Saturday, September 25, 2010

ദാരിദ്യ്രരേഖ അവിടെയും താഴ്ത്തിവരച്ചു

ദാരിദ്യ്രരേഖ അവിടെയും താഴ്ത്തിവരച്ചു
പാട്രിക് മാര്‍ട്ടിന്‍
സെന്‍സസ് ബ്യൂറോ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ദാരിദ്യ്രനിരക്കുകളേക്കാള്‍ വലുതാണ് യഥാര്‍ഥത്തിലേത് എന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ഔദ്യാഗിക ദാരിദ്യ്രരേഖയെന്നത് അസംബന്ധപൂര്‍ണമാംവിധം താഴ്ത്തിയാണു വരച്ചിരിക്കുന്നത.് നാലുപേരുള്ള ഒരു കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 22,050 ഡോളര്‍, അല്ലെങ്കില്‍ ഒരു മുതിര്‍ന്ന വ്യക്തിക്ക് 10,830 ഡോളര്‍ എന്നതാണ് നിരക്ക്. ഇത് ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് സംയോജിതമാക്കാത്തതിനാല്‍ ന്യൂയോര്‍ക്ക് നഗരമോ ബോസ്റണോ വാഷിംഗ്ട ഡിസിയോ കാലിഫോര്‍ണിയയോ പോലെ ഉയര്‍ന്ന ചെലവുള്ള മേഖലകളിലെ ദാരിദ്യ്രത്തെ വളരെ കുറച്ചു കാണിക്കാനിടയാകുന്നു. സെന്‍സസിലെ കണക്കെടുപ്പില്‍നിന്ന് വലിയ ചില ജനസംഖ്യാവിഭാഗങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 20 ലക്ഷം വരുന്ന തടവുകാര്‍, നേഴ്സിങ് കേന്ദ്രങ്ങളിലും ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലും മറ്റും കഴിയുന്ന പ്രായമേറിയവര്‍, കോളേജ് ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവരൊക്കെയാണവര്‍. സ്ഥാപനങ്ങളിലല്ല താമസിക്കുന്നതെങ്കില്‍ ഇവരില്‍ പലരും ദരിദ്രര്‍ എന്ന് വര്‍ഗീകരിക്കപ്പെട്ടേനെ. ഉപയോഗിക്കപ്പെട്ട ദാരിദ്യ്രരേഖയുടെ സങ്കല്‍പ്പംതന്നെ ഇന്ന് കാലഹരണപ്പെട്ടതാണ്. കാരണം, കുടുംബ ചെലവുകളില്‍ ഏറ്റവും വലിയ ചെലവ് ആഹാരത്തിനു കല്‍പ്പിച്ചിരുന്ന, സ്ത്രീകളിലധികവും വീടിനു പുറത്ത് ജോലിചെയ്യാതിരുന്ന, യുവാക്കളിലധികവും കോളേജുകളില്‍ പോകാതിരുന്ന, ശരാശരി കുടുംബത്തിനു ഒരു കാര്‍ മാത്രമുണ്ടായിരുന്ന 50 വര്‍ഷത്തോളം മുന്‍പുള്ള ഒരു കാലഘട്ടത്തിലെ ഫോര്‍മുലയാണ് ഇതിനായി പ്രയോഗിച്ചിരിക്കുന്നത്. ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും കുട്ടികളുടെ പരിചരണത്തിനും സഞ്ചാരത്തിനും മറ്റ് അവശ്യകാര്യങ്ങള്‍ക്കുമുള്ള ഉയര്‍ന്ന ചെലവുകളെയൊക്കെ കുറച്ചുകാണുന്ന ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റൊരു കാര്യം സെന്‍സസ് റിപ്പോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തികളും കുടുംബങ്ങളും, ചെലവുകള്‍ ലാഭിക്കാനുദ്ദേശിച്ച്, ഒന്നിച്ചുജീവിക്കുന്ന പ്രതിഭാസത്തെക്കുറിച്ചാണ്. ദാരിദ്യ്രത്തിന്റെ കണക്കെടുക്കുന്നത് ഗാര്‍ഹികവരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നതുകൊണ്ടുതന്നെ പല കുടുംബങ്ങളോ കുടുംബാംഗങ്ങളല്ലാത്ത വ്യക്തികളോ ഒരേ വീട്ടില്‍ താമസിക്കുമ്പോള്‍ ഫലത്തില്‍ ഔദ്യാഗിക ദാരിദ്യ്രനിരക്ക് കുറയുന്നതായി കാണപ്പെടും. ഉപകുടുംബങ്ങളുടെ സ്വന്തം വരുമാനംവച്ചാണ് അവരുടെ ദാരിദ്യ്രമളന്നിരുന്നതെങ്കില്‍ ദാരിദ്യ്ര നിരക്ക് 44.2 ശതമാനമായിരുന്നേനെയെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ ഗാര്‍ഹിക സമ്പദ്ഘടനാ സ്ഥിതിവിവര വകുപ്പിന്റെ തലവന്‍ ഡേവിഡ് ജോസ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോടു പറഞ്ഞു. “ബന്ധപ്പെട്ട എല്ലാ വീട്ടംഗങ്ങളുടെയും വിഭവശേഷിയെ അടിസ്ഥാനമാക്കി ദാരിദ്യ്രത്തോത് നിശ്ചയിക്കുമ്പോള്‍ അത് ഏകദേശം 17 ശതമാനം മാത്രമാകുന്നു.” 2008-2010 കാലഘട്ടത്തില്‍ ബഹുകുടുംബ ഗൃഹങ്ങള്‍ 11.6 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. തങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന 25-34 വയസ്സ് പ്രായമുള്ള വിഭാഗക്കാരുടെ എണ്ണം 2008ലെ 12.7 ശതമാനത്തില്‍നിന്ന് 2010ല്‍ 13.4 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഈ വിഭാഗത്തെ അവരുടെ മാതാപിതാക്കളുടെ ഗൃഹത്തിലെ താമസക്കാരായി കണ്ട് കണക്കെടുക്കുമ്പോള്‍ യുവജനങ്ങള്‍ക്കിടയിലെ ദാരിദ്യ്രത്തോത് 8.5 ശതമാനം ആണെങ്കിലും അവരെ സ്വതന്ത്രമായി ജീവിക്കുന്നവരെന്ന നിലയ്ക്ക് കണ്ടാല്‍ ദാരിദ്യ്രത്തോത് 43 ശതമാനം ആകും. ഈ ദാരിദ്യ്രക്കണക്കുകള്‍ വെളിവാക്കുന്നത് അമേരിക്കന്‍ മൂലധനപ്രത്യയശാസ്ത്രത്തിന്റെ പാപ്പരത്തത്തെയും ഒബാമ ഭരണത്തിന്റെ പരാജയത്തെയുമാണ്. എന്നാല്‍, വൈറ്റ് ഹൌസ് ഈ കണക്കുകളെ തികച്ചും യാന്ത്രികമായാണ് വരവേറ്റത്. എത്ര പ്രയാസമുള്ളതായിരുന്നു 2009 എന്ന് ഇത് കാണിക്കുന്നുവെന്ന് അഞ്ചു ഖണ്ഡികയുള്ള ഒരു കുറിപ്പിലൂടെ ഒബാമ സമ്മതിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷാദ്യത്തില്‍ കൊണ്ടുവന്ന സാമ്പത്തികോത്തേജന ബില്‍ കാര്യങ്ങളെ വഷളാക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് അദ്ദേഹം വീമ്പുപറയുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം കുടുംബങ്ങളുടെ സാമ്പത്തിക അസ്ഥിരതയെ ചരിത്രത്തിലെ ഏറ്റവും വലുതായി മാറ്റണമെന്നില്ല എന്നാണ് ഒബാമ തര്‍ക്കിക്കുന്നത്. അധ്വാനിക്കുന്ന കുടുംബങ്ങള്‍ക്ക് വരുമാനത്തിനും കരമൊഴിവാക്കലിനും മറ്റുമായി നടപ്പാക്കിയ പല പദ്ധതികളും പോയ വര്‍ഷം ദശലക്ഷക്കണക്കിനു അമേരിക്കക്കാരെ ദാരിദ്യ്രത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട് ”. ശിശിരകാല ഇലക്ഷന്‍ പ്രചാരണത്തിലേക്ക് കടക്കുന്ന വേളയില്‍ “ഇതിനേക്കാള്‍ മോശമാകുമായിരുന്നു കാര്യങ്ങള്‍”എന്ന വാദം മാത്രമാണ് ഒബാമ സര്‍ക്കാരിനുയര്‍ത്താനുള്ളത്. എന്നാല്‍,കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലിയും ആരോഗ്യ ഇന്‍ഷുറന്‍സും വീടുകളും നഷ്ടപ്പെട്ട ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ ഈ മറുപടികൊണ്ട് ആശ്വസിക്കുമെന്ന് തോന്നുന്നില്ല. പ്രതിസന്ധിയുടെ ഈ ലഘൂകരണത്തെ ഒബാമയുടെ പത്രക്കുറിപ്പ് ഇങ്ങനെയൊരു ഉപസംഹാരവുമായാണ് കൂട്ടിക്കെട്ടുന്നത് : “എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും അമേരിക്കന്‍ തൊഴിലാളികളുടെ സമര്‍പ്പണമനോഭാവവും ശുഭാപ്തി വിശ്വാസവുമാണ് എനിക്ക് പ്രചോദനമേകുന്നത്. ഈ കൊടുങ്കാറ്റില്‍നിന്ന് നമ്മള്‍ കുറെക്കൂടി ശക്തിയാര്‍ജിച്ച ഒരു സമ്പദ്ഘടനയുമായിട്ടാവും പുറത്തുവരിക എന്ന് എനിക്കുറപ്പുണ്ട്.” ആവര്‍ത്തിച്ചുറപ്പിക്കുന്ന ഈ വാചാടോപത്തെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം: എന്റെ സര്‍ക്കാരിനും അത് സേവിക്കുന്ന സാമ്പത്തിക പ്രഭുത്വത്തിനും എതിരായി എന്തുകൊണ്ടാണ് അമേരിക്കന്‍ തൊഴിലാളികളുടെ ഇടയില്‍ ഒരു വമ്പിച്ച ജനമുന്നേറ്റമുണ്ടാവാത്തത് എന്ന് അമേരിക്കന്‍ മുതലാളിത്തത്തിന്റെ മുഖ്യപ്രതിനിധി എന്ന നിലയില്‍, എന്നെ അത്ഭുതപ്പെടുത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ കൂടി “പ്രതീക്ഷയെപ്പറ്റിയും മാറ്റത്തെപ്പെറ്റിയുമുള്ള വാചകക്കസര്‍ത്തുകള്‍കൊണ്ട് അധ്വാനിക്കുന്ന ജനത്തെ ഭ്രമിപ്പിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എഴുതിത്തയ്യാറാക്കിയ ഒരു കുറിപ്പില്‍ ദാരിദ്യ്രത്തിലാഴ്ന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ദുരിതത്തെ ധാര്‍ഷ്ട്യത്തോടെ തള്ളിയ ദിവസം ഒബാമ തന്റെ സമയത്തിന്റെ മുഖ്യപങ്ക് ചെലവഴിച്ചത് കോര്‍പറേറ്റ് സിഇഓമാരുടെ രണ്ട് തല്‍പ്പരസംഘങ്ങളുമായുള്ള കൂടിയാലോചനകള്‍ക്കാണ്: ഒന്ന് തൊഴിലാളി വേതനമുള്‍പ്പെടെയുള്ള ചെലവുകള്‍ ചുരുക്കി അമേരിക്കന്‍ വ്യവസായങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റിന്റെ കയറ്റുമതി കൌസില്‍; മറ്റൊന്ന് ഏറ്റവും വലിയ 100 ഭീമന്‍ കുത്തകകളുടെ നേതാക്കളുമായി. – അവരാകട്ടെ സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം കോര്‍പറേറ്റ് അമേരിക്കയുടെ നയങ്ങളുമായി ഒത്തുപോകുന്നവയാകണമെന്ന് ഉറപ്പിക്കാന്‍ ഒത്തുകൂടിയവരും. പരിഭാഷ: ഡോ.സൂരജ് രാജന്‍No comments: