഞ്ഞതാണ്. തല്‍പരകക്ഷികള്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന തരുണീമണികളുടെ മെയ്യഴകിലൂടെ നിയമത്തിന്റെ സമസ്യകള്‍ക്കുള്ള ഉത്തരങ്ങളെ തിരിച്ചറിഞ്ഞവര്‍ എക്കാലവും ആദരണീയര്‍ തന്നെയെന്ന് കരുതിക്കൊള്ളണമെന്ന മുന്‍വിധിയാണിവിടെ. ബാലിയെ നാടുകടത്തിയത് സംസ്കാരശൂന്യതയായി തികട്ടി തികട്ടി വിളമ്പുന്നവര്‍ക്ക് ഉത്തരംമുട്ടുന്ന വെളിപ്പെടുത്തലുകളാണ് റൌഫ് നല്‍കുന്നത്. നോട്ടുകെട്ടിന്റെ വലുപ്പം നോക്കി വിധി പറയുന്ന ജഡ്ജിമാരുണ്ടെന്ന് പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞുവെന്നാരോപിച്ച് കോടതിയലക്ഷ്യത്തിന്റെ ചാട്ടുളി ചുഴറ്റിയ കോടതിമുറികളില്‍ തന്നെയാണ് നാരായണക്കുറുപ്പും തങ്കപ്പനും മറ്റും അമര്‍ന്നിരുന്നതെന്നതും നമുക്ക് മറക്കാതിരിക്കാം.

കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസ് ഒരു പഴങ്കഥയാണ്. കുറെക്കാലമായി അത് ആളുകളുടെ ഓര്‍മയിലുണ്ടായിരുന്നില്ല. ഒന്നര പതിറ്റാണ്ടുമുമ്പ് ഐസ്ക്രീം കേസ് ഉല്‍ഭവിച്ചപ്പോള്‍ കേസ് തേച്ചുമാച്ചു കളയാനല്ല, കര്‍ശന നടപടിയെടുക്കാനാണ് നായനാര്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഇരകളായവര്‍ വെളിപ്പെടുത്തിയെങ്കിലും രേഖാമൂലം നല്‍കിയ മൊഴി മാറി മാറി പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവരുടെ പേരില്‍ നിയമനടപടികള്‍ മുന്നോട്ടു നീക്കി. കുറ്റപത്രം നല്‍കിയതും പ്രതികളെ നിയമത്തിനുമുന്നില്‍ നിര്‍ത്തിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ്.

കുഞ്ഞാലിക്കുട്ടി നടത്തിയ ലൈംഗിക കൃത്യങ്ങള്‍ പോലീസിനോട് ഉറച്ചുപറയാന്‍ ഇരകളായവര്‍ തയ്യാറാകാതെ വരുമ്പോള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രം കേസില്‍പെടുത്തുന്നത് എല്‍ഡിഎഫ് എന്നല്ല, ഒരു സര്‍ക്കാരിനും ഭൂഷണമാകില്ല. പിന്നീട് മന്ത്രിയായ കുഞ്ഞാലിക്കുട്ടി ഉംറക്ക് പോയ കാലത്താണ് മുനീറിന്റെ ചാനലായ ഇന്ത്യാവിഷനിലേക്ക് റജീനയെന്ന പെണ്‍കുട്ടി ഓടിക്കയറിവന്ന് മൊഞ്ചുള്ള കുഞ്ഞാക്കായുടെ "ഭ്രമര ലീലകളെ''പ്പറ്റി മാലോകരോട് വര്‍ണ്ണിച്ചത്. സ്വാഭാവികമായും ആ കുട്ടിയുടെ മൊഴിയെടുത്ത് നീതി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ലീഗിന്റെ ഈ "സ്വര്‍ണ്ണമുത്തി''നെ സംരക്ഷിക്കാന്‍ വെമ്പിയപ്പോള്‍ റജീന വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ വലയിലായി. അപ്പോഴാണ് മുദ്രപത്രത്തില്‍ രണ്ട് സത്യവാങ്മൂലം തയ്യാറാക്കി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന കാര്യങ്ങള്‍ നടത്തിയതെന്ന് റൌഫ് ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്.

ഇന്ത്യാവിഷന്‍ ചാനലില്‍ റജീന നടത്തിയ വെളിപ്പെടുത്തലുകളെ ആധാരമാക്കി നടപടി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫും തയ്യാറാകാതെ വന്നപ്പോഴാണ് റജീന വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ കൂട്ടില്‍ തന്നെ പെട്ടുപോയത്. ഇതിനിടയില്‍ നടന്ന നാടകങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് നടന്നുവന്നിരുന്ന കോടതിയില്‍നിന്നും "സൌകര്യ''പ്രദമായ മറ്റൊരു കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി. അതിനുള്ള അപേക്ഷ അനുവദിപ്പിക്കാന്‍ പണം നല്‍കിയെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പ്രോസിക്യൂഷന്‍ അസി. ഡയറക്ടറായിരുന്ന കെ സി പീറ്റര്‍ വെളിപ്പെടുത്തി. വിതുര പെണ്‍വാണിഭക്കേസിലെ പ്രതിയാണ് പീറ്ററെന്നും അയാളെ വിശ്വസിക്കരുതെന്നും മലയാള മനോരമ ഇപ്പോള്‍ ഉപദേശിക്കുന്നു. എന്നാല്‍ കെ സി പീറ്ററെ ഇത്രയേറെ വലിയൊരു പദവിയിലെത്തിച്ചത് മനോരമയുടെ സ്വന്തം യുഡിഎഫ് തന്നെയാണെന്നത് ഓര്‍ക്കുന്നുമില്ല. "സൌകര്യ''പ്രദമായ കോടതിയിലെത്തിയ കേസില്‍ മൂകസാക്ഷിയായിരുന്ന്, കൂറുമാറിയ സാക്ഷികളുടെ എണ്ണമെടുക്കുന്നതിന് മാത്രം തത്രപ്പെട്ടിരുന്ന ന്യായാധിപന്‍ മൊഴിമാറ്റിയവരുടെമേല്‍ നിയമനടപടിക്ക് ശ്രമിച്ചിരുന്നില്ലെന്നു കൂടി ഓര്‍മിക്കപ്പെടണം. പിന്നീട് ഈ കേസില്‍ അപ്പീല്‍ ബോധിപ്പിച്ചപ്പോള്‍ ഒരു പുനഃരന്വേഷണമെങ്കിലും അനുവദിക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ പി ജി തമ്പി ആവശ്യപ്പെട്ടത് അംഗീകരിക്കപ്പെട്ടില്ല. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള 'വലിയ' ആളുകള്‍ ഉള്‍പ്പെട്ടതിനാലാണ് സിബിഐക്ക് വിടാതിരുന്നതെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് പറയുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാകും. പോരാത്തതിന് ഇതുവെറും പെണ്ണുകേസ് മാത്രമാണെന്നും സിബിഐയ്ക്ക് നോക്കാന്‍ ബുദ്ധിമുട്ടാകുമെന്നുമാണ് കുറുപ്പിന്റെ ന്യായം. നിയമബാഹ്യമായ പരിഗണനകളാണ് തന്റെ വിധിക്കാധാരമെന്ന് ജസ്റ്റീസ് കുറുപ്പു തന്നെ പറയുമ്പോള്‍ നീതിനിര്‍വഹണ വ്യവസ്ഥയുടെ ഗതിയോര്‍ത്തു കരയാം.

യഥാര്‍ത്ഥത്തില്‍ സമര്‍ത്ഥന്‍ ആരാണ്? റൌഫോ കുഞ്ഞാലിക്കുട്ടിയോ? സഹോദരിമാരുടെ ഭര്‍ത്താക്കന്മാരായിരുന്ന ഇവരുടെ അപാരസൌഹൃദത്തിന്റെ ഇന്നലെകളില്‍ വഴിവിട്ടത് പലതും നടന്നു. ജനുവരി 28ന് മലപ്പുറത്ത് പത്രസമ്മേളനം നടത്തി തനിക്കുള്ള വധഭീഷണിയെപ്പറ്റി കുഞ്ഞാലിക്കുട്ടി പരാതിപ്പെട്ടതോടെയാണ് കേരള രാഷ്ട്രീയത്തെ കീഴ്മേല്‍ മറിച്ച സംഭവ പരമ്പരകള്‍ക്ക് തുടക്കമായത്. തനിക്കെതിരെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രയോഗത്തിന് തക്കതായ ഭാഷയില്‍ തിരിച്ചടിച്ച് റൌഫ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പല പുതിയ ചോദ്യങ്ങളും ഉയര്‍ത്തി. പിന്നാലെ വിവാദ സിഡിയിലെ ഒരധ്യായവും ഇന്ത്യാവിഷനില്‍ കൂടി പുറത്തുവന്നു. ഇനിയും അഞ്ചാറ് സിഡികള്‍ ബാക്കിയുണ്ടത്രേ.

റൌഫ് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യുന്നുവെന്നും അതിനാല്‍ കഴിഞ്ഞ പത്തുകൊല്ലമായി വഴിവിട്ട് പലതും ചെയ്തുകൊടുത്തുവെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മൊഴിഞ്ഞപ്പോള്‍ കേരള മോചനയാത്ര നിര്‍ത്തിവച്ച് ഉമ്മന്‍ചാണ്ടി തുള്ളിച്ചാടി. സത്യം ഏറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചു കഴിഞ്ഞപ്പോഴാണ് കുഞ്ഞാലിക്കുട്ടി കളംമാറ്റിയത്. താന്‍ വഴിവിട്ടു ചെയ്തതെന്തൊക്കെയെന്ന ചോദ്യത്തിന് മുന്നില്‍ കുഞ്ഞാലിക്കുട്ടി ചൂളി; അഭിനന്ദിച്ച ഉമ്മന്‍ചാണ്ടി പനിക്കിടക്കയില്‍ ചുരുങ്ങി.

ഇത്രയുമൊക്കെയായിട്ടും പത്തുകൊല്ലമായി കുഞ്ഞാലിക്കുട്ടിയെപ്പോലൊരാളെ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ പറ്റിയ എന്ത് കാര്യമാണ് റൌഫിന്റെ രഹസ്യത്തിലുണ്ടായിരുന്നതെന്ന് അന്വേഷിക്കേണ്ടതല്ലേ? റൌഫിന് ചെയ്തു കൊടുക്കേണ്ടി വന്ന വഴിവിട്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ലോകരറിയേണ്ടേ? റൌഫ് യാതൊരു കാര്യവുമില്ലാതെ ബ്ളാക്ക് മെയില്‍ ചെയ്ത് കാര്യങ്ങള്‍ നേടിയെടുത്തെങ്കില്‍ റൌഫിനെതിരെ നിയമ നടപടി വേണ്ടേ? കുഞ്ഞാലിക്കുട്ടിയുടെ കൂടെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, കുഞ്ഞാലിക്കുട്ടിയെ "വെറുതെ'' ബ്ളാക്ക് മെയില്‍ ചെയ്ത റൌഫിന് എന്തു ശിക്ഷ നല്‍കണമെന്നാണ് യുഡിഎഫ് പറയുന്നത്?

സാമാന്യബുദ്ധിയുള്ള ഒരു ചോദ്യവും ചോദിക്കാതെ കണ്ണടച്ചിരുട്ടാക്കുന്ന മാധ്യമ വിദ്യ അരങ്ങ് തകര്‍ക്കുന്നു. ഫെബ്രുവരി 1ന് മലയാള മനോരമയുടെ മുഖപേജില്‍ കുഞ്ഞാലിക്കുട്ടിയുടെ സമൃദ്ധമായ ചിരിയരങ്ങ്. കൂടെ എം കെ മുനീറും. പ്രതിസന്ധിക്കിടയിലും ഇത്രയേറെ ചിരിക്കാന്‍ കഴിയുന്ന കുഞ്ഞാലിക്കുട്ടിയെ ഒരു റൌഫിന് ഇത്രയേറെ കാലം ബ്ളാക്ക്മെയില്‍ ചെയ്യാന്‍ കഴിയുമോ? റജീനയുടെ വെളിപ്പെടുത്തലിന് ഇടയിലും കോഴിക്കോട് വിമാനത്താവളത്തില്‍വെച്ച് കുഞ്ഞാലിക്കുട്ടിയുടെ കരുത്ത് മാലോകരറിഞ്ഞതാണ്. അത്തരമൊരു കുഞ്ഞാക്കയെ വകവരുത്താന്‍ മംഗലാപുരത്തുനിന്നും ക്വട്ടേഷന്‍കാരെത്തിയെന്ന് കേട്ടാല്‍ വിരളാന്‍ മാത്രം ദുര്‍ബലനാണോ ലീഗിന്റെ സെക്രട്ടറി ജനറല്‍?

ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ യഥാര്‍ത്ഥത്തില്‍ ഇറങ്ങിയതാരാണ്? ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ തന്നെ. പണ്ടൊരിക്കല്‍ യാദൃച്ഛികമായി റജീന ഓടിക്കയറി എന്തോ പറഞ്ഞപ്പോള്‍ കൊടുത്തുപോയതാണ്. ഇപ്പോഴങ്ങനെയല്ല, തങ്ങളുടെ ചെയര്‍മാന്റെ നേതാവായ കുഞ്ഞാലിക്കുട്ടിയുടെ വ്യഭിചാരകഥകള്‍ ക്യാമറാമാന്മാരെ പറഞ്ഞയച്ച് പണംമുടക്കി സിഡിയിലാക്കുന്ന പണിയാണ് നടന്നത്. ഉടമകള്‍ അറിയാതിരിക്കുകയും അറിഞ്ഞാലും മിണ്ടാതിരിക്കുകയും ചെയ്യുന്ന ഈ മാധ്യമസ്വാതന്ത്യ്രം അപാരം തന്നെ. ഇന്ത്യാവിഷന്റെ വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ല എന്നുവരെ ചെയര്‍മാന്‍ കുമ്പസാരിച്ചിട്ടും ലീഗ് നേതൃത്വം മാപ്പാക്കിയിട്ടില്ല. ലീഗു വേണോ, ചാനല്‍ വേണോയെന്ന വലിയ ചോദ്യത്തിനുമുന്നില്‍ "ചാനല്‍ തന്നെ അമൃതം''എന്ന് മുനീര്‍ പറഞ്ഞതാണ് അവസാനത്തെ സംഭവം. ചാനലുകാരാകട്ടെ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണു താനും.

നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിനിടയില്‍ പൊട്ടിക്കാനായി മുനീര്‍ സാഹിബ് കരുതിവെച്ച സിഡികളായിരുന്നു ഇത്. മുനീറിന് മദിരാശിയിലൊരു ചിന്ന വീടുണ്ടത്രേ! അതുകൂടി സിഡിയിലാക്കി മാലോകരെ അറിയിക്കാന്‍ റൌഫിനെ കുഞ്ഞാലിക്കുട്ടി ചട്ടം കെട്ടിയത്, ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയം സുഗന്ധം പരത്തുന്ന രീതിയിലായതുകൊണ്ടാണല്ലോ. തനിക്കെതിരെ കെണിയൊരുക്കുന്ന കുഞ്ഞാലിക്കുട്ടിയെ മാലോകര്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ മുനീറിന്റെ കൈവശം സിഡികളെത്തിയതും അത് പുറത്താക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നതും കുഞ്ഞാലിക്കുട്ടി മണത്തറിഞ്ഞു. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളീയര്‍ വോട്ടു ചെയ്തശേഷം മാത്രം പുറത്തിറക്കാന്‍ വെച്ചിരുന്ന ഈ മുഴുനീള അശ്ളീല പരമ്പര ഉടന്‍ വെളിപ്പെടാനിടവരുന്ന വിധം കുഞ്ഞാലിക്കുട്ടിയുടെ "കീഴടങ്ങല്‍''ഉണ്ടായത്. കുഞ്ഞാലിക്കുട്ടിയുടെ ആദ്യത്തെ പത്രസമ്മേളനം ഏതോ ധീരതയെന്ന മട്ടിലാണ് മാധ്യമങ്ങള്‍ വാഴ്ത്തിയത്. യഥാര്‍ത്ഥത്തില്‍ ഭീരുത്വത്തിന്റെ പാരമ്യതയില്‍ ദുര്‍ബലനായ കുഞ്ഞാലിക്കുട്ടിയുടെ വിതുമ്പലുകളാണ് നാം കേട്ടത്. വഴിവിട്ടതു ചെയ്തതിന്റെ കുറ്റബോധം കൊണ്ടല്ല, റൌഫിന്റെ കയ്യിലെ ബോംബിന്റെ ശക്തികൊണ്ട് താന്‍ ഛിന്നഭിന്നമാക്കപ്പെടാതിരിക്കാന്‍ സ്വയം പരിക്കേല്‍ക്കുമെങ്കിലും റൌഫിനെ തുറന്നുകാട്ടാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അത് ഏതോ ധീരതയായെന്ന മട്ടിലായി മാധ്യമങ്ങള്‍. തുറന്നുപറഞ്ഞതിനും കിട്ടി ഉമ്മന്‍ചാണ്ടിയുടെ വക അഭിനന്ദനം. പിന്നെ പതിവുപോലെ ലീഗിലെ സ്നേഹപ്രകടനങ്ങളും പിന്തുണ പ്രഖ്യാപനവും. യുഡിഎഫ് ലീഗിനും കുഞ്ഞാലിക്കുട്ടിക്കും പിന്നില്‍ ഉറച്ചുനില്‍ക്കും. കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയോടുള്ള കൂറു കാട്ടാന്‍ മല്‍സരിക്കുന്നു. പതിവുവിട്ട് ആര്യാടനും കുഞ്ഞാലിക്കുട്ടിയോട് പെരുത്ത സ്നേഹം കാട്ടുന്നു. രാഹുല്‍ഗാന്ധിയുടെയും രാജ്മോഹന്‍ ഉണ്ണിത്താന്റെയും എന്‍ ഡി തിവാരിയുടെയും കോണ്‍ഗ്രസ്സിന് കുഞ്ഞാലിക്കുട്ടി സംപൂജ്യനായത് അല്‍ഭുതമുളവാക്കില്ല. എന്നാല്‍ മലയാളക്കരയുടെ സ്ഥിതിയിതാണോ?

കുഞ്ഞാലിക്കുട്ടി ഒട്ടനവധി സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നുവെന്നത് ഇന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. കോടതിയിലെത്തിയെങ്കിലും നിയമത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ കുഞ്ഞാലിക്കുട്ടിക്ക് കോടികള്‍ മുടക്കേണ്ടിവന്നു. അതുവഴി കുഞ്ഞാലിക്കുട്ടി നിയമ-നീതിനിര്‍വഹണ സംവിധാനങ്ങളെ കൈക്കൂലി നല്‍കി കളങ്കപ്പെടുത്തി. ഇത്രയേറെ കളങ്കിതനായ ഒരു വ്യക്തിയെ അഹമഹമികയാ പിന്തുണയ്ക്കുകയും തങ്ങളുടെ നേതാവായി കൊണ്ടാടുകയും ചെയ്യാന്‍ യുഡിഎഫിന് യാതൊരു ധാര്‍മിക പ്രശ്നങ്ങളുമില്ല. യുഡിഎഫിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളാകട്ടെ, എത്രയും വേഗം കുഞ്ഞാലിചരിതം തീര്‍ന്നുകിട്ടാന്‍ പ്രാര്‍ത്ഥിക്കുകയാണ്.

തങ്ങള്‍ കണ്ണടച്ചാല്‍ കേരളമാകെ ഇരുട്ടുപരക്കുമെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ ധരിച്ചുവശായിരിക്കുന്നു. ഇവരുടെ കൂട്ടത്തില്‍ ഒരു മെയ്യായി കരുതിയിരുന്ന ഇന്ത്യാവിഷന്‍ ചാനല്‍ ഇക്കാര്യത്തില്‍ മാത്രം വേറിട്ടു ചിന്തിക്കുന്നത് മാധ്യമ ധര്‍മമോ, ഉടമയുടെ താല്‍പര്യമോ കൊണ്ടാകാം. ഏതായാലും യുഡിഎഫ് വാഴ്ചകളുടെ ഇന്നലെകളിലേക്കുള്ള ഒരു കിളിവാതിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കേസും, വെളിപ്പെടുത്തലുകളും. അതിലൂടെ നോക്കിയാല്‍ വലതുപക്ഷ ജീര്‍ണതകളുടെ പാരമ്യം കാണാം. അതിനൊരാവര്‍ത്തനം കൂടി വരുത്തി വെയ്ക്കണമോയെന്ന യുക്തിസഹമായ ചോദ്യമാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തുന്നത്. അശ്ളീലതകളെ ആഘോഷമാക്കുകയും അതിനുവേണ്ടി എല്ലാ ജനാധിപത്യസംവിധാനങ്ങളേയും തച്ചു തകര്‍ക്കുകയും അഴിമതിപ്പണംകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളെവരെ വിലയ്ക്കെടുക്കുകയും ചെയ്യുന്ന കുഞ്ഞാലിക്കുട്ടിമാരില്‍നിന്ന് നാടിനെ രക്ഷിക്കാനായി ഒരു മോചനയാത്ര കൂടിയാകാം.

1 comment:

ജനശബ്ദം said...