Friday, February 11, 2011

കേരള ബജറ്റിന്റെ നക്ഷത്രശോഭ

കേരള ബജറ്റിന്റെ നക്ഷത്രശോഭ

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2011-12ലേക്കുള്ള കേരള ബജറ്റ് സമീപനത്തിലും ദിശാബോധത്തിലും ഉള്ളടക്കത്തിലും അദ്ദേഹം മുമ്പ് അവതരിപ്പിച്ച ബജറ്റുകളുടെ തുടര്‍ച്ചയാണ്. അതേസമയം സമകാലിക പ്രശ്നങ്ങളെ പുതുമയാര്‍ന്ന രീതിയില്‍ സമീപിച്ച് കേരളത്തിലെ ജനസാമാന്യത്തിന്റെ സാര്‍വത്രികമായ അംഗീകാരം അദ്ദേഹം നേടുകയും ചെയ്തിരിക്കുന്നു. സമഗ്രമായ വികസനം വേഗത്തില്‍ നേടുകയാണ് അദ്ദേഹത്തിന്റെ- എല്‍ഡിഎഫ് സര്‍ക്കാരിന്റെ- ലക്ഷ്യം. അതേസമയം, സാമൂഹ്യമായും സാമ്പത്തികമായും ലിംഗപരമായും മറ്റും അവഗണിക്കപ്പെട്ടിരുന്നവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ഇടപെടലുകളും വേണം. ഇത് മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ വളര്‍ച്ചാതോതിനെ ആസ്പദമാക്കി കേന്ദ്രസര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്ന വലതുപക്ഷ വികസനനയത്തില്‍നിന്ന് വ്യത്യസ്തമാണ്. എന്താണ് ഈ നയത്തിന്റെ ഇപ്പോഴത്തെ ബജറ്റില്‍ പ്രതിഫലിച്ചുകാണുന്ന പ്രത്യേകതകള്‍? വരുമാനത്തിലുള്ള വര്‍ധന. 2006-07ലെ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ഏതാണ്ട് ഇരട്ടിയായി 2010-11ല്‍ വര്‍ധിച്ചിരിക്കുന്നു. കേന്ദ്ര ധനകമീഷനുകള്‍ കേരളത്തോട് സ്വീകരിക്കുന്ന ചിറ്റമ്മനയംമൂലം കേന്ദ്രവിഹിതം ശതമാനക്കണക്കില്‍ കുറഞ്ഞുവരികയാണ്. 13-ാം ധനകമീഷനും അതുതന്നെചെയ്തു. എങ്കിലും സംസ്ഥാന വരുമാനം 6000 കോടിയിലേറെ പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. ഇത് തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ട് ജനക്ഷേമകരവും ഉല്‍പ്പാദനവര്‍ധന ഉണ്ടാക്കുന്നതുമായ ചെലവുകളും മൂലധന നിക്ഷേപവും വര്‍ധിച്ചതോതില്‍ നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുന്നു. പാവപ്പെട്ടവര്‍ക്കുള്ള പെന്‍ഷന്‍ 110-125 രൂപയായിരുന്നത് പടിപടിയായി ഉയര്‍ത്തി ഈ ബജറ്റില്‍ 400 രൂപയില്‍ എത്തിച്ചു. ആരോഗ്യപരമായ വെല്ലുവിളികളെ നേരിടുന്നവര്‍, എന്‍ഡോസള്‍ഫാന്‍മൂലം ദുരിതമനുഭവിക്കുന്നവര്‍ എന്നിങ്ങനെ പലതരത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുള്ള വിവിധ ആശ്വാസ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗ വികസനത്തിനായി നീക്കിവയ്ക്കുന്ന തുക സര്‍വകാല റെക്കോഡാണ്. നിരവധി പദ്ധതികള്‍ അവര്‍ക്കായി നടപ്പാക്കുന്നു. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കും വിപുലമായ പദ്ധതികളുണ്ട്. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ അടുത്തവര്‍ഷം 770 കോടി രൂപയുടേതാണ്. പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകള്‍ മുതല്‍ തീവണ്ടികളില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കുള്ള പൊലീസ് സംരക്ഷണം വരെ നിരവധി പദ്ധതികള്‍ അവയില്‍പ്പെടുന്നു. പ്രവാസികള്‍ക്കുള്ള പദ്ധതികളും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കാര്‍ഷിക- മൃഗപരിപാലന- മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും അവയില്‍ ഏര്‍പ്പെടുന്നവരുടെ ക്ഷേമപ്രവര്‍ത്തനത്തിനുമായി ആവശ്യമായ തുക ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. അവയിലെല്ലാം ഉല്‍പ്പാദനം വര്‍ധിക്കുകയും അവയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സ്ഥിതി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അത് കൂടുതല്‍ മെച്ചപ്പെടുത്താനായി പല പദ്ധതികളും അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തി. അതുവഴി വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും മറ്റും മെച്ചപ്പെട്ട സേവനം ലഭ്യമാക്കി. ഇനിയും വലിയ മാറ്റം സേവനമേഖലയില്‍ വരുത്താന്‍ ഉപകരിക്കുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ പൊതുവില്‍ രണ്ട് ഗണത്തില്‍പെടുത്താവുന്നവയാണ്. സ്കൂള്‍ പരീക്ഷാഫലങ്ങളെപ്പോലെ മൊത്തം കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇടയാക്കുന്ന നാനാതരം പ്രവര്‍ത്തനങ്ങള്‍; അവരില്‍ത്തന്നെ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് സഹായിക്കുന്ന നടപടികള്‍. പുതിയ മേഖലകളിലേക്ക് സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പദ്ധതികള്‍, ഇവ കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള അഭിനന്ദനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. പ്രതിപക്ഷം കേരളത്തില്‍ വികസനമില്ലെന്ന് മുറവിളികൂട്ടുന്നുണ്ടെങ്കിലും ഐടി മേഖലയില്‍ വന്‍ കുതിപ്പിനുള്ള ഉറച്ച അടിത്തറ പണിതുകഴിഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഐടി കേന്ദ്രങ്ങള്‍ ഇതിന് നിദര്‍ശനമാണ്. ധാതുലവണങ്ങളെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് ഫാക്ടറികള്‍, ഗവേഷണാലയങ്ങള്‍ എന്നിവ ആരംഭിക്കുമെന്ന് ബജറ്റ് വിളംബരംചെയ്യുന്നു. പൊതുമേഖലയെ ലാഭകരമാക്കി ഒമ്പതുസ്ഥാപനങ്ങള്‍ ഈ മേഖലയില്‍ വരുംദിനങ്ങളില്‍ ഉദ്ഘാടനംചെയ്യുന്നു. ഇതെല്ലാം വ്യവസായ മേഖലയില്‍ കേരളം സമീപഭാവിയില്‍ കുതിച്ചു മുന്നേറുന്നതിന്റെ പ്രഖ്യാപനങ്ങളാണ്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കേരളത്തില്‍ തെക്കുവടക്ക് ശീഘ്രയാത്രയ്ക്കുള്ള റെയില്‍ കോറിഡോര്‍, മെച്ചപ്പെട്ട റോഡുകളുടെ ഒരു വലിയ ശൃംഖല എന്നിവ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ദിവാസ്വപ്നങ്ങളല്ല. മൂര്‍ത്തമായ പദ്ധതികളാണ്. അവയ്ക്ക് ഓരോന്നിനും ആയിരക്കണക്കിന് കോടി രൂപ ചെലവുവരും. അതു കണ്ടെത്താനുള്ള മാര്‍ഗത്തിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി ബജറ്റില്‍ വരച്ചുകാട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കും തൊഴിലും നല്ല വരുമാനവും മാന്യമായി ജീവിക്കാനുള്ള ചുറ്റുപാടും ഉണ്ടാക്കുന്നതിന് ഇത്തരത്തിലുള്ള വികസനം സംസ്ഥാനത്ത് ആവശ്യമാണെന്ന എല്‍ഡിഎഫിന്റെ തിരിച്ചറിവാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തങ്ങള്‍ അധികാരത്തില്‍ വരും, തങ്ങളുടെമേല്‍ പേറാഭാരം എല്‍ഡിഎഫ് സര്‍ക്കാര്‍ വച്ചുകെട്ടുന്നുവെന്ന മട്ടിലാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. ദിവാസ്വപ്നം പേറുന്ന അവര്‍ക്ക് ജനങ്ങളുടെ മനസ്സും തോമസ് ഐസക് പറഞ്ഞതും മനസിലായ മട്ടില്ല. എല്ലാവരുടെയും വികസനം അവരുടെ ലക്ഷ്യമല്ലാത്തതുകൊണ്ടാകാം ഇത്തരത്തിലുള്ള പ്രതികരണം. യുഡിഎഫ് സങ്കുചിതമനസ്സുവച്ചാണ് കാര്യങ്ങളെ കാണുന്നത് എന്നതിന് തെളിവാണ് അവരുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തിന് അര്‍ഥവും ലക്ഷ്യവുമുണ്ട് എന്ന തിരിച്ചറിവ് കൈവന്നിരിക്കുന്നു. പട്ടിണിയും പരിവട്ടവും രോഗാദി ദുരിതങ്ങളുമായി ജീവിതം ഞെങ്ങിഞെരുങ്ങി നയിക്കേണ്ട കാലം കഴിഞ്ഞുവെന്ന് അവര്‍ മനസിലാക്കുന്നു. "മുച്ചീട്ടുകളിക്കാന്റെ മകളു''ടെയും "തോട്ടിയുടെ മകനെ''യും മറ്റും ജീവിതസ്വപ്നങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വൈക്കം മുഹമ്മദ് ബഷീറും തകഴി ശിവശങ്കരപ്പിള്ളയും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരുന്നു. അത്തരം നിസ്വലക്ഷങ്ങളുടെ നെഞ്ചിലെ ചൂളകളില്‍നിന്ന് ചൂടേറ്റ് ഉദിച്ചുയര്‍ന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന നക്ഷത്രം അവരുടെ പ്രതീക്ഷകളുടെ സാക്ഷാല്‍ക്കാരത്തിനുള്ള വഴി കൃത്യമായി വരച്ചുകാണിച്ചിരിക്കയാണ് ഈ ബജറ്റിലൂടെ.

No comments: