Thursday, February 10, 2011

രാജ്ഭവനുമുന്നിലെ ഹാസ്യനാടകം

രാജ്ഭവനുമുന്നിലെ ഹാസ്യനാടകം

അപമാനഭാരവും കുറ്റബോധവുംകൊണ്ട് തലതാഴ്ത്തിനടക്കാന്‍ പോലും ത്രാണിയില്ലാത്തവരുടെ അപഹാസ്യനാടകമാണ് ബുധനാഴ്ച രാജ്ഭവനുമുന്നിലും തലസ്ഥാന നഗരത്തിലെ പൊതുനിരത്തായ മാനവീയം വീഥിയിലും അരങ്ങേറിയത്. നാടിളക്കി നടത്താനുറപ്പിച്ച 'മോചന'യാത്ര പാതിവഴിയില്‍ അലങ്കോലമായതും മധ്യതിരുവിതാംകൂറില്‍ ശക്തിപ്രകടനം നടക്കേണ്ടയിടങ്ങളില്‍പോലും ശുഷ്കമായ സ്വീകരണങ്ങളായിപ്പോയതും യുഡിഎഫിന്റെ ആത്മവിശ്വാസം മടവീണപോലെ ഒഴുക്കിക്കളഞ്ഞു. നിര്‍ത്തിയും നിരങ്ങിയും മുറിച്ചും നീട്ടിയും ഒരുവിധം തീര്‍ത്തെന്നുവരുത്തിയ യാത്രയുടെ അവസാന ചടങ്ങായാണ് 'സംസ്ഥാന സര്‍ക്കാരിന് എതിരായ കുറ്റപത്ര'സമര്‍പ്പണത്തിന്റെ രൂപത്തില്‍ അരങ്ങേറിയത്്. ഏതായാലും ഈ ചടങ്ങില്‍ യുഡിഎഫിലെ രണ്ടാംകക്ഷിയെന്ന് പേരുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ഒന്നാംനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നില്ല. മോചനയാത്രയുടെ തുടക്കത്തിലും അദ്ദേഹത്തെ കണ്ടില്ല. ആ അസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നത് ഇങ്ങനെ: "ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പുതിയ വിവാദം ഒരു തരത്തിലും മോചനയാത്രയുടെ നിറംകെടുത്തിയിട്ടില്ല. യുഡിഎഫിന്റെ വിജയസാധ്യതയെയും ബാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ചര്‍ച്ചചെയ്യപ്പെട്ടതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണിത്. ഇടതുമുന്നണിക്ക് മറ്റൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്''. ഞങ്ങള്‍ കഴിഞ്ഞ ദിവസം ഇതേ പംക്തിയില്‍ ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച വിവാദം. മറുവശത്ത് അദ്ദേഹത്തിന്റെ ബന്ധു റൌഫ്. മുസ്ളിംലീഗിനകത്താണ് കലാപം ഉയര്‍ന്നത്. ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും സെക്രട്ടറി എം കെ മുനീറും തമ്മില്‍ ഭിന്നതയെന്ന് സമ്മതിച്ചുകൊണ്ടാണ് 'എല്ലാം തീര്‍പ്പായി' എന്ന പ്രചാരണത്തിലേക്ക് ലീഗ് നീങ്ങിയത്. ഇതിലൊന്നും എല്‍ഡിഎഫ് കക്ഷിയല്ല. മോചനയാത്രയുടെ നിറം ആരെങ്കിലും കെടുത്തിയോ അതോ തനിയേ കെട്ടുപോയോ എന്നുള്ളതെല്ലാം ജനങ്ങള്‍ക്ക് കണ്ട് വിലയിരുത്താനായ വിഷയമാകയാല്‍ ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. സ്വയം കുറ്റവിചാരണയ്ക്ക് വിധേയരാകേണ്ട പ്രതികള്‍ സംഘം ചേര്‍ന്ന് മറ്റുള്ളവരെ പഴി പറയുന്നതിന്റെ സാംഗത്യമേ യുഡിഎഫിന്റെ കുറ്റപത്രസമര്‍പ്പണത്തിനുള്ളൂ. ക്രമസമാധാനപാലനത്തിന് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പുറകിലാക്കിയ കേരളത്തിന് ലഭിച്ച പുരസ്കാരങ്ങളെയും അത് സമ്മാനിച്ച കേന്ദ്രമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയെപ്പോലുള്ളവരെയും ഉമ്മന്‍ചാണ്ടി മറന്നുപോകുന്നതും എല്‍ഡിഎഫിന്റെ കുറ്റമല്ല. എന്നാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയതായാണ് റിപ്പോര്‍ട്ട് എന്ന് ദേശിയ ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ടുണ്ടെന്നും അതിന്റെ ക്രെഡിറ്റ് എല്‍ഡിഎഫിനാണെന്നും ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ അതില്‍ കാപട്യം കാണാതിരിക്കാനാകില്ല. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനങ്ങളുടെ നിയമബോധവും സാക്ഷരതയും കൊണ്ടാണെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി അറിയാതെപോകില്ലല്ലോ. കോഗ്രസ് ഭരിക്കുന്നിടങ്ങളിലടക്കം വലിയ കുറ്റകൃത്യങ്ങള്‍പോലും കോടതികളിലെത്താത്തതിന്റെ കുറ്റവും എല്‍ഡിഎഫിനുമേല്‍ ചാര്‍ത്തുകയാണോ ഉമ്മന്‍ചാണ്ടി? കുഞ്ഞാലിക്കുട്ടിക്കെതിരായി സ്വന്തം പാളയത്തില്‍നിന്നുതന്നെ വന്ന വെളിപ്പെടുത്തലുകള്‍ മുസ്ളിംലീഗിന്റെ മാത്രമല്ല, കോഗ്രസ് നേതൃത്വത്തിന്റെയാകെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞത് ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും വാക്കുകളില്‍ തെളിയുന്നുണ്ട്. "അഴിമതി നിറഞ്ഞ ‘ഭരണമാണ് കേരളത്തിലേതെന്നും നിയമവാഴ്ച തകര്‍ന്നുവെന്നും പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കാന്‍ പാര്‍ടി ഗുണ്ടകളെ നിയോഗിച്ചിരിക്കുകയാണെന്നു''മാണ് വയലാര്‍ രവി ആരോപിക്കുന്നത്. ഇതേ വയലാര്‍ രവിയാണ് മറ്റ് കോഗ്രസ് എംപിമാരെയും കൂട്ടി പ്രധാനമന്ത്രിയെയും മറ്റും കണ്ട്കേരളത്തിന് ഇനി അവാര്‍ഡുകളൊന്നും കൊടുക്കരുതെന്ന് നിവേദനം നല്‍കിയിരുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടിപോലും അഴിമതി ആരോപിച്ചിട്ടില്ല. അങ്ങനെ ആരോപിക്കാനുള്ള സാഹചര്യവുമില്ല. എന്നാല്‍, വയലാര്‍ രവി ക്യാബിനറ്റ് പദവി അലങ്കരിക്കുന്ന മന്ത്രിസഭയില്‍നിന്ന് ആഴ്ചകള്‍ക്കുമുമ്പ് ഇറങ്ങിപ്പോകേണ്ടിവന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ എ രാജ ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. രാജ അകത്തായത് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുവരുത്തിയ അഴിമതിക്കേസിലാണ്. രണ്ടുലക്ഷം കോടി നഷ്ടപ്പെടുത്തിയ മറ്റൊരു കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെതന്നെ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു എന്നതും തെളിഞ്ഞിരിക്കുന്നു. കാര്‍ഗില്‍ വീരനായകര്‍ക്ക് വീടുകൊടുക്കാനെന്നപേരില്‍ പടുകൂറ്റന്‍ അഴിമതി നടത്തിയ എത്രപേരോടൊപ്പമാണ് കേന്ദ്രമന്ത്രിസഭയിലിരിക്കുന്നതെന്നും വയലാര്‍ രവിക്ക് ഓര്‍ത്തുനോക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള വഴിപാടായി ഉമ്മന്‍ചാണ്ടിയുടെ 'മോചന'യാത്ര അന്ത്യം കണ്ടിരിക്കുന്നു. പാര്‍ലമെന്റ്-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത വിജയങ്ങള്‍ സമ്മാനിച്ച ആവേശവും ആത്മവിശ്വാസവുമല്ല, ജനമധ്യത്തില്‍ മുഖംമൂടി അഴിഞ്ഞുപോയതിന്റെ ജാള്യമാണ് യുഡിഎഫ് നേതൃത്വത്തിന് ഇന്നുള്ളത്. കോടി ഒപ്പ് എന്നപേരില്‍ ഗവര്‍ണര്‍ക്ക് കടലാസുകെട്ടുകള്‍ കൊടുത്താലോ എല്‍ഡിഎഫിനെ പഴിപറഞ്ഞാലോ മാറ്റിയെടുക്കാവുന്നതല്ല ഈ അവസ്ഥ. അഞ്ചാംകൊല്ലത്തിലേക്കു കടന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ക്രിയാത്മകവും വസ്തുനിഷ്ഠവുമായ ഒരു വിമര്‍ശം പോലുമുന്നയിക്കാനാകാതെ, ഉപജാപത്തിന്റെയും അപവാദപ്രചാരണത്തിന്റെയും വര്‍ഗീയതയുടെയും കുറുക്കുവഴിയിലൂടെ വീണ്ടും അധികാരത്തിലേറാനുള്ള യുഡിഎഫ് നീക്കങ്ങള്‍ക്ക് ജനങ്ങള്‍തന്നെ തടയിടുന്ന കാഴ്ചയാണ് 'മോചനയാത്ര'യുടെ പരാജയത്തിലൂടെ കണ്ടത്. തെരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശമായി ആസൂത്രണംചെയ്ത മോചനയാത്ര, കുഞ്ഞാലിക്കുട്ടി ടേപ്പ് പുറത്തുവന്നതോടെ നനഞ്ഞ പടക്കമായി മാറി. എത്രന്നെ ഒളിപ്പിച്ചുവച്ചാലും ഒളിഞ്ഞുനില്‍ക്കാത്തതാണ് ഇന്ന് യുഡിഎഫ് നേരിടുന്ന പ്രതിസന്ധി. അതില്‍നിന്ന് പുറത്തുകടക്കാനുള്ള പിടച്ചിലാണ് സര്‍ക്കാരിനെതിരായ ഭര്‍ത്സനവും കൃത്രിമ ഒപ്പുകളുടെ പേരിലുള്ള മേനിപറച്ചിലും.


3 comments:

ജനശബ്ദം said...

രാജ്ഭവനുമുന്നിലെ ഹാസ്യനാടകം

അപമാനഭാരവും കുറ്റബോധവുംകൊണ്ട് തലതാഴ്ത്തിനടക്കാന്‍ പോലും ത്രാണിയില്ലാത്തവരുടെ അപഹാസ്യനാടകമാണ് ബുധനാഴ്ച രാജ്ഭവനുമുന്നിലും തലസ്ഥാന നഗരത്തിലെ പൊതുനിരത്തായ മാനവീയം വീഥിയിലും അരങ്ങേറിയത്. നാടിളക്കി നടത്താനുറപ്പിച്ച 'മോചന'യാത്ര പാതിവഴിയില്‍ അലങ്കോലമായതും മധ്യതിരുവിതാംകൂറില്‍ ശക്തിപ്രകടനം നടക്കേണ്ടയിടങ്ങളില്‍പോലും ശുഷ്കമായ സ്വീകരണങ്ങളായിപ്പോയതും യുഡിഎഫിന്റെ ആത്മവിശ്വാസം മടവീണപോലെ ഒഴുക്കിക്കളഞ്ഞു.

അനില്‍ഫില്‍ (തോമാ) said...

നിര്‍ഭാഗ്യവശാല്‍ അടുത്ത ഭരണം വേറെ ആരുടേതായാലും ഐസ്ക്രീം കേസ് അടക്കം സകല വാണിഭ, പീഡന, അഴിമതി കേസുകളും ആവി ആയി പോകും എന്നത് മൂന്നരത്തരം. കോമണ്‍ വെല്‍ത്ത്, 3G , S - ബാന്‍ഡ് അഴിമതികളില്‍ വിളങ്ങി നില്‍കുന്ന കേന്ദ്ര ഭരണക്കാര്‍ അതിനു വേണ്ട ഒത്താശ ചെയ്യുകയും ചെയ്യും. എമ്പ്രാന്‍ അല്പം കട്ട് ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നാണല്ലോ????

പഞ്ചാരക്കുട്ടന്‍ said...

ഒടുക്കം അത് തീര്‍ന്നു,യാത്രയും UDFന്‍റെ ഗ്യാസും