Sunday, September 26, 2010

മതഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്ന് രക്ഷാകവചമൊരുക്കുന്നത് കോണ്‍ഗ്രസ്സ് ..ഇത് നാടിന്ന് ആപത്ത്.

മതഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്ന് രക്ഷാകവചമൊരുക്കുന്നത് കോണ്‍ഗ്രസ്സ് ..ഇത് നാടിന്ന് ആപത്ത്.

തിരു: ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എം സലിമിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം ഒരിക്കല്‍ക്കൂടി മറനീക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടുകൂടിയ യുഡിഎഫിന്റെ ആപല്‍ക്കരമായ രാഷ്ട്രീയമാണ് ഇപ്പോള്‍ ഘടകകക്ഷിയുടെ ജില്ലാ പ്രസിഡന്റുതന്നെ തുറന്നുപറഞ്ഞത്. പുറമേ എതിര്‍പ്പ് നടിക്കുകയും മതഭീകരസംഘടനയ്ക്ക് രക്ഷാകവചമൊരുക്കുകയും ചെയ്യുന്ന കോഗ്രസ്- യുഡിഎഫ് നേതൃത്വത്തിന്റെ കാപട്യം വീണ്ടും വ്യക്തമായി. പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെ തീവ്രവാദസംഘടനകളുടെ വോട്ട് വേണ്ടെന്നു പറയില്ലെന്ന് യുഡിഎഫ് കവീനറും കോഗ്രസ് നേതാക്കളും ആവര്‍ത്തിക്കുന്നതിനുപിന്നാലെയാണ് തദ്ദേശസ്ഥാപനങ്ങളില്‍ മതതീവ്രവാദിസംഘടനാ പ്രതിനിധികളെ കുടിയിരുത്താനുള്ള കോഗ്രസ് നീക്കം. ഇടുക്കിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സീറ്റ് നല്‍കാന്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇടുക്കിയില്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും മലപ്പുറവും കാസര്‍കോടും ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം ലീഗും പോപ്പുലര്‍ ഫ്രണ്ടും ആഴമുള്ള സൌഹൃദത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ഈ കൂട്ടുകെട്ട് കേരളം കണ്ടതാണ്. മാറാട് കലാപം അടക്കമുള്ള സംഭവങ്ങളുടെ വിദേശബന്ധം, ആയുധങ്ങളുടെയും ഭീമമായ പണത്തിന്റെയും സ്രോതസ്സ് തുടങ്ങിയവ സംബന്ധിച്ച് കേന്ദ്ര അന്വേഷണം വേണമെന്ന ആവശ്യംവരെ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കോഗ്രസും ലീഗും ചേര്‍ന്ന് അട്ടിമറിച്ചത് കേരളം മറന്നിട്ടില്ല. തൊടുപുഴയില്‍ ഒമ്പത് സീറ്റ് ലീഗ് ചോദിച്ചു. ആറ് സീറ്റില്‍ ഒതുങ്ങണമെന്നും എന്‍ഡിഎഫിന്റെ പുതിയ രൂപമായ എസ്ഡിപിഐക്ക് ഇടുക്കി ജില്ലയിലുള്ള സ്വാധീനം കണക്കിലെടുത്ത് ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് കോഗ്രസ് ആവശ്യപ്പെട്ടത്. എന്‍ഡിഎഫിനെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട കോഗ്രസ്, മതതീവ്രവാദസംഘടനയ്ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഏത് അജന്‍ഡയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകുന്നില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു. ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് കലാപമുണ്ടാക്കാന്‍ രംഗത്തിറങ്ങിയവര്‍ക്കുവേണ്ടിയാണ് തങ്ങളോട് വിട്ടുവീഴ്ചചെയ്യാന്‍ ആവശ്യപ്പെട്ടത്. അവരെ തൃപ്തിപ്പെടുത്തുന്ന സമീപനം ഉണ്ടാകണമെന്ന് കോഗ്രസ് ആവശ്യപ്പെട്ടു. ഒന്നിച്ചുനിന്ന് ഇത്തരം ശക്തികളെ പരാജയപ്പെടുത്താന്‍ ബാധ്യതയുള്ളവര്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിച്ചത് ഉല്‍ക്കണ്ഠാജനകമാണെന്നും ലീഗ് ജില്ലാ പ്രസിഡന്റ് തുറന്നടിക്കുന്നു. അധ്യാപകന്റെ കൈവെട്ടിയ ക്രൂരത അരങ്ങേറിയ ഇടുക്കി ജില്ലയിലുള്‍പ്പെടെ കോഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനായി രംഗത്തുവന്നത് ഏറെ ആശങ്കയോടെയാണ് രാഷ്ട്രീയകേരളം കാണുന്നത്. ഇടുക്കിയില്‍ പി ടി തോമസിനുവേണ്ടി തെരഞ്ഞെടുപ്പുബൂത്തുകളില്‍പ്പോലും എന്‍ഡിഎഫുകാരുണ്ടായിരുന്നു. ഒരു മറയുമില്ലാതെയാണ് അവര്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയപ്പോള്‍ പ്രസ്താവനകളില്‍ ഒതുങ്ങിനിന്ന കോഗ്രസ് നേതൃത്വം, അദ്ദേഹത്തെ പിരിച്ചുവിട്ട മാനേജ്മെന്റിനെതിരെ ഒരക്ഷരം മിണ്ടിയിരുന്നില്ല. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ബന്ധം, മറ്റ് വിദേശ ഭീകരസംഘടനകളുമായുള്ള അടുപ്പം, സാമ്പത്തിക ഇടപാടുകള്‍, ആയുധശേഖരണം, ഭീകരപ്രവര്‍ത്തനപരിശീലനം തുടങ്ങിയവ കണ്ടെത്തിയ സാഹചര്യത്തിലാണ് അവരുമായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പുകൂട്ടുകെട്ട്.കെ എം മോഹന്‍ദാസ്

1 comment:

Akbar said...

നാലു വോട്ടു. അതാണ്‌ പ്രശ്നം.