Saturday, August 14, 2010

വര്‍ധിച്ച പിന്തുണയുമായി മുന്നോട്ട്-6

വര്‍ധിച്ച പിന്തുണയുമായി മുന്നോട്ട്..
പിണറായി വിജയന്‍..
കേരളത്തിന്റെ സാമ്പത്തികനില തകര്‍ത്തുകളയുന്ന തരത്തിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കിയത്. ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവച്ചു. കുത്തഴിഞ്ഞ ധനകാര്യ മാനേജ്മെന്റും അഴിമതി നിറഞ്ഞ ഭരണവും കേരളത്തിന്റെ സാമ്പത്തികരംഗം അടിമുടി തകര്‍ത്തു. യുഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മൊത്തം കടം 23,918 കോടി രൂപയായിരുന്നു. അധികാരമൊഴിയുമ്പോള്‍ 50,000 കോടിയിലേറെയായി. മാത്രമല്ല, നാലുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണംപോലും അട്ടിമറിക്കപ്പെട്ടു. ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെട്ടു. പെന്‍ഷന്‍ പദ്ധതികള്‍ കുടിശ്ശികയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനാവശ്യമായ ക്രിയാത്മകമായ പദ്ധതികള്‍ ഭാവനാപൂര്‍ണമായി നടപ്പാക്കി. അടിസ്ഥാനമേഖലയില്‍ ഇടപെടുമ്പോള്‍ത്തന്നെ സാമൂഹ്യ സുരക്ഷിതത്വത്തിലും പ്രാധാന്യം നല്‍കുക എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നയത്തിനൊപ്പം ധനകാര്യ മാനേജ്മെന്റും ക്രിയാത്മകമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്. ഈ ഭരണ കാലയളവില്‍ ട്രഷറി പൂട്ടേണ്ടി വന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വച്ച ബദല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ റവന്യൂകമ്മി 3.3 ശതമാനത്തില്‍നിന്ന് 2009-10 ആകുമ്പോഴേക്കും 1.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വാണിജ്യനികുതിയുടെ കാര്യത്തില്‍ 14 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 20 ശതമാനത്തിന്റെ ശരാശരി നികുതി വളര്‍ച്ചയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. 2005-06ല്‍ 6983 കോടി രൂപ ഉണ്ടായിരുന്ന വാണിജ്യനികുതി 2009-10ല്‍ 13,194 കോടിയായി ഉയര്‍ന്നു. മൂല്യവര്‍ധിത നികുതിയിലാവട്ടെ നാലുവര്‍ഷംകൊണ്ട് 109 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 3321.9 കോടിയില്‍നിന്ന് 6945.41 കോടി രൂപയായി അത് ഉയര്‍ന്നു. ഇതിന്റെ ഭാഗമാണ് അണക്കെട്ടുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ ഖനനം ചെയ്തു വില്‍ക്കുന്നതിനുള്ള ഇടപെടല്‍. ധനകമ്മി 2004-05 ല്‍ 4.04 ശതമാനമായിരുന്നത് 2010-11 ലെ ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നതുപോലെ 3.49 ശതമാനമായി കുറയും. 2004-05 ല്‍ 682 കോടി രൂപയുണ്ടായിരുന്ന മൂലധനച്ചെലവ് 2010-11 ആകുമ്പോഴേക്കും 4145 കോടി രൂപയായി ഉയരും. ഇത് ഒരു സര്‍വകാല റെക്കോഡ് ആയിരിക്കും. ഇവയ്ക്കു പുറമെ പുതിയ വരുമാനം കണ്ടെത്തുന്നതിനുള്ള പരിപാടികളും നടപ്പാക്കുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തിലെ ശ്രദ്ധേയമായ മുന്നേറ്റമാണ് അധികാര വികേന്ദ്രീകരണത്തിന്റേത്. ജനകീയാസൂത്രണം കേരളത്തിന്റെ വികസന ചരിത്രത്തില്‍ കുതിപ്പ് തന്നെയായിരുന്നു. വികസനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ സമ്പ്രദായത്തെ തകര്‍ത്തുകളയാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഒന്നിനു പുറകെ ഒന്നായി അവര്‍ വെട്ടിക്കുറച്ചു. പട്ടികവര്‍ഗ വികസന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ തിരിച്ചെടുത്തു. ഗ്രാമസഭകളെ കേവലം ഗുണഭോക്തൃ ലിസ്റ് അംഗീകരിക്കുന്നതിനുള്ള വേദികളായി മാറ്റുകയാണ് ചെയ്തത്. കുടുംബശ്രീയെ തകര്‍ക്കുന്ന സമീപനം സ്വീകരിച്ചു. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പണവും അധികാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായി. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. വിഴിഞ്ഞം പദ്ധതി, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കോച്ച് ഫാക്ടറി തുടങ്ങിയ നിരവധി സംരംഭങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍കൊണ്ടാണ്. സാമൂഹ്യ വനവല്‍ക്കരണത്തിന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാപ്രിയദര്‍ശിനി അവാര്‍ഡ് ലഭിച്ചു. വനനയം ആവിഷ്കരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. വനമേഖലയില്‍ പണിയെടുക്കുന്ന ആദിവാസികള്‍ അടക്കമുള്ളവരുടെ വേതനത്തില്‍ 30 ശതമാനം വര്‍ധന വരുത്തി. ശബരിമലയുടെ വികസനത്തിന് വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തര്‍ക്കം പരിഹരിച്ചു. കള്ള് വ്യവസായത്തില്‍ബനിന്ന് ബിനാമികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 107 വര്‍ഷം പഴക്കമുള്ള അബ്കാരി നിയമപരിഷ്കരണത്തിന് സമിതിയുണ്ടാക്കി. സഹകരണമേഖലയില്‍ നിക്ഷേപം നാലുവര്‍ഷം കൊണ്ട് മൂന്നിരട്ടിയായി. വര്‍ഷം തോറും 5000 കോടി രൂപ വായ്പ നല്‍കാന്‍ കഴിയുന്ന വിധം സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു. 46,000 വിപണന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിലക്കയറ്റം തടയുന്നതിനുള്ള ഇടപെടല്‍ നടത്തി. സ്ഥിരനിയമനങ്ങള്‍ പിഎസ്സി മുഖേന മാത്രമാക്കി. സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് 51 പട്ടയമേള നടത്തി. ഇതിലൂടെ 1,20,300 പേരെ ഭൂമിയുടെ നേരവകാശികളാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് അവരുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പുവരുത്തുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറായത്. ഭൂമിയുടെ വിതരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ലാന്‍ഡ് ബാങ്ക് ഏര്‍പ്പെടുത്തി. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ചെയ്തുതീര്‍ക്കുന്നതിനും സാധ്യമായി. പാലങ്ങളില്ലാത്ത കടവുകളില്‍ നദിക്കു കുറുകെ 495 നടപ്പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വിശ്വാസികളുടെ കാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. ശബരിമലയുടെ സമഗ്രവികസനത്തിന് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടുകൊണ്ട് ഈ മേഖലയിലെ ഉദ്യോഗ നിയമനങ്ങള്‍ സുതാര്യമാക്കി. കരിപ്പൂരില്‍ ഹജ്ജ് ഹൌസിന്റെ നിര്‍മാണം നടന്നതും ഈ സര്‍ക്കാരിന്റെ കാലത്താണ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഈ കാലയളവില്‍ ഏറെ ഫലപ്രദമായിരുന്നു. അതിനെ നവീകരിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. 4962 പുതിയ ഷെഡ്യൂളുകള്‍ ആരംഭിച്ചു. 45 ശതമാനത്തോളം ഇന്ധനക്ഷമത നേടുന്നതിനായി പ്രകൃതിവാതകം ഉപയോഗിക്കുന്ന നിലയുണ്ടാക്കി. ഇവിടെ പത്തൊമ്പതിനായിരത്തില്‍പ്പരം സ്ഥിരം നിയമനങ്ങള്‍ നടത്തി. പര്‍ച്ചേസിങ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓപ്പ ടെന്‍ഡറിലൂടെ ഷാസികള്‍ വാങ്ങിയ വകയില്‍ ബസൊന്നിന് മുന്‍ വിലകളേക്കാള്‍ ഒന്നരലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ബസുകളുടെ ബോഡിനിര്‍മാണം കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളില്‍ തന്നെ നടത്തിയതിന്റെ ഭാഗമായി ബസ് ഒന്നിന് ഒരുലക്ഷം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ഗതാഗതരംഗത്ത് 13 ശതമാനമായിരുന്ന കെഎസ്ആര്‍ടിസി സാന്നിധ്യം 27 ശതമാനമായി. ഇന്ത്യയിലാദ്യമായി കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സ്പോര്‍ട്സ് ക്വോട്ട നിയമനം 20ല്‍ നിന്ന് 50 ആക്കി ഉയര്‍ത്തി. യുവാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജുഡീഷ്യല്‍ അധികാരത്തോടുകൂടിയ യൂത്ത് കമീഷന്‍ നടപ്പാക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. വികസനത്തിനായി തുറമുഖങ്ങളെ മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചു. തുറമുഖ നയം തന്നെ ഈ കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി. കരാറുകാരുടെ 2009 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക കൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നു. തിരുവനന്തപുരം നഗരവികസന പദ്ധതി നല്ല നിലയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കേരളത്തിന്റെ റോഡ് ഗതാഗതത്തെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ ചെയ്ത നടപടികള്‍ എക്കാലവും ഓര്‍മിപ്പിക്കപ്പെടും. നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക എന്ന കാഴ്ചപ്പാടോടെയാണ് രജിസ്ട്രേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടത്. കള്ളപ്രമാണവും വ്യാജരജിസ്ട്രേഷനും തടയാന്‍ നിയമം കൊണ്ടുവന്നു. ആധാരത്തില്‍ ഫോട്ടോയും വിരലടയാളവും നിര്‍ബന്ധമാക്കുന്നതിലൂടെ തെറ്റായ രീതിയില്‍ ഭൂമി കൈമാറ്റത്തിനുള്ള സാധ്യതകളെ തടയുകയുംചെയ്തു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ ലഭിക്കാത്ത ഒരു സാധാരണ പൌരനും കേരളത്തില്‍ ഉണ്ടാവില്ല എന്നത് വസ്തുതയാണ്. കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും തകര്‍ത്തെറിയുന്ന യുഡിഎഫ് നയത്തില്‍നിന്ന് സംസഥാനത്തെ രക്ഷിച്ചെടുത്തത് ഈ സര്‍ക്കാരാണ്. യുഡിഎഫിന്റെ ഭരണം തുടര്‍ന്നിരുന്നുവെങ്കില്‍ ദുരിതത്തിന്റെ ആഴക്കടലിലേക്ക് കേരളജനത നിലംപതിക്കുമായിരുന്നു. ആ അവസ്ഥയെ മാറ്റി പുരോഗതിയിലേക്കു നയിച്ച സര്‍ക്കാരെന്ന് ചരിത്രത്തില്‍ ഈ സര്‍ക്കാരിന് സ്ഥാനമുണ്ടാകും. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ക്രിയാത്മകമായ ബദല്‍ പരിമിതികള്‍ക്കകത്തുനിന്ന് മുന്നോട്ടുവച്ചു എന്ന നിലയില്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ഈ സര്‍ക്കാര്‍ പഠനവിഷയമായിത്തീരും എന്നതിലും തര്‍ക്കമില്ല. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്ന അധ്യായം കുറിച്ചുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതം മുന്നോട്ടുനയിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ രീതിയില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജാതി-മത വികാരം ഉയര്‍ത്തിവിട്ട് അതിന് സാധിക്കുമോ എന്ന പരിശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ഇതിനെ പല മാധ്യമങ്ങളും പിന്തുണയ്ക്കുന്നുണ്ട് എന്നതും നാം കാണാതിരിക്കരുത്. യഥാര്‍ഥ വിപ്ളവകാരികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തുവരുന്നവരും ഈ പിന്തിരിപ്പന്മാരുടെ മുന്നണിയിലുണ്ട്. ഇതിനെയെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുന്നതിന് പ്രബുദ്ധരായ കേരളത്തിലെ ജനതയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മതസൌഹാര്‍ദത്തിന്റെ ഉന്നതമായ സന്ദേശം ലോകത്തെ പഠിപ്പിച്ച പ്രദേശങ്ങളിലൊന്നാണ് നമ്മുടെ കേരളം. സംഘപരിവാര്‍ ശക്തികള്‍ക്ക് കടന്നുവരാന്‍ അവസരം ലഭിക്കാത്ത അപൂര്‍വ നിയമസഭകളിലൊന്നാണ് കേരളത്തിന്റേത്. അതുപോലെതന്നെ വികസനത്തിന്റെ ചരിത്രത്തില്‍ കേരളാ മോഡല്‍ എന്ന അഭിമാനകരമായ നേട്ടത്തിനും നേതൃത്വം നല്‍കിയ സംസ്ഥാനമാണ് ഇത്. വികസനത്തിന്റെയും സംസ്കാരത്തിന്റെയും ഉന്നത മാതൃക തീര്‍ത്ത ഈ സംസ്ഥാനം ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് ഉറച്ച പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. (അവസാനിച്ചു)

No comments: