Wednesday, September 15, 2010

കേരളിയ ഗ്രമങളിലെ വികസന മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാനും എല്‍ ഡി എഫ് സ്ഥാവാത്ഥികളെ വിജയിപ്പിക്കുക..

കേരളിയ ഗ്രമങളിലെ വികസന മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാനും എല്‍ ഡി എഫ് സ്ഥാവാത്ഥികളെ വിജയിപ്പിക്കുക..

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇടതുപക്ഷജനാധിപത്യമുന്നണിയും ഐക്യജനാധിപത്യമുന്നണിയും തമ്മിലാണ് പോരാട്ടം. ബിജെപി മത്സരരംഗത്തുണ്ടെങ്കിലും സ്വന്തം ജനപിന്തുണ തെളിയിക്കുന്നതിന് പകരം വലതുപക്ഷമുന്നണിയെ വോട്ടു നല്‍കി സഹായിക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്ന് കഴിഞ്ഞകാല അനുഭവം പറയുന്നു. കോഗ്രസിനും അതിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷമുന്നണിക്കും ഏത് വൃത്തികെട്ട മാര്‍ഗം സ്വീകരിച്ചും അധികാരം കൈയടക്കുന്നതിലാണ് താല്‍പ്പര്യം. യുദ്ധത്തിലും തെരഞ്ഞെടുപ്പു പോരാട്ടത്തിലും ആദ്യം കൊലചെയ്യപ്പെടുന്നത് സത്യമാണെന്ന അനുഭവവും നമുക്കുണ്ട്. യുഡിഎഫിന് അനുകൂലമായി എന്ത് നുണയും കെട്ടിച്ചമച്ച് പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത വലതുപക്ഷമാധ്യമങ്ങള്‍ അവരുടെ പതിനെട്ടടവും പ്രയോഗിക്കാന്‍ വളരെ മുമ്പുതന്നെ തുടക്കം കുറിച്ചുകഴിഞ്ഞു. ഇടതുപക്ഷജനാധിപത്യമുന്നണി സത്യം ജനങ്ങളുടെ മുന്നില്‍ തുറന്നുവച്ച് വലതുപക്ഷത്തിന്റെ നുണപ്രചാരവേലകളെ വിജയകരമായി നേരിടുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഗോദയിലിറങ്ങുന്നത്. അഞ്ചുവര്‍ഷത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നാലുവര്‍ഷത്തെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ജനോപകാരപ്രദമായ ഭരണനടപടികളും ക്ഷമാപൂര്‍വം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിച്ചുകൊണ്ട് ഇടതുപക്ഷജനാധിപത്യമുന്നണി അതിന്റെ പ്രചാരവേല സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ അധികാരവികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫാണെന്ന് ഉറപ്പിച്ചുതന്നെ പറയാം. ജനാധിപത്യപരമായി അധികാരത്തില്‍ വന്ന ജില്ലാ കൌസിലുകളെ അട്ടിമറിച്ച ചരിത്രമാണ് യുഡിഎഫിനുള്ളത്. പതിനാറുവര്‍ഷം തെരഞ്ഞെടുപ്പ് നടത്താത്തതിന്റെ ഉത്തരവാദിത്തവും അവര്‍തന്നെ ഏറ്റെടുത്തേ മതിയാവൂ. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് അഞ്ചിനപരിപാടിയും പന്ത്രണ്ടിനപരിപാടിയും പിന്നീട് ജനകീയാസൂത്രണവും വിജയകരമായി നടപ്പാക്കിയത് ഇടതുപക്ഷമാണ്. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭയാണ് അധികാരവികേന്ദ്രീകൃത നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ജനകീയാസൂത്രണം കേരളത്തിനകത്തുമാത്രമല്ല കേരളത്തിനുപുറത്തും ചലനം സൃഷ്ടിച്ചു. മധ്യപ്രദേശിലെ കോഗ്രസ് മുഖ്യമന്ത്രി നേരിട്ട് കേരളം സന്ദര്‍ശിച്ച് ജനകീയാസൂത്രണപരിപാടിയെ മുക്തകണ്ഠം പ്രശംസിക്കുകയും തന്റെ സംസ്ഥാനത്ത് അതിന്റെ മാതൃക സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജനകീയാസൂത്രണം അട്ടിമറിക്കുകയും ജനകീയാസൂത്രണമെന്ന പേരുതന്നെ ഉപേക്ഷിക്കുകയുംചെയ്തു. 2004ല്‍ വീണ്ടും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണമാണ് ജനകീയാസൂത്രണം തിരിച്ചുകൊണ്ടുവന്നത്. ആയിരക്കണക്കിന് ഏക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി നെല്‍കൃഷി ചെയ്യുന്നതിന് നേതൃത്വവും പ്രോത്സാഹനവും നല്‍കിയത് എല്‍ഡിഎഫാണ്. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇ എം എസ് ഭവനനിര്‍മാണ പദ്ധതി കേരളത്തിലെ പാവപ്പെട്ടവരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമാണ്. എല്ലാവര്‍ക്കും വീട്, കക്കൂസ്, കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതില്‍ ബഹുദൂരം മുമ്പോട്ടുപോകാന്‍ ഇതിനകം സാധിച്ചിരിക്കുന്നു. 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് ഭരണത്തിലാണ് ധവളപത്രമിറക്കി കടബാധ്യത പെരുപ്പിച്ച് കാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം തട്ടിയെടുത്തത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണം നടപ്പാക്കുന്ന രീതി അട്ടിമറിച്ചതും യുഡിഎഫ് ഭരണമാണ്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏറ്റവും ഒടുവില്‍ 14 ശതമാനം ക്ഷാമബത്ത അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോടൊപ്പം തുല്യത നടപ്പാക്കി. മൂന്നുലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക അഞ്ചുഗഡുവായി നല്‍കുന്നത് മാറ്റി ഒരൊറ്റ ഗഡുവായി നല്‍കിയതും എല്‍ഡിഎഫ് ഭരണമാണ്. അഞ്ചുവര്‍ഷം തികയുന്നതിനു മുമ്പ് ശമ്പളകമീഷനെ നിയമിച്ചതും ഓര്‍ക്കേണ്ടതാണ്. കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായമേഖലയിലെ തൊഴിലാളികള്‍ തുടങ്ങി പണിയെടുക്കുന്ന ജനവിഭാഗത്തിന് നല്‍കിയ പെന്‍ഷന്‍ 110 രൂപയില്‍ നിന്ന് ഒരൂ രൂപയെങ്കിലും വര്‍ധിപ്പിക്കാന്‍ യുഡിഎഫിന് സന്മനസ്സുണ്ടായില്ല. തുച്ഛമായ ഈ തുകപോലും 27 മാസം നല്‍കാതിരുന്നു. കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ത്തതും പെന്‍ഷന്‍ 300 രൂപയായി ഉയര്‍ത്തിയതും മറച്ചുപിടിക്കാന്‍ കഴിയാത്ത സത്യമാണ്. 70 ലക്ഷം കാര്‍ഡുടമകളില്‍ 41 ലക്ഷത്തിനാണ് രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചത്. ഈ ആനുകൂല്യം മറച്ചുപിടിക്കാനാണ് കേന്ദ്രം നല്‍കിയ അരി രണ്ട് രൂപ കൂട്ടിവിറ്റു എന്ന നുണ പ്രചാരണമായി മാധ്യമങ്ങള്‍ രംഗത്തുവന്നത്. വിഷക്കള്ള് കുടിച്ച 27 പേര്‍ മരിക്കാനിടയായി. ഇത് രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ച യുഡിഎഫിന് പുളിക്കെറിഞ്ഞ വടിപോലെ തിരിച്ചടിക്കുന്ന നിലയാണുണ്ടായത്. ലോട്ടറി അപവാദത്തിന്റെ മുനയും ഒടിഞ്ഞുപോയി. ഇനിയും പുതിയ നുണയുമായി യുഡിഎഫും അവരെ സഹായിക്കുന്ന മുഖ്യധാരാമാധ്യമങ്ങളും രംഗത്തുവരുമെന്ന് കാണണം. ഇത്തരം നുണപ്രചാരവേലയെ നേരിടാന്‍ എല്‍ഡിഎഫിന് കഴിയും. എല്‍ഡിഎഫിന്റെ ജനോപകാരപ്രദമായ ഭരണ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കാനും കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ ജനങ്ങള്‍ക്കിടയിലെത്തിക്കാനും യോജിച്ച പ്രവര്‍ത്തനത്തിന് കഴിയും. സമ്മതിദായകരെ കാണുക, വീണ്ടും വീണ്ടും കാണുക, അവരെ ഒന്നിച്ചു നിര്‍ത്തുക. തെറ്റിദ്ധാരണകള്‍ അകറ്റി കേരളത്തിലെ ബഹുഭൂരിപക്ഷം സമ്മതിദായകരും എല്‍ഡിഎഫിനൊപ്പം അണിനിരക്കുമെന്നതില്‍ സംശയം വേണ്ട. രണ്ട് നയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള നയം വിജയിക്കും. യുഡിഎഫിന്റെയും യുപിഎ സര്‍ക്കാരിന്റെയും ജനവിരുദ്ധനയം പരാജയപ്പെടുമെന്നതില്‍ സംശയം വേണ്ട.

1 comment:

ജനശബ്ദം said...

കേരളിയ ഗ്രമങളിലെ വികസന മുന്നേറ്റം നിലനിര്‍ത്താനും കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാനും എല്‍ ഡി എഫ് സ്ഥാവാത്ഥികളെ വിജയിപ്പിക്കുക..