Saturday, January 1, 2011

സി.പി.ഐ എമ്മിന്റെ കേരളാ പഠന കോണ്‍ഗ്രസിന് തുടക്കമായി.


സി.പി.ഐ എമ്മിന്റെ കേരളാ പഠന കോണ്‍ഗ്രസിന് തുടക്കമായി.



തിരുവനന്തപുരം: നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്ന് സി.പി.ഐ എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളവികസനം എന്ന വിഷയത്തില്‍ എ.കെ.ജി. സ്മാരക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

നഷ്ടത്തിലായ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭകരമാക്കി മാറ്റാന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇന്ധനവില നിര്‍ണ്ണയത്തില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളഞ്ഞതുവഴി സ്വകാര്യകുത്തകകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതാണ് ഇന്ധനവില വര്‍ധനവിന് ഇടയാക്കിയതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഭക്ഷ്യധാന്യവിഹിതം അടക്കം കേരളത്തിന് നല്‍കേണ്ട ആനുകൂല്യങ്ങളെല്ലാം മരവിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആസിയാന്‍ കരാറിലുള്ള കേരളത്തിന് ദോഷകരമാകുന്ന വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യറായില്ലെന്നും കാരാട്ട് വിമര്‍ശിച്ചു. ബയോ ടെക്‌നോളജി അടക്കമുള്ള മേഖലകളില്‍ കേരളം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സി.പി. ഐ എം. ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു. 1957 ലെ സര്‍ക്കാരിന്റെ കാലം മുതലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ സാമൂഹ്യനീതിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കവി ഒ.എന്‍.വി. കുറുപ്പ്, ഡോ. പ്രഭാത് പട്‌നായിക്, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള, കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നിരവധി വിദേശപ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

No comments: