Thursday, February 24, 2011

ഗട്ടറില്‍ വീണ പ്രതിപക്ഷവണ്ടി

ഗട്ടറില്‍ വീണ പ്രതിപക്ഷവണ്ടി
പഴമുറം ഉയര്‍ത്തിയാല്‍ സൂര്യതേജസ്സില്‍ കരിനിഴല്‍ വീഴ്ത്താന്‍ കഴിയുമോയെന്നത് പരാജയമടഞ്ഞ പരീക്ഷണമാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ഈ ഒരായുധം മാത്രമേ ബാക്കിയുള്ളൂവെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. മുഖ്യമന്ത്രിയുടെ മകന് ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ആരോപണം. ചന്ദനവ്യവസായികളില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് ഏഴുലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പുതിയ ലക്കത്തില്‍. ഈ നില തുടര്‍ന്നാല്‍ ഒന്ന് ഇരുണ്ടുവെളുക്കുമ്പോള്‍ ആരോപണത്തിന് രൂപഭേദം മറ്റൊന്നാകും. പിന്‍വാതില്‍ നിയമനം, പൊതുമേഖലാ സ്ഥാപനം വില്‍ക്കല്‍... ഇങ്ങനെ ചില ഉണ്ടയില്ലാ വെടികളും ബുധനാഴ്ച കാഴ്ചയായി. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മറുപടിയോടെ പ്രതിപക്ഷം വീണിതല്ലോ കിടക്കുന്നൂവെന്ന മട്ടിലായി. രണ്ടുവട്ടം ഇറങ്ങിപ്പോക്ക്, മൂന്നു തവണ നടുത്തളത്തില്‍ ഇറങ്ങല്‍ ഇങ്ങനെ ചില നമ്പരുകളും രക്ഷയായില്ല. ചന്ദനവ്യവസായിയും ലീഗുകാരനുമായ ഖാദര്‍ പാലോത്തില്‍ നിന്നു മുഖ്യമന്ത്രിയുടെ മകന്‍ അരുകുമാര്‍ 2003ല്‍ ഏഴുലക്ഷം രൂപ വാങ്ങിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു കെ ബാബുവിന്റെ അടിയന്തരപ്രമേയ നോട്ടീസ്. ജയ്ഹിന്ദ് ചാനലിലാണ് കഴിഞ്ഞദിവസം 'കാസര്‍കോട് ഖാദര്‍ഭായ്' വെളിപ്പെടുത്തല്‍ നടത്തിയത്. മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊളിച്ചിട്ട് പ്രയോജനമില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഖാദര്‍ പാലോത്തിന്റെ തനിനിറവും അദ്ദേഹം വരച്ചുകാട്ടി. ചന്ദനക്കൊള്ളയ്ക്കെതിരെ കര്‍ശന നിലപാടെടുത്തതിന്റെ പേരില്‍ മകനെതിരെ അന്നുതന്നെ ആരോപണം ഉന്നയിച്ചതാണെന്നും അതിനു മറുപടിയും പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ കാലമായതിനാല്‍ ഖാദറിന്റെ പ്രസക്തിയുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അങ്ങനെയാണെങ്കില്‍ യുഡിഎഫിന്റെ കാലത്ത് ഉയര്‍ന്ന ആക്ഷേപം എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പു തന്നെ യുഡിഎഫ് നിരയിലെ പലരും അകത്താകുമെന്നും പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇറങ്ങിപ്പോക്കില്‍ പ്രതിപക്ഷം ആശ്വാസം കണ്ടു. വോട്ട് ഓ അക്കൌണ്ട് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷത്തെ കശക്കിയെറിഞ്ഞത്. പാമൊലിന്‍ കേസിലെ നിര്‍ണായകമായ ഫയലിലേക്കും അദ്ദേഹം ശ്രദ്ധക്ഷണിച്ചു. ലോട്ടറി വിഷയത്തില്‍ ഇങ്ങനെ വാചകമടിക്കാന്‍ നാണമെന്ന വികാരമുണ്ടോയെന്ന മന്ത്രിയുടെ ചോദ്യം ഉമ്മന്‍ചാണ്ടിയെ പ്രകോപിപ്പിച്ചു. സഭ പിരിയാന്‍ മിനിറ്റുകളുള്ളപ്പോള്‍ മന്ത്രിയുടെ ചോദ്യവും ഇറങ്ങിപ്പോകാന്‍ വകനല്‍കി. ഇരമ്പിയാര്‍ത്തു വന്ന വണ്ടി ഗട്ടറില്‍ വീണതുപോലെയാണ് യുഡിഎഫിന്റെ അവസ്ഥയെന്ന് എം എം മോനായി. ഐസ്ക്രീം എന്നതിന് ചൂടന്‍ ക്രീം എന്ന് പേരുമാറ്റണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പാലം പൊളിക്കുന്നതിനുവരെ ഉദ്ഘാടനം നടത്തുകയാണെന്നാണ് ജോസഫ് എം പുതുശ്ശേരിയുടെ ആക്ഷേപം. പ്രതിപക്ഷത്തെ ഒരു എംഎല്‍എ പാലത്തിന്റെ ഉദ്ഘാടനത്തിനു സ്പീക്കറെ ക്ഷണിച്ചത് തനിക്കറിയാമെന്ന് മന്ത്രി ഐസക്കും. കയറിനെക്കുറിച്ചു പഠിക്കാന്‍ മുഖ്യമന്ത്രിയുടെ മകന്‍ 'മക്കാവുവില്‍' പോയെന്നും പുതുശ്ശേരി കണ്ടെത്തി. മക്കാവുവില്‍ തന്റെ കര്‍മപരിപാടി എന്തായിരുന്നെന്ന് പക്ഷേ അദ്ദേഹം പറഞ്ഞില്ല. പ്രതിപക്ഷത്തെ ഊളമ്പാറയില്‍ അയക്കണമെന്ന് സി എച്ച് കുഞ്ഞമ്പു പറഞ്ഞപ്പോള്‍ പ്രതിപക്ഷത്ത് പ്രതിഷേധം. സമനില തെറ്റിയതിന് ചികിത്സിക്കണമെന്ന് കുഞ്ഞമ്പു തിരുത്തിയപ്പോഴേ തിരുവഞ്ചൂരിനും കൂട്ടര്‍ക്കും സമാധാനമായുള്ളൂ. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊത്തിയ മാനസികവാസ്ഥയിലാണ് പ്രതിപക്ഷമെന്ന് മാത്യു ടി തോമസ്. ജയിലില്‍ നിന്നു തിരികെ വരുന്ന യുഡിഎഫ് നേതാക്കളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി വേണമെന്നാണ് മുരളി പെരുനെല്ലിയുടെ ആവശ്യം. അല്‍ഫോസ് കണ്ണന്താനത്തെ മാതൃകയാക്കണമെന്ന മാര്‍ ജോസ് പവ്വത്തിലിന്റെ അഭിപ്രായം പി ടി എ റഹീമിന്റെ ഓര്‍മയിലുമെത്തി. എലിപ്പെട്ടിയില്‍ വീണ എലിയെ പോലെ യുഡിഎഫ് മരണ വെപ്രാളത്തിലാണെന്ന് എം കെ പുരുഷോത്തമന്‍. എസ് രാജേന്ദ്രന്‍ പതിവുപോലെ തമിഴില്‍ പ്രസംഗിച്ച് തിളങ്ങി. മികച്ച ധനമാനേജ്മെന്റാണെന്ന് എം ജെ ജേക്കബ്. പുല്ലുമേട്ടില്‍ തീര്‍ഥാടകര്‍ മരിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കുമരകത്ത് കൈകൊട്ടി കളി കാണുകയായിരുന്നെന്ന് സാജുപോള്‍. യുഡിഎഫ് നേതാക്കള്‍ക്ക് ഇനി രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്നും സാജുവിന് ഉറപ്പ്. ഉമ്മന്‍ചാണ്ടിക്ക് ശുഭകാലമല്ലെന്നാണ് ഇ എസ് ബിജിമോള്‍ കവടിനിരത്തിയപ്പോള്‍ കണ്ടത്. പിന്നില്‍ നിന്നു കുത്തിയ ടി എച്ച് മുസ്തഫയുടെ കൈയില്‍ മറ്റാരോ കത്തി പിടിപ്പിച്ചിരിക്കുകയാണെന്നും ബിജിമോള്‍ പ്രവചിച്ചു. രാജാജി മാത്യു തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം കെ പ്രേംനാഥ്, എം എ വാഹിദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കെ ശ്രീകണ്ഠന്‍

1 comment:

ജനശബ്ദം said...

ഗട്ടറില്‍ വീണ പ്രതിപക്ഷവണ്ടി
പഴമുറം ഉയര്‍ത്തിയാല്‍ സൂര്യതേജസ്സില്‍ കരിനിഴല്‍ വീഴ്ത്താന്‍ കഴിയുമോയെന്നത് പരാജയമടഞ്ഞ പരീക്ഷണമാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ഈ ഒരായുധം മാത്രമേ ബാക്കിയുള്ളൂവെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. മുഖ്യമന്ത്രിയുടെ മകന് ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ആരോപണം. ചന്ദനവ്യവസായികളില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് ഏഴുലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു പുതിയ ലക്കത്തില്‍. ഈ നില തുടര്‍ന്നാല്‍ ഒന്ന് ഇരുണ്ടുവെളുക്കുമ്പോള്‍ ആരോപണത്തിന് രൂപഭേദം മറ്റൊന്നാകും. പിന്‍വാതില്‍ നിയമനം, പൊതുമേഖലാ സ്ഥാപനം വില്‍ക്കല്‍... ഇങ്ങനെ ചില ഉണ്ടയില്ലാ വെടികളും ബുധനാഴ്ച കാഴ്ചയായി. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മറുപടിയോടെ പ്രതിപക്ഷം വീണിതല്ലോ കിടക്കുന്നൂവെന്ന മട്ടിലായി. രണ്ടുവട്ടം ഇറങ്ങിപ്പോക്ക്, മൂന്നു തവണ നടുത്തളത്തില്‍ ഇറങ്ങല്‍ ഇങ്ങനെ ചില നമ്പരുകളും രക്ഷയായില്ല. ചന്ദനവ്യവസായിയും ലീഗുകാരനുമായ ഖാദര്‍ പാലോത്തില്‍ നിന്നു മുഖ്യമന്ത്രിയുടെ മകന്‍ അരുകുമാര്‍ 2003ല്‍ ഏഴുലക്ഷം രൂപ വാങ്ങിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു കെ ബാബുവിന്റെ അടിയന്തരപ്രമേയ നോട്ടീസ്. ജയ്ഹിന്ദ് ചാനലിലാണ് കഴിഞ്ഞദിവസം 'കാസര്‍കോട് ഖാദര്‍ഭായ്' വെളിപ്പെടുത്തല്‍ നടത്തിയത്. മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊളിച്ചിട്ട് പ്രയോജനമില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഖാദര്‍ പാലോത്തിന്റെ തനിനിറവും അദ്ദേഹം വരച്ചുകാട്ടി. ചന്ദനക്കൊള്ളയ്ക്കെതിരെ കര്‍ശന നിലപാടെടുത്തതിന്റെ പേരില്‍ മകനെതിരെ അന്നുതന്നെ ആരോപണം ഉന്നയിച്ചതാണെന്നും അതിനു മറുപടിയും പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ കാലമായതിനാല്‍ ഖാദറിന്റെ പ്രസക്തിയുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അങ്ങനെയാണെങ്കില്‍ യുഡിഎഫിന്റെ കാലത്ത് ഉയര്‍ന്ന ആക്ഷേപം എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.