Monday, August 9, 2010

പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചതിന് തെളിവ്

പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചതിന് തെളിവ്
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മൂന്നു പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ഹമീദിനെ ഫോണില്‍ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചു. അബ്ദുള്‍ഹമീദിന്റെ മൊബൈല്‍ഫോണിലും വീട്ടിലെയും ഓഫീസിലെയും ഫോണിലും വന്ന വിളികള്‍ പരിശോധിച്ചതില്‍നിന്നാണ് ഈ വിവരം. അറസ്റിലായ ഒരു പ്രതിയും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് സംസ്ഥാന നേതാക്കള്‍ക്കുകൂടി, ചോദ്യംചെയ്യാനായി പൊലീസ് നോട്ടീസ് നല്‍കി. പോപ്പുലര്‍ ഫ്രണ്ടിന്റെ സുപ്രീം കൌസില്‍ അംഗവും തേജസിന്റെ പത്രാധിപരുമായ പ്രൊഫ. പി കോയ, സംസ്ഥാന പ്രസിഡണ്ട് നാസറുദീന്‍ എളമരം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നസറുദീന്‍ 12നും കോയ 16നും കേസന്വേഷിക്കുന്ന മൂവാറ്റുപുഴ സിഐ പി പി ഷംസിന്റെ ഓഫീസിലാണ് എത്തേണ്ടത്. നേരത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി അബ്ദുള്‍ഹമീദ്, ഓര്‍ഗനൈസിങ് സെക്രട്ടറിയും ഇമാംസ് കൌസില്‍ അംഗവുമായ അഷറഫ് മൌലവി എന്നിവര്‍ക്ക് തിങ്കളാഴ്ച സ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. അബ്ദുള്‍ഹമീദ് പൊലീസ് സ്റേഷനിലെത്താന്‍ ഒരാഴ്ചത്തെ സമയംചോദിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്പി ഉണ്ണിരാജ പറഞ്ഞു. അഷറഫ് മൌലവി തിങ്കളാഴ്ച അസൌകര്യമുണ്ടെന്ന് ഫോണില്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകനായ എം കെ നാസറും കൈപ്പത്തി വെട്ടിയശേഷം ഒളിവില്‍ പോയ പ്രതികളുടെ വീടുകളില്‍ സഹായത്തിന് പണം നല്‍കിയ തമര്‍ അഷറഫും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനകമ്മിറ്റി അംഗങ്ങളാണ്. കേസിലെ മുഖ്യ ആസൂത്രകനായ എം കെ നാസറിന്റെ സ്വത്ത് ചൊവ്വാഴ്ച കണ്ടുകെട്ടും. കടുങ്ങല്ലൂര്‍ വില്ലേജ് അതിര്‍ത്തിയില്‍ നാസറിന്റെ പേരില്‍ 41 സെന്റ് ഭൂമിയും വീടുമാണുള്ളത്. പതിനൊന്നോടെ പറവൂര്‍ തഹസില്‍ദാര്‍ അബ്ദുള്‍സലാമിന്റെ നേതൃത്വത്തില്‍ ഭൂമി അളന്നുതിട്ടപ്പെടുത്തി, വീട്ടിലെ സാധനസാമഗ്രികള്‍ നിര്‍ണയിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കും.

1 comment:

ചാർ‌വാകൻ‌ said...

രാവിലെ ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ കേട്ടത്
‘’ദിവസവും മൂന്നും നാലും പേരുവെച്ച് പിടിയിലായപ്പോ ഇപ്പോ പേരായിട്ടുണ്ടാകും’‘
ആർക്കറിയാം,ഇനിയെത്ര പേരുകൂടിയുണ്ടാകുമെന്ന്.