Saturday, January 1, 2011

11 ലക്ഷം കുടുംബങ്ങള്‍ക്ക് പുതുവത്സര സമ്മാനം

11 ലക്ഷം കുടുംബങ്ങള്‍ക്ക് പുതുവത്സര സമ്മാനം .

തിരു: ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ അതേപടി നടപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള പതിനൊന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതുവത്സരസമ്മാനം. ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് അതിവേഗത്തില്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചതുള്‍പ്പെടെ മാതൃകാപരമായ ചുവടുവയ്പാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയത്. 5,33,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 5,42,000 പെന്‍ഷന്‍കാര്‍ക്കും 13,000 യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിലൂടെ 1965 കോടിരൂപയുടെ വാര്‍ഷിക അധികബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ കാലവിളംബം കൂടാതെ നല്‍കാന്‍ നടപടി സ്വീകരിക്കുക മാത്രമല്ല, മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ തട്ടിപ്പറിച്ച ആനുകൂല്യങ്ങള്‍ കുടിശ്ശിക സഹിതം അനുവദിക്കുകയും ചെയ്തു. യുഡിഎഫ് ഭരിച്ച 1983ലും 1992ലും ഭാഗികമായും 2002ല്‍ പൂര്‍ണമായും ശമ്പളപരിഷ്കരണം അട്ടിമറിച്ചു. അതേസമയം, എല്‍ഡിഎഫ് ഭരിച്ച 1988ലും 1997ലും ഇപ്പോഴും ശമ്പളപരിഷ്കരണം കൃത്യമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ശമ്പളപരിഷ്കരണമെന്ന തത്വം മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചപ്പോള്‍ എല്‍ഡിഎഫ് അത് പുനഃസ്ഥാപിച്ചു. 2002ല്‍ യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നടപ്പാക്കിയത് 2006ല്‍ മാത്രമാണ്. 37 മാസത്തെ കുടിശ്ശിക കവരുകയുംചെയ്തു. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ചെലവ് ചുരുക്കലിന്റെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ധവളപത്രം പുറപ്പെടുവിച്ച യുഡിഎഫ് മുണ്ടു മറുക്കിയുടുക്കാനാണ് ഉപദേശിച്ചത്. 2006ല്‍ ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ ഏറ്റവും താഴെയുള്ള ആറ് സ്കെയിലുകാര്‍ക്ക് വേതന വര്‍ധന ലഭിച്ചില്ല. ഈ ആറ് വിഭാഗങ്ങള്‍ക്കും ഇപ്പോള്‍ മെച്ചപ്പെട്ട ആനുകൂല്യമാണ് അനുവദിച്ചത്. സമയബന്ധിതമായി നാലാമത്തെ ഗ്രേഡ് അനുവദിച്ചും പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് കരിയര്‍ അഡ്വാന്‍സ്മെന്റ് നല്‍കിയും നോകാഡര്‍ പ്രൊമോഷന്‍ പ്രഖ്യാപിച്ചുമുള്ള റിപ്പോര്‍ട്ട് നടപ്പാക്കുകയാണ്. ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ പേരില്‍ ക്ഷാമബത്ത തടഞ്ഞുവയ്ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചിരുന്നതെങ്കില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുമുമ്പ് അതുവരെയുള്ള ഡിഎ കുടിശ്ശിക അനുവദിച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃക കാട്ടി. യുഡിഎഫ് ഭരണം വിട്ടിറങ്ങുമ്പോള്‍ അഞ്ചു ശതമാനം ഡിഎ മാത്രമാണുണ്ടായിരുന്നത്. യുഡിഎഫ് കുടിശ്ശികയാക്കിയ മൂന്ന് ഗഡു ഉള്‍പ്പെടെ 72 ശതമാനം ക്ഷാമബത്ത നാലരവര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് നല്‍കി. ഏറ്റവും ഒടുവില്‍ ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിന് തൊട്ടുമുമ്പാണ് കഴിഞ്ഞ ദിവസം 16 ശതമാനം ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചത്. ഇതോടെ ഡിഎ 88 ശതമാനമായി.

No comments: