Friday, February 17, 2012


സ്ത്രീപീഡകര്‍ക്ക് രക്ഷാകവചമോ?


വയനാട്ടിലെ ഒരു പെണ്‍കുട്ടിയെ ജോലിവാഗ്ദാനം നല്‍കി തലസ്ഥാനത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്ന വാര്‍ത്തയോട് സര്‍ക്കാരും മാധ്യമങ്ങളും കുറ്റകരമായ അശ്രദ്ധയാണ് കാണിക്കുന്നത്. ആരോപണവിധേയനായത് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ വ്യക്തിയാണ്. ഭരണകക്ഷിയിലും ഭരണതലത്തിലും സ്വാധീനമുള്ള അത്തരമൊരാള്‍ക്ക് പരാതികള്‍ ഒതുക്കിത്തീര്‍ക്കാനും പരാതിക്കാരുടെ വായടപ്പിക്കാനും കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കും കുടുംബത്തിനും മലയോട് കല്ലെറിയാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിത്തന്നെയാണ് ഈ പ്രശ്നത്തില്‍ ഭരണകക്ഷിയുടെ ഇടപടലുണ്ടാകുന്നത് എന്ന് വിശ്വസിക്കാന്‍ തക്കവിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇരയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പരാതിയില്ലെന്നു പറയിപ്പിക്കുന്നത് നീതീകരണമില്ലാത്ത ക്രിമിനല്‍ കുറ്റമാണ്. ഇവിടെ, മുഖ്യമന്ത്രിക്കും പട്ടികവിഭാഗ ക്ഷേമമന്ത്രിക്കും പരാതി കിട്ടിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. കുറ്റവാളികളെ രക്ഷിക്കാന്‍ ഉന്നത ഭരണാധികാരകള്‍തന്നെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു.

വ്യഭിചാരക്കേസുകള്‍പോലും വന്‍ വാര്‍ത്താപ്രാധാന്യം നേടുന്ന കേരളത്തിലാണ്, ഒരു ആദിവാസിപ്പെണ്‍കുട്ടി വഞ്ചനയ്ക്കും ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയായിട്ടും മാധ്യമങ്ങളുടെയും വിവാദോപജീവികളുടെയും തികഞ്ഞ മൗനം എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സൂര്യനെല്ലി കേസില്‍ വേട്ടയാടപ്പെട്ട പെണ്‍കുട്ടിയെ, ആ കേസ് സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കെ ധനാപഹരണക്കേസില്‍പ്പെടുത്തി ജയിലിലടച്ചതിനെക്കുറിച്ചും പൊതുസമൂഹത്തില്‍ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2011 ജൂണ്‍വരെ 6604 കേസാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ ആകെ 10781 കേസാണുണ്ടായിരുന്നത്. 2011ലെ ആദ്യ ആറുമാസത്തെ കണക്ക് കേസുകളുടെ എണ്ണത്തിലെ വലിയ വര്‍ധനയെ സൂചിപ്പിക്കുന്നു. കുടുംബത്തിനകത്തുള്ള അതിക്രമങ്ങള്‍ , ലൈംഗികാതിക്രമങ്ങള്‍ , ബലാത്സംഗം എന്നിവയിലും വര്‍ധനയാണുണ്ടാകുന്നത്. ട്രെയിന്‍യാത്രക്കാരായ സ്ത്രീകള്‍ക്ക് നേരെ 2010ല്‍ 12 ലൈംഗികാതിക്രമ സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കില്‍ 2011 ജൂണ്‍വരെമാത്രം 13 കേസുണ്ടായി. 2011 ഫെബ്രുവരിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ക്രൂരമായ ബലാത്സംഗത്തിനിരയായി സൗമ്യ കൊല്ലപ്പെട്ട കേസിലെ കുറ്റവാളി ശിക്ഷിക്കപ്പെട്ടെങ്കിലും യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരം കണ്ടിട്ടില്ല. വനിതാ കമ്പാര്‍ട്മെന്റുകളിലെ അരക്ഷിതാവസ്ഥ തുടരുന്നു. റെയില്‍വേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇതിനുത്തരവാദികളാണ്. പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ആശങ്കയൊഴിഞ്ഞ് ജീവിക്കാനാകുന്നില്ല എന്ന സാഹചര്യമാണ് ഇന്നുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ചതിയിലും പ്രലോഭനത്തിലും മറ്റും പെട്ട് ഗര്‍ഭിണികളാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബന്ധുക്കളില്‍നിന്നും സ്കൂളില്‍നിന്നും യാത്രാവേളകളിലും വഴിയിലും മറ്റും പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും വരെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു.

ചതിക്കുഴികള്‍ക്കു മുകളിലൂടെയാണ് പെണ്‍കുട്ടികളുടെ സഞ്ചാരം. ഏതെങ്കിലുമൊരു കുട്ടി കെണിയില്‍പ്പെട്ടാല്‍ വാര്‍ത്തയുടെയും വിവാദത്തിന്റെയും ആഘോഷം തുടങ്ങുന്നവര്‍ ചതിക്കുഴികളെക്കുറിച്ചോ കെണിവച്ച് കാത്തിരിക്കുന്നവരെക്കുറിച്ചോ മിണ്ടുന്നില്ല. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും അടക്കമുള്ള പുതിയ സാങ്കേതികവിദ്യ പെണ്‍വാണിഭങ്ങള്‍ക്കും ലൈംഗികചൂഷണത്തിനുമായി ഉപയോഗിക്കുന്നു. കര്‍ണാടകത്തിലോ മഹാരാഷ്ട്രയിലോപോലെ പരസ്യ പെണ്‍വാണിഭം ഇല്ലെങ്കിലും കേരളത്തില്‍ പെണ്‍കുട്ടികളെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന സമൂഹിക സാഹചര്യമാണ് ഉള്ളതെന്നത് അതിശയോക്തിയല്ല. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നുവെന്നത് സമൂഹത്തിന്റെ തകരുന്ന മാനസികാരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അത്തരമൊരവസ്ഥയുടെ വിപുലീകരണത്തിനാണ്, സ്ത്രീ പീഡനക്കേസുകളോടുള്ള സര്‍ക്കാരിന്റെ നിസ്സംഗസമീപനം വഴിയൊരുക്കുക. നിസ്സംഗത മാത്രമല്ല, കുറ്റവാളികള്‍ക്ക് രക്ഷാകവചമൊരുക്കല്‍തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. വയനാട് സംഭവം ഏറ്റവുമൊടുവിലത്തെ ഉദാഹരണംമാത്രം. ആ പെണ്‍കുട്ടി എങ്ങനെ പീഡനവാര്‍ത്തകളിലെത്തി, അവളെ എന്തിന്, ആര് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി, സ്വന്തം ഒപ്പിട്ട് മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍നിന്ന് എന്തുകൊണ്ട് പെണ്‍കുട്ടിയുടെ പിതാവ് പിന്മാറി, പെണ്‍കുട്ടി പേരുവച്ച് നിഷേധക്കുറിപ്പ് ഇറക്കാനിടയായതെന്തുകൊണ്ട്, ആരോപണ വിധേയനായ പേഴ്സണല്‍ സ്റ്റാഫംഗത്തെക്കുറിച്ച് മന്ത്രി അഭിപ്രായം പറയാത്തതെന്തുകൊണ്ട്, പരാതിയില്‍നിന്ന് പിന്മാറ്റാനായി പ്രവര്‍ത്തിച്ച ഘടകങ്ങളേതൊക്കെ എന്നിങ്ങനെയുള്ള അനേകം സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഉത്തരം പറയേണ്ടത് ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രിയാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കുന്നതിനുള്ള പരിശ്രമത്തിന് നേതൃത്വം നല്‍കേണ്ട സര്‍ക്കാര്‍തന്നെ കുറ്റാവാളികളുടെ സംരക്ഷകരാകുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നതില്‍ തര്‍ക്കമില്ല. വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുകയും പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നവരുടെ നിലവാരത്തിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രധാന തസ്തികയിലിരിക്കുന്ന ഒരാള്‍ താഴ്ന്നിരിക്കുന്നു. അയാള്‍ ബലാത്സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന പരാതിയെ ഇരയുടെ വായ് മൂടിയതുകൊണ്ടുമാത്രം അവഗണിച്ചു തള്ളാന്‍ സമൂഹത്തിന് കഴിയില്ല. ഗൗരവമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്നേ മതിയാകൂ. വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും സമയബന്ധിതമായി അന്വേഷിച്ച് പ്രതികളെ ശിക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും അമാന്തിക്കരുത്.

No comments: