Saturday, February 12, 2011

"പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചി വച്ചടിക്കണം''

"പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചി വച്ചടിക്കണം''
പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്നും നാടുകടത്താനിടയാക്കിയ പല സംഭവങ്ങളിലൊന്ന് അഴിമതിക്കാര്‍ക്കു നല്‍കേണ്ട ശിക്ഷാവിധിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായമാണ്. "സര്‍ക്കാര്‍ ഖജനാവ് പൊന്നുതമ്പുരാന്റെ തറവാട്ടുസ്വത്തല്ല'' എന്നും അഴിമതിചെയ്യുന്നവരെ "പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചിവച്ചടിക്കണം'' എന്നും അദ്ദേഹം സധൈര്യം പ്രഖ്യാപിക്കുകയുണ്ടായി. ആ ധൈര്യമാണ് വൃത്താന്തപത്രപ്രവര്‍ത്തനരംഗത്തെ കുലപതിയായി അദ്ദേഹത്തെ കരുതാന്‍കാരണം. അതിനുശേഷം ഒരു പത്രാധിപരും ഇത്രയും ചങ്കൂറ്റത്തോടുകൂടി അഴിമതിയെ വിമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നാടുകടത്തലിന്റെ നൂറാം വാര്‍ഷികം ആചരിച്ചുകഴിഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍ സ്വദേശാഭിമാനി വിധിച്ച ശിക്ഷ ഏറ്റവും അനുയോജ്യമായിട്ടുള്ളത് വഴിപിഴച്ചുപോയ ന്യായാധിപന്മാര്‍ക്കുതന്നെയാണ്. വിശ്വാസവഞ്ചനയ്ക്ക് മറ്റെന്തുശിക്ഷയാണ് നല്‍കാനാവുക?

നിയമനിര്‍മാണത്തിലും അതിന്റെ നിര്‍വഹണത്തിലും ഭരണഘടനാവിരുദ്ധമായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയും പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് നീതിന്യായ വ്യവസ്ഥ ചെയ്യുന്നത്. ഈ ഉത്തരവാദിത്വം നീതിന്യായകോടതികള്‍ നിര്‍വഹിക്കുമെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. എന്നാലിപ്പോള്‍ ആ വിശ്വാസത്തിന് ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു. പൌരന്മാരുടെ ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണ് ന്യായാധിപന്മാര്‍ എന്ന് ജനങ്ങള്‍ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ ന്യായാധിപന്മാരില്‍ ചിലര്‍ സാധാരണ കുറ്റവാളികളുടെ നിലവാരത്തിലേക്ക് തരംതാണുപോയി എന്നതാണ് വാസ്തവം. നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്ക് തീരാ കളങ്കമേല്‍പിച്ച ഇവര്‍ക്ക് സ്വദേശാഭിമാനി വിധിച്ച ശിക്ഷതന്നെയാണ് അനുയോജ്യം.

ഹൈക്കോടതികളിലേയും സുപ്രീംകോടതിയിലേയും ചില മുന്‍ ജഡ്ജിമാരും അല്ലാത്തവരുമായ നിരവധിപേര്‍ ആരോപണവിധേയരായി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. സുപ്രീംകോടതിയിലെ അരഡസനിലേറെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നവരാണ് എന്ന് ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ആരോപണമുന്നയിച്ചിരിക്കുന്നു. മുന്‍ ചീഫ് ജസ്റ്റിസിന്റെ ബന്ധുക്കളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പദവി ദുരുപയോഗപ്പെടുത്തി അവിഹിതമായി സ്വത്തുസമ്പാദിച്ചുവെന്ന് ആക്ഷേപമുണ്ടായിരിക്കുന്നു. കേരള ഹൈക്കോടതിയിലെ ചില മുന്‍ ജഡ്ജിമാര്‍ കോഴപ്പണം പറ്റിക്കൊണ്ട് പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധിന്യായങ്ങള്‍ എഴുതിയിട്ടുണ്ട് എന്ന ആക്ഷേപം ഇപ്പോള്‍ ചിലര്‍ ഉന്നയിച്ചിരിക്കുന്നു. തങ്ങള്‍ കോഴവാങ്ങിയിട്ടേ ഇല്ലായെന്ന് ആരോപണവിധേയര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പത്രസമ്മേളനം നടത്തുന്നു. അവര്‍ക്ക് കോഴനല്‍കിയത് അഭിഭാഷകന്മാര്‍ മുഖേനയാണെന്ന് അത് കൊടുത്തവര്‍ പറയുന്നു. ജഡ്ജിമാരെ തങ്ങള്‍ക്കറിയുകയേയില്ലായെന്ന് അഭിഭാഷകര്‍ ആണയിടുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസുചെയ്യുന്ന അഭിഭാഷകര്‍ക്ക് അവിടുത്തെ ജഡ്ജിമാരെ അറിയില്ലായെന്നുപറഞ്ഞാല്‍ ആരുവിശ്വസിക്കും? ജഡ്ജിമാരും അഭിഭാഷകരും ക്രിമിനലുകളും തമ്മിലുള്ള അദൃശ്യമായ ഒരു അവിഹിതബന്ധം നിലനില്‍ക്കുന്നുവെന്ന് സാമാന്യജനം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നു.

ചില ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാന്‍വേണ്ടിയാണ് ഇത്തരത്തിലുള്ള അവിശുദ്ധ ഇടപാടുകള്‍ നടക്കുന്നത്. ആ ക്രിമിനലുകളാകട്ടെ സാമ്പത്തികശേഷിയും അതുവഴി ഭരണതലത്തില്‍ സ്വാധീനവുമുള്ളവരാണ്. അവര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെടുമ്പോള്‍ നീതി ലഭിക്കേണ്ടിയിരുന്ന ചിലര്‍ക്ക് അത് നിഷേധിക്കപ്പെടുന്നു. അക്കൂട്ടര്‍ക്ക് നീതിന്യായ വ്യവസ്ഥയിലും അത് കൈകാര്യംചെയ്യുന്നവരിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അവര്‍ ന്യായാധിപന്മാരെ ശപിക്കുന്നു. വമ്പന്‍ ക്രിമിനലുകള്‍ ചെയ്ത തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരും പണ സ്വാധീനമില്ലാത്തവരുമായ മറ്റുചിലര്‍ ഇതേ ജഡ്ജിമാരുടെ നീതിപീഠങ്ങളാല്‍ ശിക്ഷിക്കപ്പെടുന്നു. അത്തരം വിധി ന്യായങ്ങളില്‍ ന്യായാധിപന്മാരുടെ നീതിബോധവും ധാര്‍മികബോധവും ഉച്ചസ്ഥായിയിലെത്തുന്നതുകാണാം. അതിനെ വാഴ്ത്താന്‍ വൈതാളികരുമുണ്ടാകും. ന്യായാധിപന്മാരുടെ നീതിബോധത്തിന്റെ മായാവലയം നിര്‍മിച്ചുകൊടുക്കുന്നത് ഒരുപക്ഷേ വമ്പന്‍ ക്രിമിനലുകളുമാകാം. കുറ്റവാളി ധനവാനാണെങ്കില്‍ രക്ഷ; അയാള്‍ ദരിദ്രനാണെങ്കില്‍ ശിക്ഷ. അതുകൊണ്ടാണ് ഇ എം എസ് മുമ്പൊരിക്കല്‍ പറഞ്ഞത്; നിയമം ഒരു ചിലന്തിവലയാണ് എന്ന്. വലിയ കീടങ്ങള്‍ അത് പൊട്ടിച്ച് രക്ഷപ്പെടും. ചെറിയവ അതില്‍ കുടുങ്ങും. ഇങ്ങനെ പറഞ്ഞതിന് ഇ എം എസിന് ശിക്ഷകിട്ടി.

ബാബറിപ്പള്ളി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി നമ്മള്‍ കണ്ടതാണ്. തര്‍ക്കിക്കുന്നവര്‍ക്കെല്ലാം തര്‍ക്കവസ്തു വീതിച്ചുകൊടുക്കുന്ന വിധി. അവിടെ നിയമത്തിനല്ല പ്രാമാണികത്വം, മറിച്ച് വിശ്വാസത്തിനായിരുന്നു. മറ്റ് മതവിശ്വാസികള്‍-ജൈനന്മാര്‍ക്കും അവിടെ വിഹാരങ്ങളുണ്ട്-അവകാശവാദമുന്നയിച്ചിരുന്നെങ്കില്‍ അവര്‍ക്കും കിട്ടിയേനേ ഒരു കഷണം ഭൂമി. മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ ഡോക്ടറുമായ ബിനായക സെന്നിന് ജീവപര്യന്തം ശിക്ഷ വിധിച്ചത് ഈയിടെയാണ്. റായ്പൂര്‍ കോടതിയാണത് ചെയ്തത്. ഒന്നര നൂറ്റാണ്ടിനുമുമ്പ് എഴുതിയുണ്ടാക്കിയ ഒരു നിയമത്തിന്റെ ബലത്തിലാണ് ആ ശിക്ഷ നല്‍കിയത്. പ്രജകളെ ശത്രുവായി കണ്ടിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം എഴുതിതയ്യാറാക്കിയ ഒരു നിയമമാണത്. 'സ്വരാജ് ജന്മാവകാശ'മാണെന്ന് പ്രഖ്യാപിച്ചതിന്റെപേരില്‍ ലോകമാന്യതിലകനെ നാടുകടത്തിയത് ഈ നിയമത്തിന്റെ ബലത്തിലാണ്. തിലകനു നല്‍കിയ ശിക്ഷയെ ഇന്ത്യാചരിത്രം അപലപിച്ചതാണ്. ആ തിലകന്റെ ചരിത്രം പഠിക്കാത്ത ഒരു ന്യായാധിപനും ഇന്നത്തെ ഇന്ത്യയില്‍ ഉണ്ടാവുകയില്ല. എന്നിട്ടും ചില ന്യായാധിപന്മാര്‍ കാലഹരണപ്പെട്ട ആ നിയമം ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ അക്കൂട്ടര്‍ക്ക് കാലഹരണദോഷം സംഭവിച്ചു എന്ന് നമ്മള്‍ പറയേണ്ടതായി വരും. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയതും ഒരു ഭരണഘടനയുണ്ടായതും അതില്‍ മൌലികാവകാശങ്ങള്‍ ഉള്ള കാര്യവും ഇത്തരക്കാര്‍ അറിയുന്നില്ല. ഭൂതകാലത്തിന്റെ ഗുഹാ ഗഹ്വരങ്ങളില്‍നിന്ന് നാവുനീട്ടി നടന്നടുക്കുന്ന ദിനോസാറുകളെയാണ് ഇത്തരക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്.

നീതിന്യായ വ്യവസ്ഥയുടെ ഈ അപചയത്തില്‍ നമ്മള്‍ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. രാഷ്ട്ര ഗാത്രത്തിലെ മറ്റെല്ലാ വ്യവസ്ഥകള്‍ക്കും സംഭവിച്ചിരിക്കുന്ന അപചയത്തിന്റെ ഭാഗംതന്നെയാണ് നീതിന്യായ വ്യവസ്ഥയ്ക്കും സംഭവിച്ചിരിക്കുന്നത്. ഒരു വ്യവസ്ഥയ്ക്കും അപചയം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരും കാലഹരണപ്പെട്ടവയെ നീക്കംചെയ്ത് കാലോചിതമായതിനെ പ്രതിഷ്ഠിക്കണം എന്നാഗ്രഹിക്കുന്നവരും ഈ രാജ്യത്തുണ്ട്. അവരുടെ രോഷപ്രകടനം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടാറുണ്ട്. വിധിയെഴുതുന്നവരും വിധി കേള്‍ക്കുന്നവരും നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ആരും ന്യായാധിപന്മാരായി ജനിക്കുന്നില്ല. ആയിത്തീരുന്നതാണ്. ആക്കിത്തീര്‍ക്കുന്നതാണ്. ജഡ്ജിയാകുന്നതിനുമുമ്പ് ഇവര്‍ അഭിഭാഷകരായിരുന്നു. അഭിഭാഷകരെന്ന നിലയ്ക്ക് സമൂഹത്തില്‍ എന്ത് ധര്‍മ്മമാണ് ഇവര്‍ അനുഷ്ഠിച്ചിരുന്നത്? സഹപ്രവര്‍ത്തകരില്‍ ഇവര്‍ എന്ത് ആദരവാണുണ്ടാക്കിയത്? ജഡ്ജിമാരുടെ പാനലില്‍ കടന്നുകൂടിയതെങ്ങനെ? അതിനുമുമ്പ് ഇവര്‍ ലാ കോളേജില്‍ വിദ്യാര്‍ത്ഥികളായിരുന്നു. സഹപാഠികള്‍ക്കും ഗുരുനാഥന്മാര്‍ക്കും ഇവരെക്കുറിച്ച് എന്തഭിപ്രായമായിരുന്നു? ഇത്തരത്തില്‍ ഒരന്വേഷണം നടത്തുന്നത് സാമൂഹ്യശാസ്ത്രപ്രകാരം സാധുവായ കാര്യമാണ്. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ആര്‍ജിക്കുന്ന ഗുണങ്ങളാണ് ഒരാളിന്റെ വ്യക്തിത്വമായിത്തീരുന്നത്. അയാളുടെ സ്വത്വം (ടലഹള) ആണത്. അതിന്റെ പ്രതിഫലനം അയാളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകും. ജന്മഗുണവും കര്‍മ്മബലവും ഒരുപോലെ പ്രധാനമാണ്. ഏതു രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

സാമൂഹ്യവ്യവസ്ഥയുടെ ഉല്‍പന്നമാണ് നീതിന്യായ വ്യവസ്ഥ. വ്യവസ്ഥയുടെ സംരക്ഷണമാണ് അതിന്റെ ധര്‍മ്മം. വ്യവസ്ഥ എത്ര കാലഹരണപ്പെട്ടതായാലും, മഹാഭൂരിപക്ഷത്തിനും ദോഷകരമായാലും, ആകാശവും ഭൂമിയും ഇടിഞ്ഞുവീണാലും വ്യവസ്ഥ നിലനില്‍ക്കണമെന്നാണ് അതിന്റെ വക്താക്കള്‍ വാദിക്കുന്നത്. എന്നുവച്ചാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഗുണഭോക്താക്കളെ സംരക്ഷിക്കുകയാണ് നീതിന്യായ വ്യവസ്ഥ ചെയ്യുന്നത്. അതിനാല്‍ത്തന്നെ വ്യവസ്ഥയെ മാറ്റാനായി ശ്രമിക്കുന്നവര്‍ നിയമനിഷേധികളായിത്തീരും; ശിക്ഷാര്‍ഹരായിത്തീരും. വ്യവസ്ഥയുടെ കാവലാളന്മാര്‍ കല്‍പിക്കുന്നതുപോലെ ന്യായാധിപന്മാര്‍ വിധിയെഴുതും. എന്നിട്ട് പീലാത്തോസിനെപ്പോലെ കൈകഴുകി പാപമുക്തരാകും.

ജനാധിപത്യവ്യവസ്ഥയില്‍ ന്യായാധിപന്മാരും അവരുടെ വിധിന്യായങ്ങളും സാമൂഹ്യ വിമര്‍ശനത്തിനു വിധേയമായിരിക്കണം. വിമര്‍ശനത്തിനതീത (ശാാൌിശ്യ) മാണെന്ന മിഥ്യാബോധം ആര്‍ക്കും ഭൂഷണമല്ല. നീതിയെ കൊലചെയ്യുകയും നിയമത്തെ ദുര്‍ വ്യാഖ്യാനത്തിന് വിധേയമാക്കുകയും ചെയ്യുന്നതാരായാലും സാമൂഹ്യ വിമര്‍ശനത്തിന് വിധേയരാവുകതന്നെ വേണം. അഭിഭാഷകരും ന്യായാധിപന്മാരും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമുള്ളവരാണ്. ഭരണീയര്‍ക്ക് നിയമഗ്രാഹ്യമില്ലാത്തതുകൊണ്ടാണല്ലോ അവരുടെ വക്കാലത്ത് മറ്റുചിലരെ ഏല്‍പിക്കുന്നത്. ഭരണീയര്‍ക്ക് അറിയാത്ത നിയമം നടപ്പാക്കിയത് കൊളോണിയല്‍ ഭരണമാണ്. നിയമമെന്ന മര്‍ദ്ദനോപകരണത്തിലൂടെ ഭരണീയരെ അടിച്ചമര്‍ത്താനും അവര്‍ പാമരന്മാരാണെന്ന് അനുനിമിഷം അവരെ ഓര്‍മ്മിപ്പിക്കാനുമാണ് കൊളോണിയല്‍ ഭരണം നീതിന്യായ കോടതികളെ ഉണ്ടാക്കിയത്. പാമരന്മാരെ ചൂഷണംചെയ്ത് പണമുണ്ടാക്കാമെന്നു കരുതിയാണ് പലരും അന്നുമുതല്‍ അഭിഭാഷകവൃത്തി സ്വീകരിച്ചുതുടങ്ങിയത്. ഭരണീയരുടെ പാമരത്വത്തെ ചൂഷണംചെയ്യുന്ന മറ്റൊരു വ്യവസ്ഥയും ബൂര്‍ഷ്വാ ജനാധിപത്യത്തിലില്ല. മറ്റെല്ലാ ചൂഷകരും അധ്വാനശേഷിയേയും അധ്വാനമിച്ചത്തേയുമാണ് ചൂഷണംചെയ്യുന്നത്. അതിനാല്‍ അവിടെ ചെറുത്തുനില്‍പ് മുഖാമുഖമാണ്. എന്നാല്‍ മര്‍ദ്ദകനെവിടെയെന്നറിയാതെ അന്തരീക്ഷവായുവിനെ മര്‍ദ്ദിക്കുന്ന അന്ധനെപ്പോലെയാണ് ഇവിടത്തെ ചൂഷിതര്‍. സത്യസന്ധരും നീതിബോധമുള്ളവരും ചുഷിതരോട് അനുതാപമുള്ളവരുമായവര്‍ ന്യായാധിപന്മാരും അഭിഭാഷകരുമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ മണ്ഡലത്തിനു സംഭവിച്ച അപചയത്തില്‍നിന്ന് അതിനെ മോചിപ്പിക്കാന്‍ ശ്രമിക്കുക. അവരുടെ സമരമുഖമതാണെന്ന് തിരിച്ചറിഞ്ഞാല്‍ ആരെയാണ് പട്ടിത്തുടലില്‍ കെട്ടേണ്ടതെന്നും കുതിരക്കവഞ്ചിവച്ച് അടക്കേണ്ടതെന്നും കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല.1 comment:

ജനശബ്ദം said...