Monday, February 20, 2012


സര്‍ക്കാരിന്റെ കുറ്റവിചാരണയ്ക്ക് പിറവം

തിരു: സംസ്ഥാനത്തിന്റെ വികസനപ്രക്രിയ മുരടിപ്പിക്കുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു തള്ളിവിടുകയുംചെയ്ത യുഡിഎഫ് സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാന്‍ പിറവം ഒരുങ്ങുന്നു. അധികാരമേറ്റ് എട്ടുമാസം തികയുമ്പോള്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് കടുത്ത പ്രതിസന്ധിയുടെ ചുഴിയിലാണ്. ജനവിരുദ്ധഭരണം സൃഷ്ടിച്ച മങ്ങിയ പ്രതിഛായയും മുന്നണിയിലെ ആഭ്യന്തരക്കുഴപ്പങ്ങളും കാരണം ഉപതെരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞതോടെ യുഡിഎഫ് നേതൃത്വം അങ്കലാപ്പിലാണ്. അധികാരദുര്‍വിനിയോഗത്തിന്റെ പര്യായമായി മാറിയ യുഡിഎഫ് സര്‍ക്കാര്‍ എട്ടുമാസംകൊണ്ട് ജനദ്രോഹത്തിലും റെക്കോഡിട്ടു. എല്‍ഡിഎഫ് ഭരണകാലത്ത് വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ചുരുങ്ങിയ നാളുകള്‍ക്കകം തല്ലിക്കെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകര്‍ത്തു. ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ ജനപ്രിയനടപടികള്‍ ഉപേക്ഷിച്ചു. സാമുദായികസൗഹാര്‍ദത്തിന് ഉലച്ചില്‍ തട്ടുന്ന നടപടികളിലൂടെ കുപ്രസിദ്ധി നേടി. അഴിമതിക്കേസില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ ഭരിക്കുന്ന നാട്ടില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരു മുന്‍മന്ത്രിയെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് തുറന്നുവിട്ടു. മുഖ്യമന്ത്രിയെത്തന്നെ അഴിമതിക്കേസില്‍നിന്ന് രക്ഷിക്കാന്‍ വിജിലന്‍സ് സംവിധാനം നോക്കുകുത്തിയാക്കി. കാസര്‍കോട് വര്‍ഗീയകലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ട സര്‍ക്കാര്‍ , മാറാട് കലാപം അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ച് കോടികള്‍ ധൂര്‍ത്തടിച്ചെങ്കിലും ആര്‍ക്കും പ്രയോജനം കിട്ടിയിട്ടില്ല. മുഖ്യമന്ത്രി വിമാനവേഗത്തില്‍ പോകുകയാണെങ്കില്‍ മറ്റു മന്ത്രിമാര്‍ പാസഞ്ചറിന്റെ വേഗത്തിലാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ വെള്ളിയാഴ്ച പരിഹസിച്ചത്. തങ്ങളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി വണ്‍മാന്‍ ഷോ നടത്തുന്നതിന്റെ രോഷം ഉള്ളിലൊതുക്കുകയാണ് മന്ത്രിമാര്‍ . എല്ലാ വകുപ്പിലും മുഖ്യമന്ത്രിയും ഓഫീസും ഇടപെടുന്നു. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളിലൊന്നില്‍പോലും വ്യക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കൊച്ചി മെട്രോ റെയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ വഴിവിട്ട് സഹായിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിവാദമായി. യുഡിഎഫില്‍ കക്ഷികള്‍ തമ്മിലും ഓരോ കക്ഷിക്കകത്തും കലഹം മുറുകി. കോണ്‍ഗ്രസില്‍ പ്രതിസന്ധി ഒഴിഞ്ഞ നേരമില്ല. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മില്‍ ഭിന്നത രൂക്ഷമായി തുടരുന്നു. കെഎസ്യു തെരഞ്ഞെടുപ്പ് തെരുവുയുദ്ധമായി മാറിയത് എ, ഐ ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയാണ്. ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തിലെ ഭിന്നത പുറത്തുവന്നുകഴിഞ്ഞു. തമ്മിലടി കാരണം കെപിസിസി-ഡിസിസി പുനഃസംഘടനപോലും നടത്താനായില്ല. കേരള കോണ്‍ഗ്രസില്‍ മാണിയും ജോസഫും പി സി ജോര്‍ജും മൂന്ന് വഴിക്കാണ്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ മാണി കേരളയും കോണ്‍ഗ്രസും തമ്മിലും ഭിന്നത തുടരുകയാണ്. ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശും തമ്മിലുള്ള തര്‍ക്കം ക്രമസമാധാനപ്രശ്നം മാത്രമല്ല, സാംസ്കാരികപ്രശ്നവുമായി. വീരന്‍ ജനതയിലും അസംതൃപ്തി രൂക്ഷമാണ്. ജെഎസ്എസ് ഇടഞ്ഞുനില്‍ക്കുന്നു. മന്ത്രി ഷിബുബേബിജോണിനും ആര്‍എസ്പി ബിക്കുമെതിരെ കോണ്‍ഗ്രസ് വാളോങ്ങി നില്‍ക്കുകയാണ്. രൂക്ഷമായ പ്രതിസന്ധികള്‍ക്കിടയില്‍ ഭരണം നിലനില്‍ക്കുന്നത് ഘടക കക്ഷികളുടെ അധികാരക്കൊതിയില്‍ മാത്രമാണ്. എന്നാല്‍ , സാധാരണ ജനങ്ങള്‍ക്ക് ഭരണം മടുത്തെന്ന് യുഡിഎഫ് നേതൃത്വംതന്നെ തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന പരിഭ്രാന്തിയിലാണിവര്‍ .

No comments: