Sunday, September 19, 2010

വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കേറ്റ തിരിച്ചടി

വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കേറ്റ തിരിച്ചടി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്ത വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന ഹൈക്കോടതിവിധി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കാനും നോട്ടുകെട്ടിന്റെ തൂക്കത്തിന് മുന്‍ഗണന നല്‍കി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനുമുള്ള സ്വാശ്രയ മെഡിക്കല്‍കോളേജ് മാനേജ്മെന്റിന്റെ ദുര്‍വാശിക്ക് കനത്ത തിരിച്ചടിയാണ്. 88 വിദ്യാര്‍ഥികളുടെ ഭാവിയാണ് പണക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകള്‍ തുലച്ചുകളഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാവിയെച്ചൊല്ലി മുതലക്കണ്ണീരൊഴുക്കുന്നവര്‍ സ്വയം വരുത്തിവച്ച വിനയാണിതെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ പണക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് സ്വാഭാവികമായിരിക്കാം. എന്നാല്‍, ഭാവിയില്‍ ഡോക്ടര്‍മാരായി കനത്ത ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നവരാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍. മനുഷ്യജീവന്‍ അവരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് സമൂഹത്തിന് ഉറപ്പുലഭിക്കേണ്ടതുണ്ട്. അതോടൊപ്പം പാവപ്പെട്ടവര്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കാണേണ്ടതുണ്ട്. മുതലാളിത്തസമൂഹത്തില്‍ തുല്യതയ്ക്ക് പരിഗണന ലഭിക്കില്ലെങ്കില്‍പോലും തുല്യതയ്ക്ക് ഒരു പരിണനയും ലഭിക്കുന്നില്ല എന്ന് വരുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വാശ്രയനിയമം കൊണ്ടുവന്നത്. കേരള നിയമസഭ സ്വാശ്രയ ബില്‍ ഏകകണ്ഠമായി പാസാക്കുകയും ചെയ്തതാണ്. സ്വാശ്രയ ബില്ലിന്റെ പേരിലാണ് ഇന്റര്‍ ചര്‍ച്ച് കൌസില്‍ സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. അവര്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തണമെന്ന് പുരപ്പുറത്തു കയറിനിന്ന് പ്രസ്താവന ഇറക്കുന്നവരും പ്രഭാഷണം നടത്തുന്നവരുമാണ്. എന്നാല്‍, പണത്തിനാണ് വിദ്യാഭ്യാസനിലവാരത്തിനല്ല പ്രാധാന്യം നല്‍കേണ്ടത് എന്നാണ് ഇക്കൂട്ടരുടെ യഥാര്‍ഥ വീക്ഷണം. ഇതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. അഖിലേന്ത്യാ മെഡിക്കല്‍ കൌസിലാണ് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡം നിശ്ചയിക്കേണ്ടത്. മെഡിക്കല്‍കോളേജുകളില്‍ പ്രവേശനം നേടണമെങ്കില്‍ പ്ളസ്ടുവിനും പ്രവേശന പരീക്ഷയിലും 50 ശതമാനം വീതം മാര്‍ക്ക് നേടണമെന്നാണ് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ വ്യവസ്ഥചെയ്യുന്നത്. ഈ വിവരം സര്‍ക്കുലര്‍ മുഖേന അറിയിച്ചതുമാണ്. എന്നാല്‍, സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിശേഷിച്ചും ഇന്റര്‍ ചര്‍ച്ച് കൌസിലിന് സര്‍വകലാശാലാ നിയമമോ സര്‍ക്കാര്‍ നിര്‍ദേശമോ മെഡിക്കല്‍ കൌസില്‍ തീരുമാനമോ ബാധകമല്ലെന്നും പണം ചെലവാക്കുന്നവര്‍ക്ക് എന്തും ചെയ്യാന്‍ സ്വാതന്ത്യ്രമുണ്ടെന്നുമുള്ള അഹന്തക്കേറ്റ തിരിച്ചടിയാണ് കോടതിവിധി. 88 വിദ്യാര്‍ഥികളുടെ ഭാവിക്ക് ദോഷം വരുത്തിവച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ചട്ടം ലംഘിച്ച് പ്രവേശനം നല്‍കിയവര്‍ ഏറ്റെടുക്കണം. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ഒരു ചട്ടവും ബാധകമല്ലെന്ന ധാരണയില്‍ വിദ്യാഭ്യാസസ്ഥാപനം നടത്താന്‍ തയ്യാറായവരാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരത്തില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന നിലപാട് സ്വാഗതാര്‍ഹമാണ്. നിയമവും ചട്ടവുമൊക്കെ എല്ലാവര്‍ക്കും ബാധകമാണെന്ന ധാരണ വേണം.

No comments: