Monday, September 13, 2010

തന്ത്രപരമായ വിജയം

തന്ത്രപരമായ വിജയം

ഫിദെല്‍ കാസ്ട്രോ പരിഭാഷ: സാജന്‍ എവുജിന്‍

പുസ്തകത്തിന് പേരിടുന്ന കാര്യത്തില്‍ എനിക്കുണ്ടായ സംശയങ്ങള്‍ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്, ഇതിന് 'ബാറ്റിസ്റ്റയുടെ അന്തിമ ആക്രമണം' എന്നാണോ '300 പേര്‍ പതിനായിരം പേരെ എങ്ങനെ പരാജയപ്പെടുത്തി' എന്നാണോ പേരിടേണ്ടത്?എന്നൊക്കെയായിരുന്നു സംശയങ്ങള്‍; രണ്ടാമത്തെ ശീര്‍ഷകം ഒരു ശാസ്ത്രനോവലിന്റെ പ്രതീതി ജനിപ്പിക്കുമെന്ന് തോന്നി.

പുസ്തകത്തില്‍ ലഘു ആത്മകഥയുമുണ്ട്." എന്റെ കുട്ടിക്കാലം, കൌമാരം, യൌവനം, വിപ്ളവകാരിയും സായുധപോരാളിയുമായി രൂപാന്തരം സംഭവിച്ച ഘട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇനിയും വൈകേണ്ടതില്ലെന്ന് കരുതി''.

ഒടുവില്‍ തന്ത്രപരമായ വിജയം എന്ന പേര് തന്നെ നല്‍കാന്‍ തീരുമാനിച്ചു.

പുസ്തകം 25 അധ്യാങ്ങളായി തിരിച്ചിട്ടുണ്ട്, അതത് കാലത്തോടും സാഹചര്യത്തോടും നീതിപുലര്‍ത്തുന്ന രീതിയില്‍ കഴിയുന്നത്ര ഗുണമേന്മയുള്ള ചിത്രങ്ങളും പ്രസക്തമായ ഭൂപടങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇരുവിഭാഗവും ഉപയോഗിച്ച ആയുധങ്ങളുടെ രേഖാചിത്രങ്ങളും ഉള്‍പ്പെടുത്തി.

മുന്‍കൂട്ടി കണ്ടതുപോലെ ഞങ്ങള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഇരുപത്തിനാലാം അധ്യായത്തിന്റെ അവസാനപേജുകളിലുണ്ട്. ലാസ് മെര്‍സേഡസ് യുദ്ധം ജയിച്ചതിന്റെ പിറ്റേന്ന് വിപ്ളവസേനയുടെ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യാന്‍ ഞാന്‍ എഴുതിയ കുറിപ്പും അവസാനഭാഗത്തുണ്ട്.

"ബാറ്റിസ്റ്റയുടെ കടന്നാക്രമണം തകര്‍ന്നടിഞ്ഞിരിക്കുന്നു. ധിക്കാരിയായ ഒരു ഏകാധിപതിയുടെ നേതൃത്വത്തിലുള്ള ഭീകരവാഴ്ചയായി പരിണമിച്ച റിപ്പബ്ളിക്കിനെതിരായ പോരാട്ടമെന്ന നിലയില്‍ നോക്കുമ്പോള്‍ ഇത് മഹത്തായ സൈനികവിജയമാണ്, രണ്ടരമാസമായി നടന്നുവന്ന യുദ്ധത്തോടെ അസഹ്യമായ ഭരണത്തിന്അന്ത്യംകുറിക്കാനായി. സിയറ മിയസ്ട്ര ശത്രുസേനയില്‍നിന്ന് പൂര്‍ണമായും മോചിതമായി''.

തുടര്‍ന്ന് പറയുന്നു: "74 ദിവസം നീണ്ട തീക്ഷ്ണമായ പോരാട്ടത്തില്‍ ശത്രുസേനയുടെ കടന്നാക്രമണം തകര്‍ക്കാന്‍ കഴിഞ്ഞത് യുദ്ധത്തിലെ തന്ത്രപരമായ വഴിത്തിരിവായി. ആ നിമിഷത്തില്‍ ഏകാധിപതിയുടെ വിധി നിര്‍ണയിക്കപ്പെട്ടു, അവരുടെ സൈന്യത്തിന്റെ വീഴ്ച പ്രകടമായി''.

" ബയാമോയില്‍ കേന്ദ്രീകരിച്ച് ആ മേഖലയിലെ സൈനികനടപടികള്‍ മൊത്തത്തില്‍ നിയന്ത്രിച്ചുവന്ന മേജര്‍ ജനറല്‍ യൂലോജിയോ കാന്റിലോക്ക് അന്നേദിവസം തന്നെ ഞാന്‍ കത്തെഴുതി. നമ്മുടെ സേനയുടെ പിടിയിലായ 160 ശത്രുപോരാളികളുടെ (അവരില്‍ പലരും മുറിവേറ്റവരായിരുന്നു)കൈമാറ്റത്തിന് ആവശ്യമായ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ നാം തയ്യാറാണെന്ന് ആ കത്തില്‍ വ്യക്തമാക്കി. സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കുശേഷം ലാസ് മെര്‍സേഡസില്‍വച്ച് തടവുകാരെ കൈമാറി''.

"ശത്രുക്കളുടെ കടന്നാക്രമണത്തിനെതിരെ നടത്തിയ 74 ദിവസത്തെ തീവ്രമായ പോരാട്ടത്തില്‍ നമ്മുടെ സേനയ്ക്ക് 31 ജീവന്‍ നഷ്ടപ്പെട്ടു. ഇവരുടെ വേര്‍പാട് സൃഷ്ടിച്ച വേദനയിലും നമ്മുടെ പോരാളികള്‍ പതറിയില്ല. മിയസ്ട്രയിലെ മണ്ണില്‍ നടന്ന കടുത്ത യുദ്ധത്തില്‍ നമ്മുടെ പോരാളികള്‍ കാട്ടിയ ഒളിപ്പോര്‍ വൈദഗ്ധ്യവും വിപ്ളവപരമായ ഐക്യബോധവും ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ തീര്‍ച്ചയായും ഇതിലും ഉയര്‍ന്നേനെ. ഗുരുതരമായി പരിക്കേറ്റവരെ പലപ്പോഴും രക്ഷിക്കാനായി, അസാധ്യമെന്ന് കരുതിയ രക്ഷാപ്രവര്‍ത്തനങ്ങള്‍പോലും നാട്ടുകാരുടെ ധീരതയും ആവേശവും കാരണം സാധ്യമായി. പ്രതികൂലമായ സാഹചര്യങ്ങളില്‍പോലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനായി''.

" കൊല്ലപ്പെട്ട സേനാംഗങ്ങളുടെ പേര് ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ മഹാന്മാരായ രക്തസാക്ഷികളുടെ സ്മരണ അനശ്വരമാക്കാനും അവരോടുള്ള ആദരസൂചകമായും എല്ലാവരെയും ഇവിടെ ഓര്‍ക്കുന്നു.

ഈ പോരാളികളോടുള്ള അളവറ്റ ആദരവും സ്നേഹവും രേഖപ്പെടുത്തുന്നു.

"ശത്രുപക്ഷത്തെ ആയിരത്തോളം പേര്‍ക്ക് അത്യാഹിതം നേരിട്ടു, ഇതില്‍ മൂന്നൂറോളം പേര്‍ കൊല്ലപ്പെട്ടു, 443 പേരെ തടവുകാരായി പിടിച്ചു, അവരുടെ അഞ്ച് വലിയ യൂണിറ്റെങ്കിലും നാമാവശേഷമായി, സൈനികര്‍ പലായനം ചെയ്യുകയോ കീഴടങ്ങുകയോ ചെയ്തു. രണ്ട് ടാങ്കുകളും 10 മോര്‍ട്ടാറും 12 യന്ത്രത്തോക്കുകളും ഉള്‍പ്പടെ 507 ആയുധങ്ങള്‍ ഞങ്ങള്‍ പിടിച്ചെടുത്തു''.

"ഈ വിജയം ഞങ്ങളുടെ ധാര്‍മികശക്തി വര്‍ധിപ്പിക്കുകയും യുദ്ധത്തിലെ മുന്നേറ്റത്തില്‍ നിര്‍ണായകമായി മാറുകയും ചെയ്തു: അപ്പോള്‍ മുതല്‍ തന്ത്രപരമായ മേല്‍ക്കൈ വിപ്ളവസേനയ്ക്ക് ലഭിച്ചു, മാത്രമല്ല, കടന്നുകയറാന്‍ ശത്രു ഒരിക്കല്‍ക്കൂടി ശ്രമിച്ചുനോക്കാന്‍പോലും ധൈര്യം കാട്ടാത്ത വിപുലമായ ഒരു അതിര്‍ത്തിയുടെ അധികാരം ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു.''

"1958ലെ വേനലില്‍ ശത്രുസൈന്യത്തിന്റെ കടന്നാക്രമണത്തിനെതിരായി നേടിയ ഈ വിജയം യുദ്ധത്തില്‍ വഴിത്തിരിവായി. വിജയാവേശവും ഗുണനിലവാരമുള്ള ആയുധങ്ങള്‍ കൈക്കലാക്കിയതിന്റെ കരുത്തും ചേര്‍ന്ന് അവസാനത്തെ തന്ത്രപരമായ മുന്നേറ്റത്തിനുള്ള അവസ്ഥയിലേക്ക് വിപ്ളവസേനയെ നയിച്ചു''.

"ഈ സംഭവങ്ങള്‍ വിമോചനയുദ്ധത്തില്‍ പുതിയ, അതേസമയം അന്തിമമായ ഘട്ടത്തിന് വഴി തുറന്നു, രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് പ്രവേശിക്കാനും നാലാം കിഴക്കന്‍ മുന്നണി, കമാഗുയെ മുന്നണി എന്നിവ രൂപീകരിക്കാനും ഇടയാക്കി. ഒറിയന്റെ, ലാസ് വിലാസ് പോരാട്ടങ്ങളുടെ പരാജയത്തിനുശേഷം വിപ്ളവസേന നേടിയ ഈ വിജയം അന്തിമവിജയത്തിലേക്കുള്ള പാതയായി, ഇതിന്റെ ഫലമായി ബാറ്റിസ്റ്റയുടെ ഏകാധിപത്യവാഴ്ച തകരുകയും വിപ്ളവകാരികള്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

" അക്കൊല്ലം ഡിസംബറില്‍ നടത്തിയ വിജയകരമായ പ്രത്യാക്രമണത്തില്‍ അന്തിമവിജയം ഉറപ്പായി, ആയുധധാരികളായ 3,000 പേരെ ശത്രുസേനയില്‍നിന്ന് പിടികൂടാന്‍ കഴിഞ്ഞു.

"ചെഗുവേരയുടെയും കാമിലോ സിയാന്‍ഫ്യൂഗോസിന്റെയും നേതൃത്വത്തിലുള്ള സൈനികദളങ്ങള്‍ ക്യൂട്ടോ, കമാഗ്വേ സമതലങ്ങളിലൂടെ രാജ്യത്തിന്റെ മധ്യഭാഗത്തെത്തി. ഒന്നാം നമ്പര്‍ ദളം, ആയിരം പുതിയ പോരാളികളെക്കൂടി തെരഞ്ഞെടുക്കുകയും ബയാമോക്കും പാമ സൊരിയാനോക്കും മധ്യേയുള്ള ദേശീയപാതയിലെ നഗരങ്ങളുടെയും പട്ടണങ്ങളുടെയും നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. ലാസ് മെര്‍സേഡസിന്റെ നൂറുമടങ്ങ് വലിപ്പമുള്ള നഗരങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ കൂറ്റന്‍ ടാങ്കുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും കഴിഞ്ഞില്ല.

"ഒന്നാം നമ്പര്‍ ദളം മുന്നേറവെ ഞാന്‍ രണ്ടാം കിഴക്കന്‍ മുന്നണിയില്‍ ഫ്രാങ്ക് പയസിന്റെ സേനക്കൊപ്പം ചേര്‍ന്നു. ഇത്തരത്തില്‍ ഞങ്ങള്‍ 1958 ഡിസംബര്‍ 27ന് പാമ സൊരിയാനോ നഗരം പിടിച്ചു.

"1959 ജനുവരി ഒന്നിന്-ഏകാധിപതി സിയറ മിയസ്ട്രക്കുനേരെ നേരെ അന്തിമആക്രമണം നടത്തുന്നതിനു മുമ്പ് ജുവാന്‍ അല്‍മേഡയ്ക്ക് അയച്ച കത്തില്‍ പറഞ്ഞ തീയതി-വിപ്ളവറേഡിയോ വഴി പൊതുപണിമുടക്കിന് നല്‍കിയ ആഹ്വാനം രാജ്യത്തെ സ്തംഭിപ്പിച്ചു. പ്രധാന ദേശീയപാത വഴി മുന്നേറാന്‍ ചെഗുവേരയ്ക്കും കാമിലോയ്ക്കും ഉത്തരവ് നല്‍കി, അവരെ തടയാന്‍ ആരും ഉണ്ടായിരുന്നില്ല.

'റൌള്‍, അല്‍മേഡ, കാന്റലോ എന്നിവരുമായി ഞാന്‍ നടത്തിയ കൂടിയാലോചനയില്‍ ഏകാധിപതിയുടെ പരാജയം സ്ഥിരീകരിച്ചു, പക്ഷേ വൈകാതെ ഗൂഢ അട്ടിമറിനീക്കങ്ങള്‍, പ്രതിവിപ്ളവശ്രമങ്ങള്‍, സാമ്രാജ്യത്വ അനുകൂലികളുടെ കുത്തിത്തിരുപ്പുകള്‍ എന്നിവ തലസ്ഥാനത്തുണ്ടായി. എന്നാല്‍ മൂന്നുദിവസത്തിനകം ലക്ഷത്തില്‍പരം ആയുധങ്ങളും പടക്കപ്പലുകളും പോര്‍വിമാനങ്ങളും ഞങ്ങളുടെ കൈവശമായി, സിയറ മിയസ്ട്രയിലും വിപ്ളവസേന വിജയപതാക നാട്ടി.

ചരിത്രഗവേഷകര്‍, പുസ്തക ഡിസൈനര്‍മാര്‍, സൈനിക മേധാവികള്‍, പുരാവസ്തു വിദഗ്ധര്‍ എന്നിവര്‍ പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകന്‍ കത്യൂസ്ക ബ്ളാങ്കോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചാണ് ഈ പുസ്തകം സഫലമാക്കിയത്.

ആരോഗ്യപ്രശ്നങ്ങള്‍ വകവെക്കാതെ ഞാന്‍ മാസങ്ങള്‍ ഈ പുസ്കതത്തിനുവേണ്ടി യത്നിച്ചു, ഇതിന്റെ തുടര്‍ച്ചയായി രണ്ടാം ഭാഗം എഴുതാനുള്ള ആലോചനയിലാണ.് ഇപ്പോള്‍, അതിന് മറ്റൊരു പേര് ആവശ്യമില്ലെന്ന് കരുതുന്നു:" അവസാനത്തെ തന്ത്രപരമായ പ്രത്യാക്രമണം'' എന്നതല്ലാതെ.

No comments: