Wednesday, February 8, 2012

യുഡിഎഫിന്റെ ജീര്‍ണമുഖം


യുഡിഎഫിന്റെ ജീര്‍ണമുഖം








മോഹനവാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ യുഡിഎഫ് ഭരണം ഒരുവര്‍ഷം തികയുന്നതിനു മുമ്പുതന്നെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ശാപമായി മാറിയിരിക്കുകയാണ്. എട്ടുമാസം പിന്നിടുമ്പോള്‍ത്തന്നെ ഭരണം മാത്രമല്ല, യുഡിഎഫ് മുന്നണിയെയും സഹിക്കാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്. ഭരണം ഏറ്റെടുത്ത് ഇത്രയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ഇത്രയും വലിയ പ്രതിസന്ധിയില്‍ വീണ ഒരു സര്‍ക്കാരും ഇതിനുമുമ്പുണ്ടായിട്ടില്ലെന്നു പറയാം. ജനവിരുദ്ധനയങ്ങള്‍ സൃഷ്ടിക്കുന്ന കെടുതികള്‍ താങ്ങേണ്ടിവരുന്ന ജനങ്ങള്‍ ഘടകകക്ഷികള്‍ തമ്മിലും ഓരോ കക്ഷിയിലുംപെട്ടവര്‍ തമ്മിലുമുള്ള ചക്കളത്തിപ്പോരാട്ടങ്ങളുടെ വിഴുപ്പും പേറേണ്ട അവസ്ഥയാണ്. അഴിമതിയും സ്വജനപക്ഷപാതവും നിര്‍ലജ്ജം അരങ്ങേറുന്നതായി ഘടക കക്ഷികള്‍ തമ്മില്‍ മാത്രമല്ല, ഓരോ കക്ഷിയിലെയും വിവിധ ഗ്രൂപ്പുകള്‍ തമ്മിലും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിനൊപ്പം സ്ഥാനമാനങ്ങള്‍ വീതംവയ്ക്കുന്നതിലുള്ള തര്‍ക്കവും തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ വിശാല ഐ ഗ്രൂപ്പ് നടത്തുന്ന കരുനീക്കങ്ങള്‍ പോസ്റ്റര്‍ യുദ്ധത്തില്‍ തുടങ്ങി തെരുവുയുദ്ധത്തില്‍ വരെയെത്തി. മദ്യനയത്തിന്റെ പേരില്‍ യുഡിഎഫിനുള്ളിലും കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലും നിലനില്‍ക്കുന്ന പ്രതിസന്ധി അവസാനിച്ചിട്ടില്ല. അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് വിചാരണ നേരിടുന്ന നാലുപേര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളാണ്. വേറെ ആറ് മന്ത്രിമാര്‍ വിവിധ അഴിമതിയാരോപണങ്ങള്‍ നേരിടുന്നുമുണ്ട്. ഇവരെയൊക്കെ ചുറ്റും നിര്‍ത്തി അഴിമതിക്കെതിരെ പറയുന്ന ഉമ്മന്‍ചാണ്ടിയുടെ പരിഹാസ്യമായ മുഖമാണ് കേരളീയര്‍ കാണുന്നത്. മുല്ലപ്പെരിയാറിന്റെപേരില്‍ ഇപ്പോള്‍ത്തന്നെ ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ പ്രതിഷേധം ഏതുരൂപത്തില്‍ അണപൊട്ടുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. അഞ്ചാം മന്ത്രിയുടെ ആവശ്യം പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലിംലീഗിനെ എങ്ങനെ മെരുക്കാന്‍ കഴിയുമെന്നതിന് ഒരു നിശ്ചയവുമില്ല. പണ്ടേതന്നെ ലീഗിന്റെ ശാസനകള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതൃത്വമെന്ന ആക്ഷേപം ഘടക കക്ഷികളില്‍ ശക്തമാണ്. ബോര്‍ഡ്-കോര്‍പറേഷന്‍ വീതംവയ്പ്പിന്റെപേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ജെഎസ്എസ്, സിഎംപി തുടങ്ങിയ ഘടക കക്ഷികളെ ഇനിയും തൃപ്തിപ്പെടുത്താന്‍ കഴിയാത്തതിന്റെ അസ്വാരസ്യങ്ങള്‍ തുടരുകയാണ്. ഇത്തരം അപസ്വരങ്ങളും പാരവയ്പ്പുകളും കുതികാല്‍വെട്ടുമെല്ലാം ആടിത്തിമിര്‍ക്കുന്നതിനിടയിലാണ് കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗത്തില്‍ ഉടലെടുത്ത അധികാരത്തര്‍ക്കം യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കൊച്ചുഘടക കക്ഷികള്‍പോലും യുഡിഎഫിന് നിര്‍ണായകമാണെന്നിരിക്കെ ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രിയായ മകന്‍ കെ ബി ഗണേശ്കുമാറും തമ്മിലുള്ള യുദ്ധംസര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. ഗണേശ്കുമാര്‍ പിള്ളയോടോ പാര്‍ടിനേതാക്കളോടോ ആലോചിക്കാതെ തന്നിഷ്ടപ്രകാരം മന്ത്രിസ്ഥാനം കൊണ്ടുനടക്കുന്നുവെന്നും കാര്യങ്ങള്‍ ചെയ്യുന്നുവെന്നുമൊക്കെയാണ് ഇതുവരെ പിള്ള പറഞ്ഞിരുന്നതെങ്കില്‍ , കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ രോഷം യുഡിഎഫിനു നേരെയും തിരിഞ്ഞു. തങ്ങളുടെ മന്ത്രിയെ തട്ടിയെടുക്കാന്‍ യുഡിഎഫ് ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ചൊവ്വാഴ്ച കൊച്ചിയിലെ നേതൃയോഗത്തിനുശേഷം പിള്ള പറഞ്ഞത്. രജിസ്റ്റര്‍ ചെയ്ത് കത്തയച്ചിട്ടും യോഗത്തില്‍ നിന്നു വിട്ടുനിന്ന ഗണേശിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പും പിള്ള നല്‍കിയിട്ടുണ്ട്. ഗണേശ് പാര്‍ടിയെ പിളര്‍ത്താനും കോണ്‍ഗ്രസില്‍ ചേക്കേറാനും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കുന്നതാണ് പിള്ളയുടെ വാക്കുകള്‍ . പിള്ള ഉദ്ദേശിക്കുന്ന പ്രത്യാഘാതം ഏതുരൂപത്തില്‍ പ്രാവര്‍ത്തികമാകുമെന്നത് യുഡിഎഫിന് പുതിയ തലവേദനയാണ്. കെ കരുണാകരനൊപ്പം യുഡിഎഫിന് ജന്മം കൊടുത്തയാളാണ് താനെന്ന് അവകാശപ്പെടുന്ന പിള്ള ഏതറ്റംവരെ പോകുമെന്ന ആശങ്ക കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. ഇങ്ങനെ മുന്നണിക്കുള്ളിലെ പ്രശ്നങ്ങളും കലഹങ്ങളും ഒഴിയാബാധയായി പിന്തുടരുന്നതിനിടയില്‍ ഭരണംതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ദിവസങ്ങളുടെ കണക്കുപറഞ്ഞ് വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളുമൊക്കെ നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ചവര്‍ കാര്യമായൊന്നും ചെയ്തില്ലെന്നുമാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമനടപടികള്‍ ഒന്നൊന്നായി ഇല്ലാതാക്കുകയും ചെയ്തു. എല്‍ഡിഎഫ് ഭരണകാലത്ത് അഞ്ചുവര്‍ഷവും അന്യമായിരുന്ന കര്‍ഷക ആത്മഹത്യ വീണ്ടും കേരളത്തെ സങ്കടപ്പെടുത്തുകയാണ്. യുഡിഎഫ് ഭരണത്തിന്റെ ഒമ്പത് മാസത്തിനിടയില്‍ മുപ്പതിലേറെ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കി. കേന്ദ്രഭരണത്തോട് ചേര്‍ന്നുനില്‍ക്കുന്ന യുഡിഎഫിന് ഇതുവരെ കേന്ദ്രത്തില്‍നിന്ന് എന്തെങ്കിലും പ്രത്യേക സാമ്പത്തിക പാക്കേജ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്രം വാഗ്ദാനംചെയ്ത വിഴിഞ്ഞം ഹാര്‍ബര്‍ , കൊച്ചി മെട്രോ റെയില്‍ , പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവയ്ക്കുള്ള സഹായമൊന്നും ലഭിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം, റെയില്‍വേ ഇടനാഴി, മോണോ റെയില്‍ എന്നിവയുടെ കാര്യത്തിലും കേന്ദ്രം കേരളത്തെ കബളിപ്പിക്കുകയാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതിനുമുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ അന്തംവിട്ടുനില്‍ക്കുന്നു. പെട്രോളിന്റെ വില വര്‍ധനയ്ക്കൊപ്പം ബസ് യാത്രക്കൂലി, വെള്ളക്കരം, വൈദ്യുതിനിരക്ക് തുടങ്ങിയവ വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി. തകര്‍ന്ന ആശുപത്രി സംവിധാനം, നേഴ്സുമാരുടെ ന്യായമായ സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത സ്ഥിതി, വര്‍ധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും, അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെടുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കേരളത്തിന്റെ സാമൂഹ്യജീവിതത്തെ അലോസരപ്പെടുത്തുകയാണ്. യുഡിഎഫ് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരമാവുകയാണ്.

1 comment:

ജനശബ്ദം said...

യുഡിഎഫിന്റെ ജീര്‍ണമുഖം