Saturday, August 4, 2012


ലീഗിലെ തീവ്രവാദികള്‍ കലാപത്തിനു ശ്രമിക്കുന്നു: പിണറായി

കാസര്‍കോട്: മുസ്ലിം ലീഗിനുള്ളില്‍ ശക്തിയാര്‍ജിച്ച തീവ്രവാദസ്വഭാവമുള്ളവര്‍ വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാടിന്റെ മതനിരപേക്ഷതക്ക് ഹാനിവരുത്തുന്ന തരത്തില്‍ വര്‍ഗീയവികാരമിളക്കിവിടാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ അണിചേരല്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ജനവികാരത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നുണപ്രചാരണമാണ് നടക്കുന്നത് -പിണറായി കാസര്‍കോട് പറഞ്ഞു. അരിയുംതിന്ന് ആളെയും കടിച്ച് പിന്നെയും പട്ടിമുന്നോട്ട് എന്ന നിലയിലാണിപ്പോള്‍ മുസ്ലിം ലീഗ്. ലീഗ് സംഘമാണ് മനോജിനെ കൊലപ്പെടുത്തിയത്. ലീഗില്‍ നല്ലതുപോലെ ക്രിമിനല്‍ സംഘമുണ്ട്. കേവലമായ ക്രിമിനല്‍ സംഘമല്ല. തീവ്രവാദസ്വഭാവത്തോടെയുള്ളതാണ്. തീവ്രവാദികള്‍ വന്‍തോതില്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലീഗിലെ ചില നേതാക്കളാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്. പല തീവ്രവാദികള്‍ക്കും ലീഗിനകത്തേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരിക്കുന്നു.

കാഞ്ഞങ്ങാട്ട് കലാപത്തില്‍ നടന്നത് എല്ലാവര്‍ക്കും അറിയാം നിരപരാധികളായ മനുഷ്യരെ തീവ്രവാദികള്‍ ആക്രമിച്ചു. എസ്പിയെ കൊല്ലാന്‍ ശ്രമിച്ചു. കലാപശ്രമമാണ് നടന്നത്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം അന്വേഷിക്കാന്‍ കേന്ദ്രഏജന്‍സിയായ സിബിഐ അന്വേഷിക്കാന്‍ സന്നദ്ധമായി. സംസ്ഥാനസര്‍ക്കാരിലെ ലീഗ് സമ്മര്‍ദ്ദം അതനവദിച്ചില്ല. കോണ്‍ഗ്രസ് സിബിഐയെ അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാട് എടുത്തു. അന്വേഷിച്ചാല്‍ തീവ്രവാദബന്ധം പുറത്തു വരുമെന്ന് ലീഗ് ഭയക്കുന്നുണ്ട്്. ഇപ്പോള്‍ ലീഗിലെ തീവ്രവാദവശം കൂടുതല്‍ ശക്തിപ്പെട്ടു. എല്ലാ കാര്യത്തിലും ലീഗ് മാത്രം പ്രത്യേക നിലപാട് സ്വീകരിക്കുകയാണ്. ഞങ്ങള്‍ ആക്രമിച്ചതുകൊണ്ടല്ല മനോജ് മരിച്ചതെന്ന് കൊലയാളിസംഘം പ്രചരിപ്പിക്കുന്നു. ഞങ്ങള്‍ ആക്രമിച്ചതല്ല. വടികള്‍ തന്നെ വന്നു വീണതാണോയെന്നു പറയുമോയെന്നും സംശയിക്കണം. പരിക്കേറ്റ കരുണാകരന്റെ ജീവന്‍ രക്ഷപ്പെട്ടത് ആശ്ചര്യകരമാണ.് തീവ്രവാദിള്‍ ആക്രമണം നടത്തുമ്പോള്‍ മുന്‍കൂട്ടി കാര്യങ്ങള്‍ അസൂത്രണം ചെയ്യും. അതുപോലെ ആദ്യം ഒരു ബൈക്കില്‍ പോയി കരുണാകരന്‍ ഒറ്റക്കാണ് എന്നു മനസിലാക്കി ക്രിമിനല്‍ സംഘം സായുധരായി ആക്രമിക്കുകയാണ് ചെയ്തത്. അതു കഴിഞ്ഞാണ് ഇതേ സംഘം അടുത്ത ആക്രമണം നടത്തുന്നത്. മനോജ് മാത്രമല്ല. ശിവപ്രസാദും പ്രിയേഷുമുണ്ട്. എന്തുപ്രകോപനത്തിന്റെ അടിസ്ഥാനത്തിലാണിതെന്നു വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ലീഗ് എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ലീഗിനകത്തുള്ള തീവ്രവാദികള്‍ എങ്ങനെ നാടിനെ ഒരു കലാപത്തിലേക്കു നയിക്കണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കലാപത്തിനു മുന്‍പ് വര്‍ഗീയ സംഘടനകള്‍ വികാരമിളക്കി വിടുന്ന തരത്തിലുള്ള നുണപ്രചാരണം അഴിച്ചുവിടുകയാണ്. ഇവിടെ യുഡിഎഫിന് അല്‍പം വിഷമമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയത്തിനെിരെയുള്ള വലിയ അസംതൃപ്തിയില്‍ നിന്നും രക്ഷനേടാന്‍ വേറെ വഴിയില്ല. ഏതെങ്കിലും തരത്തില്‍ ജനശ്രദ്ധ തിരിച്ചു വിടാന്‍ ആലോചിക്കുകയാണ്. ആ ഉത്തരവാദിത്വം ലീഗിനെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. തൃക്കരിപ്പൂരില്‍ പള്ളി ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് പല രീതിയില്‍ ആക്രമണം. ജിഹാദ് വിളിച്ചുകൊണ്ട് ആളുകളെ ആക്രമിക്കുന്നു. വടകരയിലെ ഏരിയാകമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. മനോജിന് അന്ത്യാഞ്ജലിയര്‍പ്പിച്ചവര്‍ പിരിഞ്ഞുപോയതിനുശേഷം 200 ലധികം സായുധലീഗുകാര്‍ ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. ദേശാഭിമാനി ബ്യൂറോ അടിച്ചു തകര്‍ത്തു. പിന്നെ തെരുവിലിറങ്ങി കാണുന്നതെല്ലാം അടിച്ചു തകര്‍ത്തു. ആളുകളെ തല്ലുമ്പോള്‍ പേരു ചോദിക്കുകയാണ്. പേരു ചോദിച്ചു തല്ലുകൊണ്ട ചെറുപ്പക്കാന്‍ അത്യാസന്ന നിലയില്‍ കിടക്കുകയാണ് കറകളഞ്ഞ കോണ്‍ഗ്രസുകാരനാണയാള്‍. വര്‍ഗീയ കലാപത്തിനു ശ്രമിക്കുന്നു എന്നു വേണം സംശയിക്കാന്‍. വര്‍ഗീയവികാരം കുത്തിയിളക്കാനാണ് ഇല്ലാത്ത പള്ളി ആക്രമണത്തിന്റെ പേരുപറയുന്നത്. മുസ്ലിങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് കള്ളത്തരമായി പ്രചരിപ്പിക്കുകയാണ് മുസ്ലിം ജനവിഭാഗത്തിനിടയില്‍ കള്ളപ്രചാരണം അഴിച്ചുവിട്ട് ആക്രമണമഴിച്ചുവിടുകയാണ്. പലപ്രദേശങ്ങളിലും അക്രമികള്‍ നാട്ടുകാര്‍ക്കറിയാത്തവരാണ്. കൊലപാതകത്തില്‍ വൈദഗ്ധ്യം നേടിയ ക്രിമിനലുകളെ താമസിപ്പിച്ചിരിക്കുയാണ്.

അതിഭയാനകമായ അന്തരീക്ഷമാണ്. കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കി വിടാനുള്ള ശ്രമമാണ്. അത് നാടിന്റെ മതനിരപേക്ഷതക്ക് ഹാനി വരുത്തും. എല്ലാ കാലത്തും വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ സിപിഐ എം ഉറച്ചനിലപാട് സ്വീകരിക്കും. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധരാണ്. അധികവും മതനിരപേക്ഷ ചിന്താഗതിക്കാരായ ആളുകളാണ് കേരളത്തില്‍. ഇതിനെതിരെ എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും അണിനിരക്കണം -പിണറായി അഭ്യര്‍ഥിച്ചു.

No comments: