Saturday, February 12, 2011

യുഡിഎഫിന്റെ ജീര്‍ണ്ണമുഖം.

യുഡിഎഫിന്റെ ജീര്‍ണ്ണമുഖം

രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുകിടക്കുകയാണ്. 1,76,000 കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടം വന്നതായി സിഎജി രേഖപ്പെടുത്തിയ 2 ജി സ്പെക്ട്രം അഴിമതി നിഷേധിക്കാനാണ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ വൃഥാശ്രമം നടത്തിയത്. കേന്ദ്രസര്‍ക്കാരിന് ഒരു പൈസപോലും ഈ ഇടപാടില്‍ നഷ്ടം വന്നിട്ടില്ലെന്ന് കപില്‍സിബല്‍ വാദിച്ചത് കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂ. അഴിമതി നടത്തിയ മുന്‍ കേന്ദ്രമന്ത്രി രാജയെ സിബിഐ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കിയതോടെ രാജയെ ന്യായീകരിക്കാന്‍ ശ്രമിച്ച സിബലും കുറ്റവാളിയെ സംരക്ഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തതായി ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് അതേ മാതൃക പിന്‍തുടരുന്ന കേരളത്തിലെ യുഡിഎഫിന്റെ ജീര്‍ണിച്ച മുഖം മറനീക്കി പുറത്തുകാണാന്‍ പെട്ടെന്നവസരം ലഭിച്ചത്. ജനുവരി 28-ന് കേരളത്തിലെ മുന്‍ വ്യവസായമന്ത്രിയും യുഡിഎഫിന്റെ നേതൃനിരയിലെ പ്രമുഖവ്യക്തിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ളീംലീഗിന്റെ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. മുഴുവന്‍ പത്രലേഖകരും ചാനല്‍ പ്രതിനിധികളും തികഞ്ഞ ഉത്കണ്ഠയോടെ പത്രസമ്മേളനത്തിനെത്തിച്ചേര്‍ന്നു. തനിക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നതായി പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. വധശ്രമം നടത്തിയതായി പറയുന്ന വ്യക്തി കുഞ്ഞാലിക്കുട്ടിയുടെ ശത്രുവല്ല. മറിച്ച് ബന്ധുവാണെന്ന് വ്യക്തമായി. ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് റൌഫാണ് വധശ്രമത്തിന്റെ പിറകിലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുമാത്രമല്ല, അദ്ദേഹത്തെ നിഴല്‍പോലെ പിന്‍തുടര്‍ന്ന ആത്മമിത്രവും കൂടിയായിരുന്നു റൌഫ്. കുഞ്ഞാലിക്കുട്ടിയുടെ വലംകയ്യായിരുന്നു റൌഫ്. റൌഫറിയാത്ത ഒരു രഹസ്യവും കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇരുമെയ്യും ഒരു കരളുമായി ദീര്‍ഘകാലം ജീവിച്ച കുഞ്ഞാലിക്കുട്ടിയും റൌഫും എന്നു മുതല്‍ക്കാണ് പിണങ്ങി പിരിഞ്ഞതെന്നറിയില്ല. പിണക്കത്തിന്റെ യഥാര്‍ത്ഥ കാരണവും ദുരൂഹമായിത്തന്നെ അവശേഷിക്കുന്നു. കുഞ്ഞാലിക്കുട്ടി തന്റെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയ അതിപ്രധാനമായ ഒരു കാര്യമുണ്ട്. താന്‍ വ്യവസായമന്ത്രിയായിരുന്നകാലത്ത് റൌഫിനുവേണ്ടിയും മറ്റു ചിലര്‍ക്കുവേണ്ടിയും വഴിവിട്ട പല സഹായവും ചെയ്തുകൊടുത്തിരുന്നു എന്നും അത് തെറ്റായിരുന്നു എന്നും തുറന്നുപറഞ്ഞു. വഴിവിട്ട സഹായം എന്തൊക്കെയാണെന്ന് ഇനിയും വെളിപ്പെടുത്താനിരിക്കുന്നേയുള്ളൂ. അത് ഒന്നൊന്നായി വെളിപ്പെടുത്താനുള്ള ബാധ്യത കുഞ്ഞാലിക്കുണ്ടെന്നതില്‍ സംശയമില്ല.
ഇത്രയുമായപ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിയെ അനുമോദിച്ചുകൊണ്ട് ഒരു സന്ദേശമയച്ചു. റൌഫിനും മറ്റു ചിലര്‍ക്കുംവേണ്ടി വഴിവിട്ട് സഹായിച്ച കുറ്റം ഇപ്പോള്‍ ഏറ്റുപറഞ്ഞ് ഖേദം രേഖപ്പെടുത്തിയതില്‍ കുഞ്ഞാലിക്കുട്ടിയെ അനുമോദനം അറിയിച്ചുകൊണ്ടുള്ളതായിരുന്നു പ്രതിപക്ഷ നേതാവിന്റെ അനുമോദനസന്ദേശം. ഒരു മന്ത്രി തന്റെ സ്വന്തക്കാരെ വഴിവിട്ട് സഹായിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ഹൈക്കോടതിയിലെ പ്രശസ്ത നിയമജ്ഞനും തലമുതിര്‍ന്ന അഭിഭാഷകനുമായ കേളുനമ്പ്യാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പല പ്രമുഖ വ്യക്തികളും വിമര്‍ശനമുയര്‍ത്താനിടയായി. യുഡിഎഫിനെ കൈമെയ് മറന്ന് സഹായിക്കുന്ന മലയാളമനോരമയുടെ സ്വന്തം ലേഖകന്‍ 29-ന് ഇറങ്ങിയ പത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി. "പക്ഷേ വധഭീഷണിക്ക് പകരം റഊഫിനെ വഴിവിട്ട് സഹായിച്ചു എന്ന കുറ്റസമ്മതം ചാനലുകളില്‍ വലിയ ചര്‍ച്ചയായത് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി''. കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം വിവാദമായപ്പോള്‍ അത് മാറ്റിപറയാന്‍ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. എന്നാല്‍ ചാനലില്‍ രേഖപ്പെടുത്തിയത് മാറ്റി പറയാന്‍, റജീനയുടെ മൊഴിമാറ്റംപോലെ എളുപ്പമല്ലെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചറിയാന്‍ അല്‍പം കാലതാമസം നേരിട്ടു എന്നു മാത്രം.
കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിപറയാനും നിഗൂഢമായ ചില രഹസ്യങ്ങള്‍ തുറന്ന് വെളിപ്പെടുത്താനുമായി റഊഫ് ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. ഒരുമണിക്കൂറോളം സമയമെടുത്ത സാമാന്യം ദീര്‍ഘമായ പത്രസമ്മേളനമായിരുന്നു അത്. ഐസ്ക്രീംപാര്‍ലര്‍ കേസിന്റെ അതീവരഹസ്യമായ അറകളിലേക്ക് വെളിച്ചം കാണിക്കാനാണ് റഊഫിന്റെ പത്രസമ്മേളനം സഹായിച്ചത്. ഇരുവരും കൂട്ടായി നടത്തിയ ക്രിമിനല്‍ കുറ്റങ്ങളുടെ ചുരുളഴിക്കാന്‍ ഒരു പരിധിവരെ പത്രസമ്മേളനം സഹായിച്ചു എന്നു പറയാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവേഴ്ചക്കായി ഉപയോഗിച്ച ചീഞ്ഞുനാറിയ കഥകള്‍ ഇതിനുമുമ്പുതന്നെ ജനങ്ങള്‍ അറിഞ്ഞതാണ്. എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനിടയായി. തെളിവുകള്‍ തേച്ചുമാച്ച് കളയാന്‍ നടത്തിയ കടുത്ത സമ്മര്‍ദ്ദവും കുതന്ത്രങ്ങളുമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. റഊഫ് വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്. അത് പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ വസ്തുത വെളിപ്പെടുത്തിയ റഊഫിന്റെ വ്യക്തിപരമായ ഗുണദോഷങ്ങള്‍ മുഖ്യ വിഷയമല്ല. റജീനയുടെ മൊഴിമാറ്റാന്‍ വന്‍ തുക നല്‍കിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റാമ്പ് പേപ്പറില്‍ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ രഹസ്യമായി മൊഴിമാറ്റം രേഖപ്പെടുത്തിയതായി കാണുന്നു. ഇതിനായി പണവും ഭീഷണിയും സമ്മര്‍ദ്ദവുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കല്‍ ഗൌരവസ്വഭാവമുള്ള കുറ്റകൃത്യമാണ്. ഇതിന് പ്രേരണനല്‍കിയ നോട്ടറി പബ്ളിക്കുള്‍പ്പെടെ ചെയ്തത് തെറ്റാണ്. രണ്ടാമതായി രണ്ട് ജഡ്ജിമാര്‍ക്ക് പ്രതികള്‍ക്കനുകൂലമായ വിധി ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് തേച്ചുമാച്ച് കളയാന്‍ തെളിവ് നശിപ്പിക്കാനും കോടതിയെ സ്വാധീനിക്കാനും ശ്രമം നടത്തിയത് നിയമാനുസൃതം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം.
ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ടും കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ മുസ്ളീംലീഗ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുസ്ളീംലീഗ് തീരുമാനിച്ചത് ആ പാര്‍ടിയുടെ ജീര്‍ണത വെളിപ്പെടുത്തുന്ന തെളിവാണ്. ധാര്‍മിക മൂല്യങ്ങളാണ് ഈ വിഷയത്തില്‍ ബലികഴിക്കപ്പെട്ടത്. ഗാന്ധിജിയുടെ അനുയായികളെന്ന് പറയുന്ന കോണ്‍ഗ്രസ് ഈ ധാര്‍മികമായ തകര്‍ച്ചയ്ക്കും അഴിമതിക്കും പൂര്‍ണമായ പിന്തുണനല്‍കുമെന്ന് തീരുമാനിച്ചത് ആ പാര്‍ടിയുടെ തനിരൂപം വെളിപ്പെടുത്തുന്നതാണ്. പുതുതായുണ്ടായ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് വീണ്ടും വിചാരണ നടത്തുന്നതിന് മതിയായ തെളിവുണ്ടെന്നാണ് കരുതേണ്ടത്. നടന്നതായി പറയുന്ന കുറ്റകൃത്യങ്ങളില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് ശരിയായ അന്വേഷണത്തിലൂടെ കണ്ടെത്തണം. അതോടൊപ്പം രണ്ട് ജഡ്ജിമാരെപ്പറ്റി ഉയര്‍ന്നുവന്ന ആരോപണം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കംചാര്‍ത്തുന്നതാണ്. ഉന്നത നീതിപീഠം ഇക്കാര്യം അന്വേഷിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും വേണ്ടതൊക്കെ ചെയ്യണം.
ഈ വിവരം പുറത്തു വന്നതോടെ യുഡിഎഫിനെ അതിര്‍വിട്ട് സഹായിക്കുന്ന "മലയാള മനോരമ''യും "മാതൃഭൂമി''യും വല്ലാത്ത അങ്കലാപ്പില്‍ അകപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സിപിഐ എമ്മിനും എതിരെ ഇത് തിരിച്ചുവിടാന്‍ കുത്സിത ശ്രമം നടക്കുകയാണ്. റഊഫിന്റെ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കുഞ്ഞാലിക്കുട്ടി രണ്ടാമതും വിളിച്ചുചേര്‍ത്ത പത്രസമ്മേളനം ദയനീയമായി പരാജയപ്പെടുകയായിരുന്നു. റഊഫിന്റെ വെളിപ്പെടുത്തല്‍ മുസ്ളീംലീഗിനെയും യുഡിഎഫിനെയും എങ്ങനെ ബാധിക്കുമെന്ന് "മലയാള മനോരമ''യുടെ സ്വന്തം ലേഖകന്‍ എഴുതിയതിങ്ങനെയാണ്. "വിവാദം സിപിഐ എമ്മിനുംലീഗ് വിട്ട് സിപിഐ എം സഹയാത്രികരായവര്‍ക്കും ഐഎന്‍എല്‍ സെക്കുലറിനും അപ്രതീക്ഷിതമായി ലഭിച്ച ആയുധമായി. അതേസമയം അസമയത്തുണ്ടായ വിവാദം തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനിറങ്ങുന്ന ലീഗ് അണികളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്''. ഇത് വായിച്ചാല്‍ ലീഗിന്റെയും യുഡിഎഫിന്റെയും വാദം തനിയേ തകര്‍ന്ന് തരിപ്പണമാകുന്നത് കാണാം. റഊഫിന്റെ വെളിപ്പെടുത്തല്‍ ഇടതുപക്ഷത്തിന്റെയോ യുഡിഎഫിന്റെയോ ആസൂത്രിതമായ നീക്കമല്ലെന്നും അപ്രതീക്ഷിതമാണെന്നും ലേഖകന്‍ വ്യക്തമാക്കുന്നു. ലീഗണികളില്‍ ആശങ്കയുളവാക്കിയതായും തുറന്നുപറയുന്നുണ്ട്. അതായത് റഊഫിന്റെ വെളിപ്പെടുത്തല്‍ ലീഗില്‍ അസ്വസ്ഥത പകര്‍ന്ന അഗ്നിപര്‍വ്വതം പൊട്ടിയതാണെന്ന് എട്ടുകോളത്തില്‍ മത്തങ്ങ തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ "മലയാള മനോരമ'' അടുത്തദിവസംമുതല്‍ എല്‍ഡിഎഫിനെതിരെ സംഭവം തിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവുകയില്ല. ജനങ്ങള്‍ അത്ര മണ്ടന്മാരാണെന്ന് വന്‍കിട മാധ്യമങ്ങള്‍ ധരിച്ചുകളയരുത്. 2001 മുതല്‍ 2006 വരെയുള്ള യുഡിഎഫ് ഭരണത്തില്‍ നടന്ന വഴിവിട്ട നീക്കങ്ങളാണ്, യുഡിഎഫിന്റെ ജീര്‍ണമുഖമാണ് മറനീക്കി പുറത്തുവന്നത്. വീണ്ടും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതൊക്കെ ആവര്‍ത്തിക്കുമെന്ന തിരിച്ചറിവാണ് ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഐസ്ക്രീം പെണ്‍വാണിഭക്കേസിന്റെ സത്യാവസ്ഥ പുറത്തുവരുന്നത് കേരളത്തെ പെണ്‍വാണിഭക്കാരില്‍നിന്നും അഴിമതിക്കാരില്‍നിന്നും മാഫിയാ സംഘങ്ങളില്‍നിന്നും ക്രിമിനലുകളില്‍നിന്നും രക്ഷിക്കാന്‍ സഹായിക്കും.

വി വി ദക്ഷിണാമൂര്‍ത്തി

No comments: