Friday, August 13, 2010

മമതയുടെ അപകടകരമായ കളി

മമതയുടെ അപകടകരമായ കളി

പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഭിന്നാഭിപ്രായമുള്ള എല്ലാവരെയും അണിനിരത്താനും കിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കാനുമുള്ള വ്യഗ്രതയില്‍ തൃണമൂല്‍ കോഗ്രസ് മേധാവിയും റെയില്‍വേ മന്ത്രിയുമായ മമത ബാനര്‍ജി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന അപകടകരമായ കളിയില്‍ മുഴുകിയിരിക്കുകയാണ്. ഒന്നാമതായി, ഇക്കഴിഞ്ഞ തിങ്കളാഴ്ച ലാല്‍ഗഢില്‍ നടന്ന മമതയുടെ റാലി തൃണമൂല്‍-മാവോയിസ്റ് സംയുക്തസംരംഭമായിരുന്നു, ആളുകളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് മാവോയിസ്റുകളുമായിരുന്നു. മാവോയിസ്റുകളുമായി ചര്‍ച്ച പുനരാരംഭിക്കണമെന്ന് മാത്രമല്ല, ജംഗല്‍മഹല്‍ മേഖലയില്‍ സുരക്ഷാസേനയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുകൂടി മമത ആവശ്യപ്പെട്ടു (ഇക്കുറി മമത ഒരു ഉപാധി വച്ചെങ്കിലും: തീവ്രവാദികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന്). പശ്ചിമബംഗാളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കഷ്ടനഷ്ടങ്ങള്‍ സഹിച്ച് മാവോയിസ്റ് സായുധഭീഷണി നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോടുള്ള പ്രത്യക്ഷമായ എതിര്‍പ്പാണിത്. മമത ചുമതല വഹിക്കുന്ന റെയില്‍വേ തുടര്‍ച്ചയായി മാവോയിസ്റുകളുടെ ആക്രമണം നേരിടുകയാണെങ്കിലും തൃണമൂല്‍ കോഗ്രസ് മേധാവി മാവോയിസ്റ് മുന്നണിക്കുവേണ്ടി സംസാരിച്ചു; 'പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയസമിതിക്കുവേണ്ടി'; ഈ സംഘടനയുടെ അംഗങ്ങള്‍ നിയമം കൈയിലെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരാണ്. രാഷ്ട്രീയദൌത്യം നിറഞ്ഞ ഈ സംരംഭത്തിന് 'സാമൂഹ്യപ്രവര്‍ത്തകരായ' സ്വാമി അഗ്നിവേശ്, മേധ പട്കര്‍ എന്നിവരുടെ പിന്തുണ നേടാനും മമതയ്ക്ക് കഴിഞ്ഞു. ആദിവാസികളുടെ അവകാശം സംരക്ഷിക്കാനെന്ന പേരില്‍ ഇരുവരും തൃണമൂല്‍ കോഗ്രസിനും മാവോയിസ്റുകള്‍ക്കും വാചാലമായ പിന്തുണ നല്‍കുന്നു-പുറമേയ്ക്ക് ഇടതുപക്ഷ തീവ്രവാദികളോട് അക്രമം അവസാനിപ്പിച്ച് ജനാധിപത്യ മാര്‍ഗത്തിലേക്ക് വരാന്‍ അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും. ഈ സാഹചര്യത്തില്‍ സായുധരായ മാവോയിസ്റുകള്‍ തൃണമൂല്‍ കോഗ്രസ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് മേഖലയിലെ സാധാരണജീവിതത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണ്. മമതയ്ക്ക് നിയമമെന്നത് അവരോളം മാത്രമാണെന്നും അവരുടെ രാഷ്ട്രീയം നിരുത്തരവാദപരമാണെന്നും രാഷ്ട്രീയ ഇന്ത്യക്ക് അറിയാം. എന്നാല്‍, രാഷ്ട്രീയ എതിരാളികള്‍ക്കും സാധാരണക്കാര്‍ക്കും എതിരായി നിഷ്ഠൂരമായ ആക്രമണങ്ങള്‍ നടത്തുന്ന സായുധ കലാപകാരികളെ പരസ്യമായി പിന്തുണയ്ക്കാന്‍ ഒരു പ്രമുഖഘടകകക്ഷിയെയും അതിന്റെ നേതാവായ മുതിര്‍ന്ന മന്ത്രിയെയും യുപിഎ സര്‍ക്കാര്‍ അനുവദിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. യുപിഎ നയിക്കുന്ന കോഗ്രസും ഈ പ്രധാന പ്രശ്നത്തില്‍ വൈരുധ്യങ്ങളില്‍പെട്ട് ഉഴലുകയാണ്. നക്സലൈറ്റുകളെ 'രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരസുരക്ഷാ ഭീഷണിയായി' പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പാര്‍ടി റാലിക്ക് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചു. ഘടകകക്ഷികളില്‍ ഒന്ന് നക്സലൈറ്റ് ഗ്രൂപ്പുകളുമായി ആഴമുള്ള ബന്ധത്തില്‍ മുഴുകിയിരിക്കെ നക്സലൈറ്റ് ഭീഷണി നേരിടുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധതയെ ബിജെപിയും ഇടതുപക്ഷകക്ഷികളും പാര്‍ലമെന്റില്‍ ചോദ്യംചെയ്തതിനെതുടര്‍ന്ന് സഭ പ്രക്ഷുബ്ധമായതില്‍ അത്ഭുതമില്ല. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് നല്‍കേണ്ട പരിഗണന പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുവര്‍ഷംമാത്രം ശേഷിക്കവെ രാഷ്ട്രീയ അവസരവാദത്തിന് വഴിമാറിയിരിക്കുന്നു. അധികാരത്തില്‍ തുടരാന്‍ മമത ബാനര്‍ജിയുടെ ദുരാഗ്രഹത്തിന് കൂട്ടുനില്‍ക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും.

No comments: