Tuesday, January 4, 2011

മതവും മാര്‍ക്സിസവും.

മതവും മാര്‍ക്സിസവും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ യൂറോപ്പില്‍, വിശേഷിച്ച് ജര്‍മ്മനിയില്‍, 'ഹെഗലിയന്‍ യുവത' (ഥീൌിഴ ഒലഴലഹശമി) യുടെ മുന്‍കയ്യില്‍ നടന്ന ദൈവശാസ്ത്രചര്‍ച്ചകള്‍ ഏറെ പ്രസിദ്ധമാണ്. തീക്ഷ്ണമായ ആ ദാര്‍ശനിക സംവാദങ്ങളുടെ പ്രബുദ്ധമായ അന്തരീക്ഷമാണ് മതവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം നിര്‍ണ്ണയിച്ചത്. സ്വയം പൂര്‍ണ്ണനായ ദൈവം അപൂര്‍ണ്ണമായ ഈ ലോകം സൃഷ്ടിച്ചതെന്തിന്? ദൈവശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ഒരു വിഷമ പ്രശ്നമായിരുന്നു ഇത്. ദൈവം ദൈവമാകുന്നത് ഈ ലോകമുള്ളതുകൊണ്ടാണെന്നായിരുന്നു ഹെഗല്‍ വിശദീകരിച്ചത്. പ്രജകളില്ലെങ്കില്‍ രാജാവുമില്ലെന്ന ലളിതമായ യുക്തിയായിരുന്നില്ല അത്. ദൈവത്തിന് സ്വയം നിര്‍വചിയ്ക്കാന്‍ ദൈവമല്ലാത്ത ഒരു 'അപരം' ആവശ്യമാണ്. ഒരു 'നീ' ഉണ്ടാവുമ്പോള്‍ മാത്രമാണല്ലോ 'ഞാന്‍' ഞാനാവുന്നത്. അപൂര്‍ണ്ണമായ ഈ ലോകമില്ലെങ്കില്‍ സമ്പൂര്‍ണ്ണമായ ദൈവാസ്തിത്വത്തിന് യാതൊരര്‍ത്ഥവുമില്ല. യേശുവിലൂടെ ദൈവം ആത്മസത്യവും ക്രൈസ്തവതയിലൂടെ മനുഷ്യര്‍ ദൈവതത്വവും സാക്ഷാല്‍കരിക്കുകയാണെന്നും ഹെഗല്‍ പറഞ്ഞുവെച്ചു. എന്നാല്‍ ഹെഗലിന്റെ യുവശിഷ്യന്മാര്‍ക്ക് ഈ അവകാശവാദങ്ങള്‍ ഒട്ടും സ്വീകാര്യമായിരുന്നില്ല. 'യേശുവിന്റെ ജീവിതം' (1835) എന്ന പുസ്തകത്തിലൂടെ ഡേവിഡ് സ്ട്രൌസാണ് (ഉമ്ശറ ടൃമൌ) ആദ്യം വെടിപൊട്ടിച്ചത്. ബൈബിളിലെ പഴയ നിയമം മാത്രമല്ല പുതിയ നിയമവും ഹെഗല്‍ കരുതുംപോലെ ആത്യന്തിക സത്യങ്ങളോ ചരിത്രാഖ്യാനങ്ങളോ അല്ല, നാടോടി സങ്കല്‍പങ്ങളാ (എീഹസഹീൃല)ണെന്ന് സ്ട്രൌസ് വാദിച്ചു. തുടര്‍ന്ന് ബ്രൂണോ ബോവര്‍ (ആൃൌിീ ആമൌൃ) ക്രിസ്തുമതം മിഥ്യയാണെന്നും അതില്‍ വിശ്വാസമര്‍പ്പിച്ചവര്‍ വഞ്ചിതരായെന്നും പറയുകയുണ്ടായി. എന്നാല്‍ വെറും മിഥ്യയാണെങ്കില്‍ ദൈവവും മതവും എന്തുകൊണ്ടാണ് ആളുകള്‍ക്കിത്രമേല്‍ ആകര്‍ഷകവും അഭികാമ്യവും ആരാധ്യവുമായതെന്ന പ്രശ്നത്തിന് സ്ട്രൌസിനും ബോവര്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. 'ക്രിസ്തുമതത്തിന്റെ സാരം' (1841) എന്ന ഗ്രന്ഥത്തില്‍ ഫോയര്‍ബാഹാണ് (ഘൌറംശഴ എലൌലൃയമരവ) യുക്തിയുക്തമായി ആ ചോദ്യത്തിനുത്തരം നല്‍കിയത്. മനുഷ്യന് ദൈവത്തിന്റെ ഛായ ലഭിച്ചത് ദൈവം മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ടല്ലെന്നും, മനുഷ്യര്‍ അവരുടെ ഛായയില്‍ ദൈവത്തെ സൃഷ്ടിച്ചതുകൊണ്ടാണെന്നും ഫോയര്‍ബാഹ്. മര്‍ത്യഗുണങ്ങളും ശക്തികളും ഏകത്ര കേന്ദ്രീകരിച്ച് അത് പരമാവധി വികസിപ്പിച്ച് ഒരാത്യന്തിക തലത്തില്‍ എത്തിച്ച്, ആ സര്‍വ്വ കഴിവുകളും മനുഷ്യനപ്പുറമുള്ള ഒരസ്തിത്വത്തില്‍ സാക്ഷാല്‍കരിച്ച്, കാട്ടുന്ന സങ്കല്‍പമാണ് "ദൈവ''മെന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ദൈവം സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വഗുണസമ്പൂര്‍ണ്ണനും ആകുന്നു. മനുഷ്യനാകട്ടെ അല്‍പ്പജ്ഞനും അല്‍പ്പശക്തനും അല്‍പ്പഗുണവാനും ആണ്. മനുഷ്യന്‍ സ്വന്തം ഗുണങ്ങളുടെ പേരില്‍ ആത്മാനന്ദമോ ആത്മാഭിമാനമോ അനുഭവിക്കാതെ സ്വഭാവനാ സൃഷ്ടിയുടെ മുന്നില്‍ മുട്ടുകുത്തുകയാണ്. ഇങ്ങിനെ സ്വസിദ്ധികളില്‍ അഭിരമിയ്ക്കാനോ അവ വികസിപ്പിക്കുന്നതില്‍ സ്വയം ശ്രദ്ധിക്കാനോ മുതിരാത്ത മനുഷ്യന് ശരിയായ ജീവിതം നയിക്കാന്‍ വിധിയില്ല. നേരായ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയുകയുമില്ല. മതത്തിന്റെ സ്ഥാനത്ത് മനുഷ്യത്വം പ്രതിഷ്ഠിച്ച ആദ്യ ചിന്തകനാണ് ഫോയര്‍ബാഹ്. മനുഷ്യശക്തിയറിഞ്ഞ് ആഹ്ളാദിച്ച് ആഘോഷിച്ച് അതിലൂടെ നൈതികവും ധാര്‍മികവും സുന്ദരവുമായ സമൂഹം ഈ ഭൂമിയില്‍ നിര്‍മ്മിച്ചെടുക്കാനാവുമെന്നും അദ്ദേഹം വിചാരിച്ചിരുന്നു.

മതത്തിനുപകരം ഉല്‍പ്പതിഷ്ണുത്വം നിറഞ്ഞ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച ഈ ദാര്‍ശനിക ചര്‍ച്ചകളെ പിന്തുടര്‍ന്നാണ് മാര്‍ക്സ് തന്റെ ചിന്താ ജീവിതം ആരംഭിക്കുന്നത്. ഫോയര്‍ ബാഹിന്റെ 'ക്രിസ്തുമതസാര'ത്തിന്റെ തുടര്‍ച്ചയായാണ് 1843ലെ തന്റെ ഹെഗേലിയന്‍ തത്വശാസ്ത്ര പദ്ധതിയുടെ വിചാരണയെ (ഠീംമൃറ മ രൃശശൂൌേല ീള ഒലഴലഹ' ജവശഹീീുവ്യ ീള ഞശഴവ കിൃീറൌരശീിേ) മാര്‍ക്സ് വിഭാവനം ചെയ്തത്. അതുകൊണ്ടാണ് "മതവിമര്‍ശനം ആവശ്യത്തിന് അവസാനിച്ചു കഴിഞ്ഞു'' എന്ന് മാര്‍ക്സ് എഴുതിയത്. സ്വന്തം പ്രതിഛായയിലാണ് മനുഷ്യന്റെ ദൈവസങ്കല്‍പം എന്ന ഫോയര്‍ബാഹിന്റെ ആശയം അതേപടി മാര്‍ക്സ് സ്വീകരിക്കുന്നുണ്ട്. മതത്തോടല്ല, അതിനെ വാശിയോടെ തുറന്നു കാട്ടിയ യുവഹെഗേലിയന്മാരോടായിരുന്നു അദ്ദേഹത്തിന് അനുഭാവം. കാരണം മതവിമര്‍ശനത്തിലൂടെ ഫലത്തില്‍ മതത്തിന്റെ അടിത്തറയില്‍ കാലൂന്നി നില്‍ക്കുന്ന രാഷ്ട്രീയാധികാരത്തെയാണ് അവര്‍ ആക്രമിച്ചത്.

മതത്തിന്റെയും ദൈവസങ്കല്‍പ്പത്തിന്റെയും 'ഉള്ളുകള്ളി'കള്‍ പുറത്താക്കപ്പെട്ടതോടെ സ്വന്തം ദൌത്യം പൂര്‍ത്തിയായെന്ന് ഫോയര്‍ബാഹ് കരുതി. തുടര്‍ന്നുണ്ടാവാന്‍ പോകുന്ന ബൌദ്ധികയുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ മതവും ദൈവവും അതിന്റെയെല്ലാം ഛത്രചാമരങ്ങളും സ്വയം അപ്രത്യക്ഷമാകുന്ന ഒരു സുപ്രഭാതം ആസന്നമാണെന്നും അദ്ദേഹം വിശ്വസിച്ചു. എന്നാലിത് തീര്‍ത്തും ഉപരിപ്ളവമായ ഒരു വ്യാമോഹമാണെന്ന് മാര്‍ക്സ് ആദ്യമേ തന്നെ തിരിച്ചറിഞ്ഞു. മതമെന്താണെന്ന് ഫോയര്‍ബാഹിനറിയാമായിരുന്നു. എന്തുകൊണ്ട് മതം എന്ന ചോദ്യം ഒരിക്കലും അദ്ദേഹം ചോദിച്ചതേയില്ല.

മതം മാര്‍ക്സിന് സാമൂഹ്യമിഥ്യകളുടെ മാധ്യമമാണ്. എന്നാല്‍ സാമൂഹ്യമിഥ്യകളെ ആവശ്യമാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതു മിഥ്യയല്ല. മനുഷ്യനെ ദൈവത്തിനുമുന്നില്‍ മുട്ടുകുത്തിയ്ക്കുന്ന മതം രാജശാസനകളെ ശിരസാ വഹിക്കാന്‍ ശീലിപ്പിക്കുന്നതുകൊണ്ട് അധികാരിവര്‍ഗ്ഗം എന്നും മതത്തിന്റെ രക്ഷകരും പ്രചാരകരുമായിരുന്നു. ഭരണകൂടത്തിന്റെ പിന്തുണയുള്ളതിനാല്‍ മതപ്രബോധനം സര്‍വ്വസന്നാഹങ്ങളോടെ നടക്കുന്നു. ഇതൊക്കെ മതവിശ്വാസം ശക്തിപ്പെടാനുള്ള കാരണങ്ങളായിരിക്കാം. എന്നാല്‍ ഏറ്റവും വലിയ ശരി അതൊന്നുമല്ല. ആത്മാര്‍ത്ഥമായും നൈസര്‍ഗ്ഗികമായും മര്‍ദ്ദിത ജനതയ്ക്ക് സ്വയം മതം ഒരാവശ്യമാണെന്ന് തോന്നുന്നതുകൊണ്ടാണ് അവര്‍ മതവിശ്വാസികളാവുന്നത്; മതവിശ്വാസം പെരുകുന്നത്. മതം ആവശ്യമാണെന്ന് തോന്നിപ്പോകുന്ന ഒരു ഭൌതിക ജീവിതത്തിന്റെ ചുറ്റുപാടുണ്ട്. "അപ്പോള്‍ മതത്തിനെതിരായ സമരം മതം ഒരാത്മീയാമോദമായ ലോകത്തിനെതിരായ സമരമാണ്. മതപരമായ വേദനകള്‍ യഥാര്‍ത്ഥ ജീവിത വേദനകളുടെ ആവിഷ്കാരവും യഥാര്‍ത്ഥ വേദനകള്‍ക്കെതിരായ പ്രതിഷേധവുമാണ്. മതം മര്‍ദ്ദിതന്റെ നെടുവീര്‍പ്പും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവുമാണ്. അത് ജനങ്ങളുടെ കറുപ്പാണ്'' എന്ന പേര്‍ത്തും പേര്‍ത്തും ആളുകള്‍ ഉദ്ധരിയ്ക്കാറുള്ള വരികള്‍ ഈ പശ്ചാത്തലത്തിലാണ് മാര്‍ക്സ് എഴുതുന്നത്. അക്കാലത്ത് യൂറോപ്പില്‍ 'വേദനാസംഹാരി' (ജമഹഹശമശ്േല) ആയി കറുപ്പ് ഉപയോഗിച്ചിരുന്നു. പണികഴിഞ്ഞ് വൈകി വീടെത്തും വരെ കൊച്ചുകുഞ്ഞുങ്ങള്‍ വിശന്നു കരയാതിരിയ്ക്കാന്‍ അവര്‍ക്ക് സ്ത്രീത്തൊഴിലാളികള്‍ കറുപ്പ് കൊടുത്ത് മയക്കിക്കിടത്തുന്നുണ്ടെന്ന് "മൂലധന''ത്തിന്റെ ഒരടിക്കുറിപ്പില്‍ പറയുന്നു. അതേ കൃതിയില്‍ മറ്റൊരിടത്ത് കറുപ്പ് തിന്ന് വളരുന്ന കുട്ടികള്‍ "ശരീരം ചുക്കിച്ചുളിഞ്ഞ് കൊച്ചു വൃദ്ധരായി'' മാറുന്നതിനെപ്പറ്റി 1864ലെ ഒരു പൊതുജനാരോഗ്യരേഖയില്‍ പറയുന്നത് മാര്‍ക്സ് ഉദ്ധരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഫോയര്‍ബാഹ് ഒരു മഹാരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിച്ചു. എന്നാല്‍ രോഗത്തെ നേരിടാന്‍ അദ്ദേഹം മുന്നോട്ട് വന്നില്ല. ഈ ഭൂമിയിലെ യഥാര്‍ത്ഥ ദുരിതങ്ങളോടുള്ള മനുഷ്യന്റെ പ്രതികരണമാണ് മതം. കറുപ്പ് കഴിച്ചാല്‍ ആശ്വാസം ലഭിക്കും. അത് ക്ഷണികവും വ്യാജവുമായ ഒരനുഭൂതിയാണ്. കറുപ്പ് രോഗശമനൌഷധമല്ല. അത് ഉള്ള രോഗം മൂര്‍ച്ഛിപ്പിക്കുകയും ഇല്ലാത്ത രോഗങ്ങള്‍ ജനിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് കറുപ്പ് തീറ്റ എത്രയുംവേഗം നിര്‍ത്തുക തന്നെ വേണം. തുടര്‍ന്ന് രോഗം നിര്‍ണ്ണയിച്ച് ശരിയായി ചികില്‍സിച്ച് അത് ശമിപ്പിയ്ക്കണം. രോഗലക്ഷണങ്ങള്‍ക്കെതിരായല്ല, രോഗത്തിനെതിരായാണ് യുദ്ധം ചെയ്യേണ്ടത്. മതത്തിനെതിരായല്ല, രാഷ്ട്രീയ - സാമ്പത്തിക മേല്‍ക്കോയ്മക്കെതിരായാണ് പൊരുതേണ്ടത്. മതവിമര്‍ശനം രാഷ്ട്രീയ വിമര്‍ശനമായി വികസിക്കുകയും രൂപാന്തരപ്പെടുകയും വേണം. വിശ്വാസവും മതവും ആളുകള്‍ക്ക് ആവശ്യമാണെന്ന് വരുന്ന ഭൌതിക സാഹചര്യങ്ങള്‍ മാറാതെ മതപരമായ അന്യവല്‍ക്കരണത്തില്‍നിന്നുള്ള വിമുക്തി അസാദ്ധ്യമാണ്. മാര്‍ക്സിസം ഫോയര്‍ബാഹിന്റെ നിരീശ്വരവാദത്തിന്റെ കേവലമായ പിന്തുടര്‍ച്ചയല്ല. വൈരുദ്ധ്യാത്മകമായ വികാസവും വളര്‍ച്ചയുമാകുന്നു. ഫോയര്‍ബാഹ് വികസിപ്പിച്ച മതവിമര്‍ശനത്തിന്റെ പാരമ്പര്യം സ്വീകരിക്കുമ്പോള്‍ത്തന്നെ അതിന്റെ യാന്ത്രികവും ആശയവാദപരവുമായ പരിമിതികളെ മാര്‍ക്സ് തിരിച്ചറിയുകയും മറികടക്കുകയും ചെയ്യുന്നുണ്ട്.

മതവിശ്വാസം അഭികാമ്യവും അനിവാര്യവുമാക്കുന്ന ജീവിതത്തിന്റെ ഘടനയെ അഴിച്ചുപണിയാനുള്ള സമരം വിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമല്ല. മതപ്രത്യയശാസ്ത്രമടക്കമുള്ള ഉപരിഘടനയെ സമര്‍ത്ഥമായി വിന്യസിച്ച് ഒരു വശത്ത് നിര്‍ബന്ധിച്ചും മറുവശത്ത് സമ്മതി നേടിയും പുലരുന്ന അനീതിയുടെ രാജ്യഭാരത്തിനെതിരായ, മൂലധനത്തിന്റെ ഘോരവും ഭ്രാന്തവുമായ കൊള്ളക്കെതിരായ, പോരാട്ടമാണത്. അത്തരം സമരങ്ങളില്‍ വിശ്വാസി സമൂഹം ജീവിതപ്രാരാബ്ധങ്ങളുടെ സമ്മര്‍ദ്ദഫലമായി അധികമധികം പങ്കാളികളായി മാറും. അമ്മട്ടിലുള്ള സമരാനുഭവങ്ങളാണ് അന്യഥാ നിഷ്ക്രിയരായ സാധാരണ ബഹുജനങ്ങളെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരും വിപ്ളവകാരികളുമാക്കുന്നത്.

മതവിശ്വാസികള്‍ക്കിടയില്‍ സാമൂഹ്യ - സാമ്പത്തിക ഭേദങ്ങള്‍മൂലം മതേതരമായ കാര്യങ്ങളില്‍ വൈവിദ്ധ്യവും വൈരുദ്ധ്യവും ഉള്ളതുപോലെ, മേധാവിത്വം വഹിക്കുന്ന മതപ്രത്യയശാസ്ത്രത്തിനകത്തും വിള്ളലുകളും പിളര്‍പ്പുകളും വൈരുധ്യങ്ങളും കണ്ടെത്താന്‍ കഴിയും. ഉദാഹരണത്തിന് ഇടയരുടെയും അല്‍മായരുടെയും 'കത്തോലിസിസം' ഒന്നാവണമെന്നില്ല. പാവപ്പെട്ടവന് കരുണാമയനായ കര്‍ത്താവ് ഭാരം ചുമക്കുന്നവരുടെ അത്താണിയാണ്. ധനികരുടെ യേശു ദരിദ്ര ജീവിതങ്ങളുടെ പച്ചവെള്ളം മുന്തിരിച്ചാറാക്കാന്‍ മുതിരുമെന്ന് തോന്നുന്നില്ല. പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യാവലിയില്‍ ഒരിടത്ത് 'മുഹമ്മദ്' എന്ന പേര്‍ വന്നുപോയതിന്റെ പേരില്‍ കൈപ്പത്തി നഷ്ടപ്പെട്ട ജോസഫ് എന്ന കോളേജധ്യാപകന്‍ സത്യവിശ്വാസിയായ ക്രിസ്ത്യാനിയാണ്. അയാളുടെ ഒരുവിധം തുന്നിച്ചേര്‍ത്ത അറ്റുപോയ കയ്യില്‍നിന്ന് ജീവിതത്തിന്റെ പാനപാത്രം നിഷ്കരുണം പിടിച്ചുവാങ്ങി പെരുവഴിയില്‍ തള്ളിയ കോളേജധികൃതരും വിശ്വാസികളാണ്. കൈവെട്ടിയവര്‍ ജോസഫിനെ മാത്രം ശിക്ഷിച്ചപ്പോള്‍ അയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സഭാനേതൃത്വം നിര്‍ഭാഗ്യവാനായ ഒരദ്ധ്യാപകന്റെ കുടുംബത്തെ മുഴുവന്‍ നിരാലംബമാക്കി ശിക്ഷിച്ചിരിക്കുകയാണ്. കൊടുംകുറ്റവാളിക്കുപോലും മാപ്പ് നല്‍കുന്ന യേശുവിന്റെ വഴിയില്‍നിന്ന് എത്ര ദൂരെയാണ് ഇവര്‍ എത്തിനില്‍ക്കുന്നതെന്ന് ഇവരറിയുന്നില്ല! അപ്പോള്‍ ജോസഫിന്റെ കത്തോലിസിസവും കോളേജധികാരികളുടെ കത്തോലിസിസവും രണ്ടാവാതെ തരമില്ല. ദൈവത്തിനും വിശ്വാസത്തിനും എതിരായല്ല, ജോസഫ് പൊരുതുന്നത്. അയാളുടെ യുദ്ധം ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍/മറവില്‍ അരങ്ങുവാഴുന്ന അനീതിക്കെതിരെയാണ്. അത്തരം പോരാട്ടങ്ങളില്‍ പീഡിതരോട് ഐക്യപ്പെടുകയും അവര്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്തുകൊണ്ടാണ് മതേതരത്വത്തെയും ജനാധിപത്യത്തെയും പ്രതിരോധിക്കേണ്ടത്. മതത്തിന്റെ പ്രത്യയശാസ്ത്രവും സ്ഥാപനങ്ങളും അളവറ്റ ധനവും എല്ലാം പ്രയോജനപ്പെടുത്തി പ്രതിലോമശക്തികള്‍ വളര്‍ത്തിയെടുക്കുന്ന സാമുദായിക ഏകീകരണത്തേയും ധ്രുവീകരണത്തേയും മറികടക്കാനും ശരിയായ വഴി ഇതുതന്നെയാകുന്നു. കേരള ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ സാമുദായിക ഏകീകരണമാണ് 'വിമോചന സമര'കാലത്ത് ദൃശ്യമായത്. എന്നാല്‍ പിന്നീട് അമരാവതിയില്‍ കുടിയിറക്കപ്പെട്ട കൂട്ടരുടെ ഇടയനായി 'എ കെ ജി' നയിച്ച സത്യാഗ്രഹ സമരം സാമുദായിക വാദത്തിന്റെ അടിത്തറയില്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ ശിഥിലീകരിക്കുകയുണ്ടായി. കക്ഷിബന്ധങ്ങളില്‍ ഇടതുപക്ഷത്തിനനുകൂലമായ ഒരു പുനരണി ചേരലിനും അതു വഴി തുറന്നിട്ടു. ധാര്‍ഷ്ട്യം നിറഞ്ഞ സാമുദായിക രാഷ്ട്രീയത്തെ സമ്മുഖീകരിക്കുന്ന കേരളീയ വര്‍ത്തമാനത്തിന് അമരാവതി ഒരു കൈവിളക്കും പതാകയും പാഠപുസ്തകവും ആകുന്നു.എം എം നാരായണന്‍

No comments: