Wednesday, August 1, 2012


കള്ളക്കേസുകൊണ്ട് തകരുന്ന പാര്‍ട്ടിയല്ല സിപിഐ എം:പിണറായി

തിരു: കള്ളക്കേസുകള്‍കൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പി ജയരാജന്റെ അറസ്റ്റെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരം കള്ളക്കേസുകള്‍ പാര്‍ട്ടി ഇതിന് മുന്‍പും നേരിട്ടിട്ടുണ്ടെന്നും ഇതുകൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല സിപിഐ എമ്മെന്നും പിണറായി പറഞ്ഞു.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെ മുന്‍പ് രണ്ട് തവണ ചോദ്യം ചെയ്തതാണ്. കേരളത്തിലെ പൊലീസിനെ എത്രമാത്രം പക്ഷപാതപരമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കേസ്. ഷുക്കൂര്‍ വധക്കേസുമായി പി ജയരാജന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ഹീനമായ ആക്രമണം നേരിട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോയ ജയരാജനെയും ടി വി രാജേഷിനെയും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ലീഗുകാര്‍ ആക്രമിച്ചത്. കണ്ണൂര്‍ എസ്പിയെ അറിയിച്ച ശേഷമാണ് ജയരാജന്‍ അരിയില്‍ പ്രദേശം സന്ദര്‍ശിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന പൊലീസിന്റെ വാദം പരിഹാസ്യമാണ്.


പി ജയരാജനടക്കമുള്ള സിപിഐ എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് പൊലീസ് ശീലമാക്കിയിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം എളമരം കരീമിന്റെയും ഇ പി ജയരാജന്റെയും തന്റെയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. അത് വിവാദമായ ശേഷമാണ് ടി വി രാജേഷിന്റെ ഫോണ്‍ ചോര്‍ത്തിയത്. രാജേഷ് ഫോണില്‍ സംസാരിച്ചത് റെക്കോര്‍ഡ് ചെയ്ത് രാജേഷിനെത്തന്നെ കേള്‍പ്പിച്ചു. മുഷ്ക്കുപയോഗിച്ച് എന്തും ചെയ്യാം എന്ന നിലയിലാണ് സര്‍ക്കാറിന്റെ പോക്ക്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചില വലതുപക്ഷ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ കേരളത്തെ എവിടെയാണ് എത്തിക്കുകയെന്ന് അവര്‍തന്നെ ആലോചിക്കണം.

പൊലീസിന്റെ ഇത്തരം ഹീനമായ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധിക്കാതിരിക്കാനാണ് കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ തകര്‍ത്ത് ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കാനാാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനോടകം തന്നെ കേരളത്തിലാകെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പൊലീസ് ഇത്തരം നടപടിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ അതിനെ നേരിടുമെന്നും പിണറായി പറഞ്ഞു.

No comments: